*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 23 | വെള്ളി |

◾മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. രാജ്യാന്തര യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ക്കു കോവിഡ് പരിശോധന നടത്തും. പൊതു ഇടങ്ങളില്‍ മാസ്‌ക് വേണം. സാമൂഹിക അകലം പാലിക്കണം. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കൊവിഡ് വാക്സിനേഷന്‍ എത്രയും വേഗം എടുക്കണം. കേന്ദ്ര നിര്‍ദേശമനുസരിച്ച് എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

◾കോവിഡ് വ്യാപനത്തെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്‌ക് ഉള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമാക്കണം. കൊവിഡ് പരിശോധന വര്‍ധിപ്പിക്കണം. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.

◾ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസില്‍ വൈകൃതങ്ങള്‍ കാണിക്കുന്നവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ക്രിമിനലുകളെ നേരിടാനുള്ള പൊലീസില്‍ ക്രിമിനലുകള്‍ വേണ്ട. അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളില്‍നിന്ന് രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തുപോകാന്‍ ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി. കാമ്പസിലേക്കു പോകാന്‍ വാര്‍ഡന്റെ അനുമതി മതി. മറ്റാവശ്യങ്ങള്‍ക്കു പുറത്തുപോകാന്‍ രക്ഷാകര്‍ത്താക്കളുടെ അനുമതി വേണം. സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

◾ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്തുകൊണ്ട് നിയമസഭ പാസാക്കിയ ബില്‍ രാജ്ഭവനില്‍ എത്തി. നിയമസഭ പാസാക്കിയ ബില്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പത്താം ദിവസമാണ് രാജ്ഭവനില്‍ എത്തിയത്. ബില്‍ പരിശോധിച്ച് നിയമോപദേശം തേടിയശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുമെന്നാണു ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്.

◾റോഡരികിലെ തോരണചരട് കഴുത്തില്‍ കുരുങ്ങി തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി ഹാജരാകണമെന്നു ഹൈക്കോടതി. സംഭവം ഭയാനകമാണ്. ദുരന്തം ഉണ്ടാകാന്‍ അധികൃതര്‍ കാത്തിരിക്കുകയാണ്. കോടതി വിമര്‍ശിച്ചു. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനത്തിനു കെട്ടിയ തോരണച്ചരടു കുടുങ്ങിയാണു പരിക്കേറ്റത്. അനധികൃതമായി കൊടിതോരണവും ബാനറും വയ്ക്കുന്നവര്‍ കാറില്‍ യാത്ര ചെയ്യുന്നവരാണ്. അത്തരക്കാരല്ല, സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി വിമര്‍ശിച്ചു.

◾തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ പിഡബ്ല്യുഡി ഓവര്‍സിയര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മുള്ളൂര്‍ക്കര സ്വദേശി സുപര്‍ണ്ണയെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. റോഡു പണിയുടെ കരാര്‍ ഏറ്റെടുത്തയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

◾പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജനപക്ഷത്താകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനവിരുദ്ധ പ്രവണതകള്‍ അംഗീകരിക്കില്ല. പൊതുജനത്തിനു സ്വീകാര്യമായ നിലപാടുകളാണു പിന്തുടരേണ്ടത്. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ അനധികൃത ധനസമ്പാദനം, ലഹരി ഉപയോഗം, പീഡനക്കേസുകള്‍ തുടങ്ങിയവ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി താക്കീതു നില്‍കിയത്.

◾സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആകുന്നില്ലെന്നു സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം. പാര്‍ട്ടിക്കു നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നും ഇതു കര്‍ശനമായി തടയണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തോട് സംസ്ഥാന സമിതി നിര്‍ദേശിച്ചു. നിരവധി നേതാക്കള്‍ പീഡനക്കേസുകളിലും ലഹരിക്കേസുകളിലും പിടിക്കപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.

◾ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ച മുന്‍മന്ത്രി സജി ചെറിയാന്‍ എംഎല്‍എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി. വീഡിയോയും സാക്ഷികളും ഉണ്ടായിട്ടും തെളിവില്ലെന്നും അവഹേളനമില്ലെന്നും വ്യാഖ്യാനിച്ചു സജി ചെറിയാനെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് അഡ്വ ബിജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

◾സംസ്ഥാനത്തെ റേഷന്‍ കടകളില്‍ വിജിലന്‍സ് പരിശോധന. വ്യാപക ക്രമക്കേട് കണ്ടെത്തി. ഉപഭോക്താക്കള്‍ വാങ്ങാത്ത റേഷന്‍ സാധനങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി റേഷന്‍ കട ഉടമകള്‍ മറിച്ചുവില്‍ക്കുന്നതായി കണ്ടെത്തി. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതായും കണ്ടെത്തി.

◾ശസ്ത്രക്രിയക്ക് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടറെ വിജിലന്‍സ് പിടികൂടി. തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് അറസ്റ്റ് ചെയ്തത്. വഴിത്തല സ്വദേശിനിയുടെ ഗര്‍ഭപാത്രം നീക്കാനുള്ള ഓപ്പറേഷന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.

◾കുമളി ചെക്ക് പോസ്റ്റില്‍ കൈക്കൂലി പിരിവു നടത്തിയെന്ന് ആരോപിച്ച് നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജോസഫ്, ഉദ്യോഗസ്ഥരായ രവി, രഞ്ജിത് കവിദാസ്, ജെയിംസ് മാത്യു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾കേരളത്തിനു രണ്ടു സ്പെഷല്‍ ട്രെയിനുകള്‍ കൂടി. കൊച്ചുവേളി - മൈസൂരു റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. ഇന്നു മുതല്‍ 26 വരെ ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

◾താമരശേരി അടിവാരത്തു മൂന്നു മാസമായി തടഞ്ഞിട്ട ട്രെയിലറുകള്‍ ചുരം കയറി. രാത്രി പതിനൊന്നോടെ രണ്ടു ട്രെയ്ലറുകളും ചുരം കയറുന്നതു കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. എല്ലാവരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങള്‍ വഹിച്ച ട്രെയ്ലര്‍ രണ്ടിടങ്ങളില്‍ ഓഫായി. പിന്നീട് യാത്ര തുടര്‍ന്നു. ഒരുമണിയോടെ എട്ടാം വളവ് പിന്നിട്ടു.

◾കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

◾കോവിഡ് ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും കോവിഡിനെക്കുറിച്ച് അകാരണമായ ഭീതി സൃഷ്ടിക്കരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പുതിയ വകഭേദങ്ങളെക്കുറിച്ച് ജാഗ്രത വേണം. പരിശോധനകള്‍ കേരളത്തിലും വേണ്ടിവരും. മാസ്‌ക് ഉപയോഗിക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു.

◾രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് പി.വി അബ്ദുല്‍ വഹാബ് എംപി. തമാശ രൂപത്തില്‍ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◾ബഫര്‍ സോണില്‍നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ലോക്സഭയില്‍ കെ മുരളീധരന്‍ എംപി. ഫീല്‍ഡ് സര്‍വേ നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

◾യമനില്‍ പോയതു പഠിക്കാനാണെന്നു തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്റെ വീഡിയോ സന്ദേശം. തങ്ങള്‍ യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണുള്ളത്. സൂഫിസവും അറബിക്കും പഠിക്കാന്‍ വന്നതാണ്. തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിസ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യമനില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സ്ഥിരം ബന്ധപ്പെടാറുണ്ടെന്നും ഷബീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പോലീസും എന്‍ഐഎയും അന്വേഷണം ആരംഭിച്ചിരിക്കേയാണ് പ്രതികരണം.

◾കണ്ണൂര്‍ മമ്പറത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ജീപ്പില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. അഭ്യാസത്തിനിടയില്‍ പല കുട്ടികളും ജീപ്പില്‍നിന്നു തെറിച്ചുവീണു. എന്നിട്ടും സാഹസിക പ്രകടനം തുടര്‍ന്നു. അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത്.  

◾ഹൃദ്രോഗിയായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി പി മധു മര്‍ദിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം. ഡി സി ആര്‍ ബി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിനാണ് അന്വേഷണ ചുമതലയെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി യു കുരിയാക്കോസ്.

◾മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. റെയില്‍വേ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്നു.

◾ഇതര സംസ്ഥാന തൊഴിലാളി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചത്.

◾വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന്‍ (25) ആണ് മരിച്ചത്.

◾ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച മോഷ്ടാവിന് പോക്സോ കേസില്‍ 25 വര്‍ഷം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടില്‍ പ്രേംലാലിനെ (47)യാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയെ ആലുവ എടയപ്പുറത്ത് വാടകക്കു താമസിക്കുന്ന ചെമ്മാശ്ശേരി വീട്ടില്‍ ശ്രീഹരി (22) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

◾കൊവിഡ് നിയന്ത്രണം രാഷ്ട്രീയക്കളി അല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി രോഗബാധിതനായി. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചത്. ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്യുന്നത്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ടു ശതമാനം പേരില്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ആരോഗ്യമന്ത്രി പറഞ്ഞു.

◾ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നത് ജോഡോ യാത്രയെ പേടിച്ചാണ്. ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

◾താജ്മഹലില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. കൊവിഡ് ഇല്ലെന്ന പരിശോധനാ റിപ്പോര്‍ട്ടു ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക.

◾ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ അദ്ധ്യക്ഷനായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അഭിഭാഷകരായ ഗണേഷ് ചന്ദ്രു, അനന്ത് വിജയ് പള്ളി എന്നിവരെ പാര്‍ട്ട് ടൈം അംഗങ്ങളാക്കി. കോര്‍പ്പറേറ്റ് രംഗത്തെ നിയമവിവ്യഹാരങ്ങള്‍ക്കു തീര്‍പ്പ് കല്‍പിക്കാനാണ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ സ്ഥാപിച്ചത്.

◾ഡോ. സുഹൈല്‍ അജാസ് ഖാനെ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്. ലബനനിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേല്‍ക്കും.

◾ചൈനയില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു. പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായി. ജര്‍മനിയില്‍നിന്ന് ചൈന വാക്സീന്‍ വാങ്ങിത്തുടങ്ങി. ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി.

◾ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 227 റണ്‍സിന് പുറത്ത്. മോമിനുള്‍ ഹഖ് 84 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിനും ഉമേഷ് യാദവും നാല് വിക്കറ്റ് വീതമെടുത്തു. ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സെടുത്തിട്ടുണ്ട്.

◾ഔദ്യോഗികമായി പ്രഖ്യാപിച്ച ഫിഫ റാങ്കിംഗില്‍ ബ്രസീല്‍ തന്നെ ഒന്നാം സ്ഥാനത്ത്. അര്‍ജന്റീന രണ്ടും ഫ്രാന്‍സ് മൂന്നാം സ്ഥാനത്തുമാണ്. ബെല്‍ജിയമാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിന് അഞ്ചാം സ്ഥാനം. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകള്‍. പതിനൊന്നാം സ്ഥാനത്തേക്കെത്തിയ മൊറോക്കോയും പത്തൊന്‍പതാം സ്ഥാനത്തുള്ള സെനഗലുമാണ് ആദ്യ ഇരുപതിലെ ആഫ്രിക്കന്‍ സാന്നിധ്യം. 20-ാം റാങ്കിലുള്ള ജപ്പാനാണ് ഏഷ്യന്‍ ടീമുകളില്‍ മുന്നില്‍.

◾റിലയന്‍സ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഹിന്ദുജ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫറുമായി രംഗത്തെത്തിയിരുന്നു. ഈ ഓഫറിനെ മറികടന്നാണ് ടൊറന്റ് ഗ്രൂപ്പിന്റെ മുന്നേറ്റം. 24,000 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ചകള്‍ വരുത്തിയതിനെ തുടര്‍ന്ന് 2021- ലാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റലിനെതിരെ പാപ്പരാത്ത നടപടികള്‍ ആരംഭിച്ചത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി, റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍. കൂടാതെ, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികളും, ഇന്ത്യന്‍ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ 20 ശതമാനം ഓഹരികളും റിലയന്‍സ് ക്യാപിറ്റലിന് സ്വന്തമാണ്.

◾തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആര്‍ആര്‍ആറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'നാട്ടു നാട്ടു' എന്ന ഗാനമാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടംനേടിയത്. ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാം ചരണ്‍. മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം എന്നും രാം ചരണ്‍ എഴുതിയിരിക്കുന്നു. 'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

◾ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമ ഉടന്‍ തിയറ്ററുകളില്‍ എത്തും. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

◾പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പ് അവതരിപ്പിച്ച് ബജാജ്. എന്‍ട്രിലെവല്‍ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിള്‍ വിഭാഗത്തില്‍ എബിഎസ് സുരക്ഷ ഉറപ്പു നല്‍കിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയെത്തുന്ന വാഹനത്തിന് 72,224 രൂപയാണ് മുംബൈ എക്സ്ഷോറൂം വില. ഫീച്ചര്‍ അവതരിപ്പിച്ചതോടെ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള ആദ്യ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിളായി വാഹനം മാറിയെന്നാണ് ബജാജിന്റെ അവകാശവാദം. ബജാജ് പ്ലാറ്റിന 110 എബിഎസില്‍ 115.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 8.44 എച്ച്പി പരമാവധി കരുത്തും 9.81 എന്‍എം ഉയര്‍ന്ന ടോര്‍ക്കും വാഹനത്തിലുണ്ട്. എന്നിരുന്നാലും 4 സ്പീഡ് ഗിയര്‍ബോക്സ് മാത്രമാണ് ഇപ്പോഴും വാഹനത്തിനുള്ളത്. മുന്നില്‍ എബിഎസ് ആണെങ്കിലും പിന്നില്‍ കോംബി ബ്രേക്കിങ്ങാണ്. പുതിയ കളര്‍ സ്‌കീമുകളും വാഹനത്തിനുണ്ട്.

◾ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിച്ചുതീര്‍ത്ത ഒരാളുടെ സാക്ഷിമൊഴികളാണിതില്‍. സന്തോഷം നിങ്ങളുടെമാത്രം സൃഷ്ടിയാണ് എന്നതാണ് സ്വാമി രാമയുടെ പ്രബോധനങ്ങളുടെ ആകെത്തുക. ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളില്‍ ഒരേപോലെ സന്തോഷകരമായി ജീവിക്കാന്‍ സാധിക്കുന്ന കല എങ്ങനെ സ്വായത്തമാക്കാം എന്നാണ് ഈ പുസ്തകത്തില്‍ സ്വാമി രാമ വിശദീകരിക്കുന്നത്. 'ജീവിതം ആനന്ദകരമാക്കാന്‍'. സ്വാമി രാമ. വിവര്‍ത്തനം: ഡോ. റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കല്‍. ഡിസി ബുക്സ്. വില 209 രൂപ.

◾മൂത്രത്തിന്റെ നിറം നോക്കിയാല്‍ ആയുസിന്റെ ദൈര്‍ഘ്യം പറയാന്‍ കഴിയുമെന്ന് പഠനം. രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്. കരള്‍ രോഗം, നിര്‍ജ്ജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും. കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്പോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം. മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ അമിത അളവിനെയാണ് തെളിയിക്കുന്നത്. ഈ പ്രോട്ടീന്‍ മൂത്രത്തിലേയ്ക്കു കടക്കുന്നതിന്റെ കാരണം വൃക്കയ്ക്ക് തകരാര്‍ തുടങ്ങിയെന്നതിന്റെ സൂചനയുമാണ്. മൂത്രത്തില്‍ വൃക്ക രോഗമില്ലാതെ തന്നെ ആല്‍ബുമിന്‍ കണ്ടു വരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളുണ്ട്. ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം. ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുമ്പോള്‍ തെളിഞ്ഞ നിറവുമുണ്ടാകും. ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഭയക്കേണ്ടതില്ല. ശരീരത്തില്‍ ജലാംശം ഉണ്ടെന്നതിന്റെ തെളിവാണ് ഇളം മഞ്ഞ നിറം. എന്നാല്‍, കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. എന്നാല്‍, കടുംമഞ്ഞ നിറം അപകടകരമാണ്. ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലെന്നും പല രോഗങ്ങള്‍ ശരീരത്തെ ബാധിച്ചു എന്നതിന്റെയും തെളിവുമാണ് ഈ നിറം.

*ശുഭദിനം*
*കവിത കണ്ണന്‍*
കുരങ്ങ് മരത്തിലിരുന്ന് താഴേക്ക് നോക്കിയപ്പോള്‍ ഒരു മീന്‍ വെള്ളത്തില്‍ നീന്തിക്കളിക്കുന്നത് കണ്ടു. കുരങ്ങ് മീനിനെ വിളിച്ചിട്ട് ചോദിച്ചു: നീയെന്താ വെള്ളത്തിന് പുറത്തേക്ക് വരാത്തത്. ഈ ഉയരത്തില്‍ നിന്നുളള കാഴ്ച അതിമനോഹരമാണ്. മീന്‍ സങ്കടത്തോടെ പറഞ്ഞു: എനിക്ക് മരം കയറാന്‍ അറിയില്ല. മാത്രവുമല്ല, വെള്ളത്തിന് പുറത്ത് വന്നാല്‍ ഞാന്‍ മരിച്ചുപോകും. കുരങ്ങ് ചോദിച്ചു: ഒരു മരത്തില്‍ പോലും കയറാന്‍ കഴിയാതെ നീ എന്തിന് ജീവിക്കുന്നു? മീനിന് സങ്കടമായി. അത് തന്റെ ചങ്ങാതി കടല്‍ക്കുതിരയോട് കാര്യങ്ങള്‍ പറഞ്ഞു. കടല്‍ക്കുതിര പറഞ്ഞു: മരത്തില്‍ കയറാത്ത നിന്റെ ജീവിതം നിരര്‍ത്ഥകമാണെങ്കില്‍ വെള്ളത്തിനുള്ളില്‍ ജീവിക്കാന്‍ കഴിയാത്ത അവന്റെ ജീവിതവും നിരര്‍ത്ഥകമല്ലേ.. അപ്പോഴാണ് കുരങ്ങിന് ചെയ്യാന്‍ കഴിയാത്ത നിരവധികാര്യങ്ങള്‍ തനിക്ക് ഈ വെളളത്തിടയില്‍ ചെയ്യാന്‍ കഴിയുമല്ലോ എന്ന് മീന്‍ ചിന്തിച്ചത്.. സങ്കടം മറന്ന് മീന്‍ വീണ്ടും നീന്തികളിക്കാന്‍ തുടങ്ങി. ആത്മബോധമാണ് അഭിവൃദ്ധിയുടെ ആരംഭം. താനാരാണെന്ന് അറിയാത്തിടത്തോളം മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊപ്പമുള്ള താനാകാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വളര്‍ത്തുന്നവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചാണ് വളര്‍ത്തുന്നത്. പരിശീലിപ്പിക്കുന്നവര്‍ തങ്ങളാഗ്രഹിച്ച നേട്ടങ്ങളിലേക്കാണ് പരിശീലിപ്പിക്കുന്നത്. ഇതെല്ലാം വളരുന്നവന്റെയും പരിശീലനം തേടുന്നവന്റെയും ഇഷ്ടങ്ങള്‍ക്ക് എതിരാണെങ്കില്‍ അവര്‍ക്ക് ശ്വാസം മുട്ടും. നിക്ഷ്പക്ഷ വിലയിരുത്തല്‍ നടത്തി എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് ഒരാളുടെ നിയോഗപുര്‍ത്തീകരണം നടക്കുന്നത്. അതുകൊണ്ട് നമുക്ക് ആത്മബോധം വളര്‍ത്താം. ആയിരിക്കുന്നവയില്‍ ആനന്ദിക്കാം - ശുഭദിനം.
മീഡിയ 16 ന്യൂസ്‌