തിരുവനന്തപുരം• ശബരിമല തീർഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചു. നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരും. തിരക്കുള്ള ദിവസങ്ങളില്‍ വെളുപ്പിന് 3 മുതല്‍ 1.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 11.30 വരെയും ആയിരിക്കും ദര്‍ശനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സയമക്രമമാണ് നടപ്പാക്കുന്നത്.
പുതിയ പരിഷ്ക്കാരം നടപ്പിലാക്കുന്നതോടെ 19 മണിക്കൂർ ദർശനത്തിന് സൗകര്യം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം നിയന്ത്രിക്കും. ഈ പൂജകൾക്ക് ബുക്ക് ചെയ്തവർക്ക് സന്നിധാനത്തു നിൽക്കാനുള്ള അവസരം ഒരുക്കും. ഭക്ത ജനങ്ങൾക്ക് വെള്ളവും ബിസ്ക്കറ്റും നൽകാൻ ശരംകുത്തിയിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും. നിലയ്ക്കലിലെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തും. 12000 വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യാം. വെർച്ച്വൽ ക്യൂവിൽ 1,20000പേരാണ് പ്രതിദിനം ബുക്ക് ചെയ്യുന്നത്. എന്നാൽ, ബുക്ക് ചെയ്യുന്ന എല്ലാവരും വരാറില്ല. അനുഭവ സമ്പത്തുള്ള പൊലീസുകാരെ പതിനെട്ടാം പടിയിൽ നിയോഗിക്കും. ആർക്കും ദർശനം നിഷേധിക്കില്ലെന്നും അനന്തഗോപൻ പറഞ്ഞു.