തിരുവനന്തപുരം • പട്ടാള ക്യാംപിലേക്ക് പഴം, പച്ചക്കറി ഓർഡർ ലഭിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാപാരികളിൽ നിന്ന് 35 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുമല എംഎസ്പി നഗർ ആർമി റിക്രൂട്മെന്റ് ഓഫിസിനു സമീപം കുളത്തിൻകര വീട്ടിൽ ഷമീം (ഉഡായിപ്പ് ഷമീം– 34) ആണ് പിടിയിലായത്. നാലു വർഷം മുൻപ് റെയിൽവേ റിക്രൂട്മെന്റിന്റെ പേരിൽ ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.പാങ്ങോട് മിലിറ്ററി ക്യാംപിൽ നിന്ന് ഒരു വർഷത്തേക്ക് പച്ചക്കറിയും പഴങ്ങളും ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാഗർകോവിൽ സ്വദേശികളായ സുന്ദർരാജ്, റഫീഖ് എന്നിവരിൽ നിന്ന് 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഷമീം തട്ടിയെടുത്തത്. സുന്ദർരാജിൽ നിന്ന് 24,48678 രൂപയുടെയും റഫീക്കിൽ നിന്ന് 10,42375 രൂപയുടെയും സാധനങ്ങൾ വ്യാജ ഓർഡർ നൽകി ഷെമീം പലപ്പോഴായി തട്ടിയെടുക്കുകയായിരുന്നു.എസ്ബിഐയുടെ ജഗതി, ശാസ്തമംഗലം ബ്രാഞ്ചുകളിലെ പേ -ഇൻ സ്ലിപ്പുകളിൽ വ്യാജ സീൽ പതിപ്പിച്ച് വ്യാപാരികളുടെ അക്കൗണ്ടിലേക്കു പണം അയച്ചുവെന്ന മട്ടിൽ രസീത് തയാറാക്കി ഫോണിലേക്ക് അയച്ചു കൊടുത്താണ് ഇയാൾ കബളിപ്പിച്ചത്. അക്കൗണ്ടിൽ പണം വരാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ വണ്ടിച്ചെക്ക് നൽകിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. ഡപ്യൂട്ടി കമ്മിഷണർ വി.അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
റെയിൽവേ റിക്രൂട്മെന്റ് ബോർഡിൽ ചീഫ് എക്സാമിനർ എന്നു പരിചയപ്പെടുത്തി മുന്നുറോളം ഉദ്യോഗാർഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതിന് 2018 -ൽ തമ്പാനൂർ, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിൽ ഷമീമിനെതിരെ കേസുണ്ട്. 2015 ൽ 37 ലക്ഷം രൂപയുടെ ഉദ്യോഗ തട്ടിപ്പ് നടത്തിയതിന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കോട്ടയം ഈസ്റ്റ്, തൃശൂർ അയ്യന്തോൾ, വയനാട് മാനന്തവാടി പൊലീസ് സ്റ്റേഷനുകളിലും തമിഴ്നാട്ടിലും കേസുകളുണ്ട്.