കൊവിഡ് : രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം, ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം 

ദില്ലി : കൊവിഡിൽ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ. അടുത്ത നാൽപ്പത് ദിവസത്തിനുള്ളിൽ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടാൻ സാധ്യത. രണ്ട് ദിവസത്തിനിടെ വിദേശത്തു നിന്ന വന്ന 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ നാളെ വിമാനത്താവളങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊവിഡിനെതിരായ ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിലെ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള  മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ഇങ്ങനെ പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ഈ ഫലം കൂടി അറിയുന്ന അടുത്ത നാല്പത് ദിവസം രാജ്യത്ത് നിർണായകമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടെ വിലയിരുത്തൽ. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളിലെ പരിശോധന സൌകര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി ദില്ലി വിമാനത്താവളം സന്ദർശിക്കും. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.