വാഷിംഗ്ടൺ: അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും. ആന്ധ്രയിൽ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു പേരാണ് ആരിസോണയിലെ തണുത്തുറഞ്ഞ തടാകത്തിൽ കാൽ വഴുതി വീണു മരിച്ചത്. 14 വർഷമായി അമേരിക്കയിൽ ജീവിക്കുന്നവരാണ് ഇവർ. കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ മരണസംഖ്യ 65 ആയി ഉയർന്നു. മഞ്ഞിനടിയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. റെയിൽ വ്യോമ ഗതാഗതം ഇനിയും പുനസ്ഥാപിക്കാൻ ആയിട്ടില്ല. അതിശൈത്യം ഏറ്റവും രൂക്ഷമായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുകയാണ്. ഇന്നും 4700 വിമാനങ്ങൾ റദ്ദാക്കി. ഒരാഴ്ചക്കിടെ കാൽ ലക്ഷത്തിലേറെ വിമാനസർവീസുകളാണ് മുടങ്ങിയത്. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ ന്യൂയോർക്കിലെ ബഫലോ നഗരത്തിൽ ഗതാഗത തടസം നീക്കാനുള്ള ശ്രമം പൂർണ്ണമായിട്ടില്ല . രണ്ട് മീറ്റർവരെ ഉയരത്തിൽ കിടക്കുന്ന മഞ്ഞുകട്ടകൾ നീക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് രക്ഷാപ്രവർത്തകർ. ആയിരക്കണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാ പ്രവർത്തകർക്ക് പലയിടത്തും ഏതാണ് ആയിട്ടില്ല.