തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ 42 ഓളം പേര്‍

തിരുവനന്തപുരം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ മക്കള്‍ വരുമെന്ന പ്രതീക്ഷ അസ്തമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 'അനാഥരായി' 42 മനുഷ്യര്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ അഭിഭാഷകരും മുതല്‍ കൂലിത്തൊഴിലാളികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ശരീരം തളര്‍ന്നവരും ശയ്യാവലംബിയായ പ്രായാധിക്യം പാടേ തളര്‍ത്തിയവരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്്.

  മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവര്‍ ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് ഞങ്ങളെ ആര്‍ക്കും വേണ്ട. വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഔന്നത്യം കൊട്ടിഘോഷിക്കുന്ന കേരളത്തെ നാണിപ്പിക്കും ഇവിടത്തെ കാഴ്ചകള്‍. 

   ഓര്‍ത്തോ വിഭാഗത്തില്‍ മാത്രം 16 പേരാണ് ഇത്തരത്തില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയിലുള്ളത്. കുറച്ചുപേരെ ജോലി സ്ഥലത്ത് അപകടം പറ്റി സഹപ്രവര്‍ത്തകര്‍ കൊണ്ടുവന്നതാണ്. പരുക്കേറ്റ് വഴിയില്‍ കിടക്കുമ്പോള്‍ ആശുപത്രിയില്‍ ആരെങ്കിലും എത്തിച്ചവരുമുണ്ട്. വിലാസം കണ്ടുപിടിച്ച് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വരാന്തയില്‍ പോലും രോഗികള്‍ നിറഞ്ഞു കഷ്ടപ്പെടുമ്പോള്‍, 'ബന്ധുക്കള്‍ക്കു വേണ്ടാത്തവരുടെ' പട്ടികയില്‍പ്പെട്ടവരെ എത്ര നാള്‍ കിടത്തി പരിചരിക്കാന്‍ കഴിയും ? എങ്കിലും 10 നഴ്‌സിങ് സ്റ്റാഫിനെ ഇവരുടെ മാത്രം പരിചരണത്തിനായി നിയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ മാതൃക കാട്ടുകയാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും മാറിമാറി ആഹാരവും എത്തിച്ചു നല്‍കുന്നു.