*വർക്കലയിൽകട കുത്തി തുറന്ന് മൊബൈൽ മോഷണം രണ്ടുപേർ പിടിയിൽ*

തിരുവനന്തപുരം: വര്‍ക്കല മൈതാനത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ വര്‍ക്കല പൊലീസിന്‍റെ പിടിയിലായി.രാമന്തളി കനാല്‍ പുറമ്പോക്കില്‍ വിഷ്ണു(28), രാമന്തളി കനാല്‍പുറമ്പോക്കില്‍ സബീന മന്‍സിലില്‍ അബു എന്നറിയപ്പെടുന്ന അബൂബക്കര്‍(20), എന്നിവരാണ് അറസ്റ്റിലായത്.

വര്‍ക്കല മൈതാനത്തെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈല്‍ ഫോണുകളും നിരവധി മെമ്മറി കാര്‍ഡുകളും ടാബും പണവും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.നിരവധി മോഷണകേസുകളില്‍ പ്രതിയായ വിഷ്ണു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകള്‍ കുത്തിതുറക്കാന്‍ ഉപയോഗിച്ച കമ്പിപാര പോലീസ് കണ്ടെടുത്തു.

തിരുവനന്തപുരം റൂറല്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു."