◾വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മന്ത്രിസഭാ ഉപസമിതിയും സമരസമിതി നേതാക്കളും തമ്മില്‍ ഇന്നു ചര്‍ച്ച. ഇന്നലെ മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മധ്യസ്ഥ റോളിലുള്ള കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ഫോണ്‍ മുഖേനെ ആശയവിനിമയം നടത്തി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറാന്‍ സമരസമിതി തയാറാണ്. സര്‍ക്കാരിന്റെ ഉറപ്പു പാലിക്കപ്പെടുമോയെന്ന ആശങ്കയാണു സമരസമിതിക്കുള്ളത്. വിഷയം നാളെ ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നതിനു മുമ്പേ തീരുമാനത്തിലെത്താനാണ് ഇരു വിഭാഗത്തിന്റേയും ശ്രമം.
◾നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ സര്‍ക്കാര്‍ നാളെ സഭയില്‍ അവതരിപ്പിക്കും.
◾കൊറോണ മനുഷ്യനിര്‍മ്മിത വൈറസാണെന്ന് ചൈനയിലെ വുഹാനിലുള്ള ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ലാബില്‍നിന്ന് വൈറസ് ചോരുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
◾സംസ്ഥാനത്തു സി.പി.എം സമാന്തര റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ശിപായിമാര്‍ മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ളവരെ പാര്‍ട്ടിയാണു നിയമിക്കുന്നത്. ജോലി ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്കു റഫര്‍ ചെയ്യാതെ പാര്‍ട്ടിയുടെ താഴേത്തട്ടു മുതല്‍ സംസ്ഥാന കമ്മിറ്റി വരെ നിയമനത്തട്ടിപ്പു നടത്തുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചപ്പോഴാണ് അദ്ദേഹം നിയമസഭില്‍ ഇങ്ങനെ പറഞ്ഞത്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. തട്ടിപ്പു കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്യര്‍ റജി. കെ അനില്‍ എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടുക. ഇവര്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഒന്നാം പ്രതി സുനില്‍കുമാറിന്റെ പേരില്‍ സ്വത്തുക്കളില്ലാത്തതിനാല്‍ കണ്ടുകെട്ടാനാവില്ല.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കളക്ഷന്‍ ഏജന്റ് എ.കെ ബിജോയിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി അറിയാതെ ബിജോയ് 26.60 കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.
◾വിഴിഞ്ഞത്തെ സമരപ്പന്തലില്‍ സമാധാന ദൗത്യ സംഘം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നും സര്‍വമത നേതാക്കളടങ്ങുന്ന ദൗത്യ സംഘം. അതേസമയം, തുറമുഖം വേണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ സമാധാന ദൗത്യസംഘം ഏകപക്ഷീയമാണെന്ന് ആരോപിച്ചു. തങ്ങളെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
◾വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ഖേദകരമെന്ന് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചര്‍ച്ചയിലൂടെ സമവായത്തിലെത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുകയും കേസുകളെടുക്കുകയുമാണ്. ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെസിബിസി.
◾ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകളായിരുന്നു. രണ്ടു ദിവസത്തിനകം 15 എസി ലോ ഫ്ളോര്‍ ബസുകള്‍ കൂടി എത്തും. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.
◾എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഏകീകൃത കുര്‍ബാനയെച്ചൊല്ലി തര്‍ക്കമുന്നയിക്കുന്ന വിമത വിഭാഗത്തില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
◾കളമശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി യുഡിഎഫ് ഭരണം നിലനിര്‍ത്തി. വോട്ടെടുപ്പില്‍നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരാജപ്പെടാന്‍ കാരണം. ഒരൊറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനെ അടര്‍ത്തി എടുത്താണ് എല്‍എഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
◾വ്യാജ വിസ നല്‍കി സ്പെയിനിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തിയ സംഘത്തെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ആലക്കോട് സ്വദേശി ജോബിന്‍ മൈക്കിള്‍, പാലക്കാട് കിനാവല്ലൂര്‍ സ്വദേശി പൃഥ്വിരാജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നല്‍കിയ വ്യാജ വിസയുമായി പോയ മൂന്നു മലയാളികളെ സ്പെയിനില്‍ പിടികൂടി ഇന്ത്യയിലേക്കു തിരിച്ചയച്ചിരുന്നു.
◾വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ തുവ്വൂര്‍ വള്ളിക്കപറമ്പില്‍ താജുദീന്‍ (31), കരുവാരക്കുണ്ട് കോന്തന്‍ കുളവന്‍ഹൗസില്‍ മുഹമ്മദ് ഷഹര്‍ (32) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ അല്‍ ഫാന്‍സ എച്ച്.ആര്‍. സൊലൂഷന്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍.
◾അനുമതിയില്ലാതെ ഇടുക്കി രാമക്കല്‍മേടിലേക്കു വിനോദയാത്രയുമായി വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നിലമ്പൂരില്‍നിന്ന് കൊടൈക്കനാലിലേക്കു പോകുകയായിരുന്ന ബസാണ് പിടിച്ചത്.
◾കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ സംഘം തിരുവന്തപുരത്ത്. സംസ്ഥാന കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുമായി സംഘാംഗങ്ങള്‍ സംസാരിച്ചു. മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. എട്ടാം തീയ്യതി വരെ സംഘം സംസ്ഥാനത്തുണ്ടാകും.
◾വയനാട് കണിയാരത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കണിയാരം ഫാ. ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനരികിലാണ് കാര്‍ കത്തിനശിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം 9451 നമ്പര്‍ കാറാണ് കത്തിയത്.
◾സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസില്‍ പ്രതികളെ വിട്ടയച്ചതിനെ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിമൂന്ന് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
◾ആര്‍.ജെ ക്രിയേഷന്‍സ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമ ജെയ്സണ്‍ എളംകുളം പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 44 വയസായിരുന്നു. കോട്ടയം സ്വദേശിയാണ്.
◾കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്നു പേര്‍ കണ്ണൂരില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് പിടിയിലായത്.
◾ആസാമിലെ ജയിലിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയില്‍ കേരള, ആസാം സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം.
◾നേമത്ത് ഒന്‍പതു വര്‍ഷം മുന്‍പ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നേമം സ്വദേശിനി അശ്വതി വീടിനകത്തു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
◾പേവിഷ ബാധയേറ്റ് വക്കം അടിവാരം സ്വദേശി ജിഷ്ണു (29) മരിച്ചു. രണ്ടു മാസം മുന്‍പാണ് ജിഷ്ണുവിനെ പ്രദേശത്തുള്ള നായ ആക്രമിച്ചത്. പേ വിഷ പ്രതിരോധ വാക്സീന്‍ എടുത്തിരുന്നില്ല.
◾കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ അമ്മായിയമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ മരുമകന്‍ പിടിയില്‍. തഴവ സ്വദേശി വിശ്വനാഥന്‍ പിള്ളയെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. തഴവ മുല്ലശ്ശേരി മുക്ക് സ്വദേശിനിയായ രാജമ്മയാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചു ഭാര്യയെ മര്‍ദിക്കാറുള്ള വിശ്വനാഥന്‍ പിള്ളയെ തടയാന്‍ നവംബര്‍ 20 നു ശ്രമിച്ചപ്പോഴാണ് രാജമ്മയ്ക്കു മര്‍ദനമേറ്റത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
◾കൊലക്കേസ് പ്രതി 20 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കൊല്ലം അഞ്ചല്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായിരുന്ന അഷറഫിനെ വധിച്ച കേസിലെ പ്രതി സമീര്‍ഖാനാണ് അറസ്റ്റിലായത്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്നു സമീര്‍ഖാന്‍.
◾ഗൂഡല്ലൂരില്‍ യുവതിയുടെ മരണത്തില്‍ രണ്ടര വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍ സമദാണ് അറസ്റ്റിലായത്. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
◾അവയവ മാറ്റത്തിനു വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◾മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നിര്‍ബന്ധിച്ചോ സ്വാധീനിച്ചോ നടത്തുന്ന മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. ദാനത്തിലൂടെ മതപരിവര്‍ത്തനം പാടില്ല. കേസ് ഡിസംബര്‍ 12 ന് പരിഗണിക്കും.
◾വ്യാപാര തര്‍ക്കങ്ങളില്‍ വാദം കേള്‍ക്കാന്‍ അഞ്ചു കോടി രൂപവരെ ഫീസ് ചുമത്തേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. കൊമേഴ്‌സ്യല്‍ കേസുകളില്‍ പലതും ബാലിശമാണ്. കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കും. ഹര്‍ജിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയാല്‍ ഈ തുക തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയും വേണമെന്നും ചീഫ് ജസ്റ്റിസ്.
◾ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 59.98 ശതമാനത്തോളം പോളിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടരമണിക്കൂര്‍ റോഡ് ഷോ നടത്തിയാണ് വോട്ട് ചെയ്യാനെത്തിയതെന്നു പരാതി ഉയര്‍ന്നു. ചട്ട ലംഘനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്ലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. വ്യാഴാഴ്ചയാണു വോട്ടെണ്ണല്‍. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപിതന്നെ അധികാരത്തിലെത്തുമെന്നാണു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
◾ഹൈക്കോടതികള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിവരാവകാശ പോര്‍ട്ടലുകള്‍ ആരംഭിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. ഒന്‍പതു ഹൈക്കോടതികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് നടപടി.
◾പൊതു-സ്വകാര്യ മേഖലകളില്‍ ജോലിചെയ്യന്ന ഭിന്നശേഷിക്കാര്‍ക്കു വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
◾ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണത്തിനെതിരേ പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 29 ന് രാജ്യത്ത് ഫെഡറലിസ സംരക്ഷണ ദിനമായി ആചരിക്കുമെന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഗവര്‍ണര്‍ പദവി നീക്കം ചെയ്യണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണര്‍മാര്‍ അനാവശ്യമായി ഇടപെടുകയാണ്. അനാവശ്യ ഇടപെടല്‍ ഭരണഘടന വിരുദ്ധമാണ്. രാജ പറഞ്ഞു.
◾സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ഡിഎംകെ പുനഃപരിശോധന ഹര്‍ജി നല്‍കി. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറും ഹര്‍ജി നല്‍കിയിരുന്നു.
◾വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വിടുതലൈ' സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ സ്റ്റണ്ട് പരിശീലകന്‍ മരിച്ചു. ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. 54 വയസായിരുന്നു. ക്രെയിനിന്റെ ഇരുമ്പു വടം പൊട്ടി സുരേഷ് 20 അടി ഉയരത്തില്‍നിന്നു താഴേയ്ക്കു വീഴുകയായിരുന്നു.
◾ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.
◾കൊടും തണുപ്പില്‍ ജാക്കറ്റു ധരിക്കാതെ ഭാരത് ജോഡോ യാത്ര നയിച്ച് രാഹുല്‍ ഗാന്ധി. രാവിലെ ആറേകാലിനു 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളപ്പോഴാണ് ഹാഫ് സ്ലീവ് ടീ ഷര്‍ട്ടു ധരിച്ച് രാഹുല്‍ നടന്നത്. രാജസ്ഥാനിലെ പര്യടനത്തിനു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യാത്രയില്‍ പങ്കെടുത്തു.
◾ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രതയുള്ള ഭൂകമ്പം. കൊല്‍ക്കത്തയില്‍ നിന്ന് 409 കിലോമീറ്റര്‍ തെക്ക് കിഴക്കു ഭാഗത്തായിരുന്നു ഭൂകമ്പം. തീരമേഖലയില്‍ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ ഇല്ല.
◾കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യയോട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. താലിബാന്റെ നഗരവികസന-ഭവന മന്ത്രി ഹംദുല്ല നൊമാനി അഫ്ഗാനിലെ ഇന്ത്യയുടെ സാങ്കേതിക ടീം തലവന്‍ ഭരത് കുമാറിനോടാണ് ആവശ്യം ഉന്നയിച്ചത്.
◾ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ പ്രളയത്തില്‍ 14 പേര്‍ മരിച്ചു. ജുക്സ്‌കെയ് നദീ തീരത്താണ് ദുരന്തമുണ്ടായത്.
◾ബംഗ്ലാദേശിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാനം പിഴ ചുമത്തി. നിശ്ചിത സമയത്ത് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്. പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. അതേസമയം തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.
◾ഖത്തര്‍ ലോകകപ്പിലെ ഏഷ്യന്‍ കുതിപ്പ് അവസാനിച്ചു. ദക്ഷിണ കൊറിയയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍. ജപ്പാനെ ടൈബ്രേക്കറില്‍ കീഴടക്കി ക്രൊയേഷ്യയും ക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ 9 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.
◾നെയ്മര്‍ തിരിച്ചെത്തി, ഒപ്പം ബ്രസീലും. കാമറൂണിനെതിരെ നിറം മങ്ങിയ കളി കാഴ്ച വെച്ച ബ്രസീലിനെയായിരുന്നില്ല കൊറിയക്കെതിരെ കണ്ടത്. പരിക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ താരം നെയ്മറിന്റെ തിരിച്ചു വരവില്‍ ആവേശം കൊണ്ട ബ്രസീല്‍ വെറും മുപ്പത്തിയാറ് മിനിറ്റിനുള്ളില്‍ നാല് ഗോളുകളടിച്ച് അട്ടിമറി സ്വപ്നവുമായെത്തിയ ദക്ഷിണ കൊറിയയെ നിലംപരിശാക്കി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ വലകുലുക്കി. പിന്നാലെ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം നെയ്മര്‍ ഗോളാക്കി മാറ്റി. 29-ാ മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്രസീല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 36-ാം മിനിറ്റില്‍ ലൂക്കാസ് പക്വെറ്റയിലൂടെ നാലാം ഗോള്‍ കൂടി നേടിയതോടെ മഞ്ഞപ്പട ആവേശത്തിമര്‍പ്പിലാറാടി. ആശ്വാസഗോള്‍ കണ്ടെത്താനുള്ള ദക്ഷിണ കൊറിയയുടെ ശ്രമത്തിനൊടുവില്‍ 76- ാം മിനിറ്റില്‍ വെടിയുതിര്‍ക്കും പോലൊരു ഷോട്ടിലൂടെ ദക്ഷിണകൊറിയ ഗോള്‍ നേടി. പിന്നാലെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ ഗോള്‍വല കുലുക്കാന്‍ കൊറിയയ്ക്ക് സാധിച്ചില്ല. ഇതോടെ മത്സരം അനായാസം ബ്രസീല്‍ സ്വന്തമാക്കി.
◾ടൈബ്രേക്കറിലേക്ക് നീണ്ട ജപ്പാന്‍ - ക്രൊയേഷ്യ മത്സരത്തില്‍ വിജയിച്ച ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനില പാലിച്ച മത്സരം എക്സ്ട്രാ ടൈമിലും സമനിലയിലായി. തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറില്‍ ജപ്പാന്റെ മൂന്ന് കിക്കുകള്‍ തടുത്ത ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ച് ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. 3-1 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ ആദ്യ ഗോളടിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. പിന്നീട് നിരവധി ആക്രമണ പ്രത്യാക്രമണങ്ങള്‍ ഇരുകൂട്ടരും നടത്തിയെങ്കിലും സമനില പൂട്ടു പൊളിക്കാന്‍ ആ ആക്രമണങ്ങള്‍ക്കായില്ല. അധിക സമയത്തും മത്സരം സമനിലപാലിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്.
◾ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനും പോര്‍ച്ചുഗലിനും ഇന്ന് മത്സരങ്ങള്‍. ഇന്ന് രാത്രി 8.30ന് സ്പെയിന്‍ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാണ്ടുമായി ഏറ്റുമുട്ടും. ഇന്നത്തോടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിക്കും. നാളെ ലോകകപ്പില്‍ മത്സരങ്ങളില്ല. വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.
◾പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍നിന്ന് ലാഭവിഹിതമായി സര്‍ക്കാരിന് 6,113 കോടി രൂപ ലഭിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതമാണ് ഓഹരി ഉടമകള്‍ക്ക് കമ്പനി കൈമാറിയത്. 150 ശതമാനമായിരുന്നു ഡിവിഡന്റ്. ഓഹരിയൊന്നിന് 15 രൂപ വീതമാണ് കൈമാറുക. അതായത് റെക്കോഡ് തിയതിയായ നവംബര്‍ 16ന് കോള്‍ ഇന്ത്യയുടെ 100 ഓഹരികള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് 1,500 രൂപ ലഭിക്കും. പൊതുമേഖലയിലെ മഹാരത്‌ന വിഭാഗത്തില്‍പ്പെട്ട കോള്‍ ഇന്ത്യ വര്‍ഷംതോറും മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളിലൊന്നാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഒമ്പത് ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. മുന്‍ സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് 17 രൂപയാണ് നല്‍കിയത്. 230 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.
◾ലോക പ്രശസ്ത ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ചരിത്രവും വളര്‍ച്ചയും അവതരിപ്പിക്കുന്ന ഡോക്യൂമെന്ററി സീരീസ് വരുന്നു. 'മോണ്യുമെന്റ്സ് ബിയോണ്ട് ദ സ്റ്റാര്‍' എന്നാണ് സീരീസിന്റെ പേര്. ബി ടി എസാണ് ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവച്ചത്. ഇതിന്റെ പ്രമോഷന്‍ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഡോക്യുമെന്ററി സീരീസില്‍ തങ്ങളുടെ തുടക്കകാലം മുതല്‍ ഇതുവരെയുള്ള കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങള്‍ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിടിഎസ് അംഗങ്ങള്‍ അറിയിച്ചു. കൂടാതെ പുറംലോകം അറിയാത്ത തങ്ങളുടെ മറ്റൊരു മുഖമാണ് ഈ സീരീസില്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സിംഗപൂരിലാണ് ഈ ഡോക്യുമെന്ററി സീരീസ് സംപ്രേഷണം ചെയ്യുന്നത്. ബിടിഎസ് ബാന്‍ഡിന് ഇപ്പോള്‍ ഒരു ഇടവേള കൊടുത്ത് അംഗങ്ങള്‍ സോളോ ഗാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ജിനിന് ശേഷം ഇപ്പോള്‍ ആര്‍ എം ആണ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുന്നത്. സുഗ, ജെ ഹോപ്പ്, ആര്‍ എം, ജിമിന്‍, വി, ജങ്കുക്ക്, ജിന്‍ എന്നിവരാണ് ബാന്‍ഡിലെ അംഗങ്ങള്‍.
◾മോഹന്‍ലാല്‍ നായകനായ ചിത്രം 'ദൃശ്യം 2' ബോളിവുഡില്‍ റീമേക്ക് ചെയ്ത് എത്തിയപ്പോഴും വന്‍ ഹിറ്റ്. മോഹന്‍ലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. 'ദൃശ്യം 2' എന്ന ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 17 ദിവസത്തിനുള്ളില്‍ 186.76 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 'വിജയ് സാല്‍ഗോന്‍കറായി' ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയോടെ എത്തിയ 'ദൃശ്യം 2'വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
◾മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മിഡ്-സൈസ് എസ്യുവി സെപ്റ്റംബറില്‍ ആണ് പുറത്തിറക്കിയത്. ബുക്കിംഗ് 2022 ജൂലൈയില്‍ ആരംഭിച്ചു. ഇതുവരെ മാരുതി ഗ്രാന്‍ഡ് വിറ്റാര മൊത്തം 87,953 ബുക്കിംഗുകള്‍ ശേഖരിച്ചു. മാത്രമല്ല, 55,505 ഓര്‍ഡറുകള്‍ ഡെലിവറികള്‍ക്കായി കാത്തിരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ഉല്‍പ്പാദന ലക്ഷ്യം 20 ലക്ഷം യൂണിറ്റില്‍ കുറയില്ലെന്ന് മാരുതി സുസുക്കി. നിലവില്‍, 3.75 ലക്ഷം യൂണിറ്റുകളുടെ ഓര്‍ഡറുകള്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് തീര്‍പ്പാക്കാനുണ്ട്. മാരുതി ഗ്രാന്‍ഡ് വിറ്റാര എസ്യുവി മോഡല്‍ ലൈനപ്പ് സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ 11 വകഭേദങ്ങളിലാണ് വരുന്നത്. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ വേരിയന്റുകള്‍ക്ക് 10.45 ലക്ഷം മുതല്‍ 16.89 ലക്ഷം രൂപ വരെയാണ് വില, മൈല്‍ഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 13.40 ലക്ഷം മുതല്‍ 16.89 ലക്ഷം രൂപ വരെയാണ് വില. രണ്ട് ശക്തമായ ഹൈബ്രിഡ് വേരിയന്റുകളുണ്ട് - സീറ്റ+, ആല്‍ഫ+ വില യഥാക്രമം 17.99 ലക്ഷം രൂപയും 19.49 ലക്ഷം രൂപയുമാണ്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.
◾വെറുതെ ഒരു കഥ പറയുകയല്ല ഈ കവി. ആ കഥയ്ക്കുള്ളില്‍ കിനിഞ്ഞു പടരുന്ന ആര്‍ദ്രതയെയും നിസ്വാര്‍ത്ഥതയെയും മാതൃപിതൃസ്നേഹത്തെയും വംശസ്നേഹത്തെയും ധാര്‍മ്മികതയെയും അനുഭവമായി പകര്‍ന്നുതരാന്‍ ശ്രമിക്കുകയാണ്. അതിനൊത്ത വചനപ്രക്രമമാണ് കവിയുടേത്. നവീനനിര്‍മ്മിതിയായ കവിതാശൈലിയല്ല, നാട്ടുവഴക്കങ്ങളുടെയും നാപ്പഴക്കങ്ങളുടെയും നേരുറവകളോടൊത്തൊഴുകുന്ന മൊഴിച്ചാലുകളാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് ഏതൊരാളിനും നീന്തിത്തുടിക്കാം. ഏതൊരാളിനും അതിന്റെ രസവീര്യവിപാകങ്ങള്‍, നാട്ടുപച്ചിലച്ചാറെന്ന പോലെ ഉള്‍ക്കൊണ്ട് ദോഷസാമ്യവും പുഷ്ടിയും നേടാം. അവനവനെ ബലപ്പെടുത്തുകയും സമൂഹവും കാലങ്ങളുമായി സമീകരിക്കുകയും ചെയ്യുമ്പോഴാണല്ലോ എല്ലാം സര്‍വതോഭദ്രമാകുന്നത്. 'ഇരാവാന്‍'. ജെ സോമശേഖരന്‍ പിള്ള. ഗ്രീന്‍ ബുക്സ്. വില 114 രൂപ.
◾ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ജേണല്‍ ഹാര്‍ട്ട് പറയുന്നു. പഠനമനുസരിച്ച്, ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ടകള്‍, എന്നാല്‍ അവയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, ധാരാളം വിറ്റാമിനുകള്‍, ഫോസ്ഫോളിപ്പിഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുട്ട ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഇസ്‌കെമിക് ഹൃദ്രോഗം, പ്രധാന കൊറോണറി സംഭവങ്ങള്‍, ഹെമറാജിക് സ്ട്രോക്ക്, ഇസ്‌കെമിക് സ്ട്രോക്ക് എന്നിവ തമ്മിലുള്ള ബന്ധങ്ങള്‍ ഗവേഷകരുടെ ഒരു സംഘം പരിശോധിച്ചു. മുട്ട കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിവസേനയുള്ള മുട്ട ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫലങ്ങളുടെ വിശകലനം കാണിക്കുന്നു. ദിവസേനയുള്ള മുട്ട ഉപഭോക്താക്കള്‍ക്ക് ഹെമറാജിക് സ്ട്രോക്കിനുള്ള സാധ്യത 26 ശതമാനം കുറവാണ്. ഒരു വേവിച്ച മുട്ടയില്‍ ഏകദേശം 77 കലോറി അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ പ്രോട്ടീന്റെയും അമിനോ ആസിഡുകളുടെയും നല്ല ഉറവിടം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 2, കുറഞ്ഞ അളവില്‍ കൊഴുപ്പും കൊളസ്ട്രോളും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉള്‍പ്പെടെയുള്ള പോഷകങ്ങളുടെ മികച്ച ഉറവിടമായി മുട്ട അറിയപ്പെടുന്നു. അവ കൊളസ്ട്രോള്‍, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ എ, ഡി, ഇ എന്നിവയുടെ ഉറവിടമാണ്. ഈ പോഷകങ്ങള്‍ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
1985. ക്രൊയേഷ്യയില്‍, സ്വാതന്ത്ര്യസമരം നടക്കുന്നകാലം. സെര്‍ബിയക്കാരുടെ തോക്കുകളെ പേടിച്ചിരണ്ട രാപകലുകളിലാണ് അവന്‍ ജനിച്ചത്. കൊച്ചുനാളിലേ നിലത്തിട്ടാല്‍ പൊന്തിവരുന്ന പന്തിനെ അവന് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, അവന്റെ വീട്ടുകാര്‍ അവനെ റോഡിലേക്കോ, മൈതാനത്തിലേക്കോ കളിക്കാന്‍ വിടില്ലായിരുന്നു. കാരണം ലാന്റ്‌മൈനുകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന അവസ്ഥയായിരുന്നു അവിടം. അവന് ആറുവയസ്സുള്ളപ്പോള്‍ അഭയാര്‍ത്ഥിയാകാന്‍ വിസമ്മതിച്ച മുത്തച്ഛനെ അവന്റെ മുന്നില്‍ വെച്ച് സെര്‍ബിയന്‍ സൈന്യം കൊലപ്പെടുത്തി. മുത്തച്ഛന്റെ വീട് തീകൊളുത്തി. ഈ ആക്രമണങ്ങളില്‍ നിന്ന് ആ കുഞ്ഞ് രക്ഷപ്പെടാന്‍ വേണ്ടി ഓടിയത് 50 കിലോമീറ്റര്‍ ആണ്. ചെന്നെത്തിയത് ഒരു അഭയാര്‍ത്ഥി ഹോട്ടലില്‍. ഹോട്ടലിലെ കാര്‍പോര്‍ച്ചില്‍ സമയം കിട്ടുമ്പോഴെല്ലാം അവന്‍ തന്റെ പ്രിയപ്പെട്ട പന്തിനോടൊപ്പം ജീവിച്ചു. വളര്‍ന്നപ്പോള്‍ വിവിധ ക്ലബ്ബുകളില്‍ കാല്‍പന്തുകളിയുടെ ലോകത്തേക്ക്. വര്‍ഷം 2012. ഇതിഹാസങ്ങള്‍ മാത്രം പിറന്നിട്ടുള്ള വെള്ളക്കുപ്പായക്കാരായ റിയല്‍മാഡ്രിഡ് മെലിഞ്ഞശരീരമുള്ള വെറും 5 അടി 7 ഇഞ്ച് മാത്രം പൊക്കമുളള അവനെ ടോട്ടനാംഹോട്‌സ്പറില്‍ നിന്ന് വാങ്ങിയപ്പോള്‍ ലോകം മുഴുവനും പറഞ്ഞു. റയലിന്റെ ഏറ്റവും മോശം സൈനിങ്ങ് എന്ന്. 5 വര്‍ഷത്തേക്കായിരുന്നു ആ കരാര്‍. ഇതെല്ലാം കേട്ട് ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി ആ പയ്യന്‍ നിന്നു. അവിടെ നിന്ന് നീണ്ട 6 വര്‍ഷങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെയണല്‍ മെസ്സി തുടങ്ങിയ പേരുകള്‍ക്കിപ്പുറം അവരെയെല്ലാം കേവലം സാക്ഷികളാക്കി നിര്‍ത്തിക്കൊണ്ട് 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ഫൈനലില്‍ ക്രൊയേഷ്യന്‍ ടീമിന്റെ നായകത്വം വഹിച്ച ആ മനുഷ്യന്‍ മികച്ച ഫുട്ബോളര്‍ക്കുള്ള ഗോള്‍ഡന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തന്നെ കുറച്ച് കണ്ടവരോട് അയാള്‍ കയര്‍ത്തതേയില്ല. ആരോടും പരിഭവമില്ലാതെ, ആരേയും മോശക്കാരാക്കാതെ അയാള്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി നിലകൊണ്ടു. ഇത് ലൂക്കാ മോഡ്രിച്ച്.. ക്രൊയേഷ്യന്‍ ഫുട്ബോള്‍ കിങ്ങ്. എല്ലാവരും അയാളെ തള്ളിപ്പറഞ്ഞപ്പോള്‍, അയാളുടെ ആരോഗ്യത്തെപ്പോലും കളിയാക്കിയപ്പോള്‍ അയാള്‍ തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ഉറപ്പായും വിജയിക്കും.. കാരണം ഞാന്‍ വിശ്വസിക്കുന്നത് എന്നിലാണ്.. ആ വിശ്വാസമാണ് ഇന്ന് ആ പേരിന്റെ അടയാളമായി നിലകൊള്ളുന്നത് ഈ ലോകം മുഴുവനും നമ്മെ തള്ളിപ്പറഞ്ഞാലും, കഴിവില്‍ സംശയം പ്രകടിപ്പിച്ചാലും, നമുക്ക് നമ്മില്‍ വിശ്വാസമുണ്ടെങ്കില്‍ വിജയം നാം നേടുക തന്നെ ചെയ്യും - ശുഭദിനം.
മീഡിയ,16