വയോധിക വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു. സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ.തിരുവല്ലം തിരുവഴിമുക്ക് ടിസി 57–1276 സൗമ്യ ക്വാർട്ടേഴ്സിൽ ജഗദമ്മ (80)യുടെ മരണത്തോടനുബന്ധിച്ച് ഭർത്താവ് ബാലാനന്ദൻ (84) നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് കൊലപാതകം. തടയാനെത്തിയ മകൾ സൗമ്യ (38) കാലിൽ പരുക്കേറ്റ് ആശുപത്രിയിലാണ്. ബാലാനന്ദൻ മർദിച്ചതിനെ തുടർന്ന് ജഗദമ്മ മുറ്റത്തേക്ക് ഇറങ്ങിയതിനു പിന്നാലെ കത്തിയുമായി എത്തി വയറ്റിലുൾപ്പെടെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തടയാൻ ശ്രമിക്കവെ മകൾക്കും മുറിവേറ്റു പൊലീസ് വാഹനത്തിൽ ഉടൻ ജഗദമ്മയെ ആശുപത്രിയിലെത്തിച്ചെവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലേറ്റ കുത്താണ് മരണകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. കത്തി കാർപോർച്ചിൽ നിന്നു കണ്ടെടുത്തു. നിലവിളി കേട്ട് ഓടിയെത്തിയവർക്കു മുന്നിലും ബാലാനന്ദൻ അക്രമാസക്തനായി. കത്തി ബലമായി താഴെവീഴ്ത്തി ആളെ തടഞ്ഞ് വച്ച് പൊലീസിനു കൈമാറുകയായിരുന്നു.ബാലാനന്ദന്റെ രണ്ടാം ഭാര്യയാണ് ജഗദമ്മ. ഈ ദമ്പതികൾക്ക് മക്കളില്ല. ആദ്യ ഭാര്യയിലെ മകളാണ് പരുക്കേറ്റ സൗമ്യ. ശിവൻകുട്ടി, ലതകുമാരി, ജയചന്ദ്രൻ എന്നിവരാണ് മറ്റു മക്കൾ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.വഴക്കിനിടെ ഇരുനിലവീടിന്റെ മുകൾ നിലയിലെ ഗ്ലാസുകൾ ബാലാനന്ദൻ അടിച്ചു തകർത്തു. കൊലപാതകം സംബന്ധിച്ച ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി യിൽ നിന്നു ശേഖരിക്കുമെന്ന് തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ, എസ്ഐ സതീഷ് എന്നിവർ പറഞ്ഞു.തിരുവല്ലം തിരുവഴിമുക്ക് സൗമ്യ കോട്ടേഴ്സിൽ ജഗദമ്മ(80) യുടെ കൊലപാതകം നാടിനെ നടുക്കി. ഭർത്തവ് ബാലാനന്ദൻ വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നുവെന്ന് അടുത്ത ബന്ധുക്കളും സമീപവാസികളും. എന്നാൽ പ്രതികരിക്കാനാകാത്ത വിധം ശാന്ത സ്വഭാവമായിരുന്നു ജഗദമ്മയുടേതെന്നും അവർ ഓർക്കുന്നു. ബാലാനന്ദന്റെ അസഭ്യവർഷവും സമീപവാസികൾക്ക് ശല്യമായിരുന്നു.ജഗദമ്മയ്ക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നതിനാലാകാം ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനാകാതെ പോയതയെന്നും ഇവർ കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കുത്തേറ്റ് തറയിൽ വീണ് പിടയുന്ന ജഗദമ്മയെയാണ് കണ്ടത്. പിടികൂടി സ്റ്റേഷനിൽ എത്തിച്ച ബാലാനന്ദനോട് ഭാര്യ മരിച്ചു എന്നു പറഞ്ഞപ്പോൾ ‘നന്നായി ’ എന്നായിരുന്നു പ്രതികരണം