◾വിഴിഞ്ഞം വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച. മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയി മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലിമീസും ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമായും സംസാരിച്ചതിനുശേഷമാണ് മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. പല തട്ടിലുള്ള അനുരഞ്ജന ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്റെ മധ്യസ്ഥതയിലും ഒത്തുതീര്‍പ്പു ചര്‍ച്ചയുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ തുടങ്ങിയ പൗരപ്രമുഖരും ഈ അനുരഞ്ജന ശ്രമത്തിനു പിറകിലുണ്ട്.
◾വിഴിഞ്ഞത്തെ സുരക്ഷാ ചുമതലകള്‍ കേന്ദ്രസേനയെ ഏല്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടുമാണ് പറയുന്നത്. ഇത് തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്ര സേനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്ന് മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞത്തെ സമരക്കാരെ നേരിടുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പരാജയമെന്നു തുറന്നു സമ്മതിച്ചെങ്കിലേ കേന്ദ്ര സേനയെ അയക്കൂവെന്നും മുരളീധരന്‍.
◾പുറത്താക്കാതിരിക്കാന്‍ കാരണം കാണിച്ചു നോട്ടീസ് നല്‍കിയ ഒമ്പതു വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകണമെന്നു ഗവര്‍ണര്‍. വിസിമാര്‍ക്കു നേരിട്ടു ഹാജരാകാം അല്ലെങ്കില്‍ അഭിഭാഷകരെ ചുമതലപ്പെടുത്താം. 12 ന് രാവിലെ 11 നു രാജ്ഭവനില്‍ എത്തണമെന്നാണ് നോട്ടീസ്. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. യുജിസി ചട്ടം ലംഘിച്ചു നിയമിതരായ വിസിമാര്‍ക്കു തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.
◾രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ജയിലുകളിലുള്ള സിപിഎം പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള കൊലയാളികളെ വിട്ടയയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമവിരുദ്ധമായ മന്ത്രിസഭാ തീരുമാനവും ആഭ്യന്തരവകുപ്പിന്റെ ഉത്തരവും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
◾ശശി തരൂരിനു വീട്ടുതടങ്കല്‍ ശിക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഐ ഗ്രൂപ്പും ചില ഡിസിസി പ്രസിഡന്റുമാരുമാണ് ശശി തരൂര്‍ പുറത്തിറങ്ങരുതെന്നു വിലക്കുന്നത്. എന്നാല്‍ താന്‍ സംഘടനാ ചട്ടക്കൂടു ലംഘിച്ചിട്ടില്ലെന്നു ശശി തരൂര്‍ എംപി. പാര്‍ട്ടിയുടെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പോകും. കോണ്‍ഗ്രസ് ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനാണു പോകുന്നത്. യോഗവിവരം സംഘാടകരാണ് ഡിസിസിയെ അറിയിക്കേണ്ടത്. താനും അറിയിച്ചിട്ടുണ്ട്. താല്‍പര്യമില്ലാത്തവര്‍ വരേണ്ട. ബിഷപ്പുമാരെ സന്ദര്‍ശിച്ചതില്‍ പ്രത്യേകതയില്ല. എന്തുകൊണ്ടാണ് തന്റെ സന്ദര്‍ശനങ്ങള്‍ വിവാദമാക്കുന്നതെന്ന് അറിയില്ലെന്നും തരൂര്‍.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സേനയെ കൊണ്ടുവരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം സമരത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നല്‍കാത്തത് എന്തുകൊണ്ടാണ്. സ്ഥലത്തില്ലാത്ത രൂപത അധ്യക്ഷനെതിരെ കള്ളക്കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
◾നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചുപ്രേമന്‍ 250ലധികം സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്.
◾കോഴിക്കോട് കോര്‍പറേഷന്റെ കോടികള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം മേയര്‍ ഭവനില്‍. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അതിക്രമിച്ചു കയറിയെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. പോലീസില്‍ പരാതി നല്‍കിയതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തു. ഔദ്യോഗിക വസതിയില്‍ നടത്തിയ പ്രതിഷേധത്തിനു പിറകില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും മേയര്‍.
◾കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടമായ പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചുതന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. നഷ്ടപ്പെട്ട പണം ഒരു ചില്ലി കാശുപോലും കുറയാതെ തിരിച്ചുനല്‍കണം. മോഹനന്‍ പറഞ്ഞു.
◾കോടതി പുറത്താക്കിയ കുഫോസ് വിസി റിജി ജോണിനുവേണ്ടി യൂണിവേഴ്സിറ്റിയുടെ ചെലവില്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. ആക്ടിംഗ് വിസിയായി റിജി ജോണിന്റെ ഭാര്യ ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെയാണു നിയമിച്ചിട്ടുള്ളത്.
◾അയ്യപ്പ ഭക്തര്‍ക്കായി നിലക്കലിലും പമ്പയിലും ആവശ്യത്തിനു കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ കയറാന്‍ പൊലീസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി.
◾മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടിയായി. ഡാമിലെ വെള്ളം തുറന്നു വിടുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പള്ളികളില്‍ ഇന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍. സംഘര്‍ഷം സര്‍ക്കാരും പോലീസും സൃഷ്ടിച്ചതാണെന്നു വിശദീകരിക്കുന്ന സര്‍ക്കുലറില്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. തുറമുഖ നിര്‍മാണം പൂര്‍ണമായും നിറുത്തിവയ്ക്കണമെന്ന പഴയ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. തുറമുഖ നിര്‍മാണം പുരോഗമിക്കുംതോറും കൂടുതല്‍ പ്രദേശങ്ങള്‍ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തെക്കുറിച്ചു പഠിച്ചശേഷമേ തുറമുഖ നിര്‍മാണം പുനരാരംഭിക്കാവൂവെന്നാണ് ആവശ്യം. ജീവനോപാധിക്കായുള്ള സമരത്തെ രാജ്യദ്രോഹമെന്നും തീവ്രവാദമെന്നും അധിക്ഷേപിച്ച മന്ത്രിമാരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചിട്ടുണ്ട്.
◾വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന കെ.വി. മദനന്‍ അന്തരിച്ചു. എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശിയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ എന്നീ പദവികളില്‍നിന്നു വിരമിച്ചശേഷമാണ് വിഎച്ച്പി സംസ്ഥാന പ്രസിഡന്റായത്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് ആലുവ എസ്എന്‍ഡിപി ശ്മശാനത്തില്‍.
◾പീഡനക്കേസില്‍ സസ്പെന്‍ഷനിലുള്ള സിഐ എ.വി. സൈജുവിന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന പരാതിയിലാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്. സിഐയുടെ വീട്ടില്‍ പരാതി പറയാനെത്തിയപ്പോള്‍ ആക്രമിച്ചെന്നാണ് പരാതി. സിഐ ഒളിവിലാണ്.
◾വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലു വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. അലന്‍ ആന്റണി, മുഹമ്മദ് ഷിബില്‍, അതുല്‍ കെ ഡി, കിരണ്‍ രാജ് എന്നിവരാണ് റിമാന്‍ഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവമടക്കമുള്ള കേസുകളില്‍ കണ്ടാലറിയാവുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. മേപ്പാടി പോളിടെക്നിക്ക് കോളജ് അടച്ചിട്ടു.
◾നാദാപുരത്ത് യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ശ്രീജിത്ത് മരിച്ച കേസില്‍ കണ്ണൂര്‍ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും ബാറില്‍പോയി മദ്യപിച്ചിരുന്നു. കാറില്‍നിന്നിറങ്ങിയ ശ്രീജിത്ത് മദ്യലഹരിയില്‍ ലക്കുകെട്ട് കുഴഞ്ഞു വീണതു കാണാതെ കാര്‍ ശരീരത്തിലൂടെ കയറിയിറക്കുകയായിരുന്നുവെന്നാണ് കേസ്. നാട്ടുകാര്‍ എത്തുന്നതുകണ്ട് സമീഷ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
◾അരയില്‍ കെട്ടിവച്ച് 1650 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് ഇറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കു കയറ്റാന്‍ സുരക്ഷാ പരിശോധന നടത്തിയപ്പോഴാണ് 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഇയാള്‍ പിടിയിലായത്.
◾2020 ലെ ഡല്‍ഹി കലാപ കേസുകളില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും ഡല്‍ഹി കോടതി വെറുതെ വിട്ടു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
◾അഗ്‌നിവീര്‍ പദ്ധതിയിലൂടെ 341 വനിതാ നാവികരെ നിയമിക്കുന്നു. ഉടനേ നിയമിക്കാന്‍ ഉദ്ദേശിക്കുന്ന മൂവായിരം പേരില്‍ 341 പേര്‍ വനിതകളായിരിക്കും. പത്തു ലക്ഷം അപേക്ഷകരില്‍ 82,000 പേര്‍ വനിതകളായിരുന്നെന്നു നാവികസേനാ മേധാവി ആര്‍. ഹരികുമാര്‍ പറഞ്ഞു.
◾തായ്‌ലന്‍ഡുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കല്‍റ്റിയുമായ രവി രഞ്ജന്‍ (62) അറസ്റ്റിലായി. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു.
◾ഖത്തര്‍ ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടം പിടിച്ച് അര്‍ജന്റീനയും നെതര്‍ലണ്ട്‌സും. പൊരുതി കളിച്ച ആസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ തോല്‍പിച്ചാണ് നെതര്‍ലണ്ട്‌സ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുമുട്ടും.
◾മെസ്സി ദൈവമൊന്നുമല്ലല്ലോയെന്ന് അധിക്ഷേപിച്ച ആസ്ട്രേലിയന്‍ കോച്ചിനേയും ആസ്ട്രേലിയയേയും അന്ധാളിപ്പിച്ച് സൂചിയില്‍ നൂല്‍ കോര്‍ക്കും പോലെ പന്ത് പായിച്ചാണ് മെസിയും അര്‍ജന്റീനയും കളിയുടെ 35-ാം മിനിറ്റില്‍ സ്‌കോറിങ് തുടങ്ങിയത്. 57-ാം മിനിറ്റില്‍ ജൂലിയസ് അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് രണ്ടാക്കി ഉയര്‍ത്തി. 77-ാം മിനിറ്റിലെ ആസ്ട്രേലിയന്‍ മുന്നേറ്റം അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ മുഖത്ത് തട്ടി സെല്‍ഫ് ഗോളായി. ലോട്ടെറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ അര്‍ജന്റീനയുടെ വിജയം ഇതിലും വലിയ മാര്‍ജിനില്‍ ആവുമായിരുന്നു. അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചെങ്കിലും ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് ആധികാരികമായി തന്നെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം.
◾കളിയുടെ പത്താം മിനിറ്റില്‍ തന്നെ യു.എസ്.എ യുടെ ഗോള്‍ വല കുലുക്കിയാണ് നെതര്‍ലണ്ട്സ് തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി രണ്ടാമതൊരു ഗോളടിച്ച് നെതര്‍ലണ്ട്സ് കളിയില്‍ ആധിപത്യം സ്ഥാപിച്ചു. 76-ാം മിനിറ്റില്‍ യുഎസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 81-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടിയ നെതര്‍ലന്‍ഡ്‌സ് അവസാന എട്ടില്‍ ആധികാരികമായി ഇടം പിടിക്കുകയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. ഫിനിഷിങ്ങില്‍ യുഎസിനേക്കാള്‍ മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് മത്സരം സ്വന്തമാക്കുകയായിരുന്നു.
◾ഖത്തര്‍ ലോകപ്പില്‍ ഇന്ന് ഫ്രാന്‍സും ഇംഗ്ലണ്ടും കളത്തിലിറങ്ങുന്നു. ഫ്രാന്‍സ് രാത്രി 8.30 ന് പോളണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍ സെനഗലാണ്.
◾അദാനി ഗ്രൂപ്പ് കമ്പനികളില്‍ പൊതുമേഖല സ്ഥാപനമായ എല്‍.ഐ.സിയുടെ നിക്ഷേപത്തില്‍ വന്‍വളര്‍ച്ച. അദാനി ഗ്രൂപ്പിന്റെ ഏഴില്‍ നാലു കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയിലെ എല്‍.ഐ.സി നിക്ഷേപം ചുരുങ്ങിയ കാലം കൊണ്ട് ആറിരട്ടിവരെ വര്‍ധിച്ചു. ഈ കമ്പനികളിലെ എല്‍.ഐ.സിയുടെ മൊത്തം നിക്ഷേപം 74,142 കോടി രൂപയാണ്. അദാനിഗ്രൂപ്പ് വിപണിയില്‍ നിന്ന് സമാഹരിച്ചിട്ടുള്ള 18.98 ലക്ഷം കോടി രൂപയുടെ നാലു ശതമാനത്തോളമാണ് ഈ തുക. അദാനി പോര്‍ട്ട്സില്‍ എല്‍.ഐ.സിയുടെ മുതല്‍മുടക്ക് 10 ശതമാനത്തോളമാണ്. മൊത്തം മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം ഇതിന്റെ പകുതി വരില്ല. അദാനി ടോട്ടല്‍ ഗ്യാസിലെ എല്‍.ഐ.സി നിക്ഷേപം 5.77 ശതമാനമാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 0.04 ശതമാനം മാത്രം. അദാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ എല്‍.ഐ.സിക്ക് നാലു ശതമാനത്തിലധികമാണ് നിക്ഷേപം. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 1.27 ശതമാനം. ഇന്‍ഷുറന്‍സ് മേഖല അദാനി കമ്പനികളില്‍ നിക്ഷേപിച്ചതിന്റെ 98.9 ശതമാനവും എല്‍.ഐ.സിയുടെ വകയാണ്. ടാറ്റ ഗ്രൂപ്പില്‍ എല്‍.ഐ.സി നിക്ഷേപം 3.98 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 6.45 ശതമാനവുമാണ്.
◾കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്. ദീപാവലി, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബറില്‍ ഇടപാടുകളും മൂല്യവും കൂടിയതെന്ന് വിലയിരുത്തപ്പെടുന്നു. സെപ്തംബറില്‍ ഇടപാടുകള്‍ 678 കോടിയും മൂല്യം 11.16 ലക്ഷം കോടി രൂപയും ആയിരുന്നു.
◾ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാമനന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്ത്. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന്‍ ബാബു ആന്റണിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നായകന്‍ ഇന്ദ്രന്‍സ്, സംവിധായകന്‍ എ. ബി ബിനില്‍, നിര്‍മ്മാതാവ് അരുണ്‍ ബാബു, ദില്‍ഷാന ദില്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. അരുണ്‍ ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സംവിധായകന്‍ ബിനില്‍ തന്നെയാണ്. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്.
◾വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താരഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതില്‍ സിനിമയുടെ ടീസര്‍ എത്തി. ചിത്രത്തില്‍ ദമ്പതികളായി വിനയ്യും അനു സിത്താരയും എത്തുന്നു. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബൈജു, പൗളി, മെറിന്‍ ഫിലിപ്പ്, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
◾മെഴ്സിഡീസ് ബെന്‍സിന്റെ എസ്യുവി ഇക്യുബി വിപണിയില്‍. മൂന്നു നിര സീറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ആഡംബര എസ്യുവി എന്ന ഖ്യാതിയില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 74.50 ലക്ഷം രൂപ മുതലാണ്. മെഴ്‌സിഡീസ് ബെന്‍സ് നേരത്തെ പുറത്തിറക്കിയ ഇക്യുസി എസ്യുവിക്കും അടുത്തിടെ പുറത്തിറങ്ങിയ ഇക്യുഎസ് സെഡാനും ശേഷം മൂന്നാമത്തെ വൈദ്യുതി ആഡംബര എസ്യുവിയായാണ് ഇക്യുബിയെ മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. കോസ്‌മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. 66.5കിവാട്ട് ബാറ്ററിയാണ് ഇക്യുബിക്കുള്ളത്. ഒരൊറ്റ ചാര്‍ജില്‍ 423 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് വാഗ്ദാനം. എട്ടു വര്‍ഷത്തെ വാറണ്ടിയുമുണ്ട്.
◾വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാള്‍ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനില്‍ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകള്‍ ഈ സമാഹാരത്തിലുണ്ട്. ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര'. വി.ഷിനിലാല്‍. ഡിസി ബുക്സ്. വില 161 രൂപ.
◾അമിതമായ മുടികൊഴിച്ചിലും വരണ്ടതും പൊട്ടുന്ന മുടിയുമെല്ലാം ചിലപ്പോള്‍ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ലക്ഷണമാകാം. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഓക്സിജന്‍ കുറയ്ക്കുന്നു. ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാതെ വരുമ്പോള്‍ അവ വരണ്ടതും ദുര്‍ബലവുമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോള്‍ നഖങ്ങളുടെയും മുടിയുടെയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് നിങ്ങളുടെ മുടി കൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നു. പ്രധാനമായും പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകളില്‍ ഇരുമ്പിന്റെ കുറവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനില്‍ നിന്നാണ് രക്തത്തിന് ചുവന്ന നിറം ലഭിക്കുന്നത്. അതിനാല്‍, ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോള്‍, ഇത് രക്തത്തെ ചുവപ്പ് നിറമാക്കുകയും ചര്‍മ്മം സാധാരണയേക്കാള്‍ വിളറിയതായി കാണപ്പെടുകയോ ചൂട് നഷ്ടപ്പെടുകയോ ചെയ്യുന്നു. ഒരാളില്‍ ഇരുമ്പിന്റെ അംശം കുറവാണെങ്കില്‍ അവര്‍ക്ക് ക്ഷീണം, ബലഹീനത, നെഞ്ചുവേദന, കൈകള്‍ തണുത്തുറയുക, നാവില്‍ വേദന എന്നിവ ഉണ്ടാകാം. ഇരുമ്പിന്റെ കുറവ് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളര്‍ച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇരുമ്പിന്റെ കുറവ് ഉണ്ടായാല്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടമാകാം.
*ശുഭദിനം*
ആ സ്ഥാപനത്തിലെ ഉന്നത ഉദ്യാഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് നടക്കുകയാണ്. ആശംസ അര്‍പ്പിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു: താങ്കള്‍ ഞങ്ങളെ തിരുത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടിട്ടില്ല. അതെങ്ങിനെ സാധിച്ചു? അദ്ദേഹം തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു: സ്‌കൂള്‍ പഠനകാലത്ത് എന്റെ അച്ഛനെ കാണാന്‍ ഞാന്‍ അച്ഛന്റെ ഓഫീസിലെത്തിയതായിരുന്നു. അപ്പോള്‍ എന്റെ അച്ഛന്‍ ബോസിന്റെ മുറിയില്‍ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എനിക്ക് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടത്, എന്റെ റോള്‍മോഡലായ എന്റെ അച്ഛനായിരുന്നു.. അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ഞാന്‍ അന്ന് ബോസിന്റെ മുറിയില്‍ കയറി അയാളെ ചോദ്യം ചെയ്തു.. എന്തിനാണ് എന്റെ അച്ഛനെ കരയിപ്പിച്ചത് എന്ന്. ആ കാഴ്ച അന്ന് മുതല്‍ ഒരു മുറിവായി എന്റെ മനസ്സില്‍ കിടന്നു. അന്ന് ഞാന്‍ തീരുമാനിച്ചതാണ്.. ഞാന്‍ ഒരു സ്ഥാപനത്തിലെ ബോസ്സ് ആവുകയാണെങ്കില്‍ ഒരിക്കലും എന്റെ താഴെയുളളവരെ കരയിക്കില്ലായെന്ന്.. അത് ഈ നിമിഷം വരെ എനിക്ക് പാലിക്കാന്‍ സാധിച്ചിരിക്കുന്നു. അദ്ദേഹം പുഞ്ചിരിയോടെ തന്റെ പ്രസംഗം അവസാനിപ്പിച്ചു... എല്ലാവരും ചിലരുടെ പ്രിയപ്പെട്ടവരും മറ്റുചിലരുടെ വെറുക്കപ്പെട്ടവരുമാണ്. തനിക്ക് അപ്രിയരായവരെ അവഹേളിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നത് അത്തരം ശരണാലയങ്ങളാണ്... ഒരാളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അപരാധം അയാളെ ദൈവമായി കരുതുന്നവരുടെ മുന്നില്‍ വെച്ച് അയാളെ അധിക്ഷേപിക്കുക എന്നതാണ്. അനിഷ്ടപ്രകടനത്തിലായാലും, അധികാരപ്രയോഗത്തിലായാലും പുലര്‍ത്തേണ്ട ചില മിനിമം മര്യാദകളുണ്ട്.. ആരുടേയും ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കരുത്.. വാക്കുകളിലും ചേഷ്ടകളിലും പക്വതയുടെ കടിഞ്ഞാണ്‍ ഉണ്ടാകണം. മറുപടിക്കുള്ള അവസരങ്ങള്‍ നിഷേധിക്കരുത്.. തിരുത്തലാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ സ്വകാര്യമാകണം.. അവഹേളനമാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ പരസ്യമാകണം. പക്ഷേ, ശിക്ഷ നടപ്പാക്കും മുമ്പ് നമുക്ക് ഒന്നോര്‍ക്കാം.. രക്ഷിക്കാനാകാത്തവര്‍ക്കൊന്നും ശിക്ഷിക്കാന്‍ അവകാശമില്ല.... - *ശുഭദിനം.*
മീഡിയ 16 ന്യൂസ്