*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 19 | തിങ്കൾ |

◾വാമോസ് അര്‍ജന്റീന! പെനാല്‍റ്റി ഷൂട്ടൗട്ട് യുദ്ധത്തിലൂടെ ഫ്രഞ്ചു പടയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തി മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടു. ഖത്തര്‍ ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും എക്‌സ്ട്രാ ടൈമില്‍ മൂന്നു വീതം ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഹാട്രിക് നേടിയിട്ടും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കു കിരീടം നിലനിര്‍ത്താനായില്ല. 23 ാം മിനിറ്റില്‍ മെസി നേടിയ പെനാല്‍റ്റി ഗോള്‍. 36 മിനിറ്റില്‍ രണ്ടാം ഗോളുമായി ഡി മരിയ. 79 ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ എംബാപ്പ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടി. പിറകേ 81 ാം മിനിറ്റില്‍ രണ്ടാം ഗോളുമായി സമനില. എക്സ്ട്രാ ടൈമില്‍ 108 ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോളോടെ 3- 2. 117 ാം മിനിറ്റില്‍ വീണു കിട്ടിയ പെനാല്‍റ്റി മുതലാക്കി എംബാപ്പെ വീണ്ടും സമനില പിടിച്ചു 3- 3. തുടര്‍ന്നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ട്.

◾ബഫര്‍സോണ്‍ പ്രദേശങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ഉപഗ്രഹ സര്‍വേ അന്തിമരേഖയല്ലെന്നും ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവാസ മേഖലയില്‍ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഉപഗ്രഹ സര്‍വ്വേയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍/ സംവിധാനമുണ്ടാകും. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കും. രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ജനങ്ങളുടെ / ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കൂവെന്നു സിപിഎം. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

◾ശബരിമല തീര്‍ത്ഥാടനത്തിന് വയോധികര്‍ക്കും കുട്ടികള്‍ക്കും നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ. കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്ചയായിട്ടും ശബരിമല സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്കു ചെയ്തിരുന്നത്.

◾കോടതികള്‍ക്കു രണ്ടു മാസത്തെ മധ്യവേനലവധി എന്തിനാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊളോണിയല്‍ കാലത്തെ ജഡ്ജിമാര്‍ക്കു ജന്മനാട്ടിലേക്കു പോകാന്‍ രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത രീതി മാറ്റണമെന്നു കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ രാജാറാം മോഹന്‍ റായിയുടെ 250-ാം ജയന്തി ആഘോഷ വേളയില്‍ ആയിരുന്നു മുരളീധരന്റെ പ്രസ്താവന.

◾വോള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സ്വന്തം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു'വെന്നു കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. 'ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഭ്രാന്തിനൊപ്പ'മെന്നാണു മോഹല്‍ലാല്‍ കുറിച്ചത്.

◾വാളയാര്‍ വഴി കടത്തിയ 173 കിലോ ചന്ദനം മറയൂരില്‍നിന്നു കവര്‍ന്നതാണെന്ന് വനംവകുപ്പ്. എക്സൈസ് സംഘം പിടികൂടിയ പാലക്കാട് വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ ചോദ്യം ചെയ്തു. ആറുപേരെകൂടി പിടികൂടാനുണ്ട്. കേരളത്തില്‍ അരി ഇറക്കി തിരിച്ചുപോകുന്ന ലോറിയില്‍ ആന്ധ്രയിലേക്കു കയറ്റിവിടാനായിരുന്നു പരിപാടിയെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് വനംവകുപ്പ് അധികൃതര്‍.

◾കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. കരിപ്പൂരില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് പിടിയിലായി. കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരില്‍നിന്ന് 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവും പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദും പിടിയിലായി.  

◾ചാരുംമൂട് സൂപ്പര്‍ മാര്‍ക്കറ്റില്‍ 500 രൂപ കള്ളനോട്ടു കേസില്‍ സീരിയല്‍ ചലച്ചിത്ര നടനടക്കം മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സീരിയല്‍ ചലച്ചിത്ര നടനായ തിരുവനന്തപുരം നേമം കാരയ്ക്ക മണ്ഡപം ശിവന്‍കോവില്‍ റോഡ് സ്വാഹിത് വീട്ടില്‍ ഷംനാദ് (ശ്യാം ആറ്റിങ്ങല്‍- 40), കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടില്‍ ശ്യം ശശി (29), ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത് (49)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ബലാല്‍സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

◾രമേശ് ചെന്നിത്തലയുടെയും അനിതയുടേയും മകനും ഐആര്‍എസ് ഉദ്യോഗസ്ഥനുമായ രമിത്തും ബഹറിനിലെ ജോണ്‍ കോശി- ഷൈനി ജോണ്‍ ദമ്പതിമാരുടെ മകള്‍ ജൂനിറ്റയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങള്‍ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവച്ചു.  

◾ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ ദിവ്യ നായരെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ ഇന്നു സമര്‍പ്പിക്കും.

◾യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം കവരുകയും ചെയ്ത പ്രതി ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. തലശ്ശേരി കീഴൂര്‍ സ്വദേശി നിയാസാണ് അറസ്റ്റിലായത്. ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനായിരുന്ന പ്രതി ഓര്‍ഡര്‍ വീട്ടില്‍ കൊണ്ടുകൊടുക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്.

◾പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ചേര്‍ത്തല നഗരസഭ ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്. ഓട്ടോ ഡ്രൈവറായ ബാബുവും ഭാര്യ അംബികയും വീട്ടിലില്ലായിരുന്നു.

◾മാഹിയില്‍നിന്ന് വയനാട്ടിലേക്കു കടത്തുകയായിരുന്ന 17 ലിറ്റര്‍ മദ്യവുമായി വാന്‍ ഡ്രൈവര്‍ പിടിയില്‍. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് അറസ്റ്റിലായത്.

◾ഇടുക്കി അടിമാലിയില്‍ കേഴമാനിറച്ചിയുമായി രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. ഹോട്ടല്‍ ഉടമ ജോബിന്‍, സുഹൃത്തായ മാമച്ചന്‍ എന്നിവരാണ് പിടിയിലായത്.

◾ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയിലെ ഹറമിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പറമ്പില്‍പീടിക പാലപ്പെട്ടിപാറ സ്വദ്ദേശി കുഞ്ഞിപോക്കര് പാലക്കോടനാണ് കഅ്ബയുടെ മുന്നിലുള്ള പ്രദക്ഷിണ മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചത്.

◾കട്ടപ്പന വാഴവരയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കട്ടപ്പന നിര്‍മ്മലാസിറ്റി ഇടയത്തുപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്.

◾ലോകരാജ്യങ്ങളുടെ കപ്പല്‍ നിര്‍മാണം ഇന്ത്യ ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ 'മോര്‍മുഗാവോ' മുബൈയില്‍ കമ്മീഷന്‍ ചെയ്യവേയാണ് ഇങ്ങനെ പറഞ്ഞത്.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. യാത്ര 24 നു ഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പേ യാത്രയില്‍ പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു.

◾മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളാണ് തന്നെ പ്രലോഭിപ്പിച്ചു കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറഞ്ഞെന്നു പൊലീസ് വെളിപെടുത്തി.

◾ജാര്‍ക്കണ്ഡിലെ സാഹിബഞ്ച് ഗ്രാമത്തില്‍ ആദിവാസി യുവതിയെ കൊന്ന് അമ്പതിലേറെ കഷണങ്ങളാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരി റൂബിക പഹാദന്‍ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെയാണ് അറസ്റ്റു ചെയ്തത്. രണ്ടാം ഭാര്യയായിരുന്നു റൂബിക. മൃതദേഹകഷണങ്ങള്‍ റോഡരികില്‍ നായ്ക്കല്‍ കടിച്ചുവലിക്കുന്നതു കണ്ട ഗ്രാമീണരാണു പോലീസില്‍ വിവരമറിയിച്ചത്.

◾യുഎസില്‍ ഇന്ത്യന്‍ വംശജയായ ബിസിനസുകാരി തീപിടിത്തത്തില്‍ മരിച്ചു. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ ഡിസ്‌ക് ഹില്‍സ് കോട്ടേജിലുണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ എന്ന മുപ്പത്തിരണ്ടുകാരി മരിച്ചത്. ഡോനട്സ് വ്യാപാരശാലകളുടെ ഉടമയായിരുന്നു.

◾അഞ്ചു വര്‍ഷം മുമ്പു കാനഡയില്‍ കൊല്ലപ്പെട്ട ശതകോടീശ്വരന്‍ ബാരി ഷെര്‍മാന്റേയും ഭാര്യ ഹണിയുടേയും മരണത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മൂന്നര കോടി രൂപ ഈനാം പ്രഖ്യാപിച്ച് അവരുടെ കുടുംബം. ഇരുവരുടേയും കഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയ നിലയിലായിരുന്നു. വീട് അകത്തുനിന്നു പൂട്ടിയ നിലയിരുന്നു. അന്വേഷണം നടത്തിയ പോലീസിന് ഒരു തുമ്പും ലഭിക്കാതായതോടെയാണ് കുടുംബം 350 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.

◾ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ തന്റെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളോദമിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന ഫിഫ തള്ളി. ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നു

◾അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ കളിച്ചത് പെനാല്‍റ്റി. തുടക്കം മുതലേ ഉദ്വേഗജനകമായ മല്‍സരം. ആരവങ്ങളും ആര്‍പ്പുവിളികളുമായി ആര്‍ത്തിരമ്പിയ ഗ്യാലറി. ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ പാസുകളുമായി ഫ്രഞ്ച് കളത്തില്‍ അര്‍ജന്റീന നിറഞ്ഞാടി. മല്‍സരത്തിനിടെ ഇരു ടീമിനും പെനാല്‍റ്റി ഗോളുകള്‍ ലഭിച്ചു. അവസാനം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് ഇരു ടീമിലേയും മികച്ച താരങ്ങളായ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചു. ഫ്രാന്‍സിനായുള്ള കിംഗ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടഞ്ഞു. പിറകേ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്റീനയ്ക്ക് 2-1 ലീഡ്. ഫ്രാന്‍സിന്റെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്റെ ഷോട്ട് അര്‍ജന്റീനയ്ക്കു 4-2 ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.  

◾ലോകകപ്പ് വേദിയില്‍ ടൂര്‍ണമെന്റിലെ താരങ്ങളെ പ്രഖ്യാപിച്ചു. നാല് പുരസ്‌കാരങ്ങളില്‍ മൂന്നും അര്‍ജന്റീന സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്ക്. എന്നാല്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ ഗോളടിയന്ത്രം കിലിയന്‍ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് ടൂര്‍ണമെന്റില്‍ എംബാപ്പേ സ്വന്തമാക്കിയത്. ഏഴ് ഗോളുകളോടെ മെസി തൊട്ടു പിറകിലുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി.

◾ഇന്ത്യയുടെ വിദേശ നാണയശേഖരം തുടര്‍ച്ചയായ നാലാം ആഴ്ചയിലും നേട്ടം കുറിച്ചു. ഡിസംബര്‍ 9ന് സമാപിച്ച ആഴ്ചയില്‍ ശേഖരം 290 കോടി ഡോളര്‍ ഉയര്‍ന്ന് 56,407 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ 1,102 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 310 കോടി ഡോളര്‍ ഉയര്‍ന്ന് 50,013 കോടി ഡോളറായി. അതേസമയം, കരുതല്‍ സ്വര്‍ണശേഖരം 29.6 കോടി ഡോളര്‍ കുറഞ്ഞ് 4,073 കോടി ഡോളറിലെത്തി. ഡിസംബര്‍ രണ്ടിന് അവസാനിച്ച വാരത്തില്‍ സ്വര്‍ണശേഖരം 108.6 കോടി ഡോളര്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ വിദേശ നാണയശേഖരം 64,245 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയിരുന്നു. തുടര്‍ന്ന്, രൂപ തളര്‍ന്നുതുടങ്ങിയതോടെ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായി. ഇതുമൂലം കഴിഞ്ഞ ഒക്ടോബറില്‍ ശേഖരം 52,400 കോടി ഡോളറിലേക്ക് താഴ്ന്നിരുന്നു.

◾അജിത്തും മഞ്ജുവും ഒന്നിക്കുന്ന 'തുനിവ്' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'കാസേതന്‍ കടവൂളഡ' എന്ന ഗാനമാണ് ചിത്രത്തിലേതായി ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാന്‍ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും എച്ച് വിനോദാണ് എഴുതിയിരിക്കുന്നത്. പൊങ്കല്‍ റിലീസായി ചിത്രം എത്തും. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള 'ചില്ല ചില്ല' എന്ന ആദ്യ ഗാനവും വലിയ ഹിറ്റായി മാറിയിരുന്നു. 'തുനിവി'ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

◾അനുപമ പരമേശ്വരന്‍ നായികയാകുന്ന '18 പേജെസ്'എന്ന ചിത്രത്തിന്റെ തിയറ്ററിക്കല്‍ ട്രെയിലര്‍ പുറത്തുവിട്ടു. 'കാര്‍ത്തികേയ 2' എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ചിത്രമാണ് '18 പേജെസ്'. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം കട്ടുകളൊന്നുമില്ലാതെ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.

◾ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണി പുറത്തിറക്കാന്‍ പോവുന്നെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്. എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. പ്രീ-ബുക്കിംഗ് തുക 50,000 രൂപ ആണ്. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍, ആര്‍എസ് എന്നീ രണ്ട് പതിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. പുതിയ മോട്ടോര്‍സൈക്കിളുകള്‍ 2023 മാര്‍ച്ചില്‍ വിപണിയിലെത്തും. ഡെലിവറികള്‍ 2023 ഏപ്രിലില്‍ മാസം ആരംഭിക്കും. 765 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റില്‍ പുതിയ എഞ്ചിന്‍ പരമാവധി 118 ബിഎച്പി കരുത്തില്‍ 80 എന്‍എം ടോര്‍ക്ക് നല്‍കുമ്പോള്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസില്‍ 128 ബിഎച്പി പവറില്‍ അതേ ടോര്‍ക്ക് കണക്കുകളും ലഭ്യമാവും. റോഡ്, റെയിന്‍, സ്പോര്‍ട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് നേക്കഡ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളായ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റിനുള്ളത്.

◾ലോകസമാധാനത്തിന്റെ പരീക്ഷണശാലയാണ് ബുദ്ധിസം. അന്ത്യമില്ലാത്ത ദുഃഖങ്ങളുടെയും അതിന് ഉത്പ്രേരകമായ അവസാനിക്കാത്ത മോഹങ്ങളുടെയും വലയില്‍നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്ന വെളിച്ചം. സ്നേഹവും കരുണയും സമാധാനവും ആനന്ദവും സ്വാതന്ത്ര്യവുമെല്ലാം കൂടിച്ചേര്‍ന്ന ബോധനിറവിന്റെ പ്രതലമാണത്. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകള്‍. ബുദ്ധദര്‍ശനങ്ങളിലേക്ക് ഉള്‍ക്കാഴ്ചയുടെ വെളിച്ചം തെളിക്കുകയാണ് മലയാളത്തിന്റെ പ്രിയകവി എസ്. രമേശന്‍ നായര്‍ രചിച്ച ഈ കാവ്യഗീതികളുടെ സമാഹാരം. 'ബുദ്ധഗീതങ്ങള്‍'. മാതൃഭൂമി ബുക്സ്. വില 161 രൂപ.

◾വായ വരളുന്നതാണ് പലരുടേയും വായ്‌നാറ്റത്തിന്റെ കാരണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍ വായില്‍ ഉമിനീര് രൂപപ്പെടുന്നത് കുറയും. ബാക്ടീരിയയെ നേര്‍പ്പിച്ച് വായ ശുചീകരിക്കാനായാണ് ഉമിനീര് നിര്‍മ്മിക്കപ്പെടുന്നത്. ബാക്ടീരിയകളും അവയുടെ ഉപോത്പന്നങ്ങളുമാണ് വായ്‌നാറ്റത്തിന് കാരണമാകുന്നത്. വായ ഇടക്ക് വെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. രാവിലെ മാത്രമല്ല വൈകിട്ടും ടൂത്ത് പോസ്റ്റുപയോഗിച്ച് വായും പല്ലും വൃത്തിയായി ബ്രഷ് ചെയ്ത വായ്നാറ്റം കുറയ്ക്കാം. അമിത വായ്നാറ്റം ഉള്ളവര്‍ മല്ലിയില ചവയ്ക്കുന്നതും നല്ലതാണ്. ആപ്പിള്‍, ഓറഞ്ച് എന്നിവ ഭക്ഷണശേഷം കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അതുവഴി വായ്നാറ്റം കുറയ്ക്കുകയും ചെയ്യും. മോണരോഗങ്ങള്‍, പല്ലിലെ കേടുപാടുകള്‍, പല്ലുകള്‍ക്കിടയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ തങ്ങുന്നത്, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങി വായ് നാറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ചില ഭക്ഷണങ്ങളും മറ്റുചില ജീവിതരീതികളും കൊണ്ട് വായ്‌നാറ്റത്തെ നമുക്ക് അകറ്റി നിര്‍ത്താനാകും. കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ഏതെങ്കിലും ഒരു നേരമെങ്കിലും പല്ലുകള്‍ വൃത്തിയാക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. തൈര് ധാരാളം ഭക്ഷണത്തില്‍ ശീലമാക്കുക. തൈരിലുള്ള നല്ല ബാക്ടീരിയ വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുകയും പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള്‍ കൊള്ളുന്നതും നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ള ഗ്രീന്‍ ടീ വായ്‌നാറ്റത്തെ അകറ്റാന്‍ സഹായിക്കും. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും നല്ലതാണ്.

*ശുഭദിനം*

സന്യാസി നടക്കുന്നതിനിടെ ഒരു കുതിരക്കുളമ്പടി കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ യുവാവ് കുതിരപ്പുറത്തു വരുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ സന്യാസി ചോദിച്ചു: താങ്കള്‍ എങ്ങോട്ടാണ് വേഗത്തില്‍ പോകുന്നത്? യുവാവ് പറഞ്ഞു: അതെനിക്കറിയില്ല. കുതിരയോട് ചോദിക്കണം. ഇതുംപറഞ്ഞ് ആ യുവാവ് യാത്ര തുടര്‍ന്നു. ആരുടെയൊക്കെയോ നിയന്ത്രണത്തിലാണ് നാമെല്ലാവരും. ബോധമനസ്സില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും ഉപബോധമനസ്സ് പലയിടങ്ങളിലായി തളയ്ക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ആരെങ്കിലും ചെയ്യാറുണ്ടോ? ചെയ്യരുതെന്ന് കരുതുന്ന എല്ലാ കാര്യങ്ങളും നാം ചെയ്യാതിരിക്കുന്നുണ്ടോ? വിദ്യ കൈവശമാക്കിയിട്ടും ജോലിക്ക് പോകാന്‍ കഴിയാതെ എത്രപേര്‍ വീടിനുള്ളില്‍ തന്നെ ജീവിതം കഴിച്ചുകൂട്ടുന്നുണ്ട്. എത്തിച്ചേരണമെന്ന് കരുതിയ സ്ഥലങ്ങളുടെ വിപരീതിദിശയില്‍ ജീവിക്കുന്നവരില്ലേ... ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാത്തതുകൊണ്ട് വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന തീരുമാനങ്ങളില്ലേ.. ആര്‍ക്കാണ് സ്വയം നിയന്ത്രണത്തിന്റെ സമ്പൂര്‍ണ്ണാവകാശം തീറെഴുതി ലഭിച്ചിരിക്കുന്നത്... നമ്മുടെ ഓരോ യാത്രയും സ്വന്തം ഇഷ്ടത്തോടെയാണോ എന്നും ശരിയായ ദിശയിലാണോ എന്നും ഇടയ്ക്ക് വിലയിരുത്തുന്നത് നല്ലതാണ്. നമ്മുടെ യാത്രകള്‍ കാര്യക്ഷമമാണോ എന്ന് സ്വയം തീരുമാനിക്കാന്‍ ഇത് നമ്മെ സഹായിക്കും - *ശുഭദിനം.*
മീഡിയ 16