സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു. അടുത്ത മാര്‍ച്ച് 31 നു മുമ്പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ഏര്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. 2019 മുതല്‍ ഈ നിര്‍ദേശം ഉണ്ടെങ്കിലും കോവിഡ് മൂലം നടപ്പാക്കിയിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് കര്‍ശനമാക്കണം. ഇനി അലംഭാവം അരുതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി സര്‍ക്കുലറില്‍ പറഞ്ഞു.
◾കര്‍ഷകര്‍ക്കു രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ യുദ്ധത്തിലാണ്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് രാജ്യം ഭരിക്കുന്നത്. പൗരത്വം മതാടിസ്ഥാനത്തിലാക്കുകയാണ്. സിവില്‍ നടപടിയായ വിവാഹമോചനം മുസ്ലീമിനു ക്രിമിനല്‍ നടപടിയാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും തൃശൂരില്‍ കിസാന്‍ സഭ ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കവേ പിണറായി വിജയന്‍ പറഞ്ഞു.
◾കോണ്‍ഗ്രസ് പുനസംഘടനാ വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. ബൂത്തു തലം മുതല്‍ ഡിസിസി വരെയുള്ള കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും.
◾സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നിര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടന്‍ പൃഥിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും ഒടിടി വരുമാനത്തിലും കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടോയെന്നാണു പരിശോധന.
◾പാലക്കാട് ഗോവിന്ദപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 26,000 രൂപ പിടികൂടി. റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയതുകണ്ട് ഓഫീസില്‍നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റിനെ പിന്‍തുടര്‍ന്നാണ് പിടികൂടിയത്. ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരാണു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
◾തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശക്കത്ത് വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. ബാനറുമായി എത്തിയ ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ ആര്യ രാജേന്ദ്രനെ തടയാന്‍ ഹാളില്‍ കിടന്നുകൊണ്ടു പ്രതിഷേധിച്ചു. പോലീസ് ബലംപ്രയോഗിച്ചു നീക്കി. ബിജെപിയുടെ ഒമ്പതു വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡു ചെയ്തു.
◾തിരുവനന്തപുരം നഗരസഭയില്‍ രാപ്പകല്‍ സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തു. പിന്‍വാതില്‍ നിയമന നീക്കത്തില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഡു ചെയ്തതിനെതിരേയാണ് കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം നടത്തിയത്. കോര്‍പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിനിടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
◾പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരന്‍ ഏറ്റെടുത്തു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ ഈയിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
◾തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി നായകനായുള്ള 'നന്‍പകല്‍ നേരത്ത് മയക്കം' തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ 'അറിയിപ്പ്'. സുവര്‍ണ ചകോരം ബൊളീവിയന്‍ സിനിമ 'ഉതമ'യ്ക്കാണ്.
◾മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. കൊച്ചിയില്‍ സിറ്റി റേഷനിംഗ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
◾മലയിന്‍കീഴില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിവൈഎഫ്ഐ നേതാവ് ജിനേഷ് അടക്കം ആറു പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പീഡിപ്പിച്ചത്.
◾തിരുവനന്തപുരം വെള്ളറടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. നെഞ്ചിലും മുഖത്തും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി അമരവിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിന്‍ രാജേഷ് ( 16 ) വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
◾പത്തനംതിട്ട കൊടുമണ്ണില്‍ മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മര്‍ദിച്ചെന്നു പരാതി. തട്ട സ്വദേശി മനുവാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. തട്ടയിലെ രവീന്ദ്രന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിനാണ് മനുവിനേയും അച്ഛന്‍ മുരളിധരനേയും കൊടുമണ്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നത്.
◾ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയത്തില്‍ മോഷണം നടത്തിയ ആറംഗ സംഘം കഞ്ചാവു കേസിലും പിടിയില്‍. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും ഇന്‍വര്‍ട്ടര്‍ ബാറ്ററികളുമാണ് യുവാക്കള്‍ മോഷ്ടിച്ചത്. അറസ്റ്റിലായ ഇവരില്‍നിന്നു കഞ്ചാവും കണ്ടെടുത്തു. നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍, കൃഷ്ണവിലാസം ദേവരാജ്, മാടത്താനിയില്‍ അഖില്‍, മന്നിക്കല്‍ ജമിന്‍, ചിറക്കുന്നേല്‍ അന്‍സില്‍, കുഴിപ്പില്‍ സുജിത് എന്നിവരാണ് അറസ്റ്റിലായത്.
◾കേരള പോലീസില്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു). ഉയരം - 168 സെന്റീമീറ്റര്‍, നെഞ്ചളവ് -81 -86 സെന്റീമീറ്റര്‍. വയസ് 18 മുതല്‍ 26 വരെ. അവസാന തീയതി- 2023 ജനുവരി 18.
◾ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസാരവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. കോണ്‍ഗ്രസ് ഏകാധിപതികളുടെ പാര്‍ട്ടിയല്ല. ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ചൈനയെ സ്നേഹിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ത്യയേയും സൈനികരേയും അപമാനിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മറിച്ചുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിച്ചെന്നാണു രാഹുല്‍ പറഞ്ഞത്. ഹിമന്ത പറഞ്ഞു.
◾റിസര്‍വ് ബാങ്ക് രണ്ടു ഘട്ടങ്ങളായി സോവറിന്‍ ഗോള്‍ഡ് പുറത്തിറക്കും. ഡിസംബര്‍, മാര്‍ച്ച് മാസങ്ങളിലാണു പൊതു സബ്‌സ്‌ക്രിപ്ഷന്‍. എട്ടു വര്‍ഷമാണു ബോണ്ടുകളുടെ കാലാവധി. അഞ്ചു വര്‍ഷത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. രണ്ടര ശതമാനം പലിശ. സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുന്ന ബോണ്ടുകള്‍ ബാങ്കുകള്‍ വഴി വില്‍ക്കും. വ്യക്തികള്‍ക്കു നാലു കിലോഗ്രാം വരേയും ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാം വരേയും അനുവദിക്കും. ബോണ്ടുകള്‍ വായ്പയ്ക്ക് ഈടായി ഉപയോഗിക്കാം.
◾ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അറുപതായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധന സഹായം നല്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നിതീഷ് കുമാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാരിന് നോട്ടീസയച്ചു.
◾അഞ്ചു വര്‍ഷത്തിനിടെ 74 ടിവി ചാനലുകള്‍ നിരോധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം മാത്രം 84 ഓണ്‍ലൈന്‍ ചാനലുകളെ നിരോധിച്ചു. രാജ്യസഭയില്‍ വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് ഈ മറുപടി.
◾ഗുജറാത്ത് കലാപത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ബംഗ്ളാദേശില്‍ പാകിസ്ഥാന്‍ നടത്തിയ വംശഹത്യയാണ് 1971 ല്‍ ഇതേദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പരമാര്‍ശങ്ങള്‍ക്ക് മോദിയുടെ പ്രതിഛായയില്‍ മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.
◾ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 513 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിംഗ്സില്‍ 254 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ബംഗ്ലാദേശിന് ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിംഗ്സില്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി നേടിയതോടെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇന്ത്യ 258 റണ്‍സിന് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റണ്‍സ് നേടിയിട്ടുണ്ട്.
◾ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം. രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യ മൊറോക്കോയുമായി ഏറ്റുമുട്ടും.
◾സ്പാനിഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സെര്‍ജിയെ ബുസ്‌ക്വെറ്റ്സ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷക്കാലം സ്പെയിന്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ അദ്ദേഹം 143 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
◾2025 ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഓരോ നാലു വര്‍ഷത്തിലും ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് നടത്തും. കോണ്‍ഫഡറേഷന്‍സ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് എത്തുന്നത്.
◾ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബില്‍ഗേറ്റ്സ്, വാരന്‍ ബഫറ്റ് തുടങ്ങിയ വന്‍ വ്യവസായികളെ മറികടന്ന അദാനിയുടെ വ്യക്തിഗത ആസ്തിയില്‍ 49 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്. 134 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ശതകോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് അദാനിയിപ്പോള്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേക്കാളും ആസ്തി അദാനിക്കുണ്ട്. ഏറ്റവും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തിയതും ഗൗതം അദാനിയാണ്. സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിമിന്റെ ഓഹരികള്‍ അദാനി വാങ്ങിയിരുന്നു. നിലവില്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനും ഇലോണ്‍ മസ്‌കിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അദാനി. നേരത്തെ പബ്ലിക് ഓഫറിലൂടെ 2.45 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ അദാനി തീരുമാനിച്ചിരുന്നു. പുതുതായി സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനും കടം കുറക്കാനുമാണ് അദാനിയുടെ ശ്രമം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടേയും ഓഹരികളില്‍ വന്‍ നേട്ടമുണ്ടായിരുന്നു.
◾ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന 'കാപ്പ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകാണ് അണിയറ പ്രവര്‍ത്തകര്‍. ലിറിക് വീഡിയോയാണ് പുറത്തുവന്നത്. 'യാമം വീണ്ടും വിണ്ണിലേ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ചിത്രത്തിന്റെ മൂഡ് വെളിവാക്കുന്ന സംഗീതവുമായെത്തിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'കാപ്പ'. ചിത്രം ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. ആസിഫ് അലിയും കാപ്പയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
◾ഷറഫുദ്ദീന്‍ നായകനായി എത്തുന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഷറഫൂദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും. അനഘ നാരായണന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ 'ദിവാകരക്കുറുപ്പ്', വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന 'പി പി ഗിരീഷ്' എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം.
◾വിപണിയില്‍ വന്‍തരംഗം സൃഷ്ടിച്ച് ഗ്രാന്‍ഡ് വിറ്റാര. സെപ്റ്റംബറില്‍ വിപണിയിലെത്തിയ വിറ്റാരയ്ക്ക് ഡിസംബര്‍ ആദ്യം വരെ 88,000 ബുക്കിങ് ലഭിച്ചു. അതില്‍ 55000 എണ്ണം ഇനിയും വിതരണം ചെയ്യാനുണ്ടെന്നും മാരുതി. വാഹനം ബുക്ക് ചെയ്ത് 2 മുതല്‍ 4 മാസം വരെ കാത്തിരിക്കണമെന്നും മാരുതി പറയുന്നു. നേരത്തെ വിതരണം ആരംഭിച്ച് വെറും ആറു ദിവസത്തിനുള്ളില്‍ 4769 യൂണിറ്റ് ഗ്രാന്‍ഡ് വിറ്റാര വിതരണം ചെയ്ത് മാരുതി റെക്കോര്‍ഡിട്ടിരുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.45 ലക്ഷം മുതല്‍ 19.65 ലക്ഷം രൂപ വരെയാണ്. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്.
◾ബാര്‍ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്‌കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്. 'ബാര്‍ബറോസ ഒരു ഇതിഹാസം'. ഇസ്‌കന്ദര്‍ പാല. ഗ്രീന്‍ ബുക്സ്. വില 399 രൂപ.
◾നഖത്തില്‍ വെള്ള വരകള്‍ ഉണ്ടാകുന്നത് ശരീരത്തില്‍ സിങ്കിന്റെ കുറവു കൊണ്ടാണെന്ന് പഠനം. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്കും എല്ലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങള്‍ക്കും എന്‍സൈമുകള്‍ക്കു പോലും സിങ്ക് ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനം നിലനിര്‍ത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് സിങ്ക് അത്യാവശ്യ ഘടകമാണ്. മുറിവുണക്കല്‍ മുതല്‍ ഹൃദയം, കണ്ണ്, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. തലമുടി കൊഴിച്ചില്‍,രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ സിങ്കിന്റെ കുറവ് മൂലമുണ്ടാകാം. കുട്ടികളിലാണെങ്കില്‍ വിളര്‍ച്ചക്ക് കാരണമാകും. ദുര്‍ബലമായ രോഗപ്രതിരോധ ശേഷി, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ലൈംഗികതക്കുറവ്, മാനസിക സമ്മര്‍ദ്ദം, കൈയ്യിലേയും മുഖത്തെയും ചുളിവുകള്‍, രോഗശമനം വൈകുക എന്നിങ്ങനെ സിങ്കിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ഇതിന് പരിഹാരമായി സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കശുവണ്ടി, നിലക്കടല, ബദാം എന്നിവ ദിവസവും കഴിക്കാം. ഇതില്‍ കശുവണ്ടിയിലാണ് ഏറ്റവും കൂടുതല്‍ സിങ്ക് അടങ്ങിയിരിക്കുന്നത്. സിങ്ക് കുറയുന്നുണ്ടെന്ന് കണ്ടാല്‍ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പാലിന് പുറമേ ചീസ്, തൈര് എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പയറുവര്‍ഗങ്ങള്‍ ചെറുപയര്‍ ആവിയില്‍ പുഴുങ്ങി കഴിക്കാവുന്നതാണ്. നാരുകള്‍, വിറ്റാമിനുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കലവറയാണ് പയര്‍വര്‍ഗങ്ങള്‍. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പയര്‍, ബീന്‍സ് തുടങ്ങിയവ സഹായിക്കും. ഇവക്ക് പുറമേ, മാര്‍ക്കറ്റില്‍ തന്നെ ലഭ്യമാകുന്ന സിങ്ക് സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അമേരിക്കയിലെ പ്രശസ്ത നരവംശ ശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് മീഡിനോട് ഒരു ഇന്റര്‍വ്യൂവിനിടയില്‍ വിദ്യാര്‍ത്ഥി ഒരു ചെറിയ സംശയം ചോദിച്ചു: മനുഷ്യ ചരിത്രത്തിലെ മനുഷ്യനാഗരികതയുടെ ഏറ്റവും ആദ്യത്തെ തെളിവ് എന്താണ്? മാര്‍ഗരറ്റ് മീഡിന് ഒന്നു ആലോചിക്കുക പോലും വേണ്ടി വന്നില്ല. അവര്‍ പറഞ്ഞു: ഒരു തുടയെല്ല്.. ഉത്തരം കേട്ട് ക്ലാസ്സിലുള്ള എല്ലാവരും ഒന്ന് ഞെട്ടി. ആ ഞെട്ടല്‍ മനസ്സിലാക്കി അവര്‍ തുടര്‍ന്നു: ഒരു പുരാവസ്തു കേന്ദ്രത്തില്‍ നിന്നും ലഭിച്ച പതിനയ്യായിരം വര്‍ഷം പഴക്കമുള്ള പൊട്ടിയ ഒരു തുടയെല്ലായിരുന്നു അതിന്റെ ആദ്യ തെളിവ്. അവര്‍ വിശദീകരിച്ചു: ഇടുപ്പും കാല്‍മുട്ടും ബന്ധിപ്പിക്കുന്ന തുടയെല്ലാണ് ഒരു ജീവിയുടെ ഏറ്റവും വലിയ അസ്ഥി. വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതിരുന്ന ആ കാലത്ത്, ഒരു തുടയെല്ല് പൊട്ടിയാല്‍ അത് സുഖപ്പെടാന്‍ മിനിമം 6 ആഴ്ചയെങ്കിലും വേണ്ടിവരും. അന്ന് കണ്ടെടുത്ത ആ തുടയെല്ല് അത്തരത്തില്‍ പൊട്ടി സുഖപ്പെട്ട ഒരു തുടയെല്ലായിരുന്നു. ഏതൊരു ജീവിയായാലും തുടയെല്ല് പൊട്ടിയാല്‍ ഭക്ഷണത്തിനായി മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ പട്ടിണി കിടന്ന് മരണമായിരിക്കും ഫലം. പക്ഷേ, തുടയെല്ല് പൊട്ടി സുഖപ്പെട്ടിട്ടും ഒരുപാട് നാള്‍ അയാള്‍ ജീവിച്ചിട്ടുണ്ട്. അതിനര്‍ത്ഥം, അയാള്‍ക്ക് ഭക്ഷണമെത്തിക്കാനും അയാളെ ശുശ്രൂഷിക്കാനും ഒരാള്‍കൂടി കൂടെയുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. നാഗരികനല്ലാത്ത മനുഷ്യന്‍ ജന്തുക്കളെ പോലെ മറ്റുള്ളവരെ ഉപേക്ഷിച്ചു പോകുന്നവനായിരുന്നു. സാമൂഹികമൂല്യങ്ങളുളള ഒരാള്‍ക്ക് മാത്രമേ മറ്റൊരാളെ ശുശ്രൂഷിക്കാനും അയാള്‍ക്ക് സുഖപ്പെടുന്നതുവരെ കൂടെ നില്‍ക്കാനും കഴിയൂ. ബുദ്ധിമുട്ടില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിന്നാണ് മനുഷ്യനാഗരികതയും സംസ്‌കാരവും തുടങ്ങുന്നത് അവര്‍ പറഞ്ഞു നിര്‍ത്തി. വലിയൊരു ജീവിത സത്യം ഈ കഥയിലുണ്ട്. നമുക്ക്ചുറ്റും ഇതുപോലെ സാമൂഹികമൂല്യങ്ങളുള്ള ഉദാഹരണങ്ങള്‍ ധാരാളം കണ്ടെത്താന്‍ സാധിക്കും.. കരുണയുളളവയാകട്ടെ നമ്മുടെ ഹൃദയങ്ങള്‍. മറ്റുള്ളവരുടെ ബുദ്ധിമുട്ടില്‍ അവരെ സഹായിക്കുന്ന യഥാര്‍ത്ഥ നാഗരികനാകാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
മീഡിയ 16 ന്യൂസ്