ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, വിദ്യാര്‍ത്ഥികളടക്കം ഇരകള്‍; കൊല്ലത്ത് ആറംഗ സംഘം പിടിയില്‍

കൊല്ലം കുളത്തൂപ്പുഴയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയിൽ. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് സംഘത്തെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ ഇഎസ്എം കോളനി സ്വദേശി സുധീഖ് ഷാ, മറിയ വളവ് സ്വദേശി ലിജു, പുനലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, തോയിത്തല സ്വദേശി അനന്ദു, ഏറം സ്വദേശി ആരോമല്‍, പനച്ചിവിള സ്വദേശി മോഹൻ രാജ് എന്നിവരാണ് പിടിയിലായത്. 

മാര്‍ക്കറ്റ് കവലയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ ഇടപാട്. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് കഞ്ചാവ് സംഘത്തിന്റെ വലയിലായത്. ഇവരെക്കുറിച്ച് രഹസ്യ വിവരം കിട്ടിയ കുളത്തുപ്പുഴ പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി ലോഡ്ജിൽ പരിശോധന നടത്തുകയായിരുന്നു. പ്രതികൾ കഞ്ചാവ് എത്തിച്ചത് എവിടെ നിന്നെന്ന് അന്വേഷിക്കുകയാണ് കുളത്തുപ്പുഴ പൊലീസ്. വലിയ അളവിൽ വാങ്ങി ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു സംഘത്തിന്റെ വിൽപ്പന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു