അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയ ഇടവയിലെ വിദ്യാലയമുറ്റത്ത് മധുരമൂറുന്ന ഓർമകൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ

വർക്കല : അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയ ഇടവയിലെ വിദ്യാലയമുറ്റത്ത് മധുരമൂറുന്ന ഓർമകൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. തന്റെ കലാജീവിതത്തിനും ഉയർച്ചയ്ക്കും അടിത്തറയിട്ട വിദ്യാലയത്തിലെ നല്ല നാളുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമകൾ കേട്ടിരുന്ന വിദ്യാർഥികൾക്കും നവ്യാനുഭവമായി. ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസിലെ പ്രതിഭാസംഗമം പരിപാടിയിലാണ് ബാലചന്ദ്രമേനോൻ വിശിഷ്ടാതിഥിയായി മാതൃവിദ്യാലയത്തിലേക്ക് മടങ്ങിയെത്തിയത്. 

അന്നത്തെ അധ്യാപകരായ ഷാഹുൽ ഹമീദ്, ഗഫൂർ, കുട്ടൻ, അലിഹസൻ, ജയചന്ദ്രൻ ആചാരി തുടങ്ങിയവരുടെ അധ്യാപനരീതി ഉദാഹരണസഹിതം ഓർത്തെടുത്തു. കായികമത്സരങ്ങളിലും റേഡിയോ ക്ലബ്ബിലും പങ്കാളിയായിരുന്നതും എടുത്തുപറഞ്ഞു. താമസിച്ചിരുന്ന പയറ്റുവിള വീടിനു സമീപമുള്ള ഉമ്മമാർ തന്നെ ‘മുത്തേ’ എന്നാണ് വിളിച്ചിരുന്നത്. ഇടവ സ്കൂളിന്റെ മുത്തായി മാറാൻ അവസരം കിട്ടിയത് ആ വിളിയിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാർഡ് നേടിത്തന്ന സമാന്തരങ്ങൾ എന്ന സിനിമയുടെ ഊർജവും ഉറവിടവും ഇടവയെന്ന നാടും ഈ വിദ്യാലയവുമാണെന്നും അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രമേനോന്റെ സ്കൂളിലെ സഹപാഠികളും ചടങ്ങിനെത്തി. അധ്യാപകനായ ജയചന്ദ്രൻ ആചാരിയെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. 

സ്കൂൾ അധികൃതർ ബാലചന്ദ്രമേനോന് സ്നേഹോപഹാരം നൽകി. പ്രതിഭാസംഗമം ബാലചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കാപ്പിൽ ഷെഫി അധ്യക്ഷനായി. 

ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, അംഗങ്ങളായ ഹർഷാദ് സാബു, റിയാസ് വഹാബ്, സ്കൂൾ മാനേജർ ഹഫ്‌സാബീവി, പ്രിൻസിപ്പൽ എം.എസ്.ജലീൽ, പ്രഥമാധ്യാപിക എം.എസ്.വിദ്യ, മദർ പി.ടി.എ. പ്രസിഡന്റ് സിമി എസ്.ചന്ദ്രൻ, കെ.ബിനു എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.