*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 20 | ചൊവ്വ |

◾ഇന്ത്യയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ആയുധ വിന്യാസം. ചൈനീസ് പട്ടാളം സായുധ സന്നാഹങ്ങളുമായി സജ്ജരായതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പെടെയുള്ള സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്.

◾അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ പത്തു ലക്ഷം കോടിയിലധികം രൂപയുടെ കിട്ടാക്കട വായ്പകള്‍ എഴുതിത്തള്ളിയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. 10,09,511 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് എഴുതിത്തള്ളിയത്. ഇതില്‍ 2,04,486 കോടി രൂപയുടെ വായ്പാ ബാധ്യത എസ്ബിഐയുടേയതാണ്. അധികവും കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങളുടെ വായ്പാ കുടിശികയാണ് എഴുതിത്തള്ളിയത്.

◾ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

◾ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ പരിശോധിക്കുന്നു. ജനുവരി ആദ്യവാരത്തില്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെകുറിച്ച് എജിയും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായും ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടാനും പരിഗണനയിലുണ്ട്. നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് തയാറാക്കാനും കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടേക്കും.

◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യം കേരള സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാര്‍ലമെന്റില്‍. അടൂര്‍പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂര്‍ണ ദേവിയുടെ മറുപടി. ഗവര്‍ണര്‍മാരെ ചാന്‍സലര്‍മാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് മസ്‌കറ്റ് ഹോട്ടലിലാണ് വിരുന്ന്. ഗവര്‍ണര്‍ കഴിഞ്ഞ 14 ന് രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.

◾ശബരിമല ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകര്‍ക്ക് പമ്പയില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ ബുക്കിംഗ് ഓഫീസിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. തിരക്കു കുറഞ്ഞ സമയത്ത് മൂന്നു ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

◾ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളിലും പ്രതിഷേധ സമരം. ഇന്നു വൈകുന്നേരം അഞ്ചിന് അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ ഇന്നലെ നടത്തിയ ജനജാഗ്രത യാത്രകളില്‍ ആയിരക്കണക്കിനു ജനങ്ങളാണു പങ്കെടുത്തത്. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

◾കുതിരാന്‍ കല്‍ക്കെട്ടിലെ വിള്ളല്‍ സര്‍വ്വീസ് റോഡ് നിലനിര്‍ത്തിക്കൊണ്ടു പരിഹരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്. സര്‍വ്വീസ് റോഡ് നികത്തി കല്‍ക്കെട്ടിന്റെ ചരിവ് കൂട്ടണമെന്ന നാഷണല്‍ ഹൈവേ അതോരിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം കല്‍ക്കെട്ട് ബലപ്പെടുത്താമെന്ന് കരാര്‍ കമ്പനി അറിയിച്ചു.

◾വ്യാജ മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ തളിക്കുളത്തെ സെന്‍ട്രല്‍ റസിഡന്‍സി ബാര്‍ എക്സൈസ് സംഘം പൂട്ടിച്ചു. ബാറില്‍നിന്ന് ഏഴര ലിറ്റര്‍ വ്യാജ മദ്യവും ബാറുടമയുടെ വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് 213 ലിറ്റര്‍ വ്യാജ മദ്യവുമാണ് എക്സൈസ് കണ്ടെടുത്തത്.

◾കേരളത്തിലും 5 ജി വേഗത ഇന്നു മുതല്‍. റിലയന്‍സ് ജിയോയുടെ 5 ജി സേവനത്തിന്റെ ആദ്യ ഘട്ടം കൊച്ചിയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

◾ടൈറ്റാനിയത്തില്‍ പൊലീസ് പരിശോധന. തൊഴില്‍ തട്ടിപ്പ് കേസ് പ്രതി ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയുടെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും ബയോഡാറ്റയും അടക്കമുള്ള രേഖകള്‍ ലഭിച്ചിട്ടുണ്ട്.

◾എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന പ്രതിഷേധത്തിനെതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മറുപടിക്കു പ്രതിഷേധക്കാര്‍ സാവകാശം തേടിയതിനാലാണ് മാറ്റിവച്ചത്. പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും പോലീസ് തടയരുതെന്നാണ് പ്രതിഷേധക്കാരായ വൈദികരുടേയും വിശ്വാസികളുടേയും വാദം.

◾നാദാപുരം വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാവിലെ സ്‌ക്കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് ഹെഡ് മിസ്ട്രസിന്റ ഓഫീസിനോടു ചേര്‍ന്ന ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നു പൊലീസ്.

◾പുതുവര്‍ഷ ആഘോഷത്തിനു ലഹരി നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തു പൊലീസിന്റെ സ്പെഷല്‍ ഡ്രൈവ് ആരംഭിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒല്ലൂര്‍ ചിയ്യാരം സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകന്റെ മകനായ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്ര ബാബുവിന്റെ മകന്‍ ശരത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

◾പള്ളിവികാരി മദ്ബഹയില്‍ പതിനൊന്നുകാരനെ മര്‍ദ്ദിച്ചെന്നു പരാതി. കുന്നംകുളം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബിനെതിരേയാണു പരാതി. വികാരിക്കും പള്ളി കമ്മിറ്റിക്കുമെതിരേ നിരന്തര പ്രചാരണവും പരാതികളും ഇവര്‍ നല്‍കിയിരുന്നു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിലക്കിയിട്ടും അകത്തു പ്രവേശിച്ച ബാലനെ പോലീസാണ് ബലം പ്രയോഗിച്ചു പുറത്താക്കിയത്. കുടുംബം കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.

◾എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് വിദ്യാനഗര്‍ മുട്ടത്തൊടിയിലെ വീട്ടില്‍ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 61 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

◾കണ്ണുര്‍ വളപട്ടണം പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. സമീപത്തെ കാര്‍ ഷോറൂമില്‍ വില്‍പ്പനയ്ക്കു വച്ച കാറാണ് കത്തിയത്. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

◾മുന്‍ ഭാര്യയുടെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ചയാള്‍ കൊല്ലം കോട്ടുക്കലില്‍ പിടിയില്‍. എഴിയം സ്വദേശി ഷംനാദിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഷംനാദ് നാലു യുവതികളെ വിവാഹം കഴിച്ച വിരുതനാണ്.

◾പൊലീസ് വോളണ്ടിയര്‍, പൊലീസ് സ്‌ക്വാഡ് എന്നിങ്ങനെ ചമഞ്ഞ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തട്ടിപ്പു നടത്തിയയാള്‍ പിടിയിലായി. താനൂര്‍ ഒസ്സാന്‍ കടപ്പുറം സ്വദേശി ചെറിയ മൊയ്ദീന്‍കനാകത്ത് മുഹമ്മദ് റാഫി (24) യാണ് പിടിയിലായത്.

◾അഞ്ചു വര്‍ഷത്തിനകം അരുണാചല്‍ പ്രദേശില്‍ ടിബറ്റ്, ചൈന, മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യ 1748 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. എന്‍എച്ച് 913 എന്ന പേരിലുള്ള ഈ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള പാതയാകും. ഇതോടെ അതിര്‍ത്തിയിലേക്കു പ്രതിരോധ സേനയ്ക്കു സുഗമമായി എത്താനുള്ള അടിസ്ഥാന സൗകര്യമാകും. ഒമ്പതു ഘട്ടമായി നിര്‍മിക്കുന്ന പാതയ്ക്ക് 27,000 കോടി രൂപ ചെലവു വരുമെന്ന് കേന്ദ്രഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

◾ഇന്ത്യന്‍ സൈനികരെ വിമര്‍ശിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സൈനികരെ മര്‍ദ്ദിച്ചെന്നു പറയരുത്. ചൈനയോട് നിസംഗ നിലപാടാണെങ്കില്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് അയച്ചത് ആരാണ്? അതിര്‍ത്തിയിലെ പിന്മാറ്റത്തിന് ചൈനയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം മോശമായെന്നു കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി പറഞ്ഞതാണ്. മന്ത്രി ജയശങ്കര്‍ പറഞ്ഞു.

◾വിദേശ കാര്യമന്ത്രിയുടെ മകന്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് ചൈനീസ് എംബസി മൂന്നു തവണ ഗ്രാന്റ് നല്‍കിയെന്ന് എഐസിസി വക്താവ് പവന്‍ ഖേര. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസി സംഭാവന നല്‍കിയെന്ന് ആരോപിക്കുന്ന ബിജെപി ഇക്കാര്യംകൂടി തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

◾വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് താനെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്ര എന്തിനാണെന്നു വിമര്‍ശിക്കുന്നവര്‍ക്കാണ് ഈ മറുപടി. നെഹ്‌റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നു. സാധാരണക്കാരോടും കര്‍ഷകരോടും ഇംഗ്ലീഷ് പഠിക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

◾സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപി സുശീല്‍ മോദി രാജ്യസഭയില്‍. സ്വവര്‍ഗ്ഗ വിവാഹത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് വിമര്‍ശനം. സാമൂഹീക പ്രാധാന്യമുള്ള വിഷയം രണ്ട് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടതല്ല. സുശീല്‍ മോദി പറഞ്ഞു.

◾മഹാരാഷ്ട്രാ കര്‍ണാടക അതിര്‍ത്തി തര്‍ക്കമുള്ള ബെലഗാവിയില്‍ റാലിയും കണ്‍വന്‍ഷനും നടത്താന്‍ ശ്രമിച്ച മഹാരാഷ്ട്രാ അനുകൂല സംഘടനാ നേതാക്കളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവിയെ മഹാരാഷ്ട്രയോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു മെഗാ കണ്‍വന്‍ഷന്‍ നടത്താന്‍ ശ്രമിച്ച മഹാരാഷ്ട്രാ ഏകീകരണ്‍ സമിതി നേതാക്കളെയാണ് പിടികൂടിയത്. പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.

◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദേവഗൗഡയുടെ ജനതാദള്‍ എസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ഒരു മുഴം മുന്നേ കളത്തിലിറങ്ങിയിരിക്കുന്ന ജെ ഡി എസ് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന സൂചനകൂടി നല്‍കിയിരിക്കുകയാണ്. 93 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ജെ ഡി എസ് പുറത്തിറക്കിയത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിക്കു ശേഷമായിരുന്നു കൂടിക്കാഴ്ച്ച. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കുതിച്ച് ഉയരുന്ന ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ച പ്രചോദിപ്പിക്കുന്നുവെന്നു പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.

◾അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു മുന്നില്‍ നിന്നുകൊണ്ട് റീല്‍സിനു വേണ്ടി നൃത്ത വീഡിയോ തയ്യാറാക്കിയ നാലു വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി. ഡ്യൂട്ടിക്കിടെ ഭോജ്പുരി പാട്ടിനു ചുവടുവച്ച ഇവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. ആരും പൊലീസ് യൂണിഫോമിലായിരുന്നില്ല. 

◾തമിഴ്നാട്ടിലെ കരൂരിലെ നാഗംപട്ടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. മുന്‍ മന്ത്രിയും എഐഎഡിഎകെ നേതാവുമായ എം ആര്‍ വിജയഭാസ്‌കറിന്റെ കാറിനു നേരെ ആസിഡ് എറിഞ്ഞാണ് കാറിലുണ്ടായിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തിരുവിക്കയെ തട്ടിക്കൊണ്ടുപോയത്.

◾ബിഹാറിലെ ബെഗുസരായി ജില്ലയിലെ ബുര്‍ഹി ഗന്ധക് നദിക്കു കുറുകെ 13 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിനു മുമ്പേ തകര്‍ന്നു വീണു. മൂന്നു ഗ്രാമങ്ങളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി 2017 ല്‍ പൂര്‍ത്തിയായതാണ്. ആഴ്ചകള്‍ക്കു മുമ്പേ പാലത്തിന്റെ തൂണുകളില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ഗതാഗതം വിലക്കിയിരുന്നു.

◾ചേരിപ്പോരു മൂലം തെലങ്കാന കോണ്‍ഗ്രസിലെ 12 പ്രധാന നേതാക്കള്‍ രാജിവച്ചു. അഞ്ചു വര്‍ഷം മുമ്പ് ടിഡിപിയില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസിലെത്തിയ 12 നേതാക്കളാണ് രാജിവച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലേക്ക് കുടിയേറിയ നേതാക്കളും തമ്മിലുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.

◾രണ്ടരമാസം പ്രായമുള്ള കുഞ്ഞുമായി എംഎല്‍എയായ അമ്മ നിയമസഭാ സമ്മേളനത്തിനെത്തി. മഹാരാഷ്ട്ര നിയമസഭയിലാണ് നാസിക്കില്‍ നിന്നുള്ള എന്‍സിപി എംഎല്‍എ സരോജ് അഹിരെ കൈക്കുഞ്ഞുമായി എത്തിയത്.

◾കാനഡയിലെ ടൊറന്റോയില്‍ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ അഞ്ചു മരണം. ടൊറന്റോയ്ക്കു സമീപമുള്ള വോഗനിലാണ് വെടിവയ്പുണ്ടായത്. പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. അക്രമത്തിനു കാരണം അറിവായിട്ടില്ല.

◾അന്താരാഷ്ട്ര വ്യാപാരത്തിന് ശ്രീലങ്ക ഇന്ത്യന്‍ രൂപ ഉപയോഗിക്കാനൊരുങ്ങുന്നു. ഇതിനായി വോസ്ട്രോ അക്കൗണ്ടുകള്‍ എന്ന പേരില്‍ പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറന്നു. ഇന്ത്യന്‍ രൂപയെ ശ്രീലങ്കയില്‍ വിദേശനാണ്യമാക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക്.

◾ട്വിറ്റര്‍ മേധാവി സ്ഥാനത്ത് ഇലോണ്‍ മസ്‌ക് തുടരേണ്ടെന്ന് മസ്‌ക് തന്നെ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ പങ്കെടുത്ത 57.5 ശതമാനം പേരും മസ്‌ക് സിഇഒ സ്ഥാനത്തുനിന്ന് മാറണമെന്ന് അഭിപ്രായപ്പെട്ടു. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇലോണ്‍ മസ്‌ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തില്‍പ്പരം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കാളികളായത്.

◾ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. തോല്‍വിയറിയാതെ തുടര്‍ച്ചയായി 6 മത്സരങ്ങളാണ് ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയത്.

◾നിലവിലെ ബാലണ്‍ദ്യോര്‍ ജേതാവും ഫ്രഞ്ച് താരവുമായ കരീ ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഖത്തറില്‍ എത്തിയശേഷം പരിക്കേറ്റ താരത്തിന് ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് ഭേദമായിട്ടും ബെന്‍സേമയെ ടീമിലേക്ക് തിരിച്ചുവിളിക്കാത്തതിലെ നീരസവും ഈ തീരുമാനത്തിനു പിറകിലുണ്ടെന്നും റയല്‍ മാഡ്രിഡിന് വേണ്ടി താരം കളി തുടരുമെന്നും റിപ്പോര്‍ട്ടുകള്‍.

◾റഷ്യന്‍ ക്രൂഡോയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവെന്ന പട്ടം തുടര്‍ച്ചയായ രണ്ടാംമാസവും സ്വന്തമാക്കി ഇന്ത്യ. നവംബറില്‍ റഷ്യയില്‍ നിന്നുള്ള മൊത്തം ക്രൂഡോയില്‍ വിതരണത്തിന്റെ 53 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ഡിസംബറില്‍ ഇന്ത്യയുടെ വിഹിതം 70 ശതമാനം കടന്നുവെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര ക്രൂഡോയില്‍ വില ബാരലിന് 74.29 ഡോളറാണ്; ബ്രെന്റ് ക്രൂഡിന് വില 79.04 ഡോളറും. ഇന്ത്യയാകട്ടെ റഷ്യയില്‍ നിന്ന് ബാരലിന് 60 ഡോളറിനുംതാഴെ ഡിസ്‌കൗണ്ട് നിരക്കിലാണ് 'ഉറാല്‍സ് ക്രൂഡോയില്‍' വാങ്ങുന്നത്. റഷ്യന്‍ എണ്ണയിനമായ ഉറാല്‍സിന് 60 ഡോളര്‍ മിനിമംവില നിശ്ചയിക്കണമെന്ന് ഓസ്‌ട്രേലിയ,? ജി7 കൂട്ടായ്മ,? യൂറോപ്യന്‍ യൂണിയന്‍ എന്നിവ ആവശ്യപ്പെട്ടിരുന്നു. ബള്‍ഗേറിയയാണ് എട്ടുലക്ഷം ടണ്‍ റഷ്യന്‍ എണ്ണവാങ്ങി ഡിസംബറില്‍ രണ്ടാംസ്ഥാനത്തുള്ളത്. ചൈനയുടെ വാങ്ങല്‍ 1.40 ലക്ഷം ടണ്ണിലേക്ക് കുറഞ്ഞു. മൂന്നാംസ്ഥാനത്താണ് ചൈന. 1.40 ലക്ഷം ടണ്ണോളം ഇറക്കുമതിയുമായി ടര്‍ക്കി നാലാമതാണ്.

◾ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം വാള്‍ട്ടര്‍ വീരയ്യയിലെ സോംഗ് എത്തി. 'നുവ്വു സീത വയ്ത്തേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി)യാണ് ചിത്രത്തിന്റെ കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണിത്.

◾മാര്‍ഗോട്ട് റോബി പ്രധാന വേഷത്തില്‍ എത്തുന്ന 'ബാര്‍ബി'യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലര്‍ വാര്‍ണര്‍ ബ്രദേഴ്‌സ് പുറത്തിറക്കി. ഗ്രെറ്റ ഗെര്‍വിഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റാന്‍ലി കുബ്രിക്കിന്റെ എ സ്‌പേസ് ഒഡീസിയിലെ ഐതിഹാസികമായ രംഗങ്ങളോടുള്ള ആദരവായാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. 1968-ല്‍ ഇറങ്ങിയ എ സ്‌പേസ് ഒഡീസിയിലെ 'ഡോണ്‍ ഓഫ് മാന്‍' സീക്വന്‍സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഹെലന്‍ മിറന്റെ വോയ്‌സ്ഓവറിനൊപ്പം പെണ്‍കുട്ടികള്‍ അവരുടെ കുഞ്ഞു പാവകളുമായി കളിക്കുന്നതാണ് ആദ്യം കാണിക്കുന്നത്. ബാര്‍ബിയുടെ ദീര്‍ഘകാല ബോയ്-കളിപ്പാട്ടം കെന്നിന്റെ വേഷം റയാന്‍ ഗോസ്ലിംഗ് ആണ് ചെയ്യുന്നത്. വില്‍ ഫെറല്‍, എമ്മ മക്കി, കോണര്‍ സ്വിന്‍ഡെല്‍സ്, നിക്കോള കോഗ്ലന്‍, എമറാള്‍ഡ് ഫെന്നല്‍, കേറ്റ് മക്കിന്നണ്‍, മൈക്കല്‍ സെറ, സിമു ലിയു, അമേരിക്ക ഫെറേറ, എന്‍കുറ്റി ഗത്വ, ഇസ റേ, കിംഗ്സ്ലി ബെന്‍-ആദ് എന്നിവരും ഉള്‍പ്പെടുന്നു. റിയ പെര്‍ല്‍മാന്‍, ഷാരോണ്‍ റൂണി, സ്‌കോട്ട് ഇവാന്‍സ്, അന ക്രൂസ് കെയ്ന്‍, റിതു ആര്യ, ജാമി ഡിമെട്രിയോ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

◾പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ജനുവരി മുതല്‍ ഹോണ്ടയുടെ വാഹനങ്ങള്‍ക്ക് 30,000 രൂപ വരെയാണ് വില വര്‍ദ്ധിപ്പിക്കുക. അതേസമയം, വിവിധ മോഡലുകള്‍ക്കനുസരിച്ച് വിലയില്‍ മാറ്റം ഉണ്ടായേക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ നവീകരണങ്ങള്‍ നടത്തുന്നതിനും കൂടി വേണ്ടിയാണ് വില വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നത്. വായു മലിനീകരണം ലക്ഷ്യമിട്ടുള്ള ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രില്‍ പ്രാബല്യത്തിലാകും. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ നവീകരണം നടത്തുന്നത്. ഹോണ്ടയ്ക്ക് പുറമേ, ഹ്യുണ്ടായി, ടാറ്റാ മോട്ടോഴ്സ്, മെഴ്സിഡസ് ബെന്‍സ്, കിയ, ഓഡി, റെനോ, എംജി മോട്ടോര്‍ എന്നീ കമ്പനികളും പുതുവര്‍ഷത്തില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ ഏറ്റവും അധികം കാറുകള്‍ വിറ്റഴിക്കുന്ന മാരുതിയും വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്.

◾തൊണ്ണൂറുകളില്‍ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സന്‍. ആംബുലന്‍സ് എന്ന ആദ്യസമാഹാരം മുതല്‍ക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവര്‍ഷത്തെ രചനകളില്‍നിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകള്‍. 'മുപ്പതു കഥകള്‍'. ഡിസി ബുക്സ്. വില 361 രൂപ.

◾യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ നാം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. മാംസ ഭക്ഷണങ്ങളായ കരള്‍, തലച്ചോറ്, കുടല്‍ എന്നിവ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മദ്യപാനം, സോഡ ഉത്പ്പന്നങ്ങളുടെ ഉപയോഗം മറ്റ് മധുരമുള്ള ഗ്യാസ് അടങ്ങിയ പാനീയങ്ങള്‍ എല്ലാം തന്നെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ബേക്കറി സാധനങ്ങള്‍ പരമാവധി ഒഴിവാക്കണം. കാരണം ഇവയില്‍ ചേരുന്ന പഞ്ചസാര റിഫൈന്‍ഡ് ഷുഗറാണ്. ഇത് നിങ്ങളുടെ യൂറിക് ആസിഡ് ലെവല്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്ത വ്യക്തിയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും ഹൈപ്പര്‍ യൂറിസെമിയയിലേക്ക് എത്തിക്കുന്നു. ഇത് യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അനാരോഗ്യകരമായ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി 2-3 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും യൂറിക് ആസിഡിന് പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. പച്ചക്കറികളില്‍ ശതാവരി, ചീര, കോളിഫ്ളവര്‍, കൂണ്‍, ഗ്രീന്‍ പീസ് തുടങ്ങിയ പച്ചക്കറികളില്‍ സന്ധിവാതം പോലുള്ള അതികഠിനമായ വേദനയ്ക്ക് കാരണമാകുന്ന പ്യൂരിന്‍ സംയുക്തം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോളിഫ്‌ളവര്‍, ചീര പോലുള്ളവ സൂക്ഷിച്ച് വേണം യൂറിക് ആസിഡ് പ്രശ്‌നമുള്ളവര്‍ കഴിക്കുന്നതിന്. കൂടാതെ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരങ്ങ, ഓറഞ്ച് എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ആരോഗ്യകരമായ അളവില്‍ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഏത് വ്യക്തിയുടേയും അന്ത്യമൊഴികള്‍ ശ്രദ്ധിക്കപ്പെടും. ആ വ്യക്തി പ്രശസ്തനാണെങ്കില്‍ പ്രത്യേകിച്ച്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണം ആസന്നമായ നിമിഷം. അദ്ദേഹം തന്റെ അന്ത്യാഭിലാഷമായി മൂന്ന് കാര്യങ്ങള്‍ പറഞ്ഞു. തന്റെ ശവമഞ്ചം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത് എന്നെ ചികിത്സിച്ച ഭിഷ്വഗ്വരന്‍ തന്നെ ആയിരിക്കണം. അതൊരു ശിക്ഷയായി കരുതരുത്. ഇതൊരു സത്യം വെളിപ്പെടുത്താനാണ്. ഒരു ഭിഷഗ്വരനും അന്തിമമായി ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയില്ല എന്ന സത്യം തിരിച്ചറിയണം. അതുകൊണ്ട് തന്നെ ജീവിതത്തെ ഒരിക്കലും ലാഘവബുദ്ധിയോടെ കാണുവാന്‍ ഇടയാകരുത്. രണ്ടാമതായി എന്റെ മൃതശരീരം കൊണ്ടുപോകുമ്പോള്‍ ഞാന്‍ സമ്പാദിച്ചതെല്ലാം ആ വീഥിയില്‍ വിതറണം. ഞാന്‍ സമ്പാദിച്ചതിന്റെ ഒരു തരിപോലും എനിക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് മനുഷ്യരെല്ലാം അറിയണം. ധനത്തിന്റെ പിന്നാലെ പാഞ്ഞ് നമ്മുടെ സമയവും ആരോഗ്യവും കളയുന്നത് വ്യഥാവിലാണെന്ന് ഇവരെല്ലാം മനസ്സിലാക്കണം. മുന്നാമത്തേയും അവസാനത്തേയുമായ ആഗ്രഹം എന്തെന്നാല്‍ , എന്റെ ഇരു കൈകളും നിവര്‍ത്തിയ വിധത്തില്‍ ശവമഞ്ചത്തിന്റെ ഇരുവശത്തേക്കും തൂങ്ങിക്കിടക്കണം. ഞാന്‍ ഈ ലോകത്തിലേക്ക് വന്നത് ശൂന്യമായ കൈകളോടെയാണെന്നും തിരിച്ചുപോകുന്നതും അതേ ശൂന്യതയോടെയാണെന്നും എല്ലാവരും അറിയട്ടെ.. അദ്ദേഹത്തിന്റെയീ ആഗ്രഹങ്ങളെല്ലാം നമുക്ക് മുന്നില്‍ തുറന്ന് വെയ്ക്കുന്ന വിശാലമായ യാഥാര്‍ത്ഥ്യങ്ങളുണ്ട്. നമ്മള്‍ എത്ര തന്നെ സമ്പാദിച്ചാലും അതില്‍നിന്നും ഒരു തരി പോലും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകാന്‍ സാധിക്കുകയില്ല. മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും ധാര്‍മ്മികവും അധാര്‍മ്മികവുമായ രീതിയില്‍ നേടുന്നതെല്ലാം ഇവിടെ ഉപേക്ഷിച്ചുതന്നെ പോകണം എന്ന സത്യം നമ്മുടെ മനസ്സിലും ഊട്ടിയുറപ്പിക്കാം. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ മനസ്സിലെ നല്ല ഓര്‍മകളായി മാറാന്‍ നമുക്ക് ജീവിച്ചിരിക്കെ ശ്രമിക്കാന്‍ സാധിക്കട്ടെ - ശുഭദിനം.
Media 16 News