സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 9200 കിലോ അരി പിടികൂടി. ഇഞ്ചിവിളയിലെ ഗോഡൗണിൽ വെള്ളി പകൽ 11ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന അരി പിടിച്ചെടുത്തത്. 93 ചാക്ക് പുഴുക്കലരി, 80 ചാക്ക് കുത്തരി, 11 ചാക്ക് പച്ചരി എന്നിവയാണ് പിടിച്ചെടുത്തത്. പിടികൂടിയത് റേഷനരിയാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗോഡൗണിൽ നിന്ന് റേഷനരിയുടെ ഒഴിഞ്ഞ ചാക്കുകളും കണ്ടെത്തി. അതിർത്തി ഭാഗങ്ങളിൽ നിരവധി അനധികൃത അരിഗോഡൗണുകൾ പ്രവർത്തിക്കുന്നതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിച്ചെടുത്ത അരി സിവിൽ സപ്ലൈസിന്റെ എൻ എഫ് എസ് എ ഗോഡൗണിലേക്ക് മാറ്റി. ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ താലൂക്ക് സപ്ലൈ ഓഫീസർ സതീഷ്കുമാർ, സ്മിത, സിജി, ഗിരീഷ്ചന്ദ്രൻനായർ, അരുണ ബാലകൃഷ്ണൻ എന്നിവരുമുണ്ടായി.