*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 2 | വെള്ളി |

◾അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിലെ അഴിമതി ആരോപണങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ലോകായുക്തയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. ലോകായുക്തയെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.

◾കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കോടതി ഉത്തരവു നടപ്പാക്കാത്തതിന് ട്രസ്റ്റ് മാനേജുമെന്റ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.

◾സംസ്ഥാന സര്‍ക്കാരിനു ക്രമസമാധാന പാലനത്തില്‍ ഒരു ശ്രദ്ധയുമില്ലെന്നും സര്‍വകലാശാലകളില്‍ ബന്ധു നിയമനവും സ്വജനപക്ഷപാതവും നടപ്പാക്കാനാണു ശ്രദ്ധയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഴിഞ്ഞത്തു പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

◾വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ദേശാഭിമാനി പ്രചരിപ്പിച്ച ഒമ്പതു പേരുടെ ചിത്രത്തില്‍ ഒരാള്‍ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിയുടെ സഹോദരന്‍ തീവ്രവാദി ആണോയെന്നു മന്ത്രിതന്നെ പറയട്ടെ. മുഖ്യമന്ത്രി സമരസമിതിയുമായി സംസാരിച്ചാല്‍ ഒരു മണിക്കൂറിനകം സമരം തീരും. സര്‍ക്കാര്‍ സമരക്കാരെ മനപ്പൂര്‍വം പ്രകോപിപ്പിക്കുകയാണ്. കള്ളത്തരങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷ നേതാവ് പറഞ്ഞു.

◾വിഴിഞ്ഞം പദ്ധതിക്കെതിരേ ഏതു വേഷത്തില്‍ വന്നാലും അംഗീകരിക്കില്ലെന്നും സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ല. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾വിഴിഞ്ഞം സമരത്തില്‍ കോണ്‍ഗ്രസ് മത്സ്യതൊഴിലാളികള്‍ക്കൊപ്പമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണ്ടി വന്നാല്‍ വിമോചനസമരത്തിനു നേതൃത്വം നല്‍കാനും കോണ്‍ഗ്രസ് തയാറാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമണം പോലീസ് ക്ഷണിച്ചുവരുത്തിയതാണ്. മത്സ്യത്തൊഴിലാളികളെ പൊലീസ് മര്‍ദ്ദിച്ചതിന്റെയും അറസ്റ്റു ചെയ്തതിന്റേയും പെട്ടെന്നുണ്ടായ പ്രതികരണമാണെന്നും സുധാകരന്‍ പറഞ്ഞു.

◾വിഴിഞ്ഞം ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. വിഴിഞ്ഞത്തു ക്രമസമാധാന പ്രശ്നമാണുള്ളത്. ക്രമസമാധാന വിഷയങ്ങളില്‍ എന്‍ഐഎ ഇടപെടാറില്ല. കേരള പൊലീസുമായി യോഗം ചേര്‍ന്നിട്ടില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. വിഴിഞ്ഞം സംഭവത്തെ തീവ്രവാദിവത്കരിച്ച് എന്‍ഐഎ അന്വേഷണമെന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരിക്കേയാണ് ഈ വിശദീകരണം.

◾വിഴിഞ്ഞം ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗൂഢാലോചന അന്വേഷിക്കണം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നു സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

◾വിഴിഞ്ഞത്തെ അക്രമ സംഭവവികാസങ്ങളില്‍ വൈദികര്‍ക്കും പങ്കെന്ന് പൊലീസ്. പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. പൊലീസ് സ്റ്റേഷന്‍ ആക്രമണമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേര്‍ എത്തി. വൈദികരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞെന്നും പൊലീസ് കുറ്റപ്പെടുത്തി.

◾നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ചു മിനിറ്റുപോലും വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളത്. ഒന്‍പത് വൈസ് ചാന്‍സിലര്‍മാരും പുറത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു.

◾ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളില്‍ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴല്‍പ്പണ കേസുകളില്‍ അടക്കം സര്‍ക്കാര്‍ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ പരാതിയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. അതേസമയം തന്റെ ഓഫീസില്‍ ലഭിക്കുന്ന എല്ലാ പരാതികളും സര്‍ക്കാറിനു കൈമാറാറുണ്ടെന്നും കേസു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.

◾കൊടകര കള്ളപ്പണക്കേസില്‍ അടക്കം ബിജെപി നേതാക്കളെ രക്ഷിക്കാന്‍ ഇടപെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഫേസ് ബുക്കിലൂടെയാണ് സനോജ് ഈ ആവശ്യം ഉന്നയിച്ചത്.

◾കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഇടത് ഉദ്യോഗസ്ഥ സംഘടന 51 ദിവസം നടത്തിവന്ന സമരം അവസാനിപ്പിച്ചു. അപകീര്‍ത്തി കുറ്റത്തിനു സംഘടനാ ജനറല്‍ സെക്രട്ടറിയെ തരംതാഴ്ത്തിയ നടപടി റദ്ദാക്കാമെന്ന് കൃഷി, റവന്യൂ മന്ത്രിമാര്‍ ഉറപ്പുനല്‍കകിയെന്നാണു റിപ്പോര്‍ട്ട്. സ്ഥലം മാറ്റം പുനപ്പരിശോധിക്കുമെന്നും ഉറപ്പ് ലഭിച്ചത്രേ. ഓഫീസ് ഉപരോധിച്ചുള്ള സമരത്തെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയതോടെയാണ് സമരസമിതി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് കൃഷി മന്ത്രിയെ സമീപിച്ചത്.

◾കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള എക്കൗണ്ടുകളില്‍നിന്ന് എട്ട് കോടി രൂപ കൂടി നഷ്ടമായെന്ന് കോര്‍പറേഷന്‍ അധികൃതര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത തുക പന്ത്രണ്ടു കോടി രൂപയായി. രണ്ടര കോടി പഞ്ചാബ് നാഷണല്‍ ബാങ്ക് കോര്‍പറേഷന്റെ എക്കൗണ്ടിലേക്കു തിരിച്ചടച്ചു. മാനേജര്‍ എംപി റിജില്‍ ഒളിവിലാണ്. തട്ടിപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ഭാഗത്തും വീഴ്ചയുണ്ട്. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നല്‍കിയ നിര്‍ദ്ദേശം പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍.

◾പത്തനംതിട്ട സീതത്തോടില്‍ എക്സൈസ് സംഘത്തെ ആക്രമിച്ചെന്ന കേസില്‍ ഉള്‍പെട്ട സൈനികന്‍ സുജിത്തിനെ (33) പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഡ്യൂട്ടി സ്ഥലത്തു വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേസില്‍ ജാമ്യമെടുക്കാതെയാണ് ജോലി സ്ഥലത്തേക്കു പോയിരുന്നത്.

◾ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഈ വര്‍ഷം 137 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചു.

◾പോലീസ് കൊണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം വര്‍ഗീസ്. സമൂഹത്തോടാണ് പ്രതിബദ്ധത വേണ്ടത്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പഴി കേള്‍ക്കേണ്ടിവരുമെന്ന ഭീതിമൂലമാണ് പ്രതിക്കു ജാമ്യത്തിന് അര്‍ഹതയുണ്ടായിട്ടും ചിലര്‍ നിഷേധിക്കുന്നതെന്നും ഹണി വര്‍ഗീസ് പറഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജഡ്ജി ഹണി എം വര്‍ഗീസ്.

◾വിഴിഞ്ഞം സമരസമിതി നേതാവ് ഫാ. തിയോഡഷ്യസ് നടത്തിയ തീവ്രവാദി പ്രയോഗം വര്‍ഗീയ പരാമര്‍ശമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും സംഘപരിവാറിന്റെ താത്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിച്ചെന്നും മന്ത്രി ആരോപിച്ചു. മാപ്പു പറയുന്നതില്‍ എന്തര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.

◾കോവളത്ത് വിദേശ വനിതയെ മയക്കുമരുന്നു നല്‍കി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ വിധി ഇന്ന്. രണ്ട് പ്രതികളാണുള്ളത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്കു കോടതി നടപടികള്‍ ഓണ്‍ലൈനിലൂടെ കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ ചികിത്സക്കായി തിരുവനന്തപുരം പോത്തന്‍കോട് എത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച് 14 നാണ് കാണാതായത്. 36 ാം ദിവസം അഴുകിയ മൃതദേഹം കോവളത്തെ പൊന്തകാടില്‍ കണ്ടെത്തുകയായിരുന്നു.

◾കണ്ണൂര്‍ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ ദുരൂഹ മരണത്തില്‍ സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ജോബിന്‍ ചേനാട്ട് അറസ്റ്റില്‍. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ജോബിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ മര്‍ദ്ദിച്ചെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

◾ഒരു ദിവസത്തെ പരോളില്‍ പൊലീസ് സംരക്ഷണത്തോടെ വീട്ടിലെത്തിച്ച കൊലക്കേസ് പ്രതി രക്ഷപ്പെട്ടെങ്കിലും പിടികൂടി. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ബുധനാഴ്ചയാണു രക്ഷപ്പെട്ടത്. പൊന്മുടി വനമേഖലയില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ കണ്ടെത്തി.

◾ഗുണ്ടാ കുടിപ്പകമൂലം തിരുവനന്തപുരത്തെ കാപ്പാ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി. നിലമേല്‍ സ്വദേശി നിസാമുദ്ദീനെയാണ് കിളിമാനൂര്‍ ബസ് സ്റ്റാന്റിനരികില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. നിരവധി കേസുകളില്‍ പ്രതികളായ കര്‍ണല്‍ രാജിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

◾കോട്ടയം പനച്ചിക്കാട് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തില്‍ മകന്‍ ബിജു (52) വാണ് അറസ്റ്റിലായത്. വീണു പരിക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച സതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിനു തൊട്ടുമുമ്പ് പൊലീസ് ഇടപെട്ട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതോടെയാണ് മര്‍ദിച്ചെന്നു മനസിലാക്കാനായത്.

◾ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അധ്യാപിക. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒക്കാണു പരാതി നല്‍കിയത്. പ്രധാനാധ്യാപിക റംലത്തിനെതിരേയാണു പരാതി. ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്.

◾'ഹിഗ്വിറ്റ' എന്ന പേരില്‍ സിനിമ പുറത്തിറക്കുന്നത് അനീതിയാണെന്ന് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. എന്‍.എസ് മാധവന്റെ കഥയിലൂടെയാണ് ഹിഗ്വിറ്റ എന്ന വാക്ക് മലയാളികള്‍ അറിയുന്നത്. ആ പേരില്‍ മറ്റൊരു കഥ പറയുന്ന സിനിമ ഇറക്കുന്നത് അനീതിയാണെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞു.

◾ഹ്വിഗിറ്റ എന്ന സിനിമയക്ക് എന്‍എസ് മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകനും സിനിമയുടെ തിരക്കഥാകൃത്തുമായ ഹേമന്ത് ജി നായര്‍. പ്രതീകമെന്ന നിലയിലാണ് അങ്ങനെ പേരിട്ടത്. ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനായ എന്‍എസ് മാധവനെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും ഹേമന്ത് പറഞ്ഞു. 2019 ല്‍ ചിത്രീകരണം തുടങ്ങിയ ചിത്രം ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടാണു നായകന്‍.  

◾പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പുളിങ്കാവില്‍ അയ്യപ്പന്‍ വിളക്കിനിടെ ആന ഇടഞ്ഞു. കുളക്കാടന്‍ മഹാദേവന്‍ എന്ന ആന ഒന്നരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍ മറിച്ചിട്ടു.

◾കോണ്‍ഗ്രസുകാര്‍ തന്നെ ചീത്ത വിളിക്കാന്‍ മത്സരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഒരു കുടുംബ'ത്തെ സുഖിപ്പിക്കാനാണ് നേതാക്കള്‍ ചീത്ത വിളിക്കുന്നത്. ആ കുടുംബത്തിലാണ് അവര്‍ക്ക് വിശ്വാസമെന്നും ജനാധിപത്യത്തിലല്ലെന്നും മോദി പരിഹസിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പു റാലിയില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 'രാവണന്‍' എന്നു വിശേഷിപ്പിച്ചതിനാണ് ഇങ്ങനെ പ്രതികരിച്ചത്.

◾സെര്‍വര്‍ തകരാറിലായതുമൂലം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. നിരവധി വിമാനങ്ങള്‍ വൈകി. യാത്രക്കാര്‍ ബുദ്ധിമുട്ടി.

◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടി സ്വര ഭാസ്‌കര്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ രാഹുല്‍ ഗാന്ധിയെ കണ്ട് റോസാപ്പൂക്കള്‍ സമ്മാനിച്ച് താരം യാത്രയില്‍ ഒപ്പം നടന്നു.

◾നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിന്റെ ഡെപ്യൂട്ടി എന്‍ജിനീയറെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ പോലീസ് ഡിവൈഎസ്പിക്കാണ് എന്‍ജിനിയര്‍ കത്തയച്ചത്.

◾ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ 52 ശതമാനം പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

◾പഠനം മെച്ചപ്പെടുത്തണമെന്ന് ഉപദേശിച്ചതിന് ഗര്‍ഭിണിയായ അധ്യാപികയെ മര്‍ദ്ദിച്ച 22 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം. അഞ്ച് മാസം ഗര്‍ഭിണിയായ ചരിത്ര അധ്യാപികയെയാണ് 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടമായി ആക്രമിച്ചത്. രക്ഷിതാക്കളുടെ യോഗത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി അധ്യാപികയെ ആക്രമിക്കുകയായിരുന്നു.

◾ബാബാ രാംദേവ് പതഞ്ജലിയുടെ പേരില്‍ വ്യാജ നെയ്യ് വില്‍ക്കുകയാണെന്ന് ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. യോഗാഭ്യാസമായ 'കപാല്‍ ഭാട്ടി' തെറ്റായ രീതിയിലാണു ബാബാ രാംദേവ് അഭ്യസിപ്പിക്കുന്നതെന്നും കൈസര്‍ഗഞ്ച് എംപിയായ ബ്രിജ്ഭൂഷണ്‍ ആരോപിച്ചു.

◾രണ്ടു കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയിലായി. രാജസ്ഥാനിലാണ് സംഭവം. ബൈക്കില്‍ ബന്ധുവായ രാജുവിനൊപ്പം ക്ഷേത്രദര്‍ശനത്തിനു പോയ ഭാര്യ ഷാലുവിനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ മഹേഷ് ചന്ദാണ് പിടിയിലായത്. ഭാര്യ ഷാലു മാത്രമല്ല, ബന്ധു രാജുവും കൊല്ലപ്പെട്ടിരുന്നു.

◾കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് ഭരണകൂടം നടപ്പാക്കിയ സീറോ കൊവിഡ് ലോക് ഡൗണ്‍ നയത്തില്‍ അയവുവരുത്തി. ലോക്ക്ഡൗണിനെതിരെ ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്.

◾മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്ബോള്‍ ആരാധകര്‍ക്കും ഖത്തറിലേക്കു പ്രവേശനാനുമതി. പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. 500 റിലായാണ് ഇതിനുള്ള ഫീസ്.

◾നാല് തവണ ചാമ്പ്യന്മാരായ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. വമ്പന്‍ അട്ടിമറിയിലൂടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍. ജപ്പാനോട് തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാമതെത്തിയ സ്പെയിനും പ്രീക്വാര്‍ട്ടറില്‍.

◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇ യില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കോസ്റ്റാറിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും നാല് പോയിന്റ് മാത്രമുള്ള ജര്‍മനി ഗ്രൂപ്പില്‍ മൂന്നാമതായി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 2014-ല്‍ കിരീടം നേടിയ ശേഷം ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെ പുറത്താകുന്നത്. ജയമെന്ന ഒറ്റ ലക്ഷ്യവുമായി തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച ജര്‍മനി 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. എന്നാല്‍ കളിയുടെ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച കോസ്റ്റാരിക്ക സമനിലപിടിച്ചു. ഇരു കൂട്ടരും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും 70-ാം മിനിറ്റില്‍ കോസ്റ്റാറിക്ക ലീഡെടുത്തു. പക്ഷെ 73- ാം മിനിറ്റില്‍ തിരിച്ചടിച്ച ജര്‍മനി സമനില പിടിച്ചു. പിന്നാലെ രണ്ടു ഗോളുകള്‍ കൂടി കോസ്റ്റാറിക്കന്‍ വലയിലാക്കി ജര്‍മനി കോസ്റ്റാറിക്കയുടെ പ്രതീക്ഷകളെ തകര്‍ത്തു. പക്ഷെ അപ്പോഴേക്കും ജപ്പാന്‍ സ്പെയിനിനെ അട്ടിമറിച്ചതോടെ നാല് പോയിന്റ് നേടിയ ജര്‍മനിയുടെ പ്രതീക്ഷകളും തകര്‍ന്നു. നാല് പോയിന്റ് മാത്രം തന്നെയുള്ള സ്പെയിന്‍ ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തില്‍ പ്രീക്വാര്‍ട്ടറിലെത്തി.

◾ഇത് മെയ്ഡ് ഇന്‍ ജപ്പാന്‍ വിജയം. ആദ്യ കളിയില്‍ ജര്‍മനിയെ തകര്‍ത്ത ജപ്പാന്‍ ഇന്നലെ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്പെയിനിനേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. കളിയിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത സ്പെയിനിനെ ജപ്പാന്‍ സമനില പിടിച്ചത് അല്‍വാരോ മൊറാട്ടയുടെ ഗോളില്‍ 48-ാം മിനിറ്റിലാണ്. എന്നാല്‍ മൂന്നു മിനിറ്റിനുള്ളില്‍ സ്പെയിനെ ഞെട്ടിച്ച് ജപ്പാന്‍ ആവോ തനാക്കയുടെ ഗോളില്‍ ലീഡെടുത്തു. ഗോളടിക്കുന്നതിനു മുമ്പ് ബോള്‍ ഗ്രൗണ്ടിനു പുറത്തു കടന്നിരുന്നെന്ന് വിധിച്ച റഫറി ഗോള്‍ നിഷേധിച്ചെങ്കിലും വാര്‍ ഗോള്‍ അനുവദിക്കുകയായിരുന്നു. ജപ്പാന്‍ ലീഡെടുത്തതിനു ശേഷം സ്പെയിന്‍ തിരമാല പോലെ ഇരമ്പി കൊണ്ടിരുന്നുവെങ്കിലും ജപ്പാന്‍ പ്രതിരോധത്തില്‍ തട്ടി അതെല്ലാം തകര്‍ന്നു.

◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോയും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് തല മൂന്നാം ഘട്ട മത്സരത്തില്‍ ബെല്‍ജിയത്തെ സമനിലപിടിച്ചാണ് ക്രൊയേഷ്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേസമയം കാനഡയെ തോല്‍പിച്ച മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.

◾ക്രൊയേഷ്യയുമായി സമനിലയിലായ രണ്ടാം നമ്പറുകാരായ ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ക്രൊയേഷ്യയെ തോല്‍പിച്ചാല്‍ മാത്രം പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്ന ബെല്‍ജിയത്തിന് നിര്‍ണായക മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാനായില്ല. ആദ്യ പകുതിയില്‍ ക്രൊയേഷ്യ നേരിയ മുന്‍തൂക്കം നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ബെല്‍ജിയം ഗോളിനായ് കിണഞ്ഞു പരിശ്രമിച്ചു. ക്രൊയേഷ്യന്‍ പ്രതിരോധകോട്ടയില്‍ തട്ടി ശ്രമങ്ങളെല്ലാം വിഫലമായതോടെ ചുവന്ന ചെകുത്താന്മാര്‍ കണ്ണീരോടെ മടങ്ങി.

◾കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ക്രൊയേഷ്യ - ബെല്‍ജിയം മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തയത്. കാനഡയ്‌ക്കെതിരേ മത്സരത്തിന്റെ തുടക്കം മുതല്‍ക്കു തന്നെ ആധിപത്യം പുലര്‍ത്തിയ മൊറോക്കോ ആദ്യ പകുതിയുടെ നാലാം മിനിറ്റിലും 23-ാം മിനിറ്റിലും ഗോളടിച്ചു. കളിയുടെ 40-ാം മിനിറ്റില്‍ കാനഡയുടെ മുന്നേറ്റം ക്ലിയര്‍ ചെയ്യാനുള്ള മൊറോക്കോ ഡിഫന്‍ഡറുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിച്ചതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും കാനഡക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല.

◾ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ബ്രസീലിനും പോര്‍ച്ചുഗലിനും ഇന്ന് മൂന്നാം ഘട്ട മത്സരം. ഗ്രൂപ്പ് എച്ചില്‍ രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്റുള്ള പോര്‍ച്ചുഗല്‍ ഒരു പോയിന്റ് മാത്രമുള്ള സൗത്ത് കൊറിയയുമായും മൂന്ന് പോയിന്റുള്ള ഘാന ഒരു പോയിന്റുള്ള യുറുഗ്വായുമായും ഇന്ന് രാത്രി 8.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ രണ്ട് മത്സരങ്ങളും ജയിച്ച് 6 പോയിന്റുള്ള ബ്രസീല്‍ ഒരു പോയിന്റ്ുള്ള കാമറൂണുമായും മൂന്ന് പോയിന്റുള്ള സ്വിറ്റ്സര്‍ലണ്ട് ഒരു പോയിന്റുള്ള സെര്‍ബിയയുമായും നാളെ വെളുപ്പിന് 12.30ന് ഏറ്റുമുട്ടും. ഈ മസ്തരങ്ങളോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും.

◾സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്പനികള്‍ ഒരുങ്ങുന്നു. നടപ്പുവര്‍ഷം തന്നെ കമ്പനികള്‍ 3.5 മുതല്‍ 4 ശതമാനം വരെ വിലവര്‍ദ്ധിപ്പിച്ചേക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം സിമന്റ് ഡിമാന്‍ഡില്‍ 8-9 ശതമാനം വര്‍ദ്ധനയും കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാഗിന് 25-30 രൂപവരെ വിലവര്‍ദ്ധന നടപ്പുവര്‍ഷമുണ്ടാകും. 2020-21വര്‍ഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവര്‍ദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞപാദത്തില്‍ അംബുജ സിമന്റ്‌സിന്റെ ലാഭമാര്‍ജിന്‍ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അള്‍ട്രാടെക്കിന്റേത് 13.4 ശതമാനത്തില്‍ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്‌സിന്റേത് 15.1 ശതമാനത്തില്‍ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്ന്നിരുന്നു.

◾ഇന്ത്യയില്‍ ഉപയോക്താക്കളുടെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബറില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചു. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് റൂള്‍ 4(1)(ഡി) അനുസരിച്ചാണ് നടപടി. വാട്ട്‌സ്ആപ്പ് സുരക്ഷാ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് 2022 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ 2,324,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് വെളിപ്പെടുത്തല്‍. ആകെയുള്ള 23 ലക്ഷം അക്കൗണ്ടുകളില്‍ 8.11 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ഉപയോക്തൃ പരാതികള്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വാട്ട്‌സ്ആപ്പ് നിരോധിച്ചു. കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവയെ നിരോധിച്ചത്.

◾വിവാദ ചിത്രമായ 'ദി കേരള സ്റ്റോറി' അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി.
നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ വലിയ വിവാദമായിരുന്നു. അദാ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ശാലിനി ഉണ്ണികൃഷ്ണന്‍ ആണെന്നും താനൊരു നഴ്‌സ് ആണെന്നും ഇപ്പോള്‍ മതം മാറ്റി തന്നെ ഫാത്തിമ ഭായ് എന്നാക്കിയെന്നും ടീസറില്‍ പറയുന്നു. അതിന് പിന്നാലെ ഐഎസില്‍ എത്തിച്ചു. ഇപ്പോള്‍ താന്‍ പാക്കിസ്ഥാന്‍ ജയിലിലാണ്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തിലെ സ്ഥിതി ഇതാണ് എന്ന് പറയുന്നതാണ് ടീസറിലെ ഉള്ളടക്കം. എന്നാല്‍ രേഖകളുടെ പിന്‍ബലത്തോടെ ഒരുക്കുന്ന ഒരു യഥാര്‍ത്ഥ കഥയാണ് കേരള സ്റ്റോറീസ് എന്ന് സുദീപ്‌തോ സെന്‍ വ്യക്തമാക്കി.

◾അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ദൃശ്യം 2 ന് ബോക്‌സോഫീസില്‍ ഗംഭീര സ്വീകരണം. ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് മാത്രമുള്ള വരുമാനം 150 കോടി കവിഞ്ഞു. നവംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ റിലീസിലൂടെ 70 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. അജയ് ദേവ്ഗണിന് പിന്നാലെ ശ്രേയാ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍. 50 കോടി മുതല്‍മുടക്കില്‍ പനോരമ സ്റ്റുഡിയോസ്, വിയാകോം 18 സ്റ്റുഡിയോസ്, ടി സീരീസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമില്‍ കീയന്‍ ഖാനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

◾വില്‍പന കണക്കുകളില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി സ്‌കോഡ ഇന്ത്യ. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം സ്‌കോഡ നേടിയത്. 4433 കാറുകളാണ് ഈ നവംബറില്‍ സ്‌കോഡ ഇന്ത്യ വിറ്റത്. ഈ വര്‍ഷം 50000 കാര്‍ എന്ന സ്വപ്ന നേട്ടത്തിന് അരികെയെത്തി എന്നും സ്‌കോഡ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സ്‌കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാര്‍ഷ വില്‍പന റെക്കോര്‍ഡ് തിരുത്തിയിരുന്നു. 2022 ലെ ആദ്യ എട്ടുമാസത്തെ വില്‍പന കണക്കുകള്‍ മാത്രം നോക്കിയപ്പോള്‍ 37568 വാഹനങ്ങളാണ് സ്‌കോഡ നിരത്തിലെത്തിച്ചത്. ഇതിന് മുമ്പ് ഇത്രയും അധികം വില്‍പന ലഭിച്ചത് 2012ല്‍ ആയിരുന്നു. 34687 യൂണിറ്റായിരുന്നു അന്നത്തെ വില്‍പന. ഇതോടെ സ്‌കോഡയുടെ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന മൂന്നാമത്ത വിപണിയായും മാറി ഇന്ത്യ. ജര്‍മനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങള്‍ പങ്കുടുന്നത്.

◾കടല്‍ത്തീരത്തു വളര്‍ന്ന താമരയെന്ന കൊച്ചുപെണ്‍കുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥ. അവര്‍ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന ജീവ ജാലങ്ങളും ഈ കഥയില്‍ തെളിയുന്നു. താമരയും കൂട്ടുകാരും കടല്‍ത്തീരത്തെ സംരക്ഷിക്കുന്നതിനായി നടത്തുന്ന സാഹസം കുട്ടികള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നു. 'കടപ്പുറത്തെ കാവോതി'. സുഭാഷ് ഒട്ടുംപുറം. ഡിസി ബുക്സ്. വില 114 രൂപ.

◾അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്മൃതിനാശത്തിന് മരുന്ന് കണ്ടെത്തിയതായാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലെകാനെമാബ് എന്ന പുതിയ മരുന്നാണ് സ്മൃതിനാശത്തിന് വളരെയധികം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന 15ാമത് അല്‍ഷിമേഴ്‌സ് ഡിസീസ് ക്ളിനിക്കല്‍ ട്രയല്‍ കോണ്‍ഫറന്‍സിലാണ് പുതിയ പഠനഫലം പ്രസിദ്ധീകരിച്ചത്. ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിനിലും ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ആദ്യം എഫ്ഡിഎയുടെ അംഗീകാരത്തിനായി ലെകാനെമാബ് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ പ്രത്യാശ നല്‍കുന്ന പഠനഫലം പുറത്തുവരുന്നത്. ലോകമാകെയുളള ലക്ഷണക്കിന് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വളരെ പ്രത്യാശ നല്‍കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നതിനുളള മരുന്നുകള്‍ കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്‍ഷിമേഴ്‌സ് ഡ്രഗ് ഡിസ്‌കവറി ഫൗണ്ടേഷന്‍. അല്‍ഷിമേഴ്‌സ് ബാധയെ 27 ശതമാനം മന്ദഗതിയില്‍ ആക്കുന്നതാണ് ലെകാനെമാബ് എന്നാണ് നിഗമനം. ഇത് 100 ശതമാനം പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. അമിലോയ്ഡ് ബീറ്റ എന്ന പ്രോട്ടീന്‍ രൂപപ്പെടുന്നത് വഴിയാണ് അല്‍ഷിമേഴ്‌സ് ആരംഭിക്കുന്നത്. രോഗലക്ഷണം പ്രകടമാക്കുന്നതിന് രണ്ട് പതിറ്റാണ്ട് മുന്‍പ് തന്നെ ഇത് ഫലകങ്ങളായി രൂപംകൊണ്ട് തുടങ്ങും. വര്‍ഷങ്ങളോളം ഇങ്ങനെ രൂപപ്പെടുന്നത് മസ്തിഷ്‌കത്തിലെ കലകള്‍ ചുരുങ്ങാനോ നശിക്കാനോ കാരണമാകും അങ്ങനെ സ്മൃതിനാശം സംഭവിക്കും. ഇതിന് വേഗം കുറക്കാനാണ് പുതിയ ഔഷധം ഫലപ്രദമെന്ന് തെളിഞ്ഞിരിക്കുന്നത്.

*ശുഭദിനം*

കപ്പല്‍ നടുക്കടലിലെത്തിയപ്പോഴാണ് കൊടുങ്കാറ്റടിച്ചത്. ആടിയുലഞ്ഞ കപ്പലിന്റെ കൊടിമരത്തില്‍ നിന്നു പതാക താഴെ വീണു. കടല്‍ ശാന്തമായപ്പോള്‍ കപ്പിത്താന്റെ മകന്‍ പതാക കെട്ടാനായി കൊടിമരത്തില്‍ കയറി. പാതിവഴി എത്തിയപ്പോഴേക്കും കടല്‍ വീണ്ടും ക്ഷോഭിച്ചു. കപ്പല്‍ ഇളകിയപ്പോള്‍ മകന്‍ നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പിത്താന്‍ പറഞ്ഞു: നീ പേടിക്കേണ്ട. രണ്ടു കാര്യങ്ങള്‍ മാത്രം ഓര്‍ക്കുക. കടല്‍ ശാന്തമാകുന്നതുവരെ അവിടെ പിടിച്ചിരിക്കുക. എന്നിട്ടു കൊടിമരത്തിന്റെ മുകളിലേക്ക് മാത്രം നോക്കി കയറുക. അച്ഛന്‍ പറഞ്ഞതുപോലെ അവന്‍ ചെയ്തു. എതിര്‍ദിശയിലേക്കുള്ള എത്തിനോട്ടവും പരിശോധനയുമാണ് മുന്നോട്ടുളള യാത്രകളെ ആയാസകരമാക്കുന്നത്. ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യമുണ്ട്. വളരെക്കാലത്തെ വിചിന്തനത്തിന് ശേഷം പല സാധ്യതകളും ഉപേക്ഷിച്ച ശേഷം തിരഞ്ഞെടുത്ത ഒന്നാകും ആ ലക്ഷ്യം. അതിലേക്ക് നടക്കുമ്പോള്‍ ഇന്നലകളുടെ ഇരുണ്ടയിടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാ സാഹസികയാത്രകള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: എന്ന് തിരിച്ചെത്താന്‍ കഴിയുമെന്ന സന്ദേഹം. രണ്ട്: ഇടക്കിടെയുള്ള തിരിഞ്ഞുനോട്ടം. പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് നമുക്ക് മുന്നേറാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ മറ്റാരെങ്കിലും സമ്മാനിക്കുന്ന ദുരനുഭവങ്ങളില്‍ തട്ടി യാത്രകള്‍ മുടങ്ങാം - *ശുഭദിനം.* 

മീഡിയ 16 ന്യൂസ്‌