രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവീസുകൾ ലഭ്യമാണ്.(ksrtc services for delegates in 27th iffk)ഒരു ട്രിപ്പിൽ പൂർണ്ണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന ” ടുഡേ” ടിക്കറ്റ് എടുത്താൽ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. 50 രൂപ മുടക്കി “ഗുഡ് ഡേ” ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ തന്നെ ലഭിക്കും.ഫെസ്റ്റിവൽ പ്രദർശന സമയമായ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സർക്കുലർ സർവീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും. 100 രൂപ വിലയുള്ള കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് എടുക്കുന്ന ഡെലിഗേറ്റുകൾ അതേ മൂല്യമുള്ള യാത്ര സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവീസുകളിലും നടത്താവുന്നതാണ്.ഡെലിഗേറ്റുകൾക്ക് രാത്രി വൈകിയും റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന രാത്രികാല ഇലക്ട്രിക് ബസുകളിൽ നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂർ, നെയ്യാറ്റിൻകര, കാട്ടാക്കട, പൂവ്വാർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് രാത്രി 12 മണി വരെ സർവീസുകൾ ലഭ്യമാകുന്നതാണ്. പ്രദർശനം നടക്കുന്ന എല്ലാ തീയറ്ററുകളിലും സിറ്റി സർക്കുലർ സർവീസുകളുടെ സമയക്രമവും വിശദമായ റൂട്ടും പ്രസിദ്ധീകരിക്കുന്നതാണ്. പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ ഡെലിഗേറ്റുകൾക്കായി ഒരു ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സി. ട്രാവൽ കാർഡ്. ഗുഡ് ഡേ, ടുഡേ ടിക്കറ്റുകൾ എന്നിവ ഇവിടെ നിന്നും ഡെലിഗേറ്റുകൾക്ക് വാങ്ങാവുന്നതുമാണ്.