കല്ലറ-പാങ്ങോട് സമരത്തിൽ പങ്കെടുത്ത ഭരതന്നൂർ തേമ്പാംകുഴിവീട്ടിൽ പട്ടാളം കൃഷ്ണൻ, തച്ചോണം ഊറാംകുഴിവീട്ടിൽ കൊച്ചപ്പിപ്പിള്ള എന്നിവരെ തൂക്കിലേറ്റിയിട്ട് 82 വർഷം തികയുന്നു. 1940 ഡിസംബർ 17-ന് കൊച്ചപ്പിപ്പിള്ളയെയും 18-ന് പട്ടാളം കൃഷ്ണനെയും തിരുവനന്തപുരം സെൻട്രൽജയിലിലാണ് തൂക്കിലേറ്റിയത്.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടന്ന 39 കലാപങ്ങളെ സ്വാതന്ത്ര്യസമരമായി സർക്കാർ പ്രഖ്യാപിച്ച കൂട്ടത്തിലാണ് കല്ലറ-പാങ്ങോട് സമരത്തെയും ഉൾപ്പെടുത്തിയത്. അമിത ചുങ്കത്തിനും ചൂഷണത്തിനുമെതിരേ കർഷകർ നടത്തിയ ചെറുത്തുനില്പാണ് കല്ലറ-പാങ്ങോട് സമരമായി പരിണമിച്ചത്.
അക്കാലത്ത് ജില്ലയിലെ പ്രധാന കാർഷികോത്‌പന്ന വിപണിയായിരുന്നു കല്ലറ. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സിപി.രാമസ്വാമി അയ്യർ നിയോഗിച്ച ആളുകൾ ചന്തയിലെത്തിക്കുന്ന കാർഷികോത്‌പന്നങ്ങൾക്ക് വലിയ കരം ഈടാക്കാൻ ശ്രമിച്ചു. ഇതിനെ കർഷകർ എതിർത്തു. പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് കൂടുതൽ സ്ഥലങ്ങളിൽനിന്ന് പോലീസുകാരെത്തി. പട്രോളിങ് നടത്തിയ പോലീസ് സംഘം മരുതമൺ ജങ്ഷനിൽനിന്ന് കൊച്ചപ്പിപ്പിള്ളയെ പിടികൂടി പാങ്ങോട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു.
വിവരമറിഞ്ഞ് നെടുമങ്ങാട്, നന്ദിയോട്, കിളിമാനൂർ, പ്രദേശങ്ങളിൽനിന്ന് കൂടുതൽ കർഷകർ പാങ്ങോട്ടെത്തി.
Expressmalayali.comപോലീസുമായി സന്ധിസംഭാഷണത്തിനായി പട്ടം കൃഷ്ണൻ സ്റ്റേഷനിലേക്ക് പോകുകയും കൊച്ചപ്പിപ്പിള്ളയെ മോചിപ്പിക്കുകയും ചെയ്തു. പോലീസ് മർദനമേറ്റ് തളർന്ന കൊച്ചപ്പിപ്പിള്ളയെ കണ്ടതോടെ കർഷകരുടെ രോഷം ആളിക്കത്തി. തുടർന്ന് നടന്ന സംഘർഷത്തിൽ കുഞ്ഞുകൃഷ്ണൻ എന്ന പോലീസുകാരൻ കുത്തേറ്റ് മരിച്ചു. കർഷകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതോടെ ഏറ്റുമുട്ടലും വെടിവയ്പുമുണ്ടായി. ചെറുവാളം കൊച്ചുനാരായണനാശാരി, പ്ലാക്കീഴിൽ കൃഷ്ണൻ എന്നിവർ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഗോപാലൻ എന്ന സമരഭടൻ പോലീസ് വേഷം ധരിച്ച് സ്റ്റേഷനുള്ളിൽക്കടന്ന് മരിച്ചുവീണവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് കൊച്ചപ്പിപ്പിള്ളയെയും പട്ടാളം കൃഷ്ണനെയും പ്രതികളാക്കിയതും ശിക്ഷിച്ചതും.