*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 16 | വെള്ളി

◾കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ ദേശീയപാതകള്‍ വരുന്നതോടെ, 2025 ആകുമ്പോഴേക്കും കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45,536 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്കു തിരുവനന്തപുരത്തു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

◾റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കാന്‍ 25 ശതമാനം തുക തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കിയില്ലെന്ന കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയുടെ പേരില്‍ ആരും മനപ്പായസമുണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വികസനം കുഴപ്പത്തിലായെന്ന് ആരും കരുതണ്ട. വികസനത്തിനായി ആരും വഴിയാധാരമാകില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഗഡ്കരിയും പറഞ്ഞു.

◾മാസങ്ങളായി നേര്‍ക്കുനേര്‍ പോരടിച്ചിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയില്‍. ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചാണ് ദീപം തെളിയിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിളക്ക് ഇരുവരുടെയും കൈകളിലേക്കു വച്ചുകൊടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.

◾സ്ഥലം ഏറ്റെടുത്തു കൈമാറാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്കു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ലെന്നു പാര്‍ലമെന്റില്‍ അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി നല്‍കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിത മേഖല ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

◾അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്നു സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിര്‍ബന്ധമല്ലെന്നു കോടതി ഉത്തരവിട്ടു.

◾കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരായ ഹര്‍ജിയില്‍ വാദം തുടരും. ഇന്നലെ വിധി പറയാനുള്ള തീരുമാനം കോടതി മാറ്റി. പുതിയ കക്ഷിചേരലിനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമാകണമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

◾സ്റ്റാര്‍ട്ടപ്പുകള്‍ക്കു മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. അദ്ദേഹം അവകാശപ്പെട്ടു.

◾പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിയെടുത്ത പ്രതി റിജിലിന് മറ്റാരുടേയെങ്കിലും സഹായം ഉണ്ടായിരുന്നോയെന്നു പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച്. 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലാണ്. തട്ടിയെടുത്ത പണം വീടു പണിക്കും കടം വീട്ടാനുമാണ് ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് കുറേ പണം കളഞ്ഞെന്നും പോലീസ്. സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

◾ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ മുഖ്യമന്ത്രി പമ്പയിലെത്തി ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും മൂലം അയ്യപ്പ ദര്‍ശനത്തിന് എത്തുന്നവര്‍ ദുരിതത്തിലാണ്. ആവശ്യത്തിനു ബസ് സര്‍വീസ് പോലും ഇല്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

◾മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്തല്‍ കുളം നവീകരിക്കാന്‍ ആറു വര്‍ഷത്തിനിടെ ചെലവഴിച്ചത് 31 ലക്ഷം രൂപ. 2016 മുതല്‍ നിന്തല്‍ കുളത്തിനായി ചെലവഴിച്ചത് 31,92,360 രൂപയെന്നാണ് വിവരാവകാശ രേഖ.

◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. ജയില്‍ ദിനാഘോഷത്തിനിടെ ഉണ്ടായ അടിപിടിയില്‍ കാപ്പ തടവുകാരനായ വിവേകിന്റെ തലയ്ക്കു സാരമായി പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

◾കള്ളനോട്ട് കേസില്‍ ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ ആലപ്പുഴ ചാരുംമൂട്ടില്‍ അറസ്റ്റിലായി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. ചാരുംമൂടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ലേഖ നല്‍കിയ 500 രൂപയുടെ കറന്‍സി കള്ളനോട്ടായിരുന്നു. ലേഖയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനായിരം രൂപയുടെ കള്ളനോട്ട് നല്‍കിയ ക്ലീറ്റസിനെ പിടികൂടിയത്.

◾വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മലപ്പുറം കല്ലായി കാര്യാട്ട് വീട്ടില്‍ സാബര്‍ അഹമ്മദ് അലി (30) യെ് എറണാകുളം പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റു ചെയ്തു. യൂറോപ്യന്‍ രാജ്യമായ ലക്സംബര്‍ഗിലെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പുത്തന്‍വേലിക്കര തുരുത്തൂര്‍ സ്വദേശിനിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

◾കൊലക്കേസ് പ്രതിക്കുനേരെ 22 വര്‍ഷം മുമ്പ് ആസിഡ് ആക്രമണം നടത്തിയയാള്‍ പിടിയില്‍. കോട്ടയം കടനാട് കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി (41)നെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. കൊലക്കേസ് പ്രതിയായിരുന്ന പാല കുളക്കാട് സ്വദേശി പ്രസാദിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതിയാണ്.

◾പാലക്കാട് ചിറ്റൂരില്‍ 11 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറുപതുകാരനായ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റിലായി. കുട്ടിയെ സിനിമാ തീയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച വണ്ടിത്താവളത്തെ സ്‌കൂള്‍ ബസിലെ ക്ലീനറായ രാജഗോപാലാണ് അറസ്റ്റിലായത്.

◾അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം എടവനക്കാട് സ്വദേശി സനലിനെ(34) അയല്‍വാസികളായ അച്ഛനും മകനും മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പ്രതികളായ വേണുവിനെയും മകന്‍ ജയരാജിനെയും ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾പാനൂര്‍ മൊകേരി വിഷ്ണുപ്രിയ കൊലക്കേസില്‍ പൊലീസ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ശ്യാം ജിത്ത് സ്വയം നിര്‍മിച്ച ആയുധം കൊണ്ടാണു കൊല നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. ഒക്ടോബര്‍ 22 ന് പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണു വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.

◾കോടതി മുറിയില്‍ പോക്സോ കേസ് പ്രതി കഴുത്തിലെ ഞരുമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ദേവരാജന്‍ (72) എന്നയാളാണ് വിധി പ്രസ്താവിക്കാനിരുന്ന ഇന്നലെ കോടതിയില്‍ ആത്മഹത്യക്കു ശ്രമിച്ചത്.

◾താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നു മുതിര്‍ന്ന ടെലിവിഷന്‍ താരം വീണ കപൂര്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ വീണ കപൂര്‍ മകന്‍ സച്ചിന്‍ കപൂറിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വീണ കപൂര്‍ എന്ന മറ്റൊരു സ്ത്രീ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടതിനെയാണു താന്‍ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ചതെന്നു വീണ കപൂര്‍ കുറ്റപ്പെടുത്തി.

◾11,000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി യുകെയിലേക്കു മുങ്ങിയ നീരവ് മോദിയെ നാടു കടത്താനുള്ള വിധിക്കെതിരേ നല്‍കിയ അപ്പീല്‍ യുകെയിലെ കോടതി തള്ളി. ഇതോടെ നീരവ് മോദിക്ക് ഇന്ത്യയിലേക്കു മടങ്ങിയെത്തി വിചാരണ നേരിടേണ്ടിവരുമെന്ന് ഉറപ്പായി.

◾മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ കുക്കര്‍ ബോംബ് സ്ഫോടനം തീവ്രവാദ പ്രവര്‍ത്തനമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടേയും ബിജെപിയുടേയും പ്രചാരണം ശരിയാണോയെന്നു കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പേ തീവ്രവാദമെന്നു പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്നു ശിവകുമാര്‍ ആരോപിച്ചു.

◾വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ വിദ്യാര്‍ത്ഥിനികള്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണത്തെ കട്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ചിന്മയ ആനന്ദ മൂര്‍ത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. പെണ്‍കുട്ടികള്‍ വടികളുമായി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും അടിച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

◾ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് അറസ്റ്റിലായ സര്‍വേഷ് പട്ടേല്‍ പറഞ്ഞു.

◾സാഹസികമായ റീല്‍സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ റെയില്‍വേ ട്രാക്കില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന യുവതിയും രണ്ടു യുവാക്കളും ട്രെയിനിടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ കല്ലുഗഡിയിലാണു സംഭവം.

◾ക്രിസ്മസിനോടനുബന്ധിച്ച് യുദ്ധം നിറുത്തിവയ്ക്കണമെന്ന യുക്രെയിന്റെ അഭ്യര്‍ത്ഥന റഷ്യ തള്ളി. പത്തു മാസം പിന്നിടുന്ന യുദ്ധം തുടരുമെന്നു റഷ്യ പ്രഖ്യാപിച്ചു.

◾കുവൈറ്റില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച എട്ടു കമ്പനികള്‍ക്കും ഫാക്ടറികള്‍ക്കുമെതിരെ നടപടി. എണ്‍പത് കണ്ടെയ്നറുകളിലായി ഇരുപതു ലക്ഷം ലിറ്റര്‍ ഡീസലാണ് കടത്താന്‍ ശ്രമിച്ചത്. കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്റെ അംഗീകാരമില്ലാതെ കൊണ്ടുപോവുകയായിരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

◾ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന പരിതാപകരമായ നിലയിലാണ് ബംഗ്ലാദേശ്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 404 റണ്‍സിന് അവസാനിച്ചിരുന്നു.

◾കാറപകടത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു ഫ്‌ളിന്റോഫിന് പരിക്കേറ്റു. ബിബിസിയുടെ ടിവി ഷോയ്ക്കിടെയുണ്ടായ ഷൂട്ടിങ്ങിനിടയിലാണ് ഫ്‌ളിന്റോഫിന് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിബിസി അറിയിച്ചു.

◾സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ ജയിലിലായ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ബ്രിട്ടനില്‍ ജയില്‍ മോചിതനായി. ഉടന്‍ തന്നെ ബെക്കറെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആറു ഗ്രാന്‍സ്ലാം കീരീടങ്ങള്‍ അടക്കം 49 കീരീടങ്ങള്‍ നേടിയിട്ടുള്ള ബെക്കര്‍ നേരത്തെ കടം വീട്ടാന്‍ കരിയറില്‍ സ്വന്തമാക്കിയ ട്രോഫികളും മറ്റും ലേലത്തിന് വെച്ചത് വലിയ വാര്‍ത്തയായിരുന്നു.

◾ഖത്തര്‍ ലോകകപ്പില്‍ ഇന്നും ഒഴിവുദിനം. നാളെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. രാത്രി 8.30 നാണ് മത്സരം. ഞായറാഴ്ച രാത്രി 8.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് അര്‍ജന്റീനയുമായി ഫൈനലില്‍ ഏറ്റുമുട്ടും.

◾ലയണല്‍ മെസിയുടെ അര്‍ജന്റീനയെ മെരുക്കാന്‍ ലോകകപ്പിന് തൊട്ടുമുമ്പ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ കരീം ബെന്‍സേമ തിരിച്ചെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.
ഫ്രഞ്ച് മധ്യനിരയിലെ ശക്തനായ അന്റോണിയോ ഗ്രീസ്മാനും മികച്ച ഫോമിലുള്ള എംബാപ്പെയും ജിറൂദും ചേരുമ്പോള്‍ തന്നെ ആരും പേടിക്കുന്ന ആക്രമണനിരയുള്ള ഫ്രാന്‍സിലേക്ക് ഈ സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് കൂടിയായ ബെന്‍സേമ കൂടി തിരിച്ചെത്തുന്നത് മെസിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.

◾പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളുമായി യുഎസ് ഫെഡറല്‍ റിസര്‍വ്. തുടര്‍ച്ചയായി ഏഴാം തവണയും നിരക്ക് കൂട്ടി. ഒരു വ്യത്യാസം മാത്രം. മുക്കാല്‍ ശതമാനത്തില്‍നിന്ന് വര്‍ധന ഇത്തവണ അരശതമാനത്തില്‍ ഒതുക്കി. മുമ്പത്തെ നാല് യോഗങ്ങളിലും മുക്കാല്‍ ശതമാനം വീതമാണ് നിരക്ക് കൂട്ടിയത്. മുമ്പത്തെ നാല് യോഗങ്ങളിലും മുക്കാല്‍ ശതമാനം വീതമാണ് നിരക്ക് കൂട്ടിയത്. ഇത്തവണത്തെ വര്‍ധനകൂടി പ്രാബല്യത്തിലായതോടെ ഫെഡ് നിരക്ക് 15 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. അതായത് 2007നുശേഷമുള്ള ഉയര്‍ന്ന നിരക്ക്. ഇതോടെ പലിശ 4.25 - 4.50 നിലവാരത്തിലെത്തുകയും ചെയ്തു. പണപ്പെരുപ്പം നിയന്ത്രിച്ച് സമ്പദ്ഘടനയെ പിടിച്ചുയര്‍ത്താനുള്ള നടപടികളുമായി ഇനിയും മുന്നോട്ടുപോകുമെന്ന ഫെഡറല്‍ റിസര്‍വിന്റെ വ്യക്തമായ സൂചനയാണിത്.

◾'ആരോമലിന്റെ ആദ്യത്തെ പ്രണയം' ചിത്രീകരണം പൂര്‍ത്തിയായി. നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന വളരെ രസകരമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുല മുഹൂര്‍ത്തങ്ങളും കോര്‍ത്തൊരുക്കിയ ചിത്രമാണിത്. നിരവധി ആഡ് ഫിലിമുകളിലൂടെ ജനശ്രദ്ധ നേടിയ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് കന്നട സിനിമയിലെ പോപ്പുലറായ യുവനടന്‍ സിദ്ദിഖ് സാമനാണ്. അമാന ശ്രീനി നായികയാകുന്ന ചിത്രത്തില്‍ സലിംകുമാര്‍ , വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെല്‍ബിന്‍ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു. സംവിധാനം മുബീന്‍ റൗഫ് , കഥ, തിരക്കഥ, സംഭാഷണം മിര്‍ഷാദ് കയ്പമംഗലം, സംഗീതം ചാള്‍സ് സൈമണ്‍, ശ്രീകാന്ത് ശങ്കരനാരായണന്‍ , ആലാപനം കെ എസ് ഹരിശങ്കര്‍ , ഹിഷാം അബ്ദുള്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര്‍ എന്നിവര്‍ ചേര്‍ന്നാണ്.

◾ആര്‍ ജെ ബാലാജി നായകനാകുന്ന പുതിയ ചിത്രമാണ് 'റണ്‍ ബേബി റണ്‍'. 'ടിയാന്‍' എന്ന മലയാള ചിത്രത്തിന്റെ സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാര്‍ 'റണ്‍ ബേബി റണ്‍' ഒരുക്കുന്നത്. ജിയെന്‍ കൃഷ്ണകുമാര്‍ തന്നെയാണ് തിരക്കഥയും. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേകയാണ് ഗാനരചയിതാവ്. 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിര്‍വഹിക്കുന്നത്. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറിലാണ് ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് 'ഫര്‍ഹാന'. 'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്.

◾ഫ്രഞ്ച് വാഹന ഭീമനായ സിട്രോണ്‍ ഇന്ത്യയ്ക്കായി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സിട്രോണ്‍ സി3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാര്‍ ഇസി3 എന്ന് വിളിക്കപ്പെടും. അടുത്ത വര്‍ഷം ആദ്യത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം നടക്കും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ 2023-ല്‍ പുറത്തിറക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസറും സിട്രോണ്‍ അടുത്തിടെ പുറത്തിറക്കി. ഇസി3 ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് സിട്രോണ്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് മോഡലിന് മത്സരാധിഷ്ഠിതമായ വിലനിര്‍ണ്ണയിക്കാന്‍ കമ്പനിയെ സഹായിക്കും.

◾ആഖ്യാനതന്ത്രത്തിലും സത്യാത്മക രചനാ ശൈലിയിലും വേറിട്ടു നില്‍ക്കുന്ന കവിതകളാണ് ജിയു കുറുപ്പിന്റെ 'ഇഷ്ടസാനുക്കള്‍'. മലയാള കവിതാ രംഗത്ത് ആധുനികത ത്രസിക്കുമ്പോള്‍ ഇവിടെ വായനക്കാരന്റെ മനസ്സിനിണങ്ങുന്ന വരികളാണ് കവി സമ്മാനിക്കുന്നത്. നൈര്‍മല്യമുള്ള ജീവിത സന്ദര്‍ഭങ്ങളെ മാധുര്യമൂറുന്ന ശൈലിയില്‍ അടയാളപ്പെടുത്തുന്നു എന്നതാണ് ഇഷ്ടസാനുക്കളുടെ പ്രത്യേകത. സൈന്ധവ ബുക്സ്. വില 152 രൂപ.

◾രക്തക്കുഴലുകളെ തടയുന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്നു. കൂടാതെ മുരിങ്ങയിലയില്‍ സിങ്കിന്റെ അളവ് കൂടുതലാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മുരിങ്ങയിലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശജ്വലനത്തിന് സഹായിക്കുന്നു, ചര്‍മ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. ഉറക്കവും പോഷകാഹാരവും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. മുരിങ്ങ ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. തളര്‍ച്ച, ക്ഷീണം എന്നിവയ്ക്ക് പരിഹാരവുമാണ് മുരിങ്ങയിലകള്‍. മുരിങ്ങയിലകള്‍ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ഗ്യാസ്, ഗ്യാസ്ട്രൈറ്റിസ് എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങ ഇലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങയിലകള്‍. മുരിങ്ങയിലയ്ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവം ഉള്ളതിനാല്‍ അവ സന്ധിവാതം തടയാന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ശിഷ്യരും തന്റെ ഗ്രാമവാസികളുമെല്ലാം സത്സ്വഭാവികളായിരിക്കണം എന്ന് ആ ഗുരുവിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പ്രഭാഷണങ്ങളിലൂടെ മാത്രല്ല, പ്രവര്‍ത്തികളിലൂടെയും ആളുകളെ പ്രചോദിപ്പിക്കാന്‍ ഗുരു ആഗ്രഹിച്ചു. അതിനായി ഒരു ദിവസം കുറെപ്പേരെ കൂലിക്ക് വിളിച്ച് കൂറ്റന്‍ പാറക്കല്ലുകള്‍ മലയുടെ മുകളിലേക്ക് ഉരുട്ടികയറ്റിച്ചു. പിന്നീടത് താഴേക്ക് ഉരുട്ടിവിട്ടു. വീണ്ടും കൂലി കൊടുത്ത് അടുത്ത സെറ്റ് ആളുകളെകൊണ്ട് കല്ല് മുകളിലേക്കെത്തിച്ചു. അത് താഴേക്ക് ഉരുട്ടിയിട്ടു. ഗുരുവിന് മാനസികവിഭ്രമം സംഭവിച്ചുവെന്ന് ജനങ്ങള്‍ അടക്കം പറഞ്ഞു. ജനക്കൂട്ടത്തോട് ഗുരു പറഞ്ഞു: നല്ല വാക്കുകളിലൂടെയും നല്ല പ്രവൃത്തികളിലൂടെയും പടിപടിയായി, വളരെ കഷ്ടപ്പെട്ട് മാത്രമേ നമുക്ക് ഉന്നതിയില്‍ എത്തിച്ചേരാനാകൂ. എന്നാല്‍ ഈ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കാന്‍ ഒരു ചെറിയ തെറ്റ് മതിയാകും ഒരായുസ്സ് കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന അന്തസ്സും ആദരവും നഷ്ടപ്പെടാന്‍ ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി. തട്ടിമാറ്റിയ ഒരുപാട് പന്തുകളെ മറന്ന്, വലയിലായ ഒരു പന്തിന്റെ പേരില്‍ ഗോളി വിമര്‍ശിക്കപ്പെടുന്നത് പോലെയാണത്.. അകപ്പെട്ടുപോയ ഒരബദ്ധത്തിന്റെ പേരില്‍ ആയുഷ്‌കാലം മുഴുവന്‍ അപമാനിക്കപെട്ടും. നിര്‍മ്മാണപ്രക്രിയകളെല്ലാം ദൈര്‍ഘ്യമേറിയതും നശീകരണപ്രക്രിയകളെല്ലാം നൈമിഷികവുമാണ്. ഒന്നാമതെത്താന്‍ ഒരു നിമിഷത്തേക്ക് മറ്റുളളവരെ പിന്നിലാക്കിയാല്‍ മതി. എന്നാല്‍ ഒന്നാമനായി തുടരാന്‍ അത് മതിയാകില്ല. സ്വന്തം പരിശ്രമം കൊണ്ട് മുകളിലെത്തിയ ആരും ആ സ്ഥാനത്തെ നിസ്സാരമായി കാണില്ല. സഞ്ചരിച്ച വഴികള്‍ അവരുടെ ശരീരത്തേയും മനസ്സിനേയും പാകപ്പെടുത്തിയിരിക്കും. മറ്റുള്ളവരുടെ ഇടപെടലുകള്‍ കൊണ്ടോ ഭാഗ്യം കൊണ്ടോ ഒരു സ്ഥാനത്ത് എത്തിച്ചേരുന്നവര്‍ക്ക് ആ ഇടത്തെ പരിതസ്ഥിതികളില്‍ ഇഴുകിച്ചേരാനാകില്ല. ഒന്നുകില്‍ പരിഭ്രമിച്ച് താഴെ വീഴും, അല്ലെങ്കില്‍ അലഞ്ഞു തിരിയും, അതുമല്ലെങ്കില്‍ അഹംഭാവത്തിന്റെ ആള്‍രൂപമാകും.. സ്വയമൊഴുക്കുന്ന വിയര്‍പ്പിന്റെ നേട്ടത്തിലും അന്യനൊഴുക്കുന്ന വിയര്‍പ്പിലൂടെയുളള നേട്ടത്തിലും രുചിയിലും ഗന്ധത്തിലും വ്യത്യാസമുണ്ട്. വിയപ്പൊഴുക്കിയാല്‍ മാത്രമേ വീര്യമുണ്ടാകൂ.. സ്വന്തം വിയര്‍പ്പിന്റെ ആത്മാഭിമാനം അനുഭവിക്കാനുളള അവസരം നമുക്കുണ്ടാകട്ടെ - ശുഭദിനം.
മീഡിയ 16 ന്യൂസ്‌