പെട്രോളില്‍ തീപടര്‍ന്ന് ആദിവാസി യുവാവ് മരിച്ചു. പാലോട് നന്ദിയോട് ഇളവട്ടം നീര്‍പ്പാറ വീട്ടില്‍ അഭിലാഷ്(40) ആണ് മരിച്ചത്.

കൊതുകിനെ തുരത്താന്‍ കൂട്ടിയ പുകയില്‍ നിന്ന് തീപ്പൊരി കാറ്റില്‍ പറന്ന് പെട്രോളില്‍ വീണാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ലോറി ഡ്രൈവറാണ് അഭിലാഷ്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചുള്ള ജോലികളും ചെയിതിരുന്ന അഭിലാഷ്, യന്ത്രത്തില്‍ പെട്രോള്‍ നിറക്കവെ സമീപത്ത് കൊതുകിനെ തുരത്താന്‍ കൂട്ടിയ പുകയില്‍ നിന്ന് തീപ്പൊരി പറന്ന് വീഴുകയായിരുന്നു. പെട്രോളില്‍ നിന്ന് അഭിലാഷിന്റെ ദേഹത്തേക്കും തീപടര്‍ന്നു. കൂടെയുണ്ടായിരുന്ന മകനോട് സമീപത്തേക്ക് വരരുതെന്ന് പറഞ്ഞു.

സമീപത്തെ കുളത്തിലേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും കാലില്‍ വള്ളി ചുറ്റിയതിനാല്‍ തീറ്റപ്പുല്ല് കൂട്ടിയിട്ടിരുന്നിടത്തേക്ക് വീണത് തീ ആളിപ്പടരാന്‍ കാരണമായി. തുടര്‍ന്ന് കുളത്തില്‍ ചാടിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പഞ്ചായത്ത് അംഗം സ്ഥലത്തെത്തി ആംബുലന്‍സ് വിളിച്ചെങ്കിലും ഉള്‍ഭാഗത്തെ ആദിവാസി ഊരായതിനാല്‍ എത്താന്‍ വൈകിയതിനാല്‍ അഭിലാഷിനെ താമസിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്.