വിതുര• ക്രിസ്മസ് ദിനത്തിൽ പൊന്മുടി ഉൾപ്പെടെയുള്ള മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു ജനപ്രവാഹം. വനം വകുപ്പിന്റെ കണക്ക് പ്രകാരം 5,281 പേർ പൊന്മുടി സന്ദർശിച്ചു. ഇതിൽ അൻപതോളം പേർ വിദേശികളാണ്. 1,561 വാഹനങ്ങൾ എത്തി. ടിക്കറ്റ് കലക്‌ഷൻ ഇനത്തിൽ 2,64,350 രൂപ ലഭിച്ചു. അതി രാവിലെ മുതൽ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു.പ്രവേശനം അവസാനിക്കുന്ന വൈകിട്ടു 4.30 നു ശേഷം നൂറിലെറെ വാഹനങ്ങളെ മടക്കി അയച്ചതായി വനം സെക്ഷൻ ഓഫിസർ സുനിൽ അറിയിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പൊന്മുടിയിൽ ക്രിസ്മസ്– ന്യൂ ഇയർ സീസണിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെയും റോഡ് തകർച്ചയുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല.മീൻമുട്ടി, ഗോൾഡൻ വാലി, വാഴ്‌വാംതോൽ, പേപ്പാറ ഡാം എന്നിവിടങ്ങളിലും തിരക്കേറി.