◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത. ആരോപണം മറച്ചുവച്ച് ജയരാജനെ സംരക്ഷിക്കാനാണു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ആരോപണം വെറും മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പൊളിറ്റ് ബ്യൂറോയില്‍ അങ്ങനെയൊരു ചര്‍ച്ചയും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബഫര്‍സോണ്‍ ചര്‍ച്ചയായില്ല. കൊവിഡ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ദേശീയ പാത വികസന പുരോഗതിയും ജല്‍ ജീവന്‍ മിഷനും ചര്‍ച്ച ചെയ്തു. കഥകളി ശില്‍പം പ്രധാനമന്ത്രിക്കു സമ്മാനിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവില്‍ അപടകത്തില്‍പ്പെട്ടു. ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയില്‍ മൈസൂരിനടുത്ത് കടഗോളയിലാണ് അപകടമുണ്ടായത്. ആര്‍ക്കും ഗുരുതരമായ പരിക്കില്ല. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. ഡ്രൈവറാണ് വാഹനമോടിച്ചിരുന്നത്. യാത്രക്കിടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
◾പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി പതിനായിരം കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനം. കൊച്ചിയില്‍ ബിസിനസ് അലയന്‍സ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങള്‍ എന്നിവയുടെ വിപണി വിപുലീകരിക്കുന്നതിനാണ് ബിസിനസ് അലയന്‍സ് മീറ്റ് സംഘടിപ്പിച്ചത്.
◾തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്തു സംബന്ധിച്ചു കേസെടുത്ത തദ്ദേശ സ്ഥാപന ഓംബുഡ്സ്മാന്റെ നടപടി റദ്ദാക്കണമെന്ന ആവശ്യം തള്ളി. നടപടികള്‍ തുടരുമെന്ന് ഓംബുഡ്സ്മാന്‍.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ പ്രതിഷേധക്കാരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍. കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളെയാണ് ചര്‍ച്ചക്കു വിളിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് ചര്‍ച്ച. ആദ്യഘട്ട ചര്‍ച്ചക്കുശേഷവും പ്രതിഷേധം തുടരുകയും ബിജെപി അടുത്തയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചത്.
◾മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ഡിസംബര്‍ 31 നു രാവിലെ മുതലേ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കൂ. ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡല മഹോത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ 41,225 പേര്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തത്.
◾കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരന്‍. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാന്‍ ചില നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ സുധാകരന്‍ തള്ളി. പ്രസിഡന്റായി തുടരുമെന്ന എഐസിസിയുടെ പ്രഖ്യാപനം വൈകുന്നതില്‍ സുധാകരന് അതൃപ്തിയുണ്ട്. അനാരോഗ്യം ആരോപിച്ചതില്‍ കഴമ്പില്ലെന്നു കാണിക്കാന്‍ സുധാകരന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ സുധാകരന്‍തന്നെ പോസ്റ്റു ചെയ്തിരുന്നു.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളാണെന്ന് എന്‍ഐഎ. ഗള്‍ഫ് രാജ്യങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനു നൂറിലധികം അക്കൗണ്ടുകളുണ്ട്. വിദേശത്തുള്ള നിരവധി പേര്‍ ഈ എക്കൗണ്ടുകളിലേക്കു പണം അയക്കാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.
◾കേരളത്തില്‍ ലഹരിക്കേസുകള്‍ ഇരട്ടിയായി. ഈ വര്‍ഷം ഡിസംബര്‍ 26 വരെ 6,038 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5,961 പേരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം 3,916 പേരെയാണ് അറസ്റ്റു ചെയ്തത്.
◾മണല്‍ മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയ രണ്ടു പോലീസ് എസ്ഐമാര്‍ക്കു സസ്പെന്‍ഷന്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ജോയി മത്തായി, അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ സസ്പെന്‍ഡു ചെയ്തത്. ഗൂഗിള്‍ പേ വഴി അബ്ദുള്‍ റഹ്‌മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.
◾അട്ടപ്പാടിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന്‍ എഐവൈഎഫ് നേതാവിനെ കൈയേറ്റം ചെയ്ത കേസില്‍ അറസ്റ്റിലായി. മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായ രാജ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്നലെ സസ്പെന്‍ഡു ചെയ്തിരുന്നു. ഭൂതുവഴി സ്വദേശിയായ അലിഅക്ബറിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
◾മലയോര ഹൈവേ പണികള്‍ക്കായി മാനന്തവാടി ടൗണില്‍ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഓവുചാലുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
◾പതിനായിരത്തിലേറെ സാന്താക്ലോസുമാര്‍ തൃശൂര്‍ നഗരം കീഴടക്കി. ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ ബോണ്‍ നതാലെ ക്രിസ്മസ് കരോള്‍ ഘോഷയാത്ര കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. കേന്ദ്രമന്ത്രി ജോണ്‍ ബെര്‍ള ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. റവന്യൂ മന്ത്രി കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എംപി, മേയര്‍ എം.കെ. വര്‍ഗീസ്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയവര്‍ ഘോഷയാത്ര നയിച്ചു.
◾പാലക്കാട് മരുതറോഡ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കവര്‍ച്ചയില്‍ മോഷണ മുതലുകള്‍ വിറ്റ ഡോക്ടര്‍ കോടതിയില്‍ കീഴടങ്ങി. ഏഴര കിലോ പണയ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും അടക്കം മൂന്നു കോടിയോളം രൂപയുടെ മുതലുകള്‍ കവര്‍ന്ന കേസിലെ മൂന്നാം പ്രതിയും മഹാരാഷ്ട്ര സത്താറ സ്വദേശിയുമായ ഡോ. നീലേഷ് മോഹന്‍ സാബ്ള (34) ആണ് കീഴടങ്ങിയത്. കേസിലെ മൂന്നു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾എട്ടു ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. വിദേശത്ത് നിന്നു സ്വര്‍ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കൊല്ലം സ്വദേശിനി ഡീനയും യുവതിയുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. വയനാട് സ്വദേശി സുബൈറിനായി കൊണ്ടുവന്ന സ്വര്‍ണമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കേരളാ സര്‍ക്കിള്‍ പരിധിയിലെ 1250 ക്ലര്‍ക്കുമാരെ മാര്‍ക്കറ്റിംഗ് ജോലിയിലേക്കു മാറ്റിയതിനെതിരെ പ്രതിഷേധം. തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് നടപടി. ഇത്രയും പേര്‍ മാര്‍ക്കറ്റിംഗിലേക്കു മാറിയാല്‍ സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് തൊളിലാളി സംഘടനകളുടെ ആരോപണം.
◾എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തുനിന്ന് ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.
◾കൊല്ലം കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളില്‍ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത 11 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും സ്ഥിരീകരിച്ചില്ല.
◾ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടില്‍ ശരത് (26), തൈപ്പറമ്പില്‍ വീട്ടില്‍ ജസ്റ്റിന്‍ (24) എന്നിവരെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിഖില്‍ദാസ്, ഗോകുല്‍ എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
◾പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്.
◾മഞ്ഞുവീഴ്ചമൂലം കൂടുതല്‍ ആളപായമുണ്ടായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ. വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.
◾ട്വിറ്ററിലെ സെര്‍ച്ച് ഫീച്ചറിലെ തകരാറുകള്‍ പരിഹരിക്കാന്‍ മസ്‌കിനൊപ്പം കൂടിയ ഹാക്കറും രാജിവച്ചു. ഒരുമാസം തികയുന്നതിന് മുന്‍പാണ് ജോര്‍ജ് ഹോട്‌സ് എന്ന ഹാക്കര്‍ ട്വിറ്റര്‍ വിട്ടത്. ദീര്‍ഘനാള്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് തുടക്കത്തിലെ ഹോട്‌സ് അറിയിച്ചിരുന്നു.
◾ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചപ്പോള്‍ റിഷഭ് പന്ത് രണ്ട് ടീമിലും ഉള്‍പ്പെട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന, യുവതാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത ട്വന്റി20 ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയേയും വിരാട് കോലിയേയും മാറ്റി നിര്‍ത്തി. അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത് ശര്‍മ നായകനായി തിരികെയെത്തും. വിരാട് കോലിയും ടീമിലിടം നേടി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി 3 ന് ട്വന്റി20 പരമ്പരയും ജനുവരി 10 ന് ഏകദിന പരമ്പരയും ആരംഭിക്കും.
◾പണപ്പെരുപ്പത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന വായ്പാ ചെലവുകള്‍ 2023-ല്‍ ലോകത്തെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ലോക സമ്പദ് വ്യവസ്ഥ 2022-ല്‍ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞെങ്കിലും കുതിച്ചുയരുന്ന വിലയ്ക്കെതിരായ പോരാട്ടം തുടരുന്നതിനാല്‍ 2023-ല്‍ ഈ വളര്‍ച്ച സ്തംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ചുരുങ്ങുമെന്നും 2023 ല്‍ ആഗോള ജിഡിപി 2 ശതമാനത്തില്‍ താഴെ വളരാന്‍ 25 ശതമാനം സാധ്യതയുണ്ടെന്നും ഒക്ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2037 ല്‍ എത്തുമ്പോള്‍ ലോക മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാകും. ഇതില്‍ കിഴക്കന്‍ ഏഷ്യയും പസഫിക് മേഖലയും ആഗോള ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് വരും. അതേസമയം യൂറോപ്പിന്റെ വിഹിതം അഞ്ചിലൊന്നില്‍ താഴെയായി ചുരുങ്ങും. 2035-ല്‍ 10 ട്രില്യണ്‍ ഡോളറിന്റെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും 2032-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ യുകെ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി തുടരും. ഫ്രാന്‍സ് ഏഴാം സ്ഥാനത്തും. അതേസമയം ബ്രിട്ടന്‍ വേഗത്തില്‍ വളരുകയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
◾ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബുള്ളറ്റ് ഡയറീസി'ലെ പ്രമോ ഗാനം പുറത്തുവിട്ടു. 'ഞാനും എന്‍ ആടും' എന്നു തുടങ്ങുന്ന ഗാനം യാത്രകളെ അടിസ്ഥാനമാക്കിയണ് ചിത്രീകരിച്ചിരിക്കുന്നത്. നോബിന്‍ മാത്യു സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്റര്‍, ഗോകുല്‍ പി, നോബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ്. നേരത്തെ ബുള്ളറ്റ് ഡയറി ടീം പുറത്തുവിട്ട ഓണപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരുക്കുന്നത് ബിത്രിഎം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്റെ സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സൌബിന്‍ അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തെ ഒരു സ്ത്രീ കഥാപാത്രം പറയുന്ന അനുഭവത്തിലൂടെ പരിചയപ്പെടുത്തുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.
◾ഇന്ത്യന്‍ നിരത്തുകളില്‍ രണ്ടാം വരവിന്റെ സൂചനകള്‍ നല്‍കി മോപ്പഡ് ബൈക്ക് കൈനറ്റിക് ലൂണ. കൈനറ്റിക് ലൂണയുടെ ഇലക്ട്രിക് പതിപ്പാണ് ഇത്തവണ പുറത്തിറക്കാന്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി, നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ രേഖകള്‍ അനുസരിച്ച്, ഇ- ലൂണയ്ക്ക് വേണ്ടിയുള്ള ഫ്രെയിം ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 5,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള സൗകര്യങ്ങളാണ് ലൂണയ്ക്കായി കൈനറ്റിക് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2023- ന്റെ ആദ്യ പാദത്തിലാണ് ഇ- ലൂണ ഇന്ത്യ നിരത്തുകളില്‍ തിരിച്ചെത്തുക. ഇവയുടെ സവിശേഷതകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 1972- ലാണ് രാജ്യത്താദ്യമായി ലൂണ പുറത്തിറങ്ങുന്നത്. ഒരു കാലത്ത് നിരത്തുകളില്‍ കൈനറ്റിക് ലൂണ സജീവ സാന്നിധ്യമായിരുന്നു.
◾സൂര്യസമാനം വിളങ്ങുന്ന കുണ്ഡലങ്ങളുമായി, രാജലക്ഷണങ്ങളോടെ പിറന്ന കുഞ്ഞ്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ച യോദ്ധാവ്, കൗരവശ്രേഷ്ഠന്‍ ദുര്യോധനന്റെ ആത്മമിത്രം, അംഗരാജ്യത്തിലെ യുവരാജാവ്... പ്രശംസകളുടെയും വിശേഷണങ്ങളുടെയും കവചത്തിനുള്ളിലും ആ സൂതപുത്രന്‍ അശാന്തനും അരക്ഷിതനുമായിരുന്നു. ജീവിതത്തില്‍ തുടര്‍ക്കഥയായ തിരസ്‌കാരവും, 'നീചകുലജാതന്‍' എന്ന അധിക്ഷേപവും, സ്വസഹോദരങ്ങളോടും കൃഷ്ണഭഗവാനോടും അടരാടേണ്ട നിര്‍ഭാഗ്യവും ആ കവചത്തെ നെടുകെ പിളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും, യുദ്ധക്കളത്തില്‍ അവന്‍ എതിരാളികളോട് സുധീരം പോരാടി; അവസാനശ്വാസവും അവസാനതുള്ളി രക്തവുംകൊണ്ട് ഹൃദയബന്ധുക്കളോടുള്ള കടംവീട്ടി; ''കര്‍ണനു തുല്യനായൊരു വില്ലാളി ഭൂമിയില്‍ ജനിച്ചിട്ടില്ല'' എന്ന സ്തുതി മരണാനന്തരം ഏറ്റുവാങ്ങി. 'കര്‍ണകഥ കുട്ടികള്‍ക്ക്'. ഡോ ഗോപി പുതുക്കോട്. എച്ച്ആന്‍ഡ്സി ബുക്സ്. വില 80 രൂപ.
◾പെട്ടെന്നുണ്ടാകുന്ന ഹൃദയ സ്തംഭനത്തെ അതിജീവിക്കാന്‍ സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന് പഠനം. ഹൃദയം നിലച്ച് പോകുന്ന അവസ്ഥയില്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ നല്‍കേണ്ട സിപിആര്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പ്രകടമല്ലാത്തത് മൂലമാകാം സിപിആര്‍ ലഭിക്കാന്‍ വൈകുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ഹൃദയം നിലച്ച് 10 മുതല്‍ 20 മിനിറ്റുകള്‍ക്കകം രക്തചംക്രമണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് ഏതാനും നിമിഷങ്ങള്‍ക്കകം രോഗിക്ക് സിപിആര്‍ നല്‍കി തുങ്ങേണ്ടത് അനിവാര്യമാണ്. പെട്ടെന്ന് സിപിആര്‍ നല്‍കിയാല്‍ അതിജീവന സാധ്യത മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനാകും. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വകലാശാലയാണ് പഠനം നടത്തിയത്. പെട്ടെന്ന് ഹൃദയ സ്തംഭനം ഉണ്ടായ ഒരു ലക്ഷത്തിലധികം പേരുടെ വിവരങ്ങളും പതിനായിരത്തിലധികം ഡിഎന്‍എ സാംപിളുകളും ഉള്‍പ്പെട്ട യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഡാറ്റ പഠനത്തിനായി ഉപയോഗിച്ചു. പുരുഷന്മാരില്‍ ഹൃദയം നിലയ്ക്കുന്നതുമായി ബന്ധപ്പെട്ട് നെഞ്ചു വേദന, നെഞ്ചിന് കനം തുടങ്ങിയ പ്രകടമായ ലക്ഷണങ്ങള്‍ കാണാറുണ്ട്. അതേസമയം സ്ത്രീകളില്‍ മനംമറിച്ചില്‍, ക്ഷീണം, ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താല്‍ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം. പുകവലി ഒഴിവാക്കേണ്ടതും അനിവാര്യമാണ്. ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി രോഗമോ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ രാജാവ് വലിയ ദേഷ്യക്കാരനായിരുന്നു. ചെറിയ കുററങ്ങള്‍ക്ക് പോലും തൂക്കുമരണമായിരുന്നു രാജാവ് നല്‍കിയിരുന്നത്. ഒരു ദിവസം ജോലിക്കാരിലൊരാള്‍ കൊട്ടാരത്തിലുണ്ടായിരുന്ന 20 പൂപ്പാത്രങ്ങളിലൊന്ന് പൊട്ടിച്ചു. അറിയാതെ പറ്റിപ്പോയ ആ തെറ്റിന് രാജാവ് നല്‍കിയത് മരണശിക്ഷയായിരുന്നു. ഈ കഥയറിഞ്ഞ ഒരു വൈദികന്‍ രാജാവിനെ മുഖം കാണിക്കാനെത്തി. അയാള്‍ രാജാവിനോട് പറഞ്ഞു: എനിക്ക് അയാള്‍ പൊട്ടിച്ച ആ പൂപാത്രം ശരിയാക്കിയെടുക്കാന്‍ സാധിക്കും. രാജാവ് സമ്മതിച്ചു. കൊട്ടാരത്തിനുള്ളിലെത്തിയ അയാള്‍ മറ്റ് 19 പാത്രങ്ങളും അടിച്ചുപൊട്ടിച്ചു. സംഭവമറിഞ്ഞ് രാജാവ് ദേഷ്യത്തോടെ ഓടിയെത്തി. ആ വൃദ്ധന്‍ പറഞ്ഞു: ഈ പാത്രങ്ങള്‍ ഇവിടെയിരുന്നാല്‍ ഭാവിയില്‍ അതാരുടെയെങ്കിലും അശ്രദ്ധയാല്‍ പൊട്ടും. താങ്കള്‍ ആ 19 പേര്‍ക്കും തൂക്ക് കയര്‍ നല്‍കും. അതിനേക്കാള്‍ നല്ലതല്ലേ ഞാനൊരാള്‍ മരിക്കുന്നത്. അങ്ങ് എന്നെ വധിച്ചോളൂ.. രാജാവിന് തന്റെ തെറ്റ് മനസ്സിലായി. അദ്ദേഹം ആ ജോലിക്കാരനെ വെറുതെവിട്ടു. തീര്‍പ്പുകള്‍ രണ്ടുവിധത്തില്‍ സംഭവിക്കാം. അഹന്തയുടെ അകമ്പടിയിലും അനന്തരഫലത്തിന്റെ ഫലം കൊണ്ടും. വിധി ന്യായങ്ങള്‍ക്ക് തിരുത്തല്‍ ശേഷിയുണ്ടാകണം. ചെയ്ത കുററവും ഏല്‍ക്കുന്നശിക്ഷയും തമ്മില്‍ പാരസ്പര്യമുണ്ടാകണം. ആളിനല്ല,. തെററിനാണ് ശിക്ഷ വിധിക്കേണ്ടത് എന്ന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമുക്ക് ഓര്‍ക്കാം - ശുഭദിനം.
മീഡിയ 16 ന്യൂസ്