പെനൽറ്റി മിസ്സാക്കി മെസ്സി
അർജന്റീനയുടെ കോർണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് ഷെസ്നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോൾ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അർജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയിൽ പോളണ്ടിന്റെ കളി.
36–ാം മിനിറ്റിൽ പോളണ്ട് ബോക്സിനുള്ളിൽ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോള്‍ കീപ്പർ വോസിയച് ഷെസ്നിയും അർജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അർജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്നി പ്രതിരോധിച്ചത്. അർജന്റീനയുടെ 12 ഷോട്ടുകളിൽ ആദ്യ പകുതിയിൽ ഏഴെണ്ണം ഓൺ ടാർഗെറ്റായിരുന്നു.