◾ലോകം പുതുവല്‍സരത്തിലേക്ക്. ഇന്നു രാത്രി പുതുവല്‍സരാഘോഷങ്ങള്‍. നഗരങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികള്‍. അതിരുവിടരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ അര്‍ധരാത്രിയോടെ കൂറ്റന്‍ പാപ്പാഞ്ഞി കത്തിച്ചുകൊണ്ടാണ് 2022 നോടു വിടപറയുക.
◾അറുപതു കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്.
◾കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ടില്‍ തനിക്കു നിക്ഷേപമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ടു പേരുടെയും വരുമാന സ്രോതസ് വിവരങ്ങള്‍ പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ വിശദീകരിച്ചു.
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും എം.എം ഹസന്‍ പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ സമരം അവസാനിപ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിപിഎം നേതാവ് ഡി ആര്‍ അനില്‍ രാജിവയ്ക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അനിലിനെ കുരുതികൊടുത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
◾കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവര്‍ത്തിക്കുകയാണ്. ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടാന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകൊണ്ടു കഴിയില്ല. കോണ്‍ഗ്രസിന്റേത് വര്‍ഗീയ പ്രീണന നയമാണെന്നും അദ്ദേഹം പറഞ്ഞു.
◾ചേര്‍ത്തല നഗരത്തിലെ രണ്ട് ഓഫീസുകളില്‍ രജിസ്റ്ററില്‍ ഒപ്പിട്ടു മുങ്ങിയ ജിവനക്കാര്‍ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി. മണ്ണു പരിവേഷണ ഓഫീസ്, ചേര്‍ത്തല നഗരസഭ കൃഷിഭവന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മണ്ണ് പരിവേഷണ ഓഫീസിലെ 18 പേരില്‍ മൂന്നുപേരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.
◾റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു വര്‍ഷത്തെ കാലതാമസം വരുത്തിയതുമൂലം 84 കാരിക്കു വാര്‍ധക്യകാല പെന്‍ഷന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വെള്ളറട സ്വദേശി പി.എ. സുഭാഷ് ബോസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനികിന്റെ ഉത്തരവ്.
◾പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മുങ്ങിമരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
◾പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഇന്നു ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ ആറുവരെ ഭാഗികമായും ആറു മുതല്‍ പുതുവത്സര ആഘോഷം കഴിയുംവരെ പൂര്‍ണമായും ഗതാഗതം നിയന്ത്രിക്കും.
◾നവമാധ്യമങ്ങളിലൂടെയുള്ള ട്രോളുകള്‍ അവഹേളനമായാല്‍ സൈബര്‍ കുറ്റകൃത്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് കെസിവൈഎം മലബാര്‍ മഹായുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയ പ്രകടനത്തിനുള്ള അവകാശം അവഹേളനമാകരുത്. വിദേശത്തുള്ളതിനേക്കാള്‍ മികച്ച അവസരം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്നും യുവാക്കള്‍ തൊഴിലും വിദ്യാഭ്യാസവും തേടി വിദേശത്തേക്കു പോകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാം. കെഎസ്ഇബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിച്ചു നല്‍കും. വൈദ്യുത ബോര്‍ഡ് യോഗത്തിലാണു തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് തിരുവനന്തപുരം പട്ടത്തെ ചീഫ് എന്‍ജിനിയര്‍ ഓഫീസുമായി (ആര്‍ഇഇഎസ്) ബന്ധപ്പെടാം.
◾അടൂര്‍ നഗരസഭാ ചെയര്‍മാനായി സിപിഎം പരിഗണിക്കുന്ന കൗണ്‍സിലര്‍ക്കെതിരേ സിപിഎമ്മിലെത്തന്നെ ഒരു വിഭാഗം രംഗത്ത്. രണ്ടു വിജിലന്‍സ് കേസുകളിലെ പ്രതിയെ ചെയര്‍മാനാക്കുന്നതിനെതിരേ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി അയച്ചു.
◾പീഡനക്കേസ് പ്രതി വിലങ്ങുമായി പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു. കോട്ടൂര്‍കോണം സ്വദേശി വിഷ്ണു എന്ന പാക്കരനാണ് കൊല്ലം പാരിപ്പള്ളി പോലീസിന്റെ പിടിയില്‍നിന്നു മുങ്ങിയത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിലെ ശുചിമുറിയിലേക്കു പോയ ഇയാളെ പിന്നെ കണാനായില്ല.
◾കല്‍പറ്റയ്ക്കടുത്ത വാകേരിയില്‍ കടുവയെ മയക്കുവെടിവയ്ക്കാന്‍ ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. ജനവാസ മേഖലയില്‍ എത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടും. കടുവയെ പിടികൂടാന്‍ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും.
◾മലപ്പുറത്ത് 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് എണ്‍പത് വര്‍ഷം തടവ്. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ. മൂന്നു ലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പീഡിപ്പിച്ചെന്നാണു കേസ്.
◾കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ട്രസ്റ്റ് വഴി കൂടുതല്‍ തുക സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. 351.50 കോടി രൂപയാണ് ബിജെപിക്കു ലഭിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കുമായി ലഭിച്ച തുകയുടെ 72.17 ശതമാനം തുകയാണിത്. രണ്ടാം സ്ഥാനത്ത് 40 കോടി രൂപയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതിയാണ്. കോണ്‍ഗ്രസിനു ലഭിച്ചത് 18.44 കോടി രൂപ മാത്രം. സമാജ് വാദി പാര്‍ട്ടിക്ക് 27 കോടി രൂപയും ആം ആദ്മി പാര്‍ട്ടിക്ക് 21.12 കോടി രൂപയും ലഭിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
◾ആത്മഹത്യ ചെയ്ത സീരിയല്‍ നടി ടുണീഷ ശര്‍മ്മയെ കാമുകന്‍ നടന്‍ ഷീസാന്‍ ഖാന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് നടിയുടെ അമ്മ. അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇയാള്‍ സീരിയല്‍ സെറ്റില്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും നടിയുടെ അമ്മ വനിത പറഞ്ഞു. ഷീസാന്‍ ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ് പതിനഞ്ചാം ദിവസമാണ് ഇരുവരും അഭിനയിക്കുന്ന സീരിയലിന്റെ സെറ്റില്‍ ടൂണീഷ ആത്മഹത്യ ചെയ്തത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ മരണാനനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിറകേ, മുന്‍ നിശ്ചയിച്ച ഔദ്യോഗിക പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. കൊല്‍ക്കത്തയിലെ ഹൗറ - ജല്‍പായ് ഗുരി പാതയില്‍ പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം ബംഗാളിലെ 7,800 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ദുഖകരമായ ദിനമാണെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പരിപാടിയില്‍ സംസാരിച്ചത്.
◾കാറപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്തിനു ഗുരുതര പരിക്കുകളില്ലെന്നു ബിസിസിഐ. നെറ്റിയില്‍ രണ്ടു മുറിവുകളുണ്ട്. വലത് കാല്‍മുട്ടിലെ ലിഗമെന്റിനു പരിക്കുണ്ട്. വലതു കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
◾അന്തരിച്ച ലോക ഫുട്ബോളര്‍ പെലെയുടെ മൃതദേഹം ചൊവ്വാഴ്ച സാന്റോസിനടുത്തുള്ള മെമ്മോറിയല്‍ നെക്രോപോള്‍ എക്യുമെനിക സെമിത്തേരിയില്‍ സംസ്‌കരിക്കും. തിങ്കളാഴ്ച രാവിലെ സാവോ പൗളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് വില ബെല്‍മിറോ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാകും പങ്കെടുക്കാനാകുക.
◾ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സിയായി ഇന്ത്യന്‍ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയതാണ് രൂപക്ക് തിരിച്ചടിയായത്. ഈ വര്‍ഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ല്‍ 74.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് 2015ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമുണ്ടാക്കി. എണ്ണവിലയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണങ്ങളിലൊന്നായി. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി റെക്കോര്‍ഡ് ഉയരത്തിലെത്തിയതും രൂപയെ സ്വാധീനിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ 81.50-83.50 രൂപക്കിടയില്‍ ഡോളറിന്റെ മൂല്യം നില്‍ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
◾എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം 'തുനിവി' ലെ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറക്കാര്‍. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തും. കണ്‍മണി എന്ന കഥാപാത്രത്തൊണ് തുനിവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'തുനിവി'ന്റെ ഓടിടി അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ് ലഭിച്ചിരിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
◾വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പെന്‍ഡുലം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ടൈം ട്രാവല്‍ ചിത്രം എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം സസ്‌പെന്‍സും ആകാംക്ഷയും നിറയ്ക്കുന്നതാകും ചിത്രമെന്നും ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പെന്‍ഡുലം'. സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍,രമേഷ് പിഷാരടി എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. ലൈറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്‌സ്, ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ജീന്‍. തീര്‍പ്പ് എന്ന ചിത്രമാണ് വിജയ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
◾ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ആദ്യമായി 2022 എയ്ക്മ ഷോയില്‍ അനാവരണം ചെയ്തു. ഗോവയിലെ റൈഡര്‍ മാനിയയില്‍ ആയിരുന്നു അതിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. 2023-ല്‍ കമ്പനിയുടെ ആദ്യത്തെ പ്രധാന ഉല്‍പ്പന്ന ലോഞ്ച് ആയിരിക്കും ഈ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഡലിന്റെ വില ജനുവരി ആദ്യ ആഴ്ചകളില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും ചെലവേറിയ റോയല്‍ എന്‍ഫീല്‍ഡ് ഓഫറായിരിക്കും ഇത്. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ഏകദേശം 3.5 ലക്ഷം രൂപയും ടൂറര്‍ പതിപ്പിന് നാല് ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ആസ്ട്രല്‍ (നീല, കറുപ്പ്, പച്ച), ഇന്റര്‍സ്റ്റെല്ലാര്‍ (ഗ്രേ, ഗ്രീന്‍) എന്നീ രണ്ട് കളര്‍ തീമുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ലഭ്യമാകും. ബ്രാന്‍ഡിന്റെ 650 സിസി പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോയല്‍ എന്‍ഫീല്‍ഡ് ആണിത്.
◾അമേരിക്കന്‍ ജീവിതത്തിന്റെ അടരുകളില്‍ നിന്നും അടര്‍ത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിര്‍ഭയവും നര്‍മരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ വിമര്‍ശനങ്ങളും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും നിറയുന്ന കഥകളും ചിന്തകളും. നാടിന്റെ ഓര്‍മയും അമേരിക്കയിലെ ജീവിതവും എങ്ങനെയെന്ന് തെളിഞ്ഞ ഭാഷയില്‍ രേഖപ്പെടുത്തുന്നു. 'കഥകളും ചില അമേരിക്കന്‍ ചിന്തകളും'. വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍. ഗ്രീന്‍ ബുക്‌സ്. വില 228 രൂപ.
◾വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വര്‍ഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് പഠനം. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള അഞ്ച് ജീവിതശൈലികള്‍. ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് പതിനാല് വര്‍ഷം വരെയും പുരുഷന്മാര്‍ക്ക് പന്ത്രണ്ട് വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും രണ്ടു മുതല്‍ നാല് വര്‍ഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരുന്നവരില്‍ 74% ആളുകള്‍ അധികകാലം ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ആശ്രമത്തിനരികിലൂടെ നടക്കുമ്പോള്‍ ഒരു സന്യാസി ധ്യാനിക്കുന്നത് കണ്ടു. അയാള്‍ സന്യാസിയുടെ അരികിലെത്തി തനിക്കും സന്യാസിയാകണം എന്ന് അറിയിച്ചു. സന്യാസി അയാളെയും കൊണ്ട് ഒരു നദിക്കരയില്‍ എത്തി. അപ്രതീക്ഷിതമായി അയാളുടെ കൈകള്‍ പിന്നിലേക്ക് പിടിച്ചു കയ്യില്‍ കരുതിയ ഒരു കയറു കൊണ്ട് കെട്ടി.. എന്നിട്ട് അയാളെ വലിച്ചിഴച്ചു നദിയിലേക്ക് തല മുക്കി.. അയാള്‍ കുതറിയെങ്കിലും സന്യാസി മുറുകെ പിടിച്ചു. ജീവന് വേണ്ടി അയാള്‍ പിടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ സന്യാസി വെള്ളത്തിനു മുകളിലേക്കു അയാളെ ഉയര്‍ത്തി. കയ്യിലെ കെട്ടഴിച്ചു. എന്നിട്ട് ചോദിച്ചു : വെള്ളത്തില്‍ തല മുക്കി പിടിച്ചപ്പോള്‍ താങ്കള്‍ എന്താണ് ചിന്തിച്ചത്? ജീവന്‍ തിരിച്ചു വേണമെന്ന്, അയാള്‍ പറഞ്ഞു. സന്യാസി പറഞ്ഞു : നിങ്ങള്‍ വീട്ടിലേക്കു തിരിച്ചു പൊക്കോളൂ. സ്വന്തം ജീവനേക്കാള്‍ ഈശ്വരനെ വേണമെന്ന ആഗ്രഹം എന്നെങ്കിലും ഉണ്ടാവുകയാണെങ്കില്‍ നീ തിരിച്ചു വരൂ. നിന്നെ ഞാന്‍ സന്യാസം സ്വീകരിക്കാന്‍ സഹായിക്കാം.. ജീവിതം അതങ്ങനെയാണ്. സ്ഥിരതയില്ലാത്ത മനസാണ് മനുഷ്യര്‍ക്ക്. ആ നൂറായിരം ചിന്തകളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്താണോ എന്ന് തിരിച്ചറിയുമ്പോഴാണ് നാം ജീവിച്ചു തുടങ്ങുന്നത്. പല നേരങ്ങളില്‍ പലതിനോടും നമുക്ക് ഭ്രമം തോന്നും. പക്ഷെ അതൊക്കെ അല്‍പയുസ്സ് മാത്രമായ ചിന്തകളാണ്. നമ്മുടെ യഥാര്‍ത്ഥ സ്വപ്നമെന്തെന്നു തിരിച്ചറിയുക. അത് തിരിച്ചറിഞ്ഞാല്‍ അത് സാക്ഷത്കരിക്കാന്‍ വേണ്ടി പോരാടുക.. - ശുഭദിനം.
മീഡിയ 16