തിരുവനന്തപുരം: 90ാമത് ശിവഗിരി തീര്‍ഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിര്‍വഹിക്കും. ഈമാസം 30ന് രാവിലെ ശിവഗിരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയാകും. 30ന് പുലര്‍ച്ച പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്‌മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവര്‍ണരേഖകള്‍, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.