◾കൊവിഡ് വ്യാപനം തടയാന്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കും. മാസ്‌ക് ധരിക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചൈനയില്‍ കോവിഡ് വ്യാപിപ്പിക്കുന്ന ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. കേരളത്തില്‍ രോഗവ്യാപനം കുറവാണെങ്കിലും സ്വയം ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
◾ബഫര്‍ സോണില്‍ ജനങ്ങളുടെ സ്വത്തിനും ജീവനോപാധികള്‍ക്കും ഭീഷണിയാകുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിടങ്ങളോ വീടുകളോ കൃഷിയിടമോ നഷ്ടപ്പെടില്ല. ഉപഗ്രഹ സര്‍വ്വേയിലെ പരാതികള്‍ പരിഹരിക്കും. ഫീല്‍ഡ് സര്‍വേ നടത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് തിരുത്തിയ റിപ്പോര്‍ട്ടാണു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുക. ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട. മുഖ്യമന്ത്രി പറഞ്ഞു.
◾രണ്ടാം യുപിഎ സര്‍ക്കാരാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നത്തെ വനംമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശിനു കടുംപിടുത്തമായിരുന്നു. അന്ന് യുഡിഎഫ് സര്‍ക്കാര്‍ പത്തു മുതല്‍ 12 വരെ കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്നാണു തീരുമാനിച്ചത്. വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എന്‍ ഷംസൂദ്ദീന്‍ എന്നിവര്‍ ചെയര്‍ന്മാരായ മൂന്ന് ഉപസമിതികളാണു ശുപാര്‍ശ ചെയ്തത്. പ്രളയത്തിന്റെകൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കി ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
◾കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് മോചിപ്പിക്കുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003 ല്‍ ചാള്‍സ് ശോഭരാജിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടു കടത്തണമെന്നും ഉത്തരവിട്ടു.
◾കെപിസിസി പുന:സംഘടന ഉടനെയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടരുമോയെന്നു ഹൈക്കമാന്‍ഡ് തീരുമാനിക്കും. മാറ്റണമെന്ന ആലോചനയില്ല. ഭാരത്ജോഡോ യാത്രക്കു ശേഷം കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
◾കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തമായ ന്യുനമര്‍ദ്ദമുണ്ട്. അടുത്ത 48 മണിക്കൂറില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം തീവ്ര ന്യുന മര്‍ദ്ദമായി മാറിയേക്കും.
◾താമരശേരി ചുരത്തില്‍ ഇന്ന് രാത്രി എട്ടു മുതല്‍ ഗതഗാത നിയന്ത്രണം. രാത്രി ഒമ്പതിനുശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്തുനിന്ന് ഭീമന്‍ യന്ത്രങ്ങള്‍ വഹിച്ച രണ്ടു ട്രെയ്ലര്‍ ലോറികള്‍ ചുരം കയറുന്നതിനാലാണ് നിയന്ത്രണം. വാഹനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
◾അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഗതാഗത നിരോധനം. 26 ന് രാവിലെ ആറു മുതല്‍ 31 ന് വൈകിട്ട് ആറ് വരെയാണു നിരോധനം. മണ്ണാര്‍ക്കാട്- ചിന്നതടാകം റോഡില്‍ ഒമ്പതാം വളവില്‍ ഇന്റര്‍ലോക്ക് റോഡു പണി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.
◾പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരില്‍ ഏറേയും സാഹചര്യത്തിന്റെ ഇരകളാണെന്ന് ഹൈക്കോടതി. ഇവരുടെ യോഗ്യതകളെക്കുറിച്ചു പരാതികളില്ല. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇന്നും വാദം തുടരും.
◾കരള്‍ രോഗം ബാധിച്ചു ചികില്‍സയിലുള്ള അച്ഛനു കരള്‍ പകുത്തു നല്‍കാന്‍ പതിനേഴു വയസുള്ള മകള്‍ക്കു കോടതിയുടെ അനുമതി. തൃശൂര്‍ കോലഴിയിലുള്ള പി.ജി പ്രതീഷിനു കരള്‍ പകുത്തു നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ദേവനന്ദ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾2024 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകാന്‍ സിപിഎം. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന ലഘുലേഖകളുമായി മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും അടക്കമുള്ളവര്‍ ഭവന സന്ദര്‍ശനം നടത്തും. ജനുവരി ഒന്നു മുതല്‍ 21 വരെയാണ് ഭവന സന്ദര്‍ശം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
◾ഹൈക്കോടതിയിലെ രണ്ടു ജീവനക്കാര്‍ക്കു വിരമിക്കല്‍ പ്രായത്തിനു ശേഷവും സര്‍വീസില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിരുത്തിയത്. ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരിയമ്മ, ഡഫേദാര്‍ സജീവ് കുമാറിനും ഡിസംബര്‍ 31 നു വിരമിച്ചശേഷം സര്‍വീസില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണു റദ്ദാക്കിയത്.
◾ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം.
◾പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം ചര്‍ച്ച ചെയ്തു. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. വിഷയാധിഷ്ഠിതമാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
◾വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനിയെ ക്ഷണിച്ച് കോര്‍പറേറ്റുവത്കരണം നടത്തിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടി ഇരുവരും തമ്മില്‍ വാക്പോരായി. യുഡിഎഫാണു ക്ഷണിച്ചതെന്ന് ബ്രിട്ടാസ് പ്രതികരിച്ചപ്പോള്‍ അദാനിയെ നിങ്ങളും അംഗീകരിച്ചല്ലോയെന്ന് മന്ത്രി തിരിച്ചടിച്ചു. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സൗഹൃദ മത്സരമാണെന്നും ധനമന്ത്രി പറഞ്ഞു.
◾ബഫര്‍ സോണിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ബഫര്‍സോണ്‍ പ്രശ്നമുള്ള എല്ലാ പഞ്ചായത്തുകളിലും പ്രത്യേക സമിതികള്‍ രൂപീകരിക്കണം. സുപ്രീംകോടതിയില്‍ സമയം നീട്ടികിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ജി. സുകുമാരന്‍ നായര്‍ നിര്‍ദേശിച്ചു.
◾ബഫര്‍ സോണ്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ് എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായി. ജനത്തിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾തിരുവനന്തപുരത്തു വീടിനു മുന്നില്‍ വഴി തടഞ്ഞു വാഹനം പാര്‍ക്കു ചെയ്തതു ചോദ്യംചെയ്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മര്‍ദിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ അടക്കമുള്ള അഞ്ചു പേരെ അറസ്റ്റു ചെയ്തു. വെമ്പായം തേക്കട സ്വദേശിയും ആലപ്പുഴ തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് എസ്എച്ച്ഒയുമായ യഹിയയെയാണു മര്‍ദ്ദിച്ചത്. ബംഗളുരുവിലെ വ്യോമസേനാ ഉദ്യോഗസ്ഥനും കുതിരകുളം സ്വദേശിയുമായ എ. ആനന്ദ് (26), സഹോദരന്‍ അരവിന്ദ് (23), വെമ്പായം സ്വദേശി എസ്. അനൂപ് (23), പി. അഖില്‍ ( 23 ), കഴക്കുട്ടം സ്വദേശി ജി. ഗോകുല്‍കൃഷ്ണന്‍ (23) എന്നിവരെ വട്ടപ്പാറ പൊലീസ് പിടികൂടി ജാമ്യത്തില്‍ വിട്ടു.
◾ബൂട്ടിട്ട കാലുകൊണ്ട് തൊടുപുഴ ഡിവൈഎസ്പി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് ഹൃദ്രോഗിയുടെ പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതിക്കാരന്‍. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിച്ചു പോസ്റ്റിട്ടെന്ന പരാതിയില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. മുരളീധരനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്പി പി മധു ബാബു പറഞ്ഞു.
◾കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ യെമനിലേക്കു കടന്ന് ഐഎസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്തു. ഉദിനൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാലു മക്കള്‍ എന്നിവരെ കാണാതായെന്നാണ് കേസ്. വര്‍ഷങ്ങളായി വിദേശത്തായിരുന്ന ഇവര്‍ നാലു മാസം മുന്‍പാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.
◾ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവര്‍ക്ക് ആയുര്‍വേദ ഡോക്ടര്‍ ബിരുദം നല്‍കിയത് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എസ്എഫ്ഐ നല്‍കിയ പട്ടിക അനുസരിച്ചാണ് ബിരുദം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
◾അധ്യാപികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട്ടിലെ ഗോത്ര വര്‍ഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ നീക്കി. ഡയറക്ടര്‍ ഡോ. ടി വസുമതിയെ നീക്കി അസിസ്റ്റന്റ് പ്രൊഫ. സി. ഹരികുമാറിനു ചുമതല നല്‍കി.
◾കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ സംസാരിച്ച എംപി പിവി അബ്ദുള്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. രാജ്യസഭയില്‍ വഹാബ് നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
◾പൂന്തുറ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ വലമുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. 28 അടിയോളം വലിപ്പം വരുന്ന തിമിംഗല സ്രാവാണു വലയില്‍ കുടുങ്ങിയത്.
◾എരുമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പതിനാറുകാരന്റെ ശരീരത്തില്‍ കമ്പി കുത്തിക്കയറി. കണ്ണൂരിലാണ് സംഭവം. മണ്ണാര്‍ക്കാട് സ്വദേശിയായ കെ ഷാമിലിനാണ് പരിക്കേറ്റത്. കേരളോത്സവത്തിന് എത്തിയ മത്സരാര്‍ത്ഥിയാണ് ഗുരുതര പരിക്കോടെ ആശുപത്രിയിലായത്.
◾കൊല്ലം അഞ്ചലില്‍ തോക്കും മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. നൂറനാട് സ്വദേശികളായ ജിഷ്ണു ഭാസുരന്‍, അജികുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അമിതവേഗതയില്‍ എത്തിയ കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് നിര്‍ത്താതെ പോയ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്.
◾കാസര്‍കോട്ട് പത്തൊന്‍പത് വയസുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സ്ത്രീ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ കേസെടുത്തു. പട്ള അരീക്കാലയിലെ ഷൈനിത്ത് കുമാര്‍, ഉളിയത്തടുക്കയിലെ എന്‍ പ്രശാന്ത്, ഉപ്പള സ്വദേശി മോക്ഷിത്ത് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്.
◾പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസില്‍ പിടിയിലായി. ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് ആലുവ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
◾പോക്സോ പീഡന കേസില്‍ മദ്രസ അധ്യാപകനെ 26 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കണ്ണൂര്‍ ജില്ലാ പോക്സോ കോടതി. ആലക്കോട് ഉദയഗിരി സ്വദേശിയായ മുഹമ്മദ് റാഫിയെയാണു ശിക്ഷിച്ചത്. പതിനൊന്നു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.
◾വയനാട് തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ 68 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഷിദ്, അബ്ദുല്‍ റൗഫ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിമാനം 2024 അവസാനത്തോടെ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍. പലവിധ കാരണങ്ങളാല്‍ ഗംഗയാന്‍ ദൗത്യം നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടു. എന്നാല്‍ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ വിമാനം 'എച്ച് 1' വിജയിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
◾മയക്കുമരുന്ന് വില്‍പനയിലൂടെയുള്ള ലാഭം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് മുക്ത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും അമിത് ഷാ അറിയിച്ചു.
◾ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി 2024 ല്‍ അമേത്തിയില്‍ തനിക്കെതിരെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വെല്ലുവിളിച്ചു. അമേഠിയില്‍ ലഡ്ക-ഝഡ്ക നൃത്തമാടാനാണ് സ്മൃതി ഇറാനി മണ്ഡലം സന്ദര്‍ശിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപിതാവാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. നാഗ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അമൃതയുടെ പരാമര്‍ശം. മഹാത്മാഗാന്ധി ആരാണെന്ന് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ 'മോദിജി പുതിയ ഇന്ത്യയുടെ പിതാവാണെ'ന്നായി വിശദീകരണം.
◾ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് അഞ്ചരക്കോടിയോളം വില മതിക്കുന്ന മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടി. ബാഗേജില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്ന ഒരു കിലോഗ്രാം 542 ഗ്രാം മെത് ക്വിലോണ്‍ എന്ന രാസ മയക്കുമരുന്നും 644 കിലോഗ്രാം ഹെറോയ്നും സ്നിഫര്‍ ഡോഗിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
◾തമിഴ്നാട് തൂത്തുക്കുടിയില്‍ പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ ഉള്‍പ്പെടെ നാലു പേരെ പൊലീസ് പിടികൂടി. അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ കോവില്‍പ്പട്ടി സുബ്രഹ്‌മണ്യപുരം സ്വദേശി മാരീശ്വരി, മാരീശ്വരിയുടെ അമ്മ അയ്യമ്മാള്‍, ഇടനിലക്കാരനായ മാരിയപ്പന്‍, സൂരിയമ്മ എന്നിവരാണ് പിടിയിലായത്.
◾ഫിഫ ലോകകപ്പിന് ഇന്ത്യന്‍ ടീമിനെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണെന്നാണ് കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍. വി കെ ശ്രീകണ്ഠന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്‌കീം മുഖേന ഫുട്ബോള്‍ ഫെഡറേഷന് എല്ലാ പിന്തുണയും സാമ്പത്തിക സഹായങ്ങളും നല്‍കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക സഹായം 30 കോടിയില്‍നിന്ന് അഞ്ചു കോടിയാക്കി കുറച്ചതിന്റെ കാരണം വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.
◾അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടീനസിന് എംബാപ്പേയോടുള്ള കലിപ്പ് തീരുന്നില്ല. ലോകകപ്പ് ആഘോഷങ്ങള്‍ക്കിടയില്‍ നിരവധി തവണ എംബാപ്പേയേ പരിഹസിച്ച എമിലിയാനോ ഇത്തവണ എംബാപ്പെയുടെ മുഖമുള്ള കുട്ടിപാവയുമായാണ് പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്റെ വിവാദ ആഘോഷം. എമിലിയാനോയുടെ ആഘോഷം എംബാപ്പേയുടെ പിഎസ്ജി സഹതാരം കൂടിയായ ലിയോണല്‍ മെസി തടയാത്തതില്‍ മെസിക്കെതിരെയും വിമര്‍ശനമുയരുകയാണ്.
◾ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ ബിഗ്ബാസ്‌കറ്റ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും. 2025 ഓടെ ബിഗ്ബാസ്‌കറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നടന്നേക്കും. അതിന് മുമ്പ് കൂടുതല്‍ ഫണ്ട് സമാഹരണം നടത്തും. 200 മില്യണ്‍ ഡോളറാണ് ഈ ആഴ്ച ബിഗ്ബാസ്‌കറ്റ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 2021ല്‍ ആണ് ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിഗ്ബാസ്‌കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സ്വന്തമാക്കിയത്. ടാറ്റ പ്ലേ, ടാറ്റ ടെക്‌നോളജീസ് എന്നിവയ്ക്ക് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഐപിഒയ്ക്ക് ഒരുങ്ങുന്ന മൂന്നാമത്തെ കമ്പനി കൂടിയാണ് ബിഗ്ബാസ്‌കറ്റ്. രഹസ്യ ഫയലിംഗ് രീതിയില്‍ ഐപിഒയ്ക്കുള്ള രേഖകള്‍ സെബിയില്‍ ടാറ്റ പ്ലേ സമര്‍പ്പിച്ചിരുന്നു. 3000-3200 കോടി രൂപയാണ് ഐപിഒയിലൂടെ ടാറ്റ പ്ലേ ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒയുടെ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലുണ്ടാവും. 2004ല്‍ ടിസിഎസ് ലിസ്റ്റ് ചെയ്തതിന് ശേഷം ഇതുവരെ ഒരു ടാറ്റ കമ്പനിയും വിപണിയിലെത്തിയിട്ടില്ല.
◾സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘു മേനോന്‍ സംവിധാനം ചെയ്ത ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഒന്നു തൊട്ടേ അന്ന് തൊട്ടേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. 4 മ്യൂസിക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജയശ്രി ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
◾കൊവിഡ് കാലം പശ്ചാത്തലമാക്കി ഒരു മലയാള ചിത്രം കൂടി പുറത്തുവരികയാണ്. സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് 'റൂട്ട് മാപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. മക്ബൂല്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തെത്തി. ലോക് ഡൗണ്‍ പശ്ചാത്തലമാക്കി കഥ പറയുന്ന റൂട്ട് മാപ്പിന്റെ ചിത്രീകരണം കൊവിഡ് കാലത്തു തന്നെയാണ് പൂര്‍ത്തിയാക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടായിരുന്നു ചിത്രീകരണം. പത്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, സിന്‍സീര്‍, ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര തുടങ്ങിയവരും അഭിനയിക്കുന്നു. കൊവിഡ് കാലത്ത് രണ്ട് ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങള്‍ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അരുണ്‍ കായംകുളം എഴുതുന്നു.
◾ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ അയണിക് 5 ന്റെ ബുക്കിംഗ് ആരംഭിച്ചു. 1,00,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. നിലവില്‍, കാറുകളുടെ യഥാര്‍ത്ഥ വില സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 2023 ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ ഷോയിലാണ് കാറിന്റെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യത. പ്രധാനമായും രണ്ട് ബാറ്ററി മോഡലുകളാണ് നല്‍കിയിട്ടുള്ളത്. 58കിലോവാട്ട്, 72.6കിലോവാട്ട് എന്നിവയാണ് മോഡലുകള്‍. ഇവ യഥാക്രമം 385 കിലോമീറ്റര്‍, 480 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. 6.1 സെക്കന്‍ഡില്‍ 185 കിലോമീറ്റര്‍ വേഗതയും, 0- 100 മുതല്‍ ആക്സിലറേഷനും ലഭ്യമായിരിക്കും. 350 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. ഹ്യുണ്ടായി അയണിക് 5 ഇവിക്ക് 4,635 എംഎം നീളവും, 1,890 എംഎം വീതിയും, 1,605 എംഎം ഉയരവും ഉണ്ട്. 3,000 എംഎം ആണ് വീല്‍ബേസ്. കോനയ്ക്ക് ശേഷം ഹ്യുണ്ടായി പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് ഹ്യുണ്ടായി അയണിക് 5 ഇവി.
◾പടിഞ്ഞാറേക്ക് ഒഴുകി ഒടുവില്‍ കടലില്‍ ചേരേണ്ടേ പുഴയെ തടഞ്ഞ് നിര്‍ത്തി കിഴക്കോട്ട് തിരിച്ചു വിട്ടതിന്റെ ചരിത്രമാണ് മുല്ലപ്പെരിയാറിന്റേത്. ഒരു നദീതടത്തില്‍ നിന്നും മറ്റൊരു നദീതടത്തിലേക്കുള്ള പുഴയുടെ മാറ്റം. ഒരു പക്ഷേ ലോകത്തെ ആദ്യ പരീക്ഷണമായിരുന്നിരിക്കണം മുല്ലപ്പെരിയാറിലേത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുകയാണ് 'മുല്ലപ്പെരിയാറിന്റെ കഥ' എന്ന ഈ പുസ്തകത്തില്‍. എം.ജെ ബാബു. സൈന്ധവ ബുക്സ്. വില 161 രൂപ.
◾മുളച്ച ഉരുളക്കിഴങ്ങ് കറിവച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഒരു കാരണവശാലും മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ പാടുകയില്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോ ആല്‍ക്കലൈഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഡീവ്യവസ്ഥക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലപ്പോഴും ഉരുളക്കിഴങ്ങ് കാരണമാകുന്നുണ്ട്. ഇതിലുള്ള പൊട്ടാസ്യമാണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. അപകടകരമായ അവസ്ഥയിലേക്ക് രക്തസമ്മര്‍ദ്ദത്തെ ഇത് ഉയര്‍ത്തുന്നു. മുളച്ച ഉരുളക്കിഴങ്ങിലെ വിഷാംശം ശരീരത്തില്‍ എത്തുമ്പോള്‍ ശരീരത്തിന് തളര്‍ച്ച ഉണ്ടാകുന്നു. പലര്‍ക്കും മുളച്ച ഉരുളക്കിഴങ്ങിന്റെ ഉപയോഗം പനി വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവരില്‍ രോഗപ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ അവസ്ഥകളിലേക്ക് ശരീരം എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭിണികള്‍ മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ചിലപ്പോള്‍ അബോര്‍ഷനിലേക്കും കുഞ്ഞിന്റെ തന്നെ ആരോഗ്യപ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു. മുളച്ചത് മാത്രമല്ല പച്ച നിറമുള്ള ഉരുളക്കിഴങ്ങും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം നിങ്ങളില്‍ ഉണ്ടാവാനിടയുണ്ട്. മാത്രമല്ല, പച്ച നിറമുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതു പോലെ മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ അതിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ കഴിയുകയില്ല.
ശുഭദിനം
മീഡിയ 16 ന്യൂസ്