അര്‍ജന്‍റീന കപ്പടിച്ചാല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി; ഹോട്ടൽ ഉടമയുടെ ഓഫർ

ലോകകപ്പ് കലാശപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.അതിനിടെ അർജന്റീന-ഫ്രാൻസ് സ്വപ്ന ഫൈനലിനെ കുറിച്ചുള്ള വലിയ പ്രതീക്ഷകളും പ്രവചനങ്ങളുമൊക്കെയായി ഇരു ടീമുകളുടേയും ആരാധകർ ആവേശം തീർക്കുകയാണ്.

അർജന്റീനയുടെ ജയം ആഘോഷമാക്കാൻ ഇപ്പോൾ മുതൽ തന്നെ പലരും തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. തന്റെ ഇഷ്ട ടീം ജയിച്ചാൽ 1000 പേർക്ക് സൗജന്യ ബിരിയാണിയാണ് തൃശ്ശൂരിലുള്ള ഹോട്ടൽ റോക്ക് ലാന്റ് ഉടമ ഷിബു വാഗ്ദാനം ചെയ്തിരിക്കുന്നത്.കളി തുടങ്ങിയത് മുതൽ സർവ്വം അർജന്റീന മയമാണ് ഹോട്ടലിൽ. ഹോട്ടലിന് മുന്നിൽ അർജന്റീന ടീമിന്റേയും കളിക്കാരുടേയും ഫ്ലക്സുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ‘മെസി ഈ വേൾഡ് കപ്പ് എടുക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പാണ്.ഈ വേൾഡ് കപ്പ് മെസി ഉയർത്തിയാൽ 1000 പേർക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്യും. ചിക്കൻ ബിരിയാണി തന്നെ വിളമ്പും. അരിയും സാധനങ്ങളുമൊക്കെ സെറ്റാണ്. കളി കഴിഞ്ഞാൽ നേരെ കിച്ചണിലേക്കാ പോകും, ബിരിയാണി റെഡിയാക്കും’, ആവേശക്കൊടുമുടിയിൽ ഷിബു പറഞ്ഞ് തീർത്തു.

ഷിബു മാത്രമല്ല ലോകമെങ്ങുമുള്ള അർജന്റീനിയിൽ ആരാധകർ എല്ലാം ആത്മവിശ്വസത്തിലാണ്. ലോകകപ്പ് കരിയറിലെ അവസാന മത്സരത്തിന് മെസി ഇന്ന് ഇറങ്ങുമ്പോൾ വിശ്വകിരീടത്തിൽ അദ്ദേഹം മുത്തമിടുമെന്ന പ്രതീക്ഷയിലാണവർ. ഇതിഹാസ പൂർണത നേടാതെ തലതാഴ്ത്തി മടങ്ങുന്ന മെസിയെ കാണാൻ ഇടവരുത്തരുതേയെന്ന പ്രാർത്ഥനയിലാണവർ.