കാട്ടാക്കട നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുന്നത്തിന് സമയബന്ധിതമായി പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാട്ടക്കട മണ്ഡലത്തിലെ 220 കി. മീ വരുന്ന പൊതുമരാമത്ത് റോഡുകളിൽ 180ഓളം കിലോമീറ്റർ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ പരിപാടികളിൽ അധ്യക്ഷനായി.
മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മൂങ്ങോട്- അരുവിപ്പാറ റോഡ്, മാറനല്ലൂർ പഞ്ചായത്തിലെ വണ്ടന്നൂർ- റസ്സൽപുരം, വണ്ടന്നൂർ - മേലാരിയോട് റോഡുകൾ എന്നിവ സഞ്ചാരത്തിനായി തുറന്നു.
മലയിൻകീഴ് കാട്ടാക്കട റോഡിനെയും അന്തിയൂർക്കോണം തച്ചോട്ടുകാവ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മൂങ്ങോട്-അരുവിപ്പാറ റോഡ്. രണ്ടര കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ ബി എം ബി സി ചെയ്താണ് റോഡിൻറെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. വണ്ടന്നൂർ നിന്നും റസ്സൽപുരം, മേലാരിയോട് റോഡുകളുടെ പണി പൂർത്തിയത്തോടെ ഇരു പ്രദേശത്തേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാകും. സംസ്ഥാന ബജറ്റിൽ നിന്നും അഞ്ചരക്കോടി രൂപ വിനിയോഗിച്ചാണ് ഇവ നവീകരിച്ചത്. ഇരു റോഡുകളും ബി എം ബി സി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികൾ പങ്കെടുത്തു.