ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെഞ്ഞാറമൂട് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിൽ എത്തിയാണ് പൊലീസ് സംഘം പിടികൂടിയത്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. 29 പേരിൽ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് കേസ് രജിസ്റ്റർ ചെയ്തതത്. ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യാജ്യോതി എന്ന ദിവ്യാ നായരാണ് ഒന്നാം പ്രതി, ദിവ്യാജ്യോതിയുടെ ഭർത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാർ, ശ്യാം ലാൽ എന്നിവരാണ് മറ്റുപ്രതികൾ. പണം നൽകി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ് കേസുകൾ.