ഭാര്യയെയും 5 മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ചെന്നൈ• തമിഴ്നാട് തിരുവണ്ണാമലൈയിൽ ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നതിനുശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിങ്കള്‍ രാത്രിയാണു സംഭവം. കുടുംബവഴക്കാണു ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം.തിരുവണ്ണാമല കാഞ്ചി മേട്ടൂർ ഗ്രാമം ഇന്നുണര്‍ന്നതു നടക്കുന്ന വാര്‍ത്ത കേട്ടാണ്. കര്‍ഷകത്തൊഴിലാളിയയ പളനിസാമി(45)യാണു ഭാര്യ ഭാര്യ വല്ലി(37), മക്കളായ ധനുശ്രീ, തൃഷ, മോനിഷ, ഭൂമിക, ശിവശക്തി എന്നിവരെ വെട്ടിക്കൊന്നതിനുശേഷം തൂങ്ങിമരിച്ചത്. ഉറങ്ങികിടക്കുന്ന കുട്ടികളടക്കമുള്ളവരെ കഴുത്തുവെട്ടിയാണു കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണു കൂട്ടക്കൊലപാതകവും ആത്മഹത്യയുമുണ്ടായത്. ‌പളനിസാമി അഞ്ചുലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവു മുടങ്ങിയതിെന ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. മദ്യപിച്ചെത്തിയ പളനിസാമി ഇന്നലെ രാത്രിയും ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയയെും മക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു. കരച്ചില്‍കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും 5 പേര്‍ മരിച്ചിരുന്നു.ഭൂമികയെന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിനു കേസെടുത്ത തിരുവണ്ണാമല പൊലീസ് അന്വേഷണം തുടങ്ങി.