വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്ത നേമം ഏരിയ കമ്മറ്റിയംഗമായിരുന്ന ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഐഎം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായി അഭിജിത്തിനോട് വിശദീകരണം തേടും. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനേയും സെക്രട്ടറിയേയും മാറ്റാനും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ജില്ലയിലെ വിദ്യാര്‍ത്ഥി-യുവജന നേതൃനിരയിലെ അനഭലഷണീയ പ്രവണതകള്‍ക്ക് വളംവെച്ചതില്‍ പാര്‍ട്ടി ജില്ലാനേതൃത്വത്തിനെതിരെ ആക്ഷേപം ശക്തമാണ്.തലസ്ഥാന ജില്ലയിലെ വിദ്യാര്‍ത്ഥി-യുവജന നേതാക്കള്‍ക്കിടയിലെ ലഹരി ഉപയോഗവും വനിതാ സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റവും അതീവ ഗൗരവത്തോടെയാണ് സിപിഐഎം സംസ്ഥാന നേതൃത്വം കാണുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ പാര്‍ട്ടി ഫ്രാക്ഷനില്‍ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന വികാരമാണ് എം.വി ഗോവിന്ദന്‍ അന്ന് മുതിര്‍ന്ന നേതാക്കളുമായി പങ്കുവച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ജില്ലയിലെ വ്യാപകമായ ശുദ്ധീകരണ നടപടികള്‍.മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പാര്‍ട്ടി നേമം ഏരിയാ കമ്മിറ്റിയംഗവുമായ ജെ.ജെ അഭിജിത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് വിശദീകരണവും തേടിയിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പരിപാടി കഴിഞ്ഞയുടന്‍ ബാറില്‍ കയറി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതും ജെ.ജെ അഭിജിത്തിന് വിനയായി. ലഹരി ഉപയോഗമാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥിനേയും പ്രസിഡന്റ് ജോബിന്‍ ജോസിനേയും സ്ഥാനങ്ങളില്‍ നിന്നു മാറ്റാനുള്ള കാരണം. ഇരുവരുടേയും ഡിവൈഎഫ്‌ഐയിലെ ചുമതലകളും തുലാസിലാണ്.പാര്‍ട്ടിയിലെ സ്വാധീനം നിലനിര്‍ത്താന്‍ ജില്ലയിലെ ഒരുവിഭാഗം നേതാക്കളാണ് തെറ്റായ സമീപനം സ്വീകരിക്കുന്നവരെ സംരക്ഷിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇതു സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും നടപടികളുണ്ടായത്.