*പ്രഭാത വാർത്തകൾ* 2022 ഡിസംബർ 29വ്യാഴം

◾ബഫര്‍സോണ്‍ പ്രദേശങ്ങളുടെ സര്‍വെ നമ്പറുകള്‍ ചേര്‍ത്തുള്ള പുതിയ ഭൂപടം സര്‍ക്കാര്‍ പുറത്തിറക്കി. ഒരേ സര്‍വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തുമുണ്ട്. ഇത് വീണ്ടും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഭൂപടം പരിശോധിച്ചു പരാതി നല്‍കാനുള്ള അവസാനദിനം ജനുവരി ഏഴാണ്. സര്‍വ്വെ നമ്പര്‍ നോക്കി ജനവാസകേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായി മനസിലാക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നാണ് പരാതി.

◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ ആരോപണം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഎം പൊളിറ്റ്ബ്യൂറോ അക്കാര്യം ചര്‍ച്ച ചെയ്തില്ല. ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജനെതിരെ പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ വിഷയമാണ് ചര്‍ച്ചചെയ്തത്. ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. 

◾വിഴിഞ്ഞം തുറമുഖ പ്രദേശത്തു മല്‍സ്യബന്ധനത്തിനും മല്‍സ്യബന്ധന ബോട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പ്രദേശത്തു മല്‍സ്യബന്ധന ബോട്ടുകള്‍ നിരോധിക്കുമെന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തിനു തടസമില്ലാതെ മത്സ്യബന്ധനം നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്തു മാത്രമെ നടപ്പാക്കൂവെന്നും മന്ത്രി.

 
◾നിയമസഭാ സമ്മേളനം ജനുവരി 23 ന് ആരംഭിക്കും. ജനുവരി 25 നു സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കിയാണ് നിയമസഭാ സമ്മേളനം. കഴിഞ്ഞയാഴ്ച പിരിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണു ഒരു മാസത്തിനുശേഷം സഭ വീണ്ടും സമ്മേളിക്കുന്നത്. സഭ പിരിഞ്ഞതായി വിജ്ഞാപനം ഇറക്കിയിരുന്നില്ല.

◾കോഴിക്കോട് ജനുവരി മൂന്നിന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. ജനുവരി മൂന്നിന് രാവിലെ എട്ടരയ്ക്ക് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പതാക ഉയര്‍ത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിലാണു മത്സരങ്ങള്‍. 14,000 പേര്‍ പങ്കെടുക്കും. എ ഗ്രേഡ് നേടുന്നവര്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.

◾ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയാലേ അടുത്ത തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ താഴെയിറക്കാനാകൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തരുതെന്നും ആന്റണി പറഞ്ഞു.

◾സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു റിപ്പോര്‍ട്ടു സമര്‍പ്പിച്ച സിബിഐക്കെതിരേ ഹര്‍ജി നല്‍കില്ലെന്ന നിലപാട് സോളാര്‍ പരാതിക്കാരി മാറ്റി. ആറു കേസിലും സിബിഐയുടെ റിപ്പോര്‍ട്ടിനെതിരേ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു. നിയമോപദേശം ലഭിച്ചതനുസരിച്ചാണു നിലപാടു മാറ്റിയതെന്നും വിശദീകരണം.  

◾പോക്‌സോ കേസില്‍ തൃശൂരിലെ വൈദികന് ഏഴു വര്‍ഷം കഠിനതടവ് ശിക്ഷ. ബാലികയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ(49)യാണ് പോക്സോ കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയടയ്ക്കുകയും വേണം.

◾തൃശൂര്‍ പുറ്റേക്കരയില്‍ യുവ എന്‍ജിനിയറായ അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെ അറസ്റ്റുചെയ്തു. കാമുകിയെക്കുറിച്ചു കളിയാക്കി സംസാരിച്ചതിനാണ് കൊലപാതകം. ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. ഇരുവരും ബാറില്‍ മദ്യപിച്ചശേഷമാണ് പുറ്റേക്കരയില്‍ എത്തി അടിപിടിയും കൊലപാതകവും ഉണ്ടായത്.

◾കുമളി പ്രദേശത്തെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ചു. ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കുമളി ടൗണിലായിരുന്നു ഉപരോധം. ഏലച്ചെടികളുമായാണ് സമരക്കാര്‍ ദേശീയപാത ഉപരോധിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയിലുള്ള കുമളി പഞ്ചായത്തിലെ പന്ത്രണ്ടു വാര്‍ഡുകളാണ് ബഫര്‍സോണിലുള്ളത്.

◾അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി.പി ഹരീന്ദ്രന്റെ ആരോപണം വിവാദമായി. ആരോപണം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട്, താനങ്ങനെ പറഞ്ഞിട്ടില്ലെന്നു സുധാകരന്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെയാണ് ഹരീന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.

◾മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയയാള്‍ കൊച്ചിയില്‍ പിടിയില്‍. മുളവുകാട് ചുങ്കത്ത് സുരേഷാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കൊല്ലം നീണ്ടകര സ്വദേശി എഡിസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

◾പ്രണയപ്പക മൂലം വര്‍ക്കലയില്‍ പതിനേഴുകാരി സംഗീതയെ രാത്രി വീട്ടില്‍നിന്നിറക്കി കഴുത്തറുത്തു കൊന്ന പ്രതി ഗോപുവുമായി തെളിവെടുപ്പിനെത്തിയ പൊലീസിനെ നാട്ടുകാര്‍ തടഞ്ഞു. സംഗീതയുടെ മൃതദേഹം സംസ്‌കരിച്ചശേഷമാണ് ഒ.എസ് അംബിക എംഎല്‍എ എത്തിയത്. പ്രതിഷേധിച്ച നാട്ടുകാര്‍ എംഎല്‍എയുടെ വാഹനം അര മണിക്കൂര്‍ തടഞ്ഞിട്ടു. ഇതിനു പിറകേയാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പിന് എത്തിയത്.

◾എറണാകുളം ബസിലിക്കയിലുണ്ടായ കുര്‍ബാന സംഘര്‍ഷത്തിലെ വിമത വൈദികരെ പുറത്താക്കാന്‍ നീക്കം. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച് ജനുവരി ഏഴിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപത അന്വേഷണ കമ്മീഷനെ നിയമിച്ചു. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മൂന്നംഗ കമ്മീഷനെ നിയമിച്ചത്.

◾ക്വട്ടേഷന്‍ തലവനായ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് എം ഷാജര്‍ ട്രോഫി നല്‍കിയ സംഭവത്തില്‍ സംഘാടകര്‍ക്കു വീഴ്ച പറ്റിയെന്നും അച്ചടക്ക നടപടിയെടുത്തെന്നും സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മറ്റി. ഫോട്ടോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നതു ശരിയല്ലെന്നും കമ്മിറ്റി ആരോപിച്ചു. ആര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്നു വിശദീകരിച്ചിട്ടില്ല.

◾കഞ്ചാവ് മിഠായി വില്‍പനക്കാരായ രണ്ട് ഇതര സംസ്ഥാനക്കാര്‍ കൊച്ചി പൊലീസിന്റെ പിടിയിലായി. ആസാം സ്വദേശി സദ്ദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരാണ് മൂന്നു കിലോ 'പവര്‍' കഞ്ചാവ് മിഠായിയുമായി പിടിയിലായത്.

◾പാലായ്ക്കടുത്ത് വേഴാങ്ങാനത്ത് കമ്പി വടികൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി (53) മരിച്ചു. അയല്‍വാസികളെ അക്രമിക്കാനെത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചതിനിടെയാണ് അടിയേറ്റത്. പാലാ ചൂണ്ടച്ചേരി നിരപ്പേല്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ആന്റണി (65), മകന്‍ തോമ എന്ന ബൈജു ആന്റണി (36), ബന്ധുവായ ദേവസ്യ ആന്റണി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

◾എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾പാര്‍ലമെന്റംഗം ഉള്‍പ്പടെ റഷ്യന്‍ വിനോദ സഞ്ചാരികള്‍ ഹോട്ടലില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. റഷ്യന്‍ ജനപ്രതിനിധിയും വ്യവസായിയുമായ പവേല്‍ ആന്റോവ്, സഹയാത്രികനായ വ്‌ളാദിമിര്‍ ബിഡ്‌നോവ് എന്നിവരാണ് റായ്ഗഡിലെ ഹോട്ടലില്‍ ദുരൂഹമായി മരിച്ചത്. ആദിവാസികളെ കുറിച്ച് പഠിക്കാനും ആന്റോവിന്റെ പിറന്നാള്‍ ആഘോഷിക്കാനുമാണ് ഒഡിഷയില്‍ എത്തിയത്. ബിഡ്നോവ് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയിലായിരുന്നു. ചുറ്റുംകാലിയായ വീഞ്ഞുകുപ്പികളുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. പിറ്റേന്ന് ആന്റോവ് ഹോട്ടലിന് മുന്നില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തി. മൂന്നാം നിലയില്‍നിന്ന് താഴേക്കു വീണാണ് മരിച്ചതെന്നാണ് നിഗമനം. പവേല്‍ ആന്റോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനാണെന്നും റിപ്പോര്‍ട്ടുണ്ട്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎന്‍ മേത്താ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലാക്കിയത്.

◾കൊവിഡ് കേസുകളില്‍ അടുത്ത 40 ദിവസം നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനുവരി പകുതിയോടെ കേസുകള്‍ കൂടുമെന്നാണ് വിലയിരുത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരില്‍ രണ്ടു ദിവസം നടത്തിയ പരിശോധനയില്‍ 39 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.

◾ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിരക്കിലകപ്പെട്ട് എട്ടു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ടിഡിപി പത്ത് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

◾ജാര്‍ഖണ്ഡ് നടി റിയ കുമാറിനെ കൊള്ളസംഘം വെടിവെച്ചു കൊന്നു. ബംഗാളിലെ ഹൗറയില്‍ ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണു വെടിയേറ്റത്. കൊല്‍ക്കത്തയിലേക്കു കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാര്‍ നിര്‍ത്തി. റിയ കുമാരി, ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാര്‍, രണ്ടു വയസുള്ള മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

◾മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിഞ്ച് ഭൂമി വിട്ടുനല്‍കില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടുത്തണമെന്നു മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കി. സുപ്രീം കോടതിയെയും കേന്ദ്രത്തെയും സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഇല്ല. ഗാന്ധിജിയെ ഒഴിവാക്കിയതിനു നന്ദിയെന്നു പരിഹസിച്ച് പൗത്രന്‍ തുഷാര്‍ ഗാന്ധി ട്വിറ്ററില്‍. 'ഡിജിറ്റല്‍ കറന്‍സിയില്‍ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാറിനും നന്ദി. കറന്‍സി നോട്ടുകളില്‍ കൂടി അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കണം'- തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

◾മൈസൂരില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം. പിരിയപട്ടണയിലെ ഗോണിക്കൊപ്പ സെന്റ് മേരീസ് പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

◾വിരമിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യനില വഷളായി. 95 വയസുണ്ട്. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.

◾ഒളിമ്പിക്സ് മല്‍സരങ്ങള്‍ക്കു വേദിയാകാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് സ്പോര്‍ട്സ് യുവജന കാര്യമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. പതിമൂന്നു വര്‍ഷം കഴിഞ്ഞ് 2036 ല്‍ നടക്കുന്ന ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്തണമെന്നാണ് ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ അംഗങ്ങളുടെ യോഗത്തില്‍ അവതരിപ്പിക്കും. മന്ത്രി പറഞ്ഞു.

◾ഐഎസ്എല്ലില്‍ എഫ്.സി ഗോവയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍. ഈ ജയത്തോടെ 12 കളികളില്‍ നിന്ന് 23 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

◾ഇ- കൊമേഴ്സ് രംഗത്ത് പുതിയ നീക്കങ്ങളുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടാറ്റ ക്ലിക് നടത്തിപ്പുകാരായ ടാറ്റ യൂണിസ്റ്റോറിന്റെ ഉടമസ്ഥാവകാശം ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് മാറ്റാനാണ് പദ്ധതി. ടാറ്റ ഇന്‍ഡസ്ട്രീസിന്റെയും ടാറ്റ ട്രെന്റിന്റെയും സംയുക്ത ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടാറ്റ യൂണിസ്റ്റോര്‍. ഏകദേശം 750 കോടിയോളമാണ് ടാറ്റ യൂണിസ്റ്റോറിന്റെ മൂല്യം. പുതിയ നീക്കങ്ങളിലൂടെ ടാറ്റ ഡിജിറ്റലിന് കീഴില്‍ ഇ- കൊമേഴ്സ് ബിസിനസുകളുടെ ഏകീകരണമാണ് ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗിലെ വിവരങ്ങള്‍ പ്രകാരം, ടാറ്റ ന്യൂ, ബിഗ് ബാസ്‌ക്കറ്റ്, ക്രോമ എന്നിവ ഉള്‍പ്പെടെ ടാറ്റയുടെ എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംരംഭങ്ങളുടെയും ഏക സ്ഥാപനമായി ടാറ്റ ഡിജിറ്റല്‍ മാറുന്നതാണ്. ഇതോടെ, ഇ- കൊമേഴ്സ് രംഗത്ത് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മിന്ത്ര എന്നിവരാണ് ടാറ്റയുടെ പ്രധാന എതിരാളികളായി ഉണ്ടാവുക. കഴിഞ്ഞയാഴ്ച, കമ്പനി ടാറ്റ ഡിജിറ്റലിന്റെ അംഗീകൃത മൂലധനം 20,000 കോടിയില്‍ നിന്ന് 21,000 കോടിയായി ഉയര്‍ത്തുകയും 750 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. കടം വീട്ടാനും ബിസിനസ് വിപുലീകരിക്കാനുമാണ് ഇത് ചെയ്തത്. സെപ്റ്റംബറില്‍ കമ്പനിയുടെ അംഗീകൃത മൂലധനം 15,000 കോടിയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തി. മാര്‍ച്ചില്‍ ഓഹരി മൂലധനം 11,000 കോടിയില്‍ നിന്ന് 15,000 കോടിയായി ഉയര്‍ത്തി.

◾സുന്ദീപ് കിഷന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'മൈക്കിള്‍'. രഞ്ജിത്ത് ജെയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രഞ്ജിത്ത് ജെയകൊടിയുടേത് തന്നെ. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന 'മൈക്കിളിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അയ്യപ്പ ശര്‍മ, ഗൗതം വാസുദേവ് മേനോന്‍, ദിവ്യാന്‍ശ കൗശിക്, വരുണ്‍ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന 'മൈക്കിളി'ലെ 'നീവുന്റെ ചാലു' എന്ന മനോഹരമാണ് ഗാനമാണ് പുറത്തുവിട്ടത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ ശ്രദ്ധേയനായ സുന്ദീപ് കിഷന്‍ ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

◾മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ വിജയമായിരുന്ന ജയ ജയ ജയ ജയ ഹേ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദര്‍ശന രാജേന്ദ്രനെ ടൈറ്റില്‍ കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും തിയറ്ററുകളില്‍ ചുരുക്കം പ്രദര്‍ശനങ്ങള്‍ തുടരുന്നുണ്ട്. ഹിറ്റ് സിനിമകളിലെ നായകന്‍ ബേസില്‍ ജോസഫ് ആയിരുന്നു ജയ ജയ ജയ ജയ ഹേയിലെയും നായകന്‍. ഇപ്പോള്‍ പുറത്തുവിട്ട 'പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ' എന്നാരംഭിക്കുന്ന ഗാനം വയനാട്ടിലെ പാലിയര്‍ സമൂഹത്തിന്റെ ചൊല്‍പ്പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്നതാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. അങ്കിത് മേനോനോടൊപ്പം ഉന്മേഷ് പൂങ്കാവും ചേര്‍ന്നാണ് ആലാപനം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

◾ചെറു എസ്യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി സിട്രോണ്‍ എത്തുന്നു. പത്തു മുതല്‍ 12 ലക്ഷം രൂപ വരെ വിലയില്‍ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 30.2 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയില്‍ വിപണിയിലെത്തും. ഇന്ത്യയില്‍ നിര്‍മിച്ച് സി 3 ഇലക്ട്രിക് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോണ്‍ പദ്ധതി. നിലവില്‍ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുകയെന്നും ഇന്ത്യന്‍ കമ്പനികളുടെ ബാറ്ററിയിലേക്ക് സമീപഭാവിയില്‍ മാറാന്‍ പദ്ധതിയുണ്ടെന്നുമാണ് സിട്രോണ്‍ അറിയിക്കുന്നത്. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. 30.2 കിലോവാട്ട് അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയും 3.3 കിലോവാട്ട് ചാര്‍ജറും സി3 ഇലക്ട്രിക്കിന് ലഭിക്കും. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനായി വര്‍ഷം 25000 യൂണിറ്റുകള്‍ നിര്‍മിക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം എന്ന പ്രത്യേകതയോടെയാണ് സിട്രോണ്‍ സി3 എത്തിയത്. 1.2 ലിറ്റര്‍ പ്യുര്‍ടെക്110, 1.2 ലിറ്റര്‍ പ്യുര്‍ടെക്82 എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.

◾ഇരുള്‍ പടന്ന വഴിത്താരകളിലേക്ക് ഇടയ്ക്കൊരു മിന്നാമിന്നി പ്രകാശം പരത്തുന്നു. ആ പ്രകാശത്തില്‍ കഥാകാരി തന്റെ പേനത്തുമ്പിലെ നിധിശേഖരം കാണിച്ച് നമ്മെ ക്ഷണിക്കുന്നു. മുഷിവില്ലാതെ വായിച്ചു പോകാവുന്നവയാണ് ഓരോ കഥയും. കഥകള്‍ പൂര്‍ണ്ണത തേടുന്നത് വായനക്കാരന്റെ മനസ്സിലാണല്ലോ. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യശാഖയുടെ ഇങ്ങേ അറ്റത്ത് ഒരുപിടി കഥകള്‍ കയ്യിലും അതിലേറെ കഥാബീജങ്ങള്‍ മനസ്സിലും നിറച്ച് ജോസ്സി ബിഹേപ്പി എന്ന കഥാകാരി വായനാസമൂഹത്തിനു മുന്നില്‍ നില്‍ക്കുന്നു. 'നിള'. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

◾വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്ന ശീലം നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും രോഗങ്ങളില്‍ നിന്നും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സുരക്ഷ നേടുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനുമെല്ലാം ഉറക്കം അനിവാര്യമാണ്. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതുണ്ട്. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വലിയ ഗുണങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിനൊരു 'ജൈവ ക്ലോക്ക്' ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിനൊരു പ്രവര്‍ത്തനക്രമം ഉണ്ട്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്. ശരീരത്തിന് പലപ്പോഴും എന്ത് - എപ്പോഴാണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ വരാം. ഇത് മിക്കവരിലും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ വയറ് സംബന്ധമായ പ്രശ്നങ്ങള്‍, ഉത്കണ്ഠ- വിഷാദം പോലുള്ള പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കാം. ഭക്ഷണം- ഉറക്കം എന്നിവയ്ക്കെല്ലാം സമയക്രമം നല്‍കുന്നത് ഒരുപാട് രോഗങ്ങള്‍ ചെറുക്കുന്നതിന് സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
പ്രാചീന ഗ്രീസില്‍ അതിസമ്പന്നരായ മാതാപിതാക്കളുടെ ഏകമകനായിരുന്നു ദെമോസ്തനീസ്. അവന്‍ തീരെ കുഞ്ഞായിരിക്കുന്നമ്പോള്‍ അവന്റെ അമ്മ മരിച്ചു. ഏഴാം വയസ്സില്‍ അച്ഛനും അവനെ വിട്ടുപോയി. മുത്തശ്ശന്‍ മാത്രമായിരുന്നു അവന്റെ ഏക ആശ്രയം. അവന്റെ മറ്റു ബന്ധക്കളെല്ലാം അവന്റെ സ്വത്തുമുഴുവന്‍ സ്വന്തമാക്കി. അവന് നല്ല ഭക്ഷണമോ, വിദ്യാഭ്യാസമോ, വസ്ത്രമോ അവര്‍ നല്‍കിയില്ല. മുത്തശ്ശന്‍ ബന്ധുക്കളോട് അവന് വേണ്ടി ഇതെല്ലാം ആവശ്യപ്പെട്ടെങ്കിലും അവര്‍ അതൊന്നും കേട്ടഭാവം നടിച്ചില്ല. നല്ല ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ ആ കുഞ്ഞ് വളരെയധികം അസുഖങ്ങളുമായി വളര്‍ന്നു. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ വിക്കും അവനെ തേടി വന്നു. ആളുകള്‍ അവനെ ഭ്രാന്തനെന്ന് വിളിച്ചു. ഒരിക്കല്‍ അച്ഛന്റെ കൂട്ടുകാരന്‍ അവനെ കണ്ടപ്പോള്‍ ചോദിച്ചു: എന്തിനാണ് നീയിങ്ങനെ ഒരു ഭ്രാന്തനെപ്പോലെ കിടന്ന് അലയുന്നത്. നിനക്ക് വൃത്തിയായി നടന്നുകൂടെ, നല്ല വസ്ത്രം ധരിച്ചുകൂടെ, നിന്റെ അച്ഛന്റെയും അമ്മയുടേയും സ്വത്ത് നിനക്കുള്ളതല്ലേ.. ഈ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ അവന്‍ നടന്ന് കവലയിലെത്തി. അവിടെ ഒരാള്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു. അയാളുടെ പ്രസംഗം തീര്‍ന്നപ്പോഴും അവന്‍ അവിടേയ്ക്ക് തന്നെ നോക്കി നിന്നു. അവന്റെ കണ്ണുകള്‍ തിളങ്ങി. അവന്‍ തന്നോട് തന്നെ പറഞ്ഞു. എനിക്ക് പ്രാസംഗികനാകണം.. അവന്‍ ഒരു ഡോക്ടറെ കണ്ട് തന്റെ വിക്ക് മാറ്റി തരണമെന്ന് ആവശ്യപ്പെട്ടു. വിക്ക് ഒരിക്കലും മാറ്റാന്‍ സാധിക്കില്ലെന്നും അതുമായി പൊരുത്തപെടാനും ഡോക്ടര്‍ ഉപദേശിച്ചു. പിന്നീട് അവന്‍ അടുത്തുള്ള ലൈബ്രറിയില്‍ കയറി ധാരാളം പുസ്തകങ്ങള്‍ എടുത്തു, അതുമായി തന്റെ കുടുസ്സുമുറിയില്‍ ഇരുന്നു വായിച്ചു. ദിവസം പതിനാറ് മണിക്കൂറോളം വായിക്കാനായി ചിലവിട്ടു. അങ്ങനെ രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയി. അവന്‍ പ്രസംഗിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ വിക്ക് കാരണം ഒരു വരിപോലും മുറിയാതെ പറയാന്‍ ആയില്ല്. ആളുകള്‍ കളിയാക്കി .. ഭ്രാന്തന്‍ എന്ന് വിളിച്ചു. അവന്‍ കടല്‍ക്കരയിലേക്ക് പോയി... അവിടെ നിന്ന് ഉറക്കെ തനിക്ക് പറയാനുളളതെല്ലാം കടലിനോട് പറഞ്ഞു. മുറിഞ്ഞുപോയ വാക്കുകളെ കൂട്ടിച്ചേര്‍ത്തു. കുന്നിന്‍മുകളില്‍ ഓടിക്കയറി അവിടെ നിന്നും ഉറക്കെയുറക്കെ സംസാരിച്ചുകൊണ്ടിരുന്നു. നാവിനടിയില്‍ കല്ല് വച്ച് അവന്‍ പരിശീലനം തുടര്‍ന്നു. അവന് ഇരുപത് വയസ്സായി .. അയാള്‍ തന്റെ മുത്തശ്ശനോട് തന്റെ സ്വത്ത് മുഴുവന്‍ താന്‍ തിരിച്ച് വാങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞു. അവന്‍ ബന്ധുക്കള്‍ക്കെതിരെ കേസ് കൊടുത്തു. അവര്‍ അവനെ ഭീഷണിപ്പെടുത്തി. കോടതിയില്‍ കേസ് വാദിക്കാന്‍ പ്രഗത്ഭരായ വക്കീലിനെ ഏര്‍പ്പെടുത്തി. പക്ഷേ, തന്റെ കേസ് ദെമോസ്തനീസ് സ്വന്തമായി വാദിക്കാനാണ് തീരുമാനിച്ചത്. വാദിക്കാനായി അയാള്‍ എഴുന്നേറ്റപ്പോഴേ കോടതിയിലെ ആളുകള്‍ മുഴുവന്‍ കളിയാക്കി ചിരിച്ചു. പക്ഷേ, പിന്നീട് പിറന്നത് ചരിത്രമായിരുന്നു. 40 മിനിറ്റ് നീണ്ടുനിന്ന കോടതിമുറിയിലെ തന്റെ വാദത്തില്‍ തനിക്കനുകൂലമായ തെളിവുകളും രേഖകളും ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് ഒരു വാഗ്മിയുടെ വാക്ചാതുര്യത്തോടെ കത്തിക്കയറിയ ദെമോസ്തനീസിന്റെ വാക്കുകള്‍ അവിടെകൂടിയ ആളുകളെ കോരിത്തരിപ്പിച്ചു. ആ ഒരൊറ്റ വാദത്തിലൂടെ ഭ്രാന്തന്‍ എന്ന് വിളിച്ചവര്‍ ആദരവോടെ തന്നെ നോക്കുന്നത് കണ്ട് അയാള്‍ പുഞ്ചിരിച്ചു. അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ രാജാവിന്റെ ചെവിയിലുമെത്തി. രാജാവ് അയാളെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ന് ദേമോസ്തനീസ് അറിയപ്പെടുന്നത് പ്രസംഗകലയുടെ പിതാവ് എന്നാണ് പരിഹാസങ്ങളും വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വരാം. ഇത് ജീവിതമാണ്.. പക്ഷേ, അതിനുമുന്നില്‍ പതറാതെ പരിശ്രമിക്കുന്നവര്‍ക്ക് ജീവിതം ഉയരങ്ങള്‍ കരുതിവെച്ചിട്ടുണ്ടാകും - ശുഭദിനം.
മീഡിയ 16 ന്യൂസ്‌