കളക്ടറോടൊപ്പം അദാലത്ത്: ചിറയിന്‍കീഴ് താലൂക്കില്‍ ലഭിച്ചത് 320 പരാതികള്‍

ചിറയിന്‍കീഴ് താലൂക്കില്‍ നടന്ന കളക്ടറോടൊപ്പംപരാതി പരിഹാര അദാലത്തില്‍ 320 പരാതികള്‍ ലഭിച്ചു. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കി. കളക്ടറെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനായി നിരവധി ആളുകളാണ് എത്തിയത്. 18 പേര്‍ക്ക് റേഷന്‍ കാര്‍ഡുകളും 10 പേര്‍ക്ക് അവകാശ സര്‍ട്ടിഫിക്കറ്റുകളും നാല് തരംമാറ്റം ഉത്തരവുകളും 18 എല്‍. ആര്‍. എം ഉത്തരവുകളും ഉള്‍പ്പെടെ 50 രേഖകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

പട്ടയവുമായി ബന്ധപ്പെട്ട പരാതികളും മറ്റ് പരാതികളും താലൂക്ക്, സപ്ലൈ ഓഫീസ്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി, തഹസീല്‍ദാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.