ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തില്‍ 227 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി ഇന്ത്യ ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍

ചിറ്റഗോങ്: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തില്‍ 227 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി ഇന്ത്യ ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍. ഏകദിനത്തില്‍ വിദേശത്ത് എതിരാളികളുടെ ഗ്രൗണ്ടില്‍ റണ്‍ മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2003ല്‍ ബംഗ്ലാദേശിനെതിരെ തന്നെ ധാക്കയില്‍ 200 റണ്‍സിന് വിജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. അതോടൊപ്പം ഏകദിന ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ വിജയം കൂടിയാണ് ഇന്ന് ചിറ്റഗോങ്ങില്‍ പിറന്നത്. മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍റെ 210 റണ്‍സിന്‍റെയും വിരാട് കോലിയുടെ 113 റണ്ണിന്‍റേയും കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്താവുകയായിരുന്നു. ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര(2-1) സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനായി 50 പന്തില്‍ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ മൂന്നും അക്‌സറും ഉമ്രാനും രണ്ട് വീതവും സിറാജും കുല്‍ദീപും വാഷിംഗ്‌ടണും ഓരോ വിക്കറ്റും നേടി.നേരത്തെ ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്‍റെ റെക്കോര്‍ഡും ഇഷാന്‍റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി.