ഭാരതത്തിനു പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം ഗുരുദേവനെപോലുള്ള ആളുകളെത്തി നമുക്ക് ഊർജം പകർന്നിട്ടുണ്ടെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജി ഗുരുദേവനെ കണ്ട് ഉപദേശം സ്വീകരിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജം നൽകി. വിദ്യാഭ്യാസം, കച്ചവടം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന ആധുനിക സങ്കൽപ്പമാണ് ശ്രീനാരായണ ഗുരുദേവൻ പകർന്നു നൽകിയത്. കേന്ദ്ര സർക്കാരിനെ നയിക്കുന്നതും ഈ സങ്കൽപ്പമാണെന്നു രാജ്‌നാഥ്സിങ് പറഞ്ഞു. ഏതെങ്കിലും സമുദായം മുന്നേറണമെങ്കിൽ അതിനു സംഘടിത ശക്തിവേണമെന്ന് ഗുരുദേവൻ പറഞ്ഞു. ഈ കാലഘട്ടത്തിൽ സംഘടിത ശക്തിയിലൂടെ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ രാജ്യത്തിന്റെ കരുത്ത് തിരിച്ചു പിടിക്കാനാകും.സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യം ഗുരുദേവൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും വിദ്യാഭ്യാസം നേടണമെന്നാണ് അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസമെന്ന മാധ്യമത്തിലൂടെ സ്വാതന്ത്ര്യം നേടാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ വിമോചന പ്രക്രിയയിൽ അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് വിദ്യാഭ്യാസത്തിനാണ്. വ്യവസായത്തിലൂടെ പുരോഗതി നേടാൻ കഴിയുമെന്ന് ഗുരുദേവൻ പറഞ്ഞു.കേന്ദ്രസർക്കാർ ആത്മനിർഭർ ഭാരതിലൂടെ ഇത് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറി. ശ്രീനാരായണ ഗുരുവിന്റെ സങ്കൽപ്പങ്ങളെ മുറുകെപ്പിടിക്കുന്നതു കൊണ്ടാണ് അതിർത്തികൾ സംരക്ഷിക്കാൻ കഴിയുന്നത്. എല്ലാ അയൽരാജ്യങ്ങളുമായും നാം സൗഹൃദം ആഗ്രഹിക്കുന്നു. അവർ സൗഹൃദത്തിനു വന്നാൽ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. എന്നാൽ, രാജ്യത്തിന്റെ അതിർത്തിയുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടു വീഴ്ചയ്ക്കും തയാറല്ല. കേന്ദ്രസർക്കാരിനു മുന്നിൽ ശിവഗിരി മഠം മുന്നോട്ടുവച്ച കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.