◾പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. പരിസ്ഥിതി ലോല മേഖലയിലെ ജനവാസ മേഖലകള്‍ നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസത്തേക്കാണു നീട്ടിയത്. ഈ മാസം 30 നു കാലാവധി അവസാനിക്കാനിരിക്കേയാണ് കാലാവധി നീട്ടിയത്. ഉപഗ്രഹ സര്‍വേയ്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിരിക്കേ, അന്തിമ റിപ്പോര്‍ട്ടു തയാറാക്കാന്‍ സാവകാശം വേണ്ടിവരും.
◾ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. രണ്ടു കോടി രൂപവരെയുള്ള നികുതി തുകയ്ക്കു ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉണ്ടാകില്ല. നേരത്തെ ഒരു കോടി രൂപവരെയുള്ള നികുതിയുള്ളവരെയാണ് പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ജി എസ് ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുക, മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 50 മുതല്‍ 150 വരെ ശതമാനമായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 മുതല്‍ 100 വരെ ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു.
◾വനത്തിന്റെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച് 2019 ഒക്ടോബര്‍ 23 ന് എടുത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്തിസഭാ തീരുമാനം ഇതുവരേയും തിരുത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. മലയോര ജനതയെ വഞ്ചിക്കുന്ന നിലപാടിനെതിരേ സമരത്തിനിറങ്ങുമെന്നും സുധാകരന്‍.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സ്‌കൂളുകളിലെ ലിംഗ നീതി സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചാരണം തെറ്റാണ്. ശരിയായ ലിംഗ നീതി മനസിലാക്കി വേണം കുട്ടികള്‍ വളരാന്‍. എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണം ഉണ്ടാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കുതിരാന്‍ ദേശീയപാത വഴുക്കുംപാറ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടിലെ വിള്ളല്‍ മഴക്കാലത്തിനു മുമ്പു പരിഹരിക്കണമെന്ന് കരാര്‍ കമ്പനിക്കു നോട്ടീസ് നല്‍കിയെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്‍കി. കരാര്‍ കമ്പനിയായ കെഎംസി കല്‍ക്കെട്ടിനു പ്ലാന്‍ പ്രകാരമുള്ള ചരിവ് നല്‍കിയില്ലെന്നും വാട്ടര്‍ പ്രൂഫിംഗ് നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വീസ് റോഡില്‍നിന്ന് പ്ലാന്‍ പ്രകാരമുള്ള ചരിവ് നല്‍കണമെന്നും വാട്ടര്‍ പ്രൂഫിംഗ് നടത്തണമെന്നും കരാര്‍ കമ്പനിക്കു നിര്‍ദേശം നല്‍കി.
◾പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിനു ശ്രമിച്ചെങ്കിലും മേയര്‍ അനുവദിച്ചില്ല. പ്രതിഷേധ ബഹളം തുടര്‍ന്ന 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ ബീന ഫിലിപ്പ് സസ്പെന്‍ഡ് ചെയ്തു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൈയേറ്റം ചെയ്തു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ ജിതേഷ്, കേരളാ വിഷന്‍ ക്യാമറാമന്‍ വസീം അഹമദ്, റിപോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്.
◾എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ കട്ട് ഓഫ് തീയതി അടക്കമുള്ള സാങ്കേതികതയുടെ പേരില്‍ നിരസിക്കരുതെന്ന് ഹൈക്കോടതി. വായ്പാ ബാധ്യത എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കുട്ടിയുടെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ നടപടിയെടുക്കണെന്നു ഉത്തരവിട്ടു.
◾കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ ബാറില്‍ മദ്യപിച്ചശേഷം ജനറല്‍ ആശുപത്രി അടക്കം നഗരത്തില്‍ പലയിടത്തായി കൂട്ടത്തല്ലു നടത്തിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരരാണെന്നു പോലീസ് കണ്ടെത്തി. വധശ്രമത്തിന് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ബാറിലെ തല്ലിനു കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസും മറ്റൊരു കേസുമെടുത്തിട്ടുണ്ട്. ആശുപത്രികളിലടക്കം നാലു പൊലീസ് സ്റ്റേഷന്‍ പ്രദേശങ്ങളിലായാണ് ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടത്തല്ലു നടത്തിയത്.
◾കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ ഇടുക്കി ജില്ലയിലെ ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് മലനിരകളില്‍ നിന്ന് പുതിയൊരു സസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നു സസ്യത്തിനു പേരിട്ടു.
◾വഞ്ചിയൂര്‍ കോടതിയില്‍ കൈയേറ്റത്തിനു ശ്രമിച്ചെന്ന വനിത എസ്.ഐ അലീനയുടെ പരാതിയില്‍ പ്രണവ് അടക്കം മുപ്പതോളം അഭിഭാഷകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസ്. വലിയതുറ പോലീസ് സ്റ്റേഷനില്‍ ജാമ്യ ഉത്തരവുമായി എത്തിയ അഭിഭാഷകനെ മണിക്കൂറുകളോളം കാണാന്‍ അനുവദിക്കാതെ പുറത്തിരുത്തിയിരുന്നു. കോടതി വരാന്തയിലെത്തിയ അലീനയോടു പ്രതിഷേധം അറിയിച്ചതിനാണ് ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തത്.
◾പെരിയ കേസില്‍ സി.കെ ശ്രീധരനെ വിലക്കെടുത്ത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾പെരിയ കേസില്‍ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് കൊടും ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
◾ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിനെ ഐസിയുവില്‍നിന്ന് മുറിയിലേക്കു മാറ്റി. സുഖം പ്രാപിക്കുന്നുണ്ടെന്നും പ്രാര്‍ത്ഥനകള്‍ക്കു നന്ദിയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
◾ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ്. സ്ഥിരം നിയമനത്തിനായി പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ ലീഗല്‍ എജിഎം ശശി കുമാരന്‍ തമ്പി, പണം വാങ്ങിയ ദിവ്യ ജ്യോതി, ഭര്‍ത്താവ് രാജേഷ്, പ്രേം കുമാര്‍, ശ്യാം ലാല്‍ എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസും വെഞ്ഞാറമൂട് പൊലീസുമാണ് കേസെടുത്തത്. 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ്.
◾പഴയ കൊലക്കേസിന്റെ നടത്തിപ്പിനു പണം കണ്ടെത്താന്‍ രണ്ടാമതൊരാളെകൂടി കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് നഗരത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സാദിഖ് ഷെയ്ഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പത്തൊമ്പതുകാരനെയാണ് തമിഴ്നാട്ടിലെ ചേരിയില്‍നിന്ന് പിടികൂടിയത്. തമിഴ്നാട് അയന്‍കുറിഞ്ചിപ്പാടി, കടലൂര്‍ പട്ടൈ സ്ട്രീറ്റ് സ്വദേശി അര്‍ജുന്‍ (19) ആണ് പിടിയിലായത്. എട്ടു മാസം മമ്പ് ചെന്നൈയിലെ റെഡ് ഹില്ലില്‍ പതിനഞ്ചുകാരനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്ന കേസിലെ പ്രതിയാണ്. ബാറില്‍ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയിലെ എണ്ണായിരം രൂപ കൈക്കലാക്കാനായിരുന്നു കൊലപാതകം.
◾വ്യാപാര സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങി 500 രൂപയുടെ കള്ളനോട്ട് നല്‍കിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചാരുംമൂട് സ്വദേശി രഞ്ജിത്തിനെയാണ് നൂറനാട് പോലീസ് പിടികൂടിയത്. കേസില്‍ ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയില്‍ ക്ലീറ്റസ് (45), താമരക്കുളം അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
◾പുതുവത്സര ആഘോഷത്തിനു വില്‍ക്കാന്‍ എത്തിച്ച 120 ഗ്രാം എം ഡി എം എ കൊച്ചിയിലെ യുവതിയുടെ വീട്ടില്‍നിന്നു പൊലീസ് പിടികൂടി. യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്മി എന്നിവരാണ് പിടിയിലായത്.
◾തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര ഊരൂട്ടുകല സ്വദേശി മൊട്ട രാഖീഷ് എന്ന് വിളിക്കുന്ന രാഖേഷ് (32) ആണ് എക്സൈസിന്റെ പിടിയിലായത്.
◾കൊട്ടാരക്കര നെടുവത്തൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പൊള്ളലേറ്റ എഴുകോണ്‍ സ്വദേശിനി ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അകന്നു കഴിയുകയായിരുന്നു
◾തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യലഹരിയില്‍ മൂന്നു പേരെ ബ്ലേഡു കൊണ്ട് വരഞ്ഞ് പരുക്കേല്‍പിച്ചു. അതിക്രമം നടത്തിയ ആലപ്പുഴ സ്വദേശിയായ ഹരിയെ അറസ്റ്റു ചെയ്തു. കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനു തുടര്‍ച്ചയായി അനില്‍, മുരളി, നിഥിന്‍ എന്നിവരെയാണു ബ്ലേഡുകൊണ്ട് വരഞ്ഞത്.
◾കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണെങ്കിലും കാസര്‍കോട്ട് പോലീസിന്റെ വലയില്‍നിന്ന് അന്തര്‍ സംസ്ഥാന കുറ്റവാളി രക്ഷപ്പെട്ടു. കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയായ പനയാല്‍ പെരിയാട്ടടുക്കയിലെ എ എച്ച് ഹാഷി (41) മാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
◾വയനാട് കാട്ടിക്കുളം പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളില്‍നിന്നു രാജവെമ്പാലയെ പിടികൂടി. വനപാലകരുടേയും, നാട്ടുകാരുടേയും സാന്നിധ്യത്തില്‍ പാമ്പുവിദഗ്ധന്‍ സുജിത്താണ് പാമ്പിനെ പുറത്തെടുത്തത്.
◾ബിഹാര്‍ വ്യാജമദ്യദുരന്തത്തില്‍ മരണം 82 ആയി. ഇന്നലെ 16 പേരാണ് മരിച്ചത്. സരണ്‍ ജില്ലയില്‍ മാത്രം 74 മരണം. 25 പേര്‍ക്കു കാഴ്ച നഷ്ടപ്പെട്ടു. 30 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
◾ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം മുംബൈയില്‍ ഇറക്കി. ഹൈദരബാദില്‍ നിന്ന് ദുബായിലേക്കു 143 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്.
◾ഷാരൂഖ് ഖാന്‍ നായകനായ ചിത്രം 'പഠാനെ'തിരെ മുംബൈ പൊലീസ് കേസെടുത്തു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിലാണ് കേസ്. സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുസഫര്‍ നഗര്‍ സിജെഎം കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ അപമാനിക്കുന്ന സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത് എത്തിയിട്ടുണ്ട്.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ പാവനാടകമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. 'രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരിക്കല്‍ മാത്രം, സംസ്ഥാനത്ത് ഒരു സന്ദര്‍ശനംകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ'. ഭഗവന്ത് മാന്‍ ചോദിച്ചു.
◾മുംബൈയിലെ ഘാട്‌കോപ്പര്‍ പ്രദേശത്തെ പരേഖ് ഹോസ്പിറ്റലിനു സമീപമുള്ള പിസ്സ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എട്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണു തീയണച്ചത്.
◾കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനൊരുങ്ങി അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങളാണു ചുമത്തുക. ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിന് 50 കിലോമീറ്റര്‍ വടക്കുള്ള ബതാങ് കാലി പട്ടണത്തിനടുത്തുള്ള ഓര്‍ഗാനിക് ഫാമില്‍ ഉരുള്‍പൊട്ടി ആറു കുട്ടികളടക്കം 23 പേര്‍ മരിച്ചു. പത്തു പേരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
◾അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്. രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്യൂണിറ്റി അക്കാദമിക്കു പുറത്ത് പതിനാറു വയസുള്ള നാലുപേര്‍ക്കാണ് വെടിയേറ്റത്. രണ്ടു പേര്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു. രണ്ടു പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
◾ബംഗ്ലാദേശിനെതിരായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. 513 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ബംഗ്ലാദേശ് 272 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നാല് വിക്കറ്റുകള്‍ മാത്രം ശേഷിക്കേ മത്സരം വിജയിക്കാന്‍ ബംഗ്ലദേശിന് ഇനി 241 റണ്‍സുകൂടി വേണം.
◾ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനത്തിനര്‍രായത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുന്നിലായിരുന്ന ക്രൊയേഷ്യ കളിയുടെ ഏഴാം മിനിറ്റില്‍ പ്രതിരോധതാരം ഗ്വാര്‍ഡിയോളിലൂടെ ലീഡ് നേടി. എന്നാല്‍ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് ഒമ്പതാം മിനിറ്റില്‍ മൊറോക്കോ അഷ്‌റഫ് ഡാരിയിലൂടെ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ മിസ്ലാവ് ഒര്‍സിച്ചിലൂടെ രണ്ടാം ഗോളും വിജയവും നേടി. രണ്ടാംപാതിയില്‍ സമനില ഗോള്‍ നേടാന്‍ മൊറോക്കോ ഏറെ ശ്രമിച്ചെങ്കിലും എല്ലാം ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി വിഫലമാകുകയായിരുന്നു. മത്സരത്തില്‍ തോറ്റെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് ചരിത്ത്രില്‍ കാഴ്ച വെച്ച ഏറ്റവും മികച്ച പ്രകടനവുമായി തലയുയര്‍ത്തി പിടിച്ചാണ് മൊറോക്കോ മടങ്ങുന്നത്.
◾ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? ലോകകപ്പിന്റെ അവസാന മത്സരത്തിന് മണിക്കുറുകള്‍ മാത്രം ശേഷിക്കേ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലാണ്. കിരീട പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് അര്‍ജന്‍ീന ഏറ്റുമുട്ടും. രാത്രി 8.30 നാണ് മത്സരം. അര്‍ജന്റീന ക്യാപ്റ്റനും ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ലയണല്‍ മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിന്ന് ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഫുട്ബോള്‍ പ്രേമികളുടേയും മനസ് മെസിയോടൊപ്പമാണ്. എന്നാല്‍ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശക്തരായ ഫ്രാന്‍സിനെ കീഴടക്കാന്‍ മെസി മാജിക്കിന് സാധിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.
◾ബിസിനസ് രംഗത്ത് പുതിയ ഏറ്റെടുക്കല്‍ നടപടിയുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രമുഖ തേയില നിര്‍മ്മാണ കമ്പനിയായ ഗിര്‍നാര്‍ ഫുഡ് ആന്‍ഡ് ബിവറേജസിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം 1,000 കോടി രൂപ മുതല്‍ 1,500 കോടി രൂപ വരെ മൂല്യമുള്ള ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗിര്‍നാര്‍. 1987ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗിര്‍നാര്‍ പത്തിലധികം വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതില്‍ 80-90 ശതമാനം കയറ്റുമതിയും റഷ്യയിലേക്കാണ്. 2020-21 സാമ്പത്തിക വര്‍ഷം 380 കോടിയായിരുന്നു ഗിര്‍നാറിന്റെ വരുമാനം. 22.8 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. വില്‍പ്പനയുടെ 40-45 ശതമാനവും ആഭ്യന്തര വിപണിയിലാണ്.അതേസമയം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങള്‍ ടാറ്റ ഗ്രൂപ്പ് നടത്തിയിട്ടില്ല. ടാറ്റയ്ക്ക് പുറമേ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ അടക്കമുള്ള കമ്പനികള്‍ ഗിര്‍നാറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും, ഡാബര്‍ അവ നിഷേധിച്ചിട്ടുണ്ട്.
◾ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേര്‍ന്നാണ് 'ഗണപതി തുണയരുളുക' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ഭക്തിയുടെ നിറവില്‍ നിറഞ്ഞാടുന്ന ഉണ്ണി മുകുന്ദനെ ഗാനരംഗത്ത് കാണാനാകും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം 'ഓ മേരി ലൈല'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ലൈലാസുരന്‍ എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു ക്യാമ്പസ് പ്രണയ ചിത്രമാകും ഓ മേരി ലൈല എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ പുതുതായി പുറത്തിറക്കിയ സിബി300എഫ് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 50,000 രൂപ വരെ വിലക്കിഴിവ്. വര്‍ഷാവസാന ഓഫറായാണ് ഇത് പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റില്‍ ആണ് മോട്ടോര്‍സൈക്കിള്‍ ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ കമ്പനി ഈ ബൈക്ക് പുറത്തിറക്കിയത്. രണ്ടിനും യഥാര്‍ത്ഥത്തില്‍ യഥാക്രമം 2.26 ലക്ഷം രൂപയും 2.29 ലക്ഷം രൂപയുമാണ് വില. 50,000 വില കുറച്ചതോടെ, പുതിയ ഹോണ്ട സിബി300എഫിന് വില യഥാക്രമം ഡീലക്സിന് 1.76 ലക്ഷം രൂപയും ഡീലക്സ് പ്രോ വേരിയന്റിന് 1.79 ലക്ഷം രൂപയുമായി കുറഞ്ഞു. മാറ്റ് ആക്‌സി ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സിബി300എഫ്. 7,500 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി പവറും 5,500 ആര്‍പിഎമ്മില്‍ 25.6 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 293സിസി ഓയില്‍ കൂള്‍ഡ്, 4-വാല്‍വ് എസ്ഒഎച്ച്സി എന്‍ജിനാണ് സിബി300എഫിന്റെ കരുത്ത്.
◾പുഴയും വയലും ചരല്‍പ്പാതകളും വായനശാലകളുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഒരു സാധാരണക്കാരനെ, നഗരം അതിന്റെ കപടയുക്തികളിലൂടെ എങ്ങനെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്, സര്‍ക്കാര്‍ ഉദ്യോഗമേഖലയിലെ അധികാരത്തിന്റെയും മേല്‍ക്കോയ്മയുടെയും അടിമത്തത്തിന്റെയും മേലാള-കീഴാള സംഘര്‍ഷങ്ങളിലൂടെ അനുഭവിപ്പിക്കുന്ന രചന. 'പാറ'. എം. സുകുമാരന്റെ നോവല്‍. മാതൃഭൂമി ബുക്സ്. വില 255 രൂപ.
◾നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകള്‍ എ, കെ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ സസ്യാഹാരങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അടങ്ങിയ സള്‍ഫൊറാഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ പുരോഗതിയെ സള്‍ഫോറാഫെയ്ന്‍ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് ആ നിറം നല്‍കാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇതിനോടകം രൂപപ്പെട്ട കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. കാബേജില്‍ പലതരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ വിട്ടുമാറാത്ത വീക്കം കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നു. വൈറ്റമിന്‍ കെ, അയോഡിന്‍, ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ കാബേജില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതാണ്. പഠനങ്ങള്‍ അനുസരിച്ച് കാബേജ് പോലുള്ള പച്ചക്കറികള്‍ അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ ഒരു ചിത്രകലാമത്സരം നടക്കുകയാണ്. ചരിത്രത്തില്‍ ഇതുവരെ ആരും നല്‍കാത്ത ഒരു സമ്മാനമായിരുന്നു ആ ചിത്രകലാമത്സരത്തെ ശ്രദ്ധേയമാക്കിയത്. അതുകൊണ്ട്തന്നെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാര്‍ മത്സരത്തിനായി എത്തിയിരുന്നു. സംഘാടകര്‍ വരക്കേണ്ട ചിത്രത്തിന്റെ വിഷയം പ്രഖ്യാപിച്ചു : ' The most peaceful moment'. തങ്ങളുടെ ഏറ്റവും മികച്ച ചിത്രം തന്നെ വരയ്ക്കുവാന്‍ ഓരോരുത്തരും പരിശ്രമിച്ചു. മനോഹരമായ താഴ്വാരങ്ങളും, മഞ്ഞുമൂടിയ മലനിരകളും, അലതല്ലിയൊഴുകും അരുവികളുമെല്ലാം ചിത്രകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞു. അവസാനം ചിത്രപ്രദര്‍ശനം നടന്നു. ഫലം പ്രഖ്യാപിച്ച ചിത്രം കണ്ട് എല്ലാവരും അതിശയിച്ചു. സദസ്സ് നിശ്ശബ്ദമായി. നിരവധി ചോദ്യങ്ങള്‍ സംഘാടകരെ തേടി വന്നു. സംഘാടകര്‍ക്ക് തെറ്റുപറ്റിയതാണോ. അത്രയ്ക്ക് ഭയാനകമായിരുന്നു ആ ചിത്രം. ഇരുട്ടുമൂടിയ ആകാശം, ആര്‍ത്തലച്ചു പെയ്യാന്‍ വെമ്പിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍, ഭയം സൃഷ്ടിക്കുന്ന മിന്നല്‍പിണരുകള്‍, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്. ഇതൊക്കെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംഘാടകര്‍ ഏവര്‍ക്കും മറുപടി നല്‍കി: നിങ്ങള്‍ ആ ചിത്രത്തിനെ സൂക്ഷമമായി ഒന്നു നോക്കൂ.. ഇത്രയും പ്രക്ഷുബ്ദമായ അന്തരീക്ഷത്തിലും ഇതൊന്നും ബാധിക്കാതെ തന്റെ കൃഷിയിടത്തില്‍ ഉഴുതുകൊണ്ടിരിക്കുന്ന കര്‍ഷകന്റെ മുഖം കണ്ടുവോ ? അയാളുടെ മുഖത്തെ തേജസ്സ് കണ്ടോ? അയാളുടെ മുഖത്തെ ആത്മവിശ്വാസവും, ശാന്തതയും കണ്ടോ? പ്രകൃതി ഇത്രയ്ക്ക് ക്ഷോഭിച്ചിട്ടും അതില്‍ പതറാതെ ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ആ കര്‍ഷനാണ് ഈ ചിത്രത്തെ സമ്മാനാര്‍ഹമാക്കിയത്. ഒരു നിമിഷത്തെ മൗനത്തിന് ശേഷം സദസ്സില്‍ നിന്നും നീണ്ട കരഘോഷമുയര്‍ന്നു. മനസ്സും പ്രകൃതിയും ഒന്നാണ്. ഇതിന് രണ്ടിനും സ്ഥായിയായ ഒരു ഭാവമില്ല. ചിലപ്പോള്‍ നമ്മള്‍ പ്രകൃതിയുടെ വിസ്മയത്തില്‍ സ്വയം മറന്ന് പോകും, ചിലപ്പോള്‍ പ്രകൃതിയുടെ താണ്ഡവത്തില്‍ പകച്ചുപോകും, പക്ഷേ അതുകൊണ്ടെ് നമ്മള്‍ പ്രകൃതിയെ ഉപേക്ഷിക്കാറില്ലല്ലോ.. ഈ പ്രകൃതിപോലെതന്നെയാണ് നമ്മുടെ മനസ്സും, ചിലപ്പോള്‍ നീലാകാശം പോലെ ശാന്തമാകുന്നു.. ചിലപ്പോള്‍ കാര്‍മേഘങ്ങള്‍ കൊണ്ടു മൂടുന്നു.. ചിലപ്പോള്‍ ഇടിമിന്നല്‍കൊണ്ട് നമ്മെ ആക്രമിക്കുന്നു.. പേമാരികൊണ്ട് നമ്മെ കരയിപ്പിക്കുന്നു.. ചിലര്‍ ഇതോടെ ജീവിതം ഉപേക്ഷി്ക്കുന്നു.. ചിലര്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു.. പക്ഷേ വേറെ ചിലര്‍ ആത്മവിശ്വാസത്തോടെ ഈ പ്രതിസന്ധികളെ നേരിട്ട്, അതിജീവിച്ച് മുന്നോട്ട് പോകുന്നു. കാരണം ആ ദൃഢനിശ്ചയമാണ് ജീവിതവിജയത്തിനാധാരം - ശുഭദിനം.
മീഡിയ 16 ന്യൂസ്