പി.പി.ഇ കിറ്റ് ഇടപാട്; ഹർജി തള്ളി ഹൈക്കോടതി; സർക്കാരിന് വൻ തിരിച്ചടി

കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി. ഇടപാടിലെ ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ.കെ.ശൈലജ അടക്കം 11 പേർ രണ്ടാഴ്ചയ്ക്കകം ലോകായുക്ത നോട്ടീസിന് മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.കോവിഡ് കാലത്ത് ടെൻ‍ഡർ ഇല്ലാതെ പിപിഇ കിറ്റ് അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജയടക്കം 11 പേർക്ക് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത നോട്ടീസ് അയച്ചത്. ലോകായുക്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരം ഉണ്ടെന്നും, പ്രാഥമിക അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം ലോകായുക്ത നോട്ടീസിന് കെ.കെ.ശൈലജക്കമുള്ള 11 പേർ മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.യൂത്ത് കോൺഗ്രസ് നേതാവ് വീണ.എസ്.നായരുടെ പരാതിയിലായിരുന്നു ലോകായുക്ത നടപടി. എന്നാൽ ലോകായുക്തക്ക് ഈ പരാതി അന്വേഷിക്കാൻ കഴിയിലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കൊവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിലാണ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചതെന്നും, ഈ കാര്യങ്ങൾ ലോകായുക്ത പരിശോധിച്ചില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. 50,000 പി.പി.ഇ കിറ്റ് വാങ്ങിയതിൽ ലക്ഷങ്ങളുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നും, അഴിമതിയുണ്ടെന്നുമായിരുന്നു പരാതി.