*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 7 | ബുധൻ |

◾വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിച്ചത്. വിട്ടുവീഴ്ച ചെയ്തെന്നു സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറി. വീടു നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നര വര്‍ഷത്തിനകം സര്‍ക്കാര്‍ ഫ്ളാറ്റ് നിര്‍മിച്ചു നല്‍കും. അതുവരെ വാടക വീട്ടില്‍ താമസിക്കാന്‍ സര്‍ക്കാര്‍ 5,500 രൂപ വീട്ടുവാടക നല്‍കും. വീട്ടുവാടക 8,000 രൂപ വേണമെന്നായിരുന്നു ആവശ്യം. 2,500 രൂപ അദാനി ഗ്രൂപ്പില്‍നിന്നു വാങ്ങിത്തരാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സമരസമിതി നിരസിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു ജോലിക്കു പോകാനാവാത്ത ദിവസം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു. 140 ദിവസം നീണ്ട സമരമാണ് ഒത്തുതീര്‍ന്നത്.

◾വിഴിഞ്ഞം തുറമുഖ കടവാടത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയുള്ള സമരത്തിനെതിരേ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍. പൊലീസ് സുരക്ഷ ഒരുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത് വിവാദമായിരുന്നു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ കേസ് ഇന്നു തീര്‍പ്പാക്കും.

◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന ബില്‍ അവതരണത്തിന് ഗവര്‍ണറുടെ അനുമതി. ഇന്നു സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ 13 ന് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.

◾പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം നീക്കം ചെയ്തിയിരുന്നു. കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം.

◾വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വം സര്‍ക്കാര്‍ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍ത്തിവയ്ക്കില്ല. സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളികളെ പ്രകോപിതരാക്കാതേയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പു നല്‍കിയുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. പദ്ധതിയുടെ 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയൊരു തുക യുഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ല. ബജറ്റിലുമില്ല. മുഖ്യമന്ത്രി പറഞ്ഞു. 

◾എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ മല്‍സ്യത്തൊഴിലാളി സമരത്തെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിമന്റ് ഗോഡൗണില്‍ നരക തുല്യമായ ജീവിതം നയിക്കുന്നവരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കാണണം. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല. ആര്‍ച്ച് ബിഷപ്പിനെതിരെ എന്തടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസും അറസ്റ്റും വഴി പ്രകോപനം ഉണ്ടാക്കിയത് സര്‍ക്കാരാണ്. കേന്ദ്രസേന വേണമെന്ന അദാനിയുടെ ഹര്‍ജി ഹൈക്കോടതിയില്‍ വരുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സര്‍ക്കാരും അദാനിയും തമ്മില്‍ ഒത്തുകളിയാണോയെന്നും സതീശന്‍ ചോദിച്ചു.

◾തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര' കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിയെ 13 വരെ അറസ്റ്റു ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി. തെലങ്കാന പൊലീസിന്റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു.

◾ആനക്കൊമ്പു കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവു നല്‍കുമോയെന്നു കോടതി ചോദിച്ചു. കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു.

◾മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

◾സഹകരണ സംഘങ്ങളുടെ ഓഡിറ്റ് കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുള്ള ടീം ഓഡിറ്റിംഗിന്റെ പരിശീലനം പൂര്‍ത്തിയാകുന്നതായി സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ടീം ഓഡിറ്റ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് സഹകരണ വകുപ്പില്‍ ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മന്ത്രി വിശദീകരിച്ചു.

◾ശബരിമലയിലേക്കു ഹെലികോപ്റ്റര്‍ സര്‍വീസോ, വിഐപി ദര്‍ശന സൗകര്യങ്ങളോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന പാടില്ല. നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണ്. സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദര്‍ശനം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വമേധയ എടുത്ത കേസിലാണ് കോടതി ഉത്തരവ്.

◾കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹറിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച പോലീസിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജംഹറിനെതിരെ ആരോപിച്ച കേസുകളില്‍ കരുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബുഷര്‍ ജംഹര്‍.

◾കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്കു സര്‍ക്കാര്‍ 10 ലക്ഷത്തില്‍ കുറയാത്ത തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവ്. കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം നഷ്ടപരിഹാരം നല്‍കണം. കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.

◾എംജി സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കുസാറ്റില്‍ നിയമനം നടത്തിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി. എം ജി സര്‍വകലാശാല പിവിസി ഡോ. സി ടി അരവിന്ദ് കുമാര്‍ ഭാര്യ ഉഷയ്ക്കു വേണ്ടി നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ഗവര്‍ണര്‍ക്കു പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.

◾ഹിഗ്വിറ്റ സിനിമ കോടതിയിലേക്ക്. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ത് ജി നായര്‍ അനുരഞ്ജന യോഗത്തില്‍ അംഗീകരിച്ചില്ല. വിലക്കു തുടരുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ പറഞ്ഞത്.

◾മേപ്പാടി പോളിടെക്നിക്ക് കേസിലെ പ്രതി അഭിനവിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിനു നേരെ ഡിവൈഎഫ്ഐ ആക്രമണവും. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും പൊലീസ് ഇടപ്പെട്ട് എല്ലാവരേയും പിരിച്ചുവിട്ടു.

◾ചക്കുളത്തുകാവ് പൊങ്കാല ബുധനാഴ്ച. ആയിരക്കണക്കിനു ഭക്തജനങ്ങളാണ് പൊങ്കാലയിടാന്‍ എത്തുന്നത്. ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

◾എല്‍ഡിഎഫ് ഇന്ന് ആരംഭിക്കാനിരുന്ന വിഴിഞ്ഞം തുറമുഖ പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്.

◾മാധ്യമ പ്രവര്‍ത്തകന്‍ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജരായ മനോജ് ബോബി ചെമ്മണ്ണൂരിന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

◾തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടില്‍നിന്ന് ലക്ഷം രൂപയും സ്വര്‍ണാഭരണവും മോഷ്ടിച്ച കേസില്‍ 35 കാരി പിടിയില്‍. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തന്‍പുരയില്‍ മായ കുമാരി(35) ആണ് പിടിയിലായത്.

◾തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വയോധികയ്ക്കു ജ്യൂസ് നല്‍കി മയക്കി മാല കവര്‍ന്ന യുവതി അറസ്റ്റില്‍. എംബിഎ ബിരുദധാരിയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത്. മുക്കുപണ്ടമാണെന്ന് അറിയാതെ പണയം വയ്ക്കാന്‍ ചെന്ന ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

◾തൃശൂര്‍ കാട്ടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അന്‍വറിനെ കൂത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ലഹരി മാഫിയ സംഘാംഗങ്ങളായ കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ മുഹമ്മദ് സഹല്‍ (28), കാട്ടൂര്‍ സ്വദേശി വെങ്കിട്ടായി വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◾വയനാട് മേപ്പാടി പോളിടെക്നിക്കില്‍ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. നേരത്തെ നാലു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തിരുന്നു.

◾മേപ്പാടി പോളിടെക്നിക് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷന്‍. ആക്രമണത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയോട് യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

◾വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചില കുട്ടികള്‍ തമ്മിലുണ്ടായിരുന്ന വ്യക്തി വിരോധമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

◾സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. തന്റെ പേരില്‍ പൊലീസില്‍ നല്‍കിയ പരാതിക്കു പിന്നില്‍ സമസ്തയിലെ തന്നെ ചിലരാണ്. സമസ്തക്കെതിരെ പോസ്റ്റുകള്‍ ഇടുന്ന ഉമ്മര്‍ കോയ എന്ന ഫേസ് ബുക്ക് ഐഡി ആരുടെതാണെന്ന് അറിയില്ലെന്നും ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.

◾ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം അരുതെന്നു സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എം ആര്‍ ഷായുടെ പരാമര്‍ശം. മന്ത്രവാദം, അന്ധവിശ്വാസം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ളതാണു ഹര്‍ജി.

◾പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. ക്രിസ്മസിനു വേണ്ടത്ര അവധി അനുവദിച്ചില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 24, 25 ദിവസങ്ങളില്‍ അവധിയുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി ഭരണ തുടര്‍ച്ച നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.

◾വിദേശിയായതുകൊണ്ടു വ്യക്തി സ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഈ പരാമര്‍ശം. സിബിഐ, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന മിഷേലിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പരമാവധി ശിക്ഷാ കാലവധി അഞ്ചു വര്‍ഷമാണെന്നും ഇതിനകം നാലു വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി വീണ്ടും ജനുവരി രണ്ടാം വാരം പരിഗണിക്കും.

◾ജിസിസി രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം. യോഗ്യരായ എല്ലാവര്‍ക്കും പതിവു പ്രവേശന നടപടികള്‍ പുനരാരംഭിക്കും. പക്ഷേ, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നും ഹയ്യ കാര്‍ഡ് ആവശ്യമാണ്.

◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഇന്ന് സൗദിയില്‍ എത്തും. ചൈനീസ് പ്രസിഡന്റിന്റെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ചൈന-ഗള്‍ഫ്, ചൈന-അറബ് ഉച്ചകോടികള്‍ നടക്കും. ചൈന-അറബ് ഉച്ചകോടിയില്‍ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും.

◾ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ റോബര്‍ട്ട് വാഡ്ലോ 22 ാം വയസില്‍ മരിച്ചു. യുഎസിലെ ഇലിനോയിസില്‍ 1918ല്‍ ജനിച്ച വാഡ്ലോയ്ക്ക് എട്ടടി 11 ഇഞ്ചാണ് ഉയരം. കാലിനേറ്റ ചെറിയൊരു പരിക്കിനു ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സ നല്‍കിയെങ്കിലും മരിക്കുകയായിരുന്നു.

◾ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് തോറ്റിരുന്നു. 

◾ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പകരക്കാരനായി ടീമിലിടം നേടിയ ഗോണ്‍സാലോ റാമോസ് നേടിയ ഹാട്രികിന്റെ മികവില്‍ സ്വിറ്റ്സര്‍ലണ്ടിനെ തകര്‍ത്ത് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. വമ്പന്മാരായ സ്പെയിനിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഏക ആഫ്രിക്കന്‍ ടീമായി മൊറോക്കോ മാറി. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും.

◾ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിയുടെ 73-ാം മിനിറ്റില്‍ മാത്രമിറങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോക്ക് പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസിന്റെ ലോകകപ്പിലെ ആദ്യ ഹാട്രികിന്റെ മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലണ്ടിനെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. കളിയുടെ 17-ാം മിനിറ്റില്‍ റാമോസ് തന്റെ ആദ്യ ഗോള്‍ നേടി. 33 -ാം മിനിറ്റില്‍ വെറ്ററന്‍ താരം പെപ്പെയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 51-ാം മിനിറ്റില്‍ റാമോസ് തന്റെ രണ്ടാമത്തെ ഗോള്‍ നേടിയപ്പോള്‍ 55-ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. പോര്‍ച്ചുഗലിന്റെ കുതിപ്പില്‍ നേരത്തെ തന്നെ തോല്‍വി സമ്മതിച്ച സ്വിറ്റസര്‍ലണ്ട് 58-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. മൂന്ന് ഗോളിന്റെ ലീഡ് നേടിയിട്ടും ആക്രമണ വീര്യം കുറക്കാതിരുന്ന റാമോസ് 67-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി തന്റെ ഹാട്രികിലൂടെ ചരിത്രനേട്ടം കുറിച്ചു. ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന റാഫേല്‍ ലിയോയും ഗോളടിച്ചതോടെ പോര്‍ച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ന്നു, ഒപ്പം രാജകീയ ക്വാര്‍ട്ടര്‍ പ്രവേശനവും.

◾ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതേയും കളി ജയിക്കാമെന്ന് തെളിയിച്ച് റൊണാള്‍ഡോയുടെ വമ്പൊടിച്ച് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയും താരത്തിന്റെ പ്രവര്‍ത്തി ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ മത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാത്ത ആദ്യ ഇലവനെ കോച്ച് കളത്തിലിറക്കിയത്. റൊണാള്‍ഡോക്ക് പകരമിറങ്ങിയ ഇരുപത്തൊന്നുകാരനായ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടി കോച്ചിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

◾നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതിരുന്ന, എന്നാല്‍ അത്യന്തം ആവേശകരമായിരുന്ന, ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ വമ്പന്‍ അട്ടിമറിയിലൂടെ സ്പെയിനിനെ തോല്‍പിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. ഈ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ഏക ആഫ്രിക്കന്‍ സാന്നിദ്ധ്യവും. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0 നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി മാറി.

◾ഖത്തര്‍ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ ഇന്നും നാളേയും മത്സരങ്ങളില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്വാര്‍ട്ടര്‍ ഫൈനല്‍. ഡിസംബര്‍ 14, 15 - ബുധന്‍, വ്യാഴം ദിവസങ്ങളിലായി സെമി ഫൈനല്‍. മൂന്നാം സ്ഥാനത്തിനുള്ള മത്സരം ഡിസംബര്‍ 17 -ശനിയാഴ്ചയാണ്. ഡിസംബര്‍ 18- ഞായറാഴ്ചയാണ് ഫൈനല്‍.

◾ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം വ്യക്തമായി. ഡിസംബര്‍ 9, വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്‌സുമായി ഏറ്റുട്ടും. ഡിസംബര്‍ 10, ശനിയാഴ്ച 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന നാലാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.

◾ഫോബ്സ് ഏഷ്യ പുറത്തുവിട്ട ഏഷ്യയിലെ ജീവകാരുണ്യ നായകരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ ഗൗതം അദാനി, ശിവ് നാടാര്‍, അശോക് സൂട്ട എന്നിവര്‍. മലേഷ്യന്‍- ഇന്ത്യന്‍ ബിസിനസുകാരനായ ബ്രഹ്‌മല്‍ വാസുദേവനും ഭാര്യയും അഭിഭാഷകയുമായ ശാന്തി കന്‍ഡിയയും പട്ടികയിലുണ്ട്. കഴിഞ്ഞ ജൂണില്‍ 60 വയസ്സ് തികഞ്ഞപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 60,000 കോടി രൂപ മാറ്റിവെക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. 1996ല്‍ സ്ഥാപിതമായ അദാനി ഫൗണ്ടേഷന്‍ മുഖേനയാണ് സഹായം നല്‍കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയിലെ 37 ലക്ഷം പേര്‍ക്കാണ് സഹായം നല്‍കുക. ശിവ്നാടാര്‍ വര്‍ഷങ്ങളായി ജീവകാരുണ്യ രംഗത്ത് സജീവമാണ്. ഈ വര്‍ഷം 11,600 കോടിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. ടെക് ഭീമനായ അശോക് സൂട്ട 600 കോടി രൂപയാണ് വാര്‍ധക്യം, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുന്നതിന് താന്‍ സ്ഥാപിച്ച മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുന്നത്.

◾ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഭാരത സര്‍ക്കസ്' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന്‍ ആലപിച്ച 'തേടും തോറും' എന്ന ഗാനമാണ് റിലീസ് ആയത്. ചിത്രത്തിലെ ആദ്യ ഗാനമായ 'പൊലയാടി മക്കള്‍ക്ക്' സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്‌കാരമാണ് ഇത്. ഈ കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്.

◾ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഓ മേരി ലൈല'യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'സഖാവ് ചെങ്കോട്ടില്‍ ഭദ്രന്‍' എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

◾ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവിയുടെ പുതിയ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.50 ലക്ഷം രൂപ വിലയുള്ള ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ കോസ്‌മെറ്റിക് അപ്‌ഡേറ്റുകളോടെയാണ് എത്തുന്നത്. പുതിയ എക്‌സ്‌ക്ലൂസീവ് പതിപ്പിന് മെക്കാനിക്കല്‍ അപ്‌ഗ്രേഡുകളോ പുതിയ ഫീച്ചറോ ലഭിച്ചിട്ടില്ല. 7-സ്പീഡ് ഡിസ്ജി ഗിയര്‍ബോക്സുള്ള ഒരൊറ്റ 2.0ലിറ്റര്‍ ടിഎസ്ഐ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പ്യുവര്‍ വൈറ്റ്, ഒറിക്സ് വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് എസ്യുവി വാഗ്ദാനം ചെയ്യുന്നത്. 190 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വിഡബ്ല്യു ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്റെ കരുത്ത്.

◾പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് എന്റെ കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ. ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതന്‍ പറഞ്ഞു: 'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ കഥകള്‍.' കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം. 'സഖാവ്'. ടി പത്മനാഭന്‍. മാതൃഭൂമി ബുക്സ. വില 237 രൂപ.

◾ചെറിയ ഉള്ളി കറികള്‍ക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്. ചെറിയ ഉള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ചെറിയ ഉള്ളി. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങളും വരുത്തി വയ്ക്കും. വെളുത്തുള്ളി ചതയ്ക്കുമ്പോള്‍ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്ക്കുമ്പോഴും ഇതുല്‍പാദിപ്പിയ്ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയുണ്ട്. ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടും. രക്തക്കുറവിന് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതു കൊണ്ടുതന്നെ ബിപി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചെറിയ ഉള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്. പ്രമേഹത്തിന് പരിഹാരമെന്നര്‍ത്ഥം. അണുബാധകളെ ചെറുക്കാനും ഇത് ഏറെ നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തന്റെ രണ്ടു ഫാക്ടറികളും അടച്ചുപൂട്ടി ഈശ്വരാന്വേഷകനാകാന്‍ തീരുമാനിച്ചു. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുകയാണ്. അതിനെ അയാള്‍ ആശുപത്രിയിലാക്കി ചികിത്സനല്‍കി. പിറ്റേന്ന് മുതല്‍ അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന നായയ്ക്ക് മറ്റൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാനും ഫാക്ടറി നിര്‍ത്തി. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല. അപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് നിന്ന് അയാളെ കളിയാക്കി ഇങ്ങനെ പറഞ്ഞു: നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു നിങ്ങള്‍ ഭക്ഷണം കൊടുത്ത നായയായിരുന്നു. ഇത് കേട്ട് അയാളുടെ തല താഴ്ന്നു.... അധ്വാനമാണ് ആരാധന, കര്‍മമണ്ഡലമാണ് ദേവാലയം. അനുദിന ഭാഷണമാണ് പ്രാര്‍ത്ഥന. ആയിരിക്കുന്ന സ്ഥലത്ത് ഈശ്വരനെ കണ്ടെത്തുന്നതാണ് മറ്റെവിടെയെങ്കിലുമുള്ള ഈശ്വരനെ തേടുന്നതിലും എളുപ്പം. ദിനചര്യകളിലൊന്നും ദൈവത്തെ കണ്ടെത്താത്തയാള്‍ ദൈവത്തെകണ്ടെത്താനുള്ള പ്രത്യേക വഴി തേടി സഞ്ചരിക്കുന്നതിലെന്തര്‍ത്ഥം? എല്ലാം ഉപേക്ഷിച്ച് ഈശ്വരനെ കണ്ടെത്തണം എന്നതു തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. ഉപേക്ഷിക്കേണ്ടത് സമ്പാദ്യവും ജോലിയും വസതിയുമല്ല. ദുഷ്ചിന്തകളും ദുശ്ശീലങ്ങളുമാണ്. പ്രതിരോധിക്കേണ്ടത് പ്രലോഭനങ്ങളേയും പരിശീലനങ്ങളേയുമാണ്. പാര്‍പ്പിടങ്ങളും തൊഴിലിടങ്ങളുമാണ് ഏറ്റവും ചൈതന്യമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ഥിരവാസകേന്ദ്രങ്ങള്‍ പുണ്യസ്ഥലങ്ങളായി മാറുന്നത്. നമുക്ക് ദിനചര്യകളില്‍ ദൈവത്തെ കാണാന്‍ ശീലിക്കാം - ശുഭദിനം.
മീഡിയ 16ന്യൂസ്‌