*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 8 | വ്യാഴം |

◾ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുന്ന കാര്യം ബില്ല് രാജ്ഭവനിലെത്തിയശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ വിവരങ്ങള്‍ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുള്ളതാണ്. ചാന്‍സലറെ മാറ്റാന്‍ കേന്ദ്രാനുമതി വേണം. കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ സ്വാഗതം ചെയ്യുന്നു. മല്ലിക സാരാഭായ് യോഗ്യയാണ്. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ പറഞ്ഞു. 

◾ചാന്‍സലറായ ഗവര്‍ണര്‍ക്കു കുട്ടിക്കളിയാണോയെന്നു ഹൈക്കോടതി. കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരണ രേഖകള്‍ പരിശോധിച്ച കോടതി, ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ കാര്യങ്ങള്‍ പക്വമായി കൈകാര്യം ചെയ്യണമെന്നു പറഞ്ഞു. ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലിനെച്ചൊല്ലി നിയമസഭയില്‍ വാദപ്രതിവാദം. ബില്ലിലെ വ്യവസ്ഥകള്‍ പലതും കേന്ദ്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും ഗവര്‍ണര്‍ക്കു പകരം നിയമിക്കുന്ന ചാന്‍സലറെ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേതുപോലെ മുഖ്യമന്ത്രി ചാന്‍സലറാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഗവര്‍ണറെ നീക്കി പകരം ചാന്‍സലറെ നിയമിക്കുമ്പോള്‍ ആറു സര്‍വകലാശാലകളില്‍ അധികച്ചെലവ് ഉണ്ടാകില്ലെന്നും രാജീവ് പറഞ്ഞു.

◾സംസ്ഥാനത്ത് 828 പൊലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കൂടുതല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ഉള്ളത് ആലപ്പുഴ ജില്ലയിലാണ്. 99 പേരാണ് ആലപ്പുഴ ജില്ലയിലെ ക്രിമിനല്‍ പോലീസ്.

◾വിഴിഞ്ഞം തുറമുഖ കവാടത്തെ സമരപ്പന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചത്. പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തത്. ഇന്നു മുതല്‍ തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കും. തുറമുഖ നിര്‍മാണം പുനരാരംഭിക്കും.  

◾തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിക്കുകയും പായസ വിതരണം നടത്തുകയും ചെയ്ത തുറമുഖ അനുകൂല ജനകീയ സമിതി പ്രവര്‍ത്തകര്‍ ആവശ്യങ്ങളുമായി രംഗത്ത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമര പന്തല്‍ പൊളിക്കില്ലെന്നു സമരസമിതി നേതാവ് വെങ്ങാനൂര്‍ ഗോപന്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ആറു പേര്‍ക്കു ധനസഹായം നല്‍കണമെന്നാണ് പ്രധാന ആവശ്യം.

◾മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധന വകുപ്പിന് എട്ട് ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറയില്‍ ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ചാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്.

◾ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്ക് രണ്ടാഴ്ച നിര്‍ബന്ധിത അവധി. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തിരുന്നു. കളക്ടറും എസ്പിയും മെഡിക്കല്‍ കോളേജിലെത്തി ബന്ധുക്കളുമായി സംസാരിച്ചശേഷമാണ് ഡോക്ടറോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണു മരിച്ചത്.

◾കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി. ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കാന്‍ 8.10 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

◾വടക്കഞ്ചേരി- തൃശൂര്‍ സെക്ഷന്‍ ദേശീയപാതയിലെ കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിന് ഏറ്റെടുത്ത വന ഭൂമിക്കു പകരം കാസര്‍കോട് ജില്ലയില്‍ ഭീമനടി വില്ലേജില്‍ 1.4318 ഹെക്ടര്‍ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിനു കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചു.

◾ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുനമര്‍ദം. കേരളത്തില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

◾പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടില്ലെന്നു കുസാറ്റ് യൂണിവേഴ്സിറ്റി. ആരോപണ വിധേയയായ ഡോ. ഉഷ അരവിന്ദന്റെ നിയമനം യുജിസി ചട്ടം പാലിച്ചുകൊണ്ടാണെന്നും സെലക്ഷന്‍ കമ്മിറ്റിക്കു സാധുതയുണ്ടെന്നുമാണ് കുസാറ്റ് വിശദീകരണം. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുസാറ്റ് വ്യക്തമാക്കി.

◾കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷനായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെ തെരെഞ്ഞെടുത്തു. മാര്‍ പോളി കണ്ണുക്കാടനാണ് വൈസ് പ്രസിഡന്റ്. ഡോ. അലക്സ് വടക്കുംതലയെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു.

◾വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തങ്ങള്‍ എതിരല്ലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കണമെന്നും കര്‍ദനിനാള്‍ ആവശ്യപ്പെട്ടു.

◾വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ ലോക്സഭയില്‍. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്നു സംസ്ഥാന സര്‍ക്കാര്‍ ആക്ഷേപിക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി.

◾എസ് എന്‍ കോളേജിലുണ്ടായ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷത്തില്‍ 14 പ്രവര്‍ത്തകര്‍ക്ക് പരിക്ക്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് എഐഎസ്എഫ് ആരോപിച്ചു. അക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ് എഫ് ഇന്നു കൊല്ലം ജില്ലയില്‍ പഠിപ്പു മുടക്കും.

◾സംഭാവന നല്‍കാത്തതിന് മര്‍ദിച്ചെന്ന് ആരോപിച്ച് ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ സ്മിതേഷിനെതിരേ കേസ്. ഇന്‍കംടാക്സ് അസിസ്റ്റന്റ് രമേശിന്റെ പരാതിയിലാണു കേസ്. എന്നാല്‍ രാത്രിയില്‍ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണു സ്മിതേഷ് പറയുന്നത്.

◾ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18.89 ശതമാനം പേര്‍ ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവടക്കം എട്ടുപേരെ തിരുവനന്തപുരത്ത് അറസ്റ്റു ചെയ്തു. ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ മേഖലാ പ്രസിഡന്റ് ജിനേഷ്, പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥി, കുന്നംകുളം സ്വദേശി എസ്. സുമേജ് (21) എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് പിടികൂടിയത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ ഫോണില്‍ മുപ്പതോളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്ന് പൊലീസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഫോണില്‍ സൂക്ഷിച്ചിരുന്നു. ഫോണ്‍ ഫോറെന്‍സിക് പരിശോധനക്ക് അയച്ചു. ജിനേഷിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തി. ആറുവര്‍ഷം മുമ്പ് തന്റെ ഫോണ്‍ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ പങ്കുവച്ച ജിനേഷിന്റെ അച്ഛന്‍ മാപ്പുപറഞ്ഞതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന് അയല്‍വാസിയായ യുവതി വെളിപെടുത്തി.

◾ലൈംഗിക പീഡന പരാതിയില്‍ വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളെ (48) അറസ്റ്റു ചെയ്തു. വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി വര്‍ഷങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി.

◾കണ്ടെയ്നര്‍ ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഹരിപ്പാട് വെട്ടുവേനി സിന്ധു ഭവനത്തില്‍ നാരായണ കാരണവര്‍(78) ആണ് മരിച്ചത്.  

◾അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്നു പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏക പക്ഷീയമായ മാറ്റങ്ങള്‍ വരുത്തരുതെന്നാണ് നയതന്ത്ര തല ചര്‍ച്ചകളിലെ ധാരണ. മാറ്റങ്ങള്‍ വരുത്താനോ, സേനാ ബലം കൂട്ടാനോ ശ്രമിച്ചാല്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ മോശമാകുമെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പു നല്‍കി.

◾സുപ്രീംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പുറത്തിറക്കി. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 'സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0' ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാക്കിയത്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കെട്ടിക്കിടക്കുന്ന കേസുകളുടെ സ്ഥിതി അറിയാനാകും. എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികള്‍ കാണാനും സാധിക്കും.

◾പതിനഞ്ചു വര്‍ഷമായി ബിജെപി അടക്കി ഭരിച്ചിരുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. 250 സീറ്റുകളില്‍ 134 സീറ്റും തൂത്തുവാരിയ ആം ആദ്മി കേവലഭൂരിപക്ഷം നേടി. ബി.ജെ.പി 104 സീറ്റുകളില്‍ വിജയം നേടി. കോണ്‍ഗ്രസ് വെറും ഒമ്പത് ഡിവിഷനുകളില്‍ മാത്രമാണ് വിജയിച്ചത്.

◾നോട്ട് നിരോധനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നു കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

◾ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ അവസാനത്തെ പൗരനുവരെ ലഭ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും കിടന്നുറങ്ങേണ്ടി വരില്ലെന്ന് ഉറപ്പാക്കണം. ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടേയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും കണക്ക് കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രണ്ടിടത്തും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

◾ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രിക്കു കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയം. കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ആസിഫ് ഖാന്റെ മകള്‍ ആരിബ ഖാന്‍ 1479 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബുള്‍ ഫസല്‍ എന്‍ക്ലേവില്‍നിന്നു ജയിച്ചത്. 250 സീറ്റില്‍ വെറും ഒമ്പതു സീറ്റില്‍ മാത്രമാണു കോണ്‍ഗ്രസിനു ജയിക്കാനായത്.

◾ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിനു പിറകേ, പ്രമുഖ വ്യവസായികൂടിയായ നേതാവ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. റിജു ജുന്‍ജുന്‍വാലയാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജ്മേറിലെ സ്ഥാനാര്‍ഥിയായിരുന്നു റിജു.

◾ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 30 നേതാക്കള്‍ക്കെതിരെ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്. 30 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

◾കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിയമസഭ വേണമെന്ന് പി.പി മൊഹമ്മദ് ഫൈസല്‍ എംപി ലോക്സഭയില്‍. നാടിന്റെ ദീര്‍ഘകാല ആവശ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. കരഘോഷത്തോടെയാണ് എംപിമാര്‍ ഈ ആവശ്യത്തോടു പ്രതികരിച്ചത്.

◾ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകന്‍ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരാണു പിടിയിലായത്.

◾ഡല്‍ഹി ഗുരുഗ്രാമില്‍ ഇരുപത്തൊന്നുകാരനായ യുവസംരംഭകനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. നംറ ഖാദിര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് വിരാട് ബെനിവാളിനെ പൊലീസ് തെരയുന്നു. ഇരുവരും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങളാണ്. ഇന്‍സ്റ്റഗ്രാമില്‍ നംറ ഖാദിറിന് ആറു ലക്ഷം ഫോളോവേഴ്സും യൂട്യൂബില്‍ രണ്ട് ലക്ഷം വരിക്കാരുമുണ്ട്.

◾കടുവാ സങ്കേത പ്രദേശത്തെ റോഡിലൂടെ സഞ്ചരിക്കവേ കാട്ടാനക്കു കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് 75,000 രൂപ പിഴ. തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിനു കീഴിലുള്ള ഹസനുരുവില്‍ കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകുകയായിരുന്ന ഡ്രൈവര്‍ നഞ്ചന്‍കോട് സ്വദേശി സിദ്ധരാജുവാണ് ആനയ്ക്കു കരിമ്പ് കൊടുത്തത്. വീഡിയോയെടുത്ത് പ്രചരിപ്പിച്ചതോടെയാണ് കേസും പിഴശിക്ഷയും നല്‍കിയത്.

◾ജര്‍മ്മനിയില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച 25 അംഗ സംഘം പിടിയില്‍. സ്ത്രീകളടക്കമുള്ള സംഘത്തിന്റെ മേധാവി ഹെന്റിച്ച് പതിമൂന്നാമന്‍ രാജകുമാരന്‍ എന്നറിയപ്പെടുന്നയാളാണ്. ഇതിനായി നിഴല്‍ മന്ത്രിസഭയും സംഘം രൂപീകരിച്ചിരുന്നു.

◾അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യ വധ ശിക്ഷയുമായി താലിബാന്‍. കൊലക്കുറ്റത്തിന് താജ്മിര്‍ എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. അഞ്ചുവര്‍ഷം മുമ്പ് ഒരാളെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് താജ്മിറിനെതിരായ കുറ്റം. ഫറാ പ്രവിശ്യയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് വധ ശിക്ഷ നടപ്പിലാക്കിയത്.

◾ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വീണ്ടും നാണം കെട്ട തോല്‍വി, ഒപ്പം പരമ്പര നഷ്ടവും. രണ്ടാമത്തെ ഏകദിനത്തില്‍ അഞ്ച് റണ്ണിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. 69 റണ്‍സെടുക്കുന്നതിനിടയില്‍ ആറ് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ 100 റണ്‍സെടുത്ത മെഹ്ദി ഹസനും 77 റണ്‍സെടുത്ത മഹമുദുള്ളയും ചേര്‍ന്നാണ് മികച്ച സ്‌കോറിലെത്തിച്ചത്. 272 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ഖത്തര്‍ ലോക കപ്പിലെ സ്വിറ്റ്സര്‍ലണ്ടിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റൊണാള്‍ഡോയെ പുറത്തിരുത്തിയതില്‍ വിമര്‍ശനവുമായ് ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ്. ലോകത്തെ ഏറ്റവും മികച്ച താരത്തിന്റെ കളി 90 മിനിറ്റും ഗ്രൗണ്ടില്‍ ആസ്വദിക്കാന്‍ കഴിയാത്തത് എന്തൊരു നാണക്കേടാണെന്നും പതിനൊന്ന് താരങ്ങളും ദേശീയഗാനം ആലപിക്കുമ്പോഴും എല്ലാ കണ്ണുകളും റൊണാള്‍ഡോയിലായിരുന്നുവെന്നും ജോര്‍ജീന പറഞ്ഞു. അതേസമയം റൊണാള്‍ഡോയെ കളിപ്പിക്കാതിരുന്നത് ടീം തന്ത്രങ്ങളുടെ ഭാഗമാണെന്നും സൂപ്പര്‍ താരവുമായി ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളില്ലെന്നുമാണ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ പക്ഷം.

◾ഖത്തര്‍ ലോക കപ്പില്‍ ഇന്നും മത്സരങ്ങളില്ല. നാളേയും മറ്റന്നാളും ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. നാളെ രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം മറ്റന്നാള്‍ വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്‌സുമായും ഏറ്റുട്ടും. ഡിസംബര്‍ 10, ശനിയാഴ്ച 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന നാലാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.

◾കപ്പ് ആരടിക്കും?. നാളെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയേക്കാളും ബ്രസിലിനേക്കാളും സാധ്യത കൂടുതല്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത് മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിനാണ്. ഫ്രാന്‍സിനോളം മികച്ച നിലവാരത്തില്‍ കളിക്കുന്ന മറ്റൊരു ടീം ഇംഗ്ലണ്ടാണ്. പക്ഷെ ഇവര്‍ തമ്മില്‍ ക്വാര്‍ട്ടറില്‍ തന്നെ ഏറ്റുമുട്ടുന്നതിനാല്‍ കൂടുതല്‍ മികച്ച ടീമായ ഫ്രാന്‍സ് തന്നെ വിജയിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഈ ലോക കപ്പ് മെസി ഉയര്‍ത്തണമെന്നാണ് കൂടുതല്‍ ആരാധകരുടേയും ആഗ്രഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് ഇത്തവണ ലോകകപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം ഉണ്ടാകണമെന്നാണ് ഭൂരിപക്ഷം പേരുടേയും പ്രാര്‍ത്ഥന. എന്നാല്‍ മെസിയെ മാത്രം ആശ്രയിച്ച് ഇതുവരെയെത്തിയ അര്‍ജന്റീനക്ക് നെതര്‍ലണ്ട്സിനെ തോല്‍പിക്കാനാകുമോ? മെസിയുടെ മാന്ത്രിക കാലുകള്‍ അര്‍ജന്റീന - ബ്രസീല്‍ സെമി ഫൈനലിനുള്ള സാധ്യത ഒരുക്കുമോ? നെയ്മര്‍ തിരിച്ചെത്തിയതോടെ മികച്ച ഫോമിലായ ബ്രസീല്‍ ക്രൊയേഷ്യയെ ക്വാര്‍ട്ടറില്‍ തോല്‍പിക്കുമെന്ന് വിശ്വസിക്കാനാണ് ഏറെ പേര്‍ക്കും ഇഷ്ടം. ബ്രസീലും നെയ്മറിന്റെ പ്രകടനത്തെ ആശ്രയിച്ച് മാത്രമാണ് ഇതുവരെയെത്തിയത്. റൊണാള്‍ഡോയെ പുറത്തിരുത്തിയിട്ടും മികച്ച വിജയം നേടിയ പോര്‍ച്ചുഗല്‍ മൊറോക്കോയെ തോല്‍പിച്ച് സെമിയിലെത്തുമെന്ന് കരുതുന്നവരും ഏറെയാണ്. എന്തായാലും നാളെ മുതല്‍ തീപ്പൊരി പാറുന്ന മത്സരങ്ങള്‍ പ്രതീക്ഷിച്ചാണ് ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പ്. ഏറ്റവും മികച്ച പ്രകടനത്തോടെ തങ്ങളുടെ സ്വപ്ന ടീം കപ്പടിക്കണമെന്ന പ്രാര്‍ത്ഥനയോടെ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്കായ് കാത്തിരിരിക്കുകയാണ് എല്ലാ ഫുട്ബോള്‍ പ്രേമികളും.

◾നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍നിന്ന് 6.9ശതമാനമായി ലോക ബാങ്ക് ഉയര്‍ത്തി. ആഗോള തലത്തില്‍ സമ്പദ്ഘനടകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ബാങ്കിന്റെ അനുമാനമുയര്‍ത്തല്‍ എന്നത് ശ്രദ്ധേയമാണ്. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷത്തെ അനുമാനം 7 ശതമാനത്തില്‍നിന്ന് 6.9ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റവും അതേതുടര്‍ന്നുള്ള നിരക്ക് ഉയര്‍ത്തലുമെല്ലാം സമ്പദ്ഘടനകളെ ബാധിക്കുമെങ്കിലും ഇന്ത്യ താരതമ്യേന മികച്ച നിലയിലാണെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘനടകളിലൊന്നായി ഇന്ത്യക്ക് തുടരാനാകുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി അനുമാനം 6.5ശതമാനത്തില്‍നിന്ന് 6.9ശതമാനമായി വേള്‍ഡ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്.

◾മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം 'അറിയിപ്പ്' ട്രെയിലര്‍ പുറത്തുവിട്ടു. 'അറിയിപ്പി'ന്റെ റിലീസും പ്രഖ്യാപിച്ചിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ 16 മുതലാണ് സ്ട്രീം ചെയ്യുക. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രശ്മി എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്റെ പേര്. ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ ഹരീഷ്- രശ്മി ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നു. ഡാനിഷ് ഹുസൈന്‍, ലൗവ്ലീന്‍ മിശ്ര, ഫൈസല്‍ മാലിക്, സിദ്ധാര്‍ഥ് ഭദദ്വാജ്, ഡിംപി മിശ്ര എന്നിവരും അറിയിപ്പില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

◾അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ബഡേ മിയാന്‍ ചോട്ടേ മിയാന്‍ സിനിമയില്‍ പൃഥ്വിരാജും. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പൃഥ്വിരാജും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ടൈഗര്‍ ഷ്രോഫും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫര്‍ ആണ്. ജാന്‍വി കപൂര്‍ നായികയായി എത്തുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. പൂജാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജാക്കി ഭഗ്‌നാനിയാണ് നിര്‍മാണം. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

◾ആനുകൂല്യങ്ങളും എസ്‌ക്‌ചേഞ്ച് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാമായ 'ഏഥര്‍ ഇലക്ട്രിക് ഡിസംബര്‍' പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. ഇലക്ട്രിക് വാഹനവില്‍പന നിരക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. 6999 രൂപ വരുന്ന ബാറ്ററി വാറണ്ടി വെറും ഒരു രൂപയ്ക്ക് ഏഥര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ട് വര്‍ഷം കൂടി സുരക്ഷിതമാക്കാന്‍ കഴിയും. ഈ വര്‍ഷം ഡിസംബറില്‍ ഏഥര്‍ 450 എക്‌സ്, ഏഥര്‍ 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഐ.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് ഏഥര്‍ ആദ്യമായി ഒരു ഫിനാന്‍സിംഗ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം ഏഥര്‍ സ്‌കൂട്ടര്‍ വാങ്ങുന്നതിന് 48 മാസ കാലാവധി വാഗ്ദാനം ചെയ്യുന്നു. പ്രോസസിംഗ് ഫീസ് ഇല്ലാതെ 45 മിനിട്ടിനുള്ളില്‍ സ്പോട്ട് ലോണും നല്‍കുന്നു. ചെലവിന് തുല്യമായ ഇ.എം.ഐയും വാഗ്ദാനം ചെയ്യുന്നു.

◾ഉറുമ്പിനെപ്പോലുള്ള പത്ത് കുഞ്ഞിക്കഥകള്‍. വരിവരിയായി കൂടിച്ചേരുന്ന ഉറുമ്പുകഥകള്‍. ചോണനുറുമ്പും കട്ടുറുമ്പും നെയ്യുറുമ്പുമെല്ലാം സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ഒരുമയുടെ വിത്തുകളുമായി ഈ കഥകളിലൂടെ ഇളംമനസ്സുകളിലേക്ക് അരിച്ചിറങ്ങുന്നു. രസകരമായ കഥകളിലൂടെയും ചിത്രങ്ങളിലൂടെയും ഉറുമ്പുലോകത്തെ കുട്ടിസ്സഞ്ചാരങ്ങള്‍ സാധ്യമാക്കുന്ന പുസ്തകം. 'ഉറുമ്പുകഥകള്‍'. സുജിത് കുമാര്‍. ചിത്രീകരണം - ദേവപ്രകാശ്. മാതൃഭൂമി ബുക്സ്. വില 85 രൂപ.

◾തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്നം, ഗ്ലൂക്കോമ, ഡ്രൈ ഐ എന്നിങ്ങനെ കണ്ണുകളെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളും ഇന്ന് ഏറിവരികയാണ്. ഇത്തരത്തില്‍ കണ്ണുകള്‍ ബാധിക്കപ്പെടുകയും കാഴ്ചാശക്തിയെ തകര്‍ക്കുകയും ചെയ്യാതിരിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഇന്ന് നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മൊബൈല്‍ ഫോണ്‍, ലാപ്ടോപ് സ്‌ക്രീനുകളിലേക്ക് കൂടുതല്‍ സമയം നോക്കിയിരിക്കുന്നതാണ്. ജോലി- പഠനം എന്നീ ആവശ്യങ്ങളിലധികം വരുമ്പോള്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. കംപ്യൂട്ടറോ ലാപ്ടോപോ ഫോണോ എല്ലാം നിരന്തരം ഉപയോഗിക്കുമ്പോള്‍ ബ്ലൂ കട്ട് ലെന്‍സുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. അതുപോലെ പുറത്തിറങ്ങി നടക്കുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കണ്ണുകളെ ബാധിക്കാതിരിക്കാന്‍ സണ്‍ഗ്ലാസിന്റെ ഉപയോഗവും പതിവാക്കുക. 99-100 ശതമാനവും യുവി (അല്‍ട്രാവയലറ്റ്)-എ, യുവി -ബി കിരണങ്ങളെ ചെറുക്കുന്ന സണ്‍ഗ്ലാസായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. കാഴ്ചാശക്തി സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ഇതിന് യോജിക്കും വിധത്തിലുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. പച്ചക്കറികളും പഴങ്ങളുമെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റ്, ചീര, മറ്റ് ഇലക്കറികള്‍, മത്തി, അയല, ചൂര പോലുള്ള മത്സ്യങ്ങള്‍ എന്നിവയും കഴിക്കാം. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം കണ്ണുകളെയും ബാധിക്കാം. ഇതിന് പതിവായ വ്യായാമം ആവശ്യമാണ്. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുക. ആകെ ആരോഗ്യം കണ്ണുകളെയും നേരിട്ട് തന്നെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുക. കോള്‍ഡ് കംപ്രസ് ഉപയോഗിക്കുന്നതും കണ്ണിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞുകാലം പോലുള്ള അന്തരീക്ഷങ്ങളില്‍. കണ്ണിന്റെ തളര്‍ച്ച കുറയ്ക്കാനും മറ്റും ഇത് സഹായകമാണ്. അതുപോലെ ഡ്രൈ ഐ, തലവേദന, ഇന്‍സോമ്നിയ പോലുള്ള അവസ്ഥകള്‍ക്കും കോള്‍ഡ് കംപ്രസ് നല്ലതാണ്.

*ശുഭദിനം*

ആ വ്യക്തി എന്നും ആശ്രമം വൃത്തിയാക്കാന്‍ വരുമായിരുന്നു. ഒരു ദിവസം ആശ്രാമധിപന്‍ ചോദിച്ചു: താങ്കള്‍ എന്തിനാണ് കൂലിയില്ലാതെ വേല ചെയ്യുന്നത്? ആ യുവാവ് പറഞ്ഞു: ഈ ആശ്രമം അതിവിശിഷ്ടമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നില്‍ സന്തുഷ്ടനായി അങ്ങ് എന്നെ അനുഗ്രഹിച്ചാല്‍ എനിക്ക് ധാരാളം സമ്പത്ത് വന്ന് ചേരുമെന്ന് ഞാന്‍ കരുതുന്നു. ആശ്രമാധിപന്‍ യുവാവിനെ അനുഗ്രഹിച്ചു. യുവാവ് സമ്പന്നനായി. പക്ഷേ, അതിന് ശേഷം ആ യുവാവിനെ ആശ്രമത്തിലേക്ക് കണ്ടതേയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും ആശ്രമത്തിലെത്തി. അപ്പോള്‍ ആശ്രമാധിപന്‍ ചോദിച്ചു: എന്താണ് താങ്കള്‍ ഇപ്പോള്‍ വന്നത്? അയാള്‍ പറഞ്ഞു: സമ്പത്തുണ്ടെങ്കിലും എനിക്കിപ്പോള്‍ മനഃസമാധാനമില്ല. നിങ്ങള്‍ ചോദിക്കുന്നതേ എനിക്ക് നല്‍കാന്‍ കഴിയൂ.. ഇത് കേട്ട അയാള്‍ ആശ്രമാധിപനോട് പറഞ്ഞു: എനിക്ക് തന്ന സമ്പത്തെല്ലാം തിരിച്ചെടുത്തോളൂ.. ഞാന്‍ എത്രകാലം വേണമെങ്കിലും ഇവിടെ ജോലി ചെയ്യാം. എനിക്ക് മറ്റൊന്നും വേണ്ട. സമാധാനം മാത്രം മതി.! സ്വത്ത്, സമ്പാദ്യം, സ്ഥിരനിക്ഷേപം തുടങ്ങിയവ മാത്രമായി അനുഗ്രഹങ്ങളുടെ ചുരുക്കപ്പട്ടിക തിരഞ്ഞെടുത്ത് വെയ്ക്കുന്നത് കൊണ്ട്, പലരും, തങ്ങള്‍ക്കുള്ള യഥാര്‍ത്ഥ അനുഗ്രഹങ്ങള്‍ തിരിച്ചറിയാതെ പോകുന്നുണ്ട്. ഉള്ളത് മാത്രമല്ല.. ഇല്ലാത്തതും നേട്ടങ്ങളാണ്.. മാരകരോഗങ്ങള്‍ ഇല്ലാത്തത് ഒരുനുഗ്രഹമാണ്.. ദുരന്തങ്ങള്‍ ഇല്ലാത്തതും, മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടി വരാത്തതും ജീവിതവിജയം തന്നെയാണ്. വിശപ്പറിയാതെ ജീവിക്കാന്‍ കഴിയുന്നതും, കയറിക്കിടക്കാന്‍ ഒരിടമുളളതും നന്മയാണ്. അനുഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ഇല്ലാത്തവ കൂട്ടിച്ചേര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നതിനിടെ ഉളളവ ഉപയോഗരഹിതമാകുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങളുടെ പട്ടികയില്‍ വേണ്ട ഒന്നാണ് മനഃസമാധാനം. അതുപോലെ, അറിവും തൊഴിലും പണവും സമ്പാദിക്കുന്നതിനേക്കാള്‍ പരിശീലനം ആവശ്യമുള്ളത് സന്തോഷം നേടുന്ന കാര്യത്തിലാകണം. ഇല്ലെങ്കില്‍ നെട്ടോട്ടമോടി നേടിയതെല്ലാം, ആര്‍ക്കും ഉപകരിക്കാതെ നഷ്ടപ്പെട്ടുപോകും - *ശുഭദിനം.* 
മീഡിയ 16 ന്യൂസ്‌