*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 30 | വെള്ളി

◾ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഒരു മാസമായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്കു മാറ്റിയിരുന്നു. ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ പെലെയുടെ ഫുട്ബോള്‍ ഇന്ദ്രജാലമാണ് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തത്. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീലിനായി പെലെ നേടിയത്.

◾പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ നാലു പേര്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് മൂന്ന് പേരെയും കൊച്ചിയില്‍ ഒരാളേയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, സഹോദരന്‍ സുധീര്‍, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരും കൊച്ചിയില്‍ എടവനക്കാട് സ്വദേശി മുബാറക്കുമാണ് പിടിയിലായത്. സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

◾സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 21 നും പ്ലസ് ടു പരീക്ഷ ഏപ്രില്‍ അഞ്ചിനും അവസാനിക്കും. രാവിലെ പത്തര മുതലാണു പരീക്ഷ.

◾കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണവുമായി കൊറിയന്‍ എംബസി അധികൃതര്‍ കോഴിക്കോടെത്തി. യുവതി കഴിയുന്ന കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥര്‍ യുവതിയുമായി സംസാരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതിയുടെ പരാതി. യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട യുവതി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്.

◾നഗരസഭകളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. മേയേഴ്സ് കൗണ്‍സിലും ചെയര്‍മാന്‍ ചേംബറും കിലയും കെ.എം.സി.എസ്.യുവും ചേര്‍ന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചിട്ടും ഗവര്‍ണര്‍ അഭിഭാഷകനെ നിയോഗിച്ചില്ല. എന്നാല്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ നാലാഴ്ചത്തെ സാവകാശം തേടിയിട്ടുണ്ട്. പുനര്‍നിയമനത്തിന് യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

◾സുപ്രീം കോടതിയിലെ ബഫര്‍സോണ്‍ കേസില്‍ കേരളം കക്ഷി ചേരാനുള്ള വിവരങ്ങള്‍ അഡ്വക്കറ്റ് ജനറലിനു കൈമാറി. വനം മേധാവിയുടെ സത്യവാങ്മൂലവും കൈമാറി. അഞ്ചാം തീയതി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാനാണു ധാരണ.

◾സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന ആരോപണവും തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിക്കു എറണാകുളം ജില്ലയിലെ നേതാക്കളെ പഴിച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടും ചര്‍ച്ചയാകും.

◾പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മോക് ഡ്രില്ലിനിടെ മണിമലയാറ്റില്‍ വീണ യുവാവ് മുങ്ങിമരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം പടുതോടു പാലത്തിനരികില്‍ ആറ്റില്‍ ഇറങ്ങിനിന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ബിനു സോമന്‍ എന്ന 34 കാരനാണ് കാല്‍തെന്നി പുഴയിലേക്കു വീണുപോയത്. ദുരന്ത പ്രതികരണസേനയും ഫയര്‍ഫോഴ്സും ബിനു സോമനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കത്തിക്കാന്‍ ഒരുക്കുന്ന 60 അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞിക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖച്ഛായയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസ് എത്തിയാണു പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ആര്‍ക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നു കാര്‍ണിവല്‍ കമ്മിറ്റി വ്യക്തമാക്കി.

◾പുതുവത്സരാഘോഷം കൈവിട്ടു പോകരുതെന്ന് പോലീസ്. ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ലഹരി ഇടപാടുകള്‍, സ്പിരിറ്റ് കടത്ത് തുടങ്ങിയവ കണ്ടുപിടിക്കാന്‍ വാഹനപരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി.

◾കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എം സിപിഎമ്മിനു വിട്ടുകൊടുക്കും. കേരള കോണ്‍ഗ്രസ് എം പ്രതിനിധി നിര്‍മല ജിമ്മി അടുത്ത ദിവസം രാജിവയ്ക്കും. ഇടതുമുന്നണി ധാരണയനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വര്‍ഷം സിപിഎമ്മിനാണ്.

◾റിപ്പബ്ലിക് ദിന പരേഡില്‍ ഇക്കുറി കേരളത്തിന്റെ ഫ്ളോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണമാണു കേരളം വിഷയമാക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി ലഭിച്ചിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി അനുമതി കിട്ടിയത്.

◾സ്ത്രീകളുടെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി ചങ്ങാത്തമുണ്ടാക്കി മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ വാങ്ങി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37 ) യാണ് നെയ്യാര്‍ ഡാം സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആനി ഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിലാണു പ്രതി വ്യാജ അക്കൗണ്ട് തുടങ്ങി യുവതികളുമായി ചങ്ങാത്തമുണ്ടാക്കിയത്.  

◾വധശ്രമക്കേസില്‍ ഗുണ്ടാ നേതാവ് കടവി രഞ്ജിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് 17 കൊല്ലം തടവുശിക്ഷ. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കടവി രഞ്ജിത്ത്, സജേഷ്, അനില്‍ എന്നിവരെയാണ് തൃശൂര്‍ ജില്ലാ കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട ഗുണ്ടാസംഘത്തലവന്‍ ദൊരൈബാബുവിന്റെ വീട്ടിലെത്തിയ അളിയന്‍ സന്ദീപിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണു ശിക്ഷ.

◾ശിവഗിരി തീര്‍ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് ചിറയന്‍കീഴ്, വര്‍ക്കല താലുക്കുകളില്‍ പ്രാദേശിക അവധി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

◾വായ്പാ തിരിച്ചടവ് മുടങ്ങിയതു പിരിച്ചെടുക്കാന്‍ ബാങ്ക് നിയോഗിച്ച ഗുണ്ടാസംഘം വീട് അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച യുവാവിന്റെ കൈവിരല്‍ വെട്ടുകയും ചെയ്തു. കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് രഞ്ജിത്തിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇസാഫ് ബാങ്കിന്റെ മണര്‍കാട് ശാഖ നിയോഗിച്ച അക്രമികളാണെന്നാണ് രഞ്ജിത്തിന്റെ പരാതി.

◾കണ്ണൂരില്‍ ആദിവാസി യുവാവിനെ കുത്തിക്കൊന്നു. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലെ വിഷ്ണു (26) വാണ് കുത്തേറ്റു മരിച്ചത്.

◾മാവൂരില്‍ മോക്ഡ്രില്ലിനുശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ത്ഥിയെ പഞ്ചായത്തംഗം പീഡിപ്പിച്ചു. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

◾വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയവരക്കുറിച്ചു തുമ്പില്ലാതെ പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

◾ചെലവു ചുരുക്കാന്‍ പാര്‍ട്ടി ചെലവിലുള്ള വിമാനയാത്രകള്‍ കുറയ്ക്കണമെന്ന് എഐസിസി. 1,400 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കു ട്രെയിന്‍ ടിക്കറ്റിന്റെ പണമേ തരൂവെന്ന് എഐസിസി സെക്രട്ടറിമാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. മാസം രണ്ടു തവണ മാത്രമേ വിമാന ടിക്കറ്റ് അനുവദിക്കു. എംപി മാര്‍ സര്‍ക്കാരിന്റെ വിമാനയാത്ര സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

◾ചൈനീസ് ചാരവനിതയെ ബിഹാറില്‍ പിടികൂടി. ദലൈലാമയുടെ ചടങ്ങ് നടക്കാനിരിക്കെ ഗയയില്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ കണ്ടത്. യുവതിയെ ബിഹാര്‍ പൊലീസും കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യുകയാണ്.

◾രാഹുല്‍ഗാന്ധി 2020 മുതല്‍ 113 തവണ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് സിആര്‍പിഎഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടെന്ന എഐസിസിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. സിആര്‍പിഫ്. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. സിആര്‍പിഎഫ് വിശദീകരിച്ചു.

◾ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോഗേന്ദ്ര സിംഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയേയുംകൊണ്ട് ഒളിച്ചോടി. പെണ്‍കുട്ടിയുടെ അച്ഛനായ ചെറുകിട കച്ചവടക്കാരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മൂന്നു ദിവസമായി പെണ്‍കുട്ടിയുമായി ഇയാള്‍ മുങ്ങിയിരിക്കുകയാണ്.

◾യുക്രെയിനിലെ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. റഷ്യ തൊടുത്ത 54 മിസൈലുകളെ തങ്ങള്‍ തകര്‍ത്തെന്നു യുക്രെയിന്‍ പട്ടാളം അവകാശപ്പെട്ടു. റഷ്യന്‍ വ്യോമതാവളങ്ങളില്‍ യുക്രെയിന്‍ കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

◾അന്തര്‍ സര്‍വ്വകലാശാല ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കൊടകര സഹൃദയ കോളജിലെ വിദ്യാര്‍ത്ഥി ജീവന്‍ ജോസഫിനെ പങ്കെടുപ്പിക്കണമെന്ന് കോഴിക്കോട് ജില്ല കോടതി ഉത്തരവിട്ടു. ഒന്നാം സ്ഥാനം നേടിയിട്ടും മല്‍സരത്തില്‍നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിനിര്‍ത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.  

◾രാജ്യത്തെ ആഭ്യന്തര ടൂറിസം രംഗം വീണ്ടും കുതിക്കുന്നു. ഇത്തവണ ആഭ്യന്തര വിമാനയാത്രകളുടെയും, ഹോട്ടല്‍ ബുക്കിംഗുകളുടെയും എണ്ണത്തില്‍ വന്‍ ഡിമാന്റാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, കോവിഡിന് മുന്‍പുള്ള കാലത്തേക്കാള്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022 ഡിസംബര്‍ 26 -ന് ഏകദേശം 4,23,000 ലധികം ആഭ്യന്തര യാത്രക്കാരാണ് രാജ്യത്ത് യാത്ര ചെയ്തിരിക്കുന്നത്. കൂടാതെ, ഡിസംബര്‍ 24ന് 4,35,500 ഓളം ആഭ്യന്തര യാത്രക്കാര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇത്തവണ ആഭ്യന്തര വിനോദസഞ്ചാര നിരക്ക് 100 ശതമാനത്തോളമാണ് ഉയര്‍ന്നത്. പ്രധാനമായും ഗോവ, ജയ്പൂര്‍, ഷിംല, ഉദയപൂര്‍, മണാലി എന്നിങ്ങനെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ ബുക്കിംഗുകള്‍ നടന്നിട്ടുള്ളത്. കൂടാതെ, വയനാട്, മൈസൂര്‍, ഊട്ടി, കൂര്‍ഗ്, ഗാംഗ്ടോക്ക്, ഡെറാഡൂണ്‍, ധര്‍മ്മശാല, ഡാര്‍ജിലിംഗ്, ആഗ്ര എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍, പല രാജ്യങ്ങളിലും കോവിഡ് ഭീതി വിട്ടൊഴിയാത്തതിനാല്‍, അന്താരാഷ്ട്ര യാത്രകളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

◾വന്‍ വിജയമായ 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. 'പ്രണയ വിലാസം' എന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍.

◾ഒടിടി റിലീസില്‍ മികച്ച പ്രതികരണം നേടി അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇനി ഉത്തരം. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23 ന് ആണ് പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രം ആദ്യ രണ്ട് ദിവസത്തില്‍ നേടിയ സ്ട്രീമിംഗ് മിനിറ്റ്സ് എത്രയെന്ന കണക്ക് അവതരിപ്പിച്ചിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം. ആദ്യ 48 മണിക്കൂറുകളില്‍ 10 മില്യണ്‍ (ഒരു കോടി) സ്ട്രീമിംഗ് മിനിറ്റുകള്‍ ആണ് ചിത്രം സീ 5 പ്ലാറ്റ്ഫോമില്‍ നേടിയിരിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന രഞ്ജിത്ത് ഉണ്ണിയാണ്. ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, ചന്ദുനാഥ്, സിദ്ധിഖ്, ജാഫര്‍ ഇടുക്കി, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

◾പുതിയ കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് വരുന്നതായി റിപ്പോര്‍ട്ട്. വാഹനം ആദ്യം വിദേശത്ത് 2022 ജൂണില്‍ അനാച്ഛാദനം ചെയ്തിരുന്നു. തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ ബുസാന്‍ മോട്ടോര്‍ ഷോയില്‍ അതിന്റെ പൊതു അരങ്ങേറ്റവും നടന്നു. എസ്യുവിയുടെ ഈ പുതുക്കിയ മോഡല്‍ 2023 പകുതിയോടെ ഇന്ത്യയിലും എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ എത്തുന്നതിന് മുമ്പ്, ജനുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ നിര്‍മ്മാതാവ് പുതിയ മോഡല്‍ പ്രദര്‍ശിപ്പിച്ചേക്കും. പുതിയ 2023 കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് അല്‍പ്പം മെച്ചപ്പെടുത്തിയ ഡിസൈനും നവീകരിച്ച ഇന്റീരിയറുമായാണ് വരുന്നത്. എന്നിരുന്നാലും, അതിന്റെ എഞ്ചിന്‍ സജ്ജീകരണം മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ട്.

◾പഠനം ഒരു മനശാസ്ത്രത്തിനപ്പുറം ഒരു കഥയാണ്. ഏതു കലയിലും നൈപുണ്യം നേടണമെങ്കില്‍ ആ കലയില്‍ ശോഭിക്കണമെങ്കില്‍ ആ കലയെക്കുറിച്ച് അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പ്രയോഗികതകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക്കയും നിരന്തരം പരിശീലനം നടത്തുകയും വേണം. 'പഠനത്തില്‍ മുന്നേറാന്‍ മനഃശ്ശാസ്ത്ര വഴികള്‍'. മുരളീധരന്‍ മുല്ലമറ്റം. റെഡ് റോസ് പബ്ളിഷിംഗ് ഹൗസ്. വില 76 രൂപ.

◾തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളില്‍ ഒന്നാമത്തേത് സിട്രസ് പഴങ്ങളാണ്. അതിനാല്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് വിഭാഗത്തിലുള്ള പഴങ്ങള്‍ തണുപ്പുകാലത്ത് കൂടുതലായി കഴിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഇവ ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍. ഹൃദയത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ഈ ബെറി പഴങ്ങള്‍ നല്ലതാണ്. ചീര ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണവുമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഓട്മീല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും നട്സ് സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തലവന്റെ തീരുമാനങ്ങളേയും അഭിപ്രായങ്ങളേയും ആ നാട്ടുകാര്‍ക്ക് വലിയ മതിപ്പായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഏക മകന്‍ അച്ഛന്‍ പറഞ്ഞതൊന്നും അനുസരിക്കാതെ അലസനായി നടന്നു. മകന്റെ ഈ സ്വഭാവം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ഒരുപാട് ആലോചനകള്‍ക്ക് ശേഷം അദ്ദേഹം മകനെ വിളിച്ചുവരുത്തി. ഒരു യാത്രയെക്കുറിച്ച് പറഞ്ഞു. നിധി കണ്ടെത്താനുള്ള യാത്ര. അത് മകന് ഇഷ്ടപ്പെട്ടു. യാത്ര പുറപ്പെടാന്‍ നേരം അദ്ദേഹം മകന് ഒരു ബാഗ് നല്‍കി. അതില്‍ വിവിധ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 4 ഉടുപ്പുകള്‍, കുറച്ച് ഭക്ഷണം, കുറച്ച് പണം പിന്നെ നിധി ഇരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള ഒരു സ്ഥലസൂചികയും ഉണ്ടായിരുന്നു. അവന്‍ യാത്ര പുറപ്പെട്ടു. നിരവധി നാടുകള്‍, നിരവധി ആളുകള്‍, അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥകള്‍, പരിചയമില്ലാത്ത പലരും അവന് ഭക്ഷണം നല്‍കി, വിശ്രമിക്കാന്‍ ഒരിടം നല്‍കി, അവനെ സഹായിച്ചു. അങ്ങനെ അവന്‍ നിധിയിരിക്കുന്ന സ്ഥലത്തെത്തി. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരുന്നു അവന്‍ യാത്ര തുടങ്ങിയിട്ട്. ചെങ്കുത്തായ മലയ്ക്ക് അരികിലുള്ള ഒരു മരത്തിന് കീഴിലായിരുന്നു നിധിയിരുന്നിരുന്നത്. അവന്‍ അവിടമാകെ പരിശോധിച്ചു. അവന് നിധി കണ്ടെത്താനായില്ല. അച്ഛന്‍ തന്നെ പറ്റിച്ചല്ലോ എന്നോര്‍ത്ത് അവന് ദേഷ്യം വന്നു. മൂന്നാം ദിവസം അവന്‍ അവിടെനിന്നും യാത്ര തിരിച്ചു. തിരിച്ചുവരുന്ന വഴി അവന് കാലാവസ്ഥാ മാറ്റങ്ങളും ഭൂപ്രകൃതിയിലുളള മാറ്റങ്ങളുമൊക്കെ നേരിടേണ്ടി വന്നു. പക്ഷേ, ഇത്തവണ അയാള്‍ എല്ലാം ആസ്വദിച്ചു. പക്ഷികളുടെ ശബ്ദവും, പൂക്കളുടെ ഭംഗിയും, സൂര്യാസ്തമനങ്ങളുമൊക്കെ കൗതുകത്തോടെ കണ്ടു. കരുതല്‍ ധനവും ഭക്ഷണവുമെല്ലാം തീര്‍ന്നതിനാല്‍ സ്വയം വേട്ടയാടാനും വഴിയില്‍ നിന്നു ഭക്ഷണം കണ്ടെത്തി കരുതിവെയ്ക്കാനും പഠിച്ചു. വസ്ത്രങ്ങള്‍ കീറിയപ്പോള്‍ അത് തുന്നിച്ചേര്‍ത്ത് ഉപയോഗിക്കാന്‍ ശീലിച്ചു. സുരക്ഷിതമായ സ്ഥലങ്ങള്‍കണ്ടെത്തി അവിടെ വിശ്രമസ്ഥലം ഒരുക്കാനും അയാള്‍ പഠിച്ചു. ഉദയാസ്തമയങ്ങള്‍ കണക്കുകൂട്ടി യാത്രകളുടെ സമയം നിശ്ചയിച്ചു. അങ്ങോട്ടുള്ളയാത്രയില്‍ തന്നെ സഹായിച്ചവരെ കണ്ടെത്തി അവരുടെ കൂടെ കുറച്ച് ദിവസം ചെലവിട്ട് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ശ്രമിച്ചു. അയാള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും രണ്ട് വര്‍ഷം കടന്നുപോയിരുന്നു. അച്ഛനെകാണാനാണ് അവന്‍ ആദ്യം പോയത്. മകനെ കണ്ടതും അയാള്‍ കെട്ടിപിടിച്ചു. അയാള്‍ യാത്രയുടെ വിശേഷങ്ങള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: അച്ഛാ, എനിയ്ക്ക് ആ നിധി കിട്ടിയില്ല. ഞാനെത്തുന്നതിന് മുമ്പേ ആരോ അതെടുത്തിരുന്നു, എന്നോട് അച്ഛന്‍ ക്ഷണിക്കണം. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: അവിടെ അങ്ങനെ ഒരു നിധിയുണ്ടെന്ന് ഞാന്‍ നിന്നോട് കള്ളം പറഞ്ഞതാണ്. എന്തിനാണ് ഞാന്‍ അങ്ങിനെ ചെയ്തതെന്ന് പറയാം. അതിന് മുമ്പ് ഞാന്‍ ഒന്നുരണ്ടു കാര്യം ചോദിക്കട്ടെ, അങ്ങോട്ടുളള യാത്ര നിനക്ക് സന്തോഷം തന്നിരുന്നോ? ഇല്ല അച്ഛാ, അങ്ങോട്ടുളള യാത്ര എനിക്ക് വിരസവും അതികഠിനവുമായാണ് തോന്നിയത്. ആരെങ്കിലും നിധിയെടുക്കുന്നതിന് മുമ്പ് അത് കണ്ടെത്താനുളള തിരക്കായിരുന്നു എനിക്ക്. പക്ഷേ, തിരിച്ചുളള യാത്ര എനിക്ക് വളരെ രസകരമായി തോന്നി. ഒരുപാട് പേരെ അടുത്തറിഞ്ഞു. ഓരോ ദിവസവും എനിക്ക് പുതുമയുളളതായിരുന്നു. അതെന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. പല കഷ്ടതകളേയും നേരിടാനുള്ള ധൈര്യവും കഴിവും എനിക്ക് കിട്ടി. സത്യത്തില്‍ നിധികിട്ടാത്തത് പിന്നീടെന്നെ നിരാശപ്പെടുത്തിയതേയില്ല. ഒരുപാട് നന്ദിയച്ഛാ.. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാകുന്നത് നല്ലത് തന്നെയാണ്. പക്ഷേ, ആ ഓട്ടത്തിനിടയ്ക്ക് സാധാരണ സന്തോഷങ്ങള്‍ കാണാതെയും അനുഭവിക്കാതെയും പോകരുത്. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കിട്ടാനുളള ഓട്ടപ്പാച്ചിലില്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് ഇത്തരം അമൂല്യങ്ങളായ സന്തോഷങ്ങളും നിമിഷങ്ങളുമാണ്. ജീവിതം ഒരു പുഴപോലെയാണ്. ഒരു പുഴയില്‍ ഒരു തവണയേ നമുക്ക് ഇറങ്ങാന്‍ സാധിക്കൂ.. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജീവിതത്തെ അമൂല്യമാക്കുന്ന സന്തോഷങ്ങളേയും അറിവുകളേയും നിമിഷങ്ങളേയും കൂടെ കൂട്ട് ചേര്‍ക്കുക.. - ശുഭദിനം.
മീഡിയ 16