വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകാതെ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ബഫര്‍ സോണും സില്‍വര്‍ ലൈനും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചില്ല. കോവിഡ് ഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളും കേന്ദ്ര–സംസ്ഥാന ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുമാണ് ചര്‍ച്ച െചയ്തെന്ന് സര്‍ക്കാര്‍ അറിയിച്ചു.സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം തേടിയത്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 10.45ന് ആരംഭിച്ച കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു. ബഫസര്‍ സോണ്‍ കരട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വിഷയം മുഖ്യമന്ത്രി ഉന്നയിച്ചില്ല. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന വിഷയമായതിനാല്‍ തല്‍ക്കാലം കേന്ദ്രവുമായി ചര്‍ച്ച വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യവും ഉന്നയിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കൂടിക്കാഴ്ചയ്ക്ക് മുമ്പും ശേഷവും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പിണറായി വിജയന്‍ പ്രതികരിച്ചില്ല. കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകിരക്കുന്ന മുന്നൊരുക്കങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് സര്‍ക്കാര്‍ പിന്നീട് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ ദേശീയ പാത പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് ചര്‍ച്ചയായെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയുടേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും അതിനാലാണ് സുപ്രധാന വിഷയങ്ങള്‍ ഉന്നയിക്കാതിരുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.