മതസമന്വയ തീർഥാടന പദയാത്രയ്ക്കു പെരുങ്ങുഴി മുസ്ലിം ജമാഅത്ത് വരവേൽപ്പ് നൽകി

ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച കുളത്തൂർ കോലത്തുകര ശിവക്ഷേത്രസന്നിധിയിൽ നിന്നു ശിവഗിരിയിലേക്കു പുറപ്പെട്ട മതസമന്വയ തീർഥാടന പദയാത്രയ്ക്കു പെരുങ്ങുഴി മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സ്നേഹോഷ്മള വരവേൽപ്പ്. മതാതീത മാനവീകത സമൂഹത്തിനു മുൻപാകെ മഹദ് സന്ദേശങ്ങളിലൂടെ പകർന്നു നൽകിയ മഹാഗുരുവിൻ്റെ മണ്ണിലേക്കുള്ള തീർഥയാത്രയ്ക്കു മതത്തിൻ്റെ അതിരുകൾ ഭേദിച്ചു ജമാഅത്ത് ഭാരവാഹികൾ നൽകിയ സ്വീകരണം മതസൗഹാർദ്ദത്തിൻ്റെ സുന്ദര മുഹൂർത്തമായി.

ഗുരുദേവ വിഗ്രഹവും വഹിച്ചു രഥഘോഷയാത്രയായെത്തിയ 500 ൽപ്പരം പീതവസ്ത്രധാരികളായ ഗുരുവിശ്വാസികളെ ജമാഅത്ത് പ്രസിഡൻ്റ് ഇ.അബ്ദുൽ അസീസ്, സെക്രട്ടറി എ.അബ്ദുൽ ഹക്കീം എന്നിവർ ജമാഅത്ത് കവാടത്തിൽ പദയാത്ര ക്യാപ്ടൻ പീത ഷാൾ അണിയിച്ചു സ്വാഗതമോതി. വൈസ് പ്രസിഡൻ്റ് യു.അഷ്റഫ് ,ജോ. സെക്രട്ടറിമാരായ എ.എസ്.സുഹൈൽ, ഇ.ഷാജഹാൻ, ട്രഷറർ എം.നസീർ, ഭരണ സമിതി അംഗങ്ങളായ എസ്.റാമി, എ.സമീർ ,എ.ഷാഫി, എം.എ.ഹുസൈൻ, എച്ച്.ഹസീം മുഹമ്മദ് എന്നിവരുടെ സംഘം പദയാത്ര സംഘത്തിനു ലഘുഭക്ഷണവും ശീതളപാനീയങ്ങളും നൽകി എതിരേറ്റു.
      എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർബിജു, കൗൺസിലർ സി. കൃത്തി ദാസ്, ഗുരുക്ഷേത്രസമിതി ജില്ലാ പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.രഘുനാഥൻ, കെ.പുഷ്കരൻ ,എസ്എൻഡിപിശാഖാ യോഗം ഭാരവാഹികളായ സന്തോഷ് നാലുമുക്ക്, ജി.സാംബശിവൻ, എൻ.അജിത്ത്, ഗുരുക്ഷേത്ര സെക്രട്ടറി ആർ.ഷിബു, ട്രഷറർ ഷിജോസ് ബാബു തുടങ്ങിയവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
     കുളത്തൂരിൽ നിന്നുള്ള മാനവമൈത്രി പദയാത്രയ്ക്കു ചിറയിൻ കീഴിൽ ഇടഞ്ഞുംമൂല, പെരുങ്ങുഴി, കാറ്റാടിമുക്ക് ജംക്ഷൻ, അഴൂർ, മഞ്ചാടിമൂട്, കടകം എന്നിവിടങ്ങളിൽ എസ്എൻഡിപി ശാഖാ യോഗങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഭക്തി നിർഭരമായ സ്വീകരണങ്ങൾ നൽകി.
        ചിറയിൻകീഴ് ശാർക്കര ഗുരുക്ഷേത്രസന്നിധിയിലെത്തിയ പദയാത്ര സംഘത്തെ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ, ഗുരുക്ഷേത്രസമിതി പ്രസിഡൻ്റ് ഡോ.ബി.സീരപാണി എന്നിവർ ചേർന്നു ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്നു ശിവഗിരി തീർഥാടന ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രികർക്കു ശാർക്കരയിൽ സമൂഹസദ്യയും നൽകി.