തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് വികസനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. സംസ്ഥാനത്ത് മതിയായ റോഡില്ല. വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണെന്നും മന്ത്രി പറഞ്ഞു. 45536 കോടി രൂപയുടെ ദേശീയപാത പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി സംസാരിക്കുകയായിരുന്നു.കേരളത്തിലെ ദേശീയ പാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിലെ പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. സംസ്ഥാനത്തിന്‍റെ ബുദ്ധിമുട്ട് മനസിലാക്കുന്നു. പണത്തിന് പകരം സർക്കാർ ഭൂമി സൗജന്യമായി നൽകണം. നിർമാണ സാമഗ്രികളുടെ ജിഎസ്ടി വിഹിതം സംസ്ഥാനം ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. 2025 ഓടെ കേരളത്തിന്‍റെ മുഖച്ഛായ മാറും. കേരളത്തിലെ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയരും. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും നിതിന്‍ ഗഡ്‍കരി പറഞ്ഞു. കേരളത്തിൽ വ്യാവസായിക ഇടനാഴി വരുന്നതിൽ സന്തോഷമുണ്ട്. മൂന്ന് വ്യാവസായിക ഇടനാഴികളാണ് വരിക. സംസ്ഥാനത്തിൻ്റെ വ്യാവസായിക വികസനത്തിന് ഇടനാഴികള്‍ കാരണമാകുമെന്നും നിതിന്‍ ഗഡ്‍കരി പറഞ്ഞു.