ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ വകഭേഗത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെങ്കിലും ഇതേക്കുറിച്ച് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം

ഈ വകഭേദത്തിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്?

വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്‌സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

ചൈനയിലെ സാഹചര്യം എന്തുകൊണ്ട് വഷളായി?

ബിഎഫ് 7 വകഭേദത്തിന്റെ അതിവ്യാപന ശേഷിയോ ആന്റിബോഡിക്ക് നേര്‍ക്കുള്ള പ്രതിരോധശേഷിയോ അല്ല ചൈനയിലെ സാഹചര്യങ്ങള്‍ വഷളാക്കിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് ജനതയുടെ ആര്‍ജിത പ്രതിരോധശേഷി കുറഞ്ഞതാണ് ചൈനയില്‍ സാഹചര്യം വഷളാക്കിയത്.

ചൈനയിലെ കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്സിനുകളാണെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. ഇതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. കടുത്ത ആശങ്കയുടെ ആവശ്യം നിലവിലില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനമെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പുണ്ട്.