നെയ്യാറ്റിന്‍കരയില്‍ പാചക വാതകത്തില്‍ നിന്ന് തീ പടര്‍ന്ന്, ഹോട്ടല്‍ ഉള്‍പ്പെടെ 3 കടകളും ഒരു ലൈബ്രറിയും കത്തി നശിച്ചു. പെരുമ്പഴുതൂരിനു സമീപം പുന്നയ്ക്കാട് ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. 3 യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ ഒരു മണിക്കൂറിലേറെ പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. പുന്നയ്ക്കാട് ജംക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 'വിജേഷ്' ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്. സമീപത്തെ അഖില്‍ ഹെയര്‍ ഡ്രസിങ് സെന്റര്‍, എവിആര്‍ വെജിറ്റബിള്‍സ് എന്നീ കടകളിലും ദേശാഭിമാനി ഗ്രന്ഥശാലയിലുമാണ് അഗ്‌നിബാധയുണ്ടായത്. വിജേഷ് ഹോട്ടല്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ഹെയര്‍ ഡ്രസിങ് സെന്ററിലും വെജിറ്റബിള്‍ ഷോപ്പിലും നാശനഷ്ടങ്ങളുണ്ട്. ഗ്രന്ഥശാലയിലെ പുസ്തകങ്ങളും കത്തി നശിച്ച സാധനങ്ങളുടെ പട്ടികയിലുണ്ട്.അഗ്‌നിശമന സേന എത്തുന്നതിനു മുന്‍പു തന്നെ കടകളില്‍ അഗ്‌നി താണ്ഡവമാടി. അവര്‍ എത്തി, വെള്ളം ചീറ്റയതിനെ തുടര്‍ന്നു സമീപത്തെ കടകളിലേക്കും മറ്റും തീ പടര്‍ന്നില്ല. ബാലരാമപുരം, നെയ്യാറ്റിന്‍കര പൊലീസും പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.