◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളി. ഇതോടെ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണപക്ഷം ബില്ല് പാസാക്കിയശേഷം നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബില്‍ അടുത്ത ദിവസംതന്നെ രാജ്ഭവനിലേക്കു ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
◾ചാന്‍സലര്‍ സ്ഥാനത്തേക്കു വിരമിച്ച ജഡ്ജിമാര്‍ വേണ്ടെന്നു നിയമസഭയില്‍ ഭരണപക്ഷം. വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു. വിസിമാരെ നിയമിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ ഇരുപക്ഷവും തമ്മില്‍ ധാരണയായി. നിയമന സമിതിയിലേക്കു പ്രതിപക്ഷം നിര്‍ദേശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കര്‍ മതിയെന്നു മന്ത്രി രാജീവ് നിര്‍ദേശിക്കുകയായിരുന്നു.
◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ ഡോ. എം എസ് രാജശ്രീ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി. അതേസമയം സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രതിനിധിയാണു വേണ്ടതെന്ന യുജിസിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥിരം വിസിയെ കണ്ടത്താനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ നോമിനിയെ ഉള്‍പ്പെടുത്തണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ഡോ. സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.
◾ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍സ്വാമിയെ കേന്ദ്ര സര്‍ക്കാരും എന്‍ഐഎയും 44 കള്ളത്തെളിവുകള്‍ സൃഷ്ടിച്ചു കുടുക്കിയതാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം. സ്റ്റാന്‍സാമിയുടെ കംപ്യൂട്ടറില്‍ എന്‍ഐഎ വ്യാജരേഖകള്‍ തിരുകിക്കയറ്റി. ബോസ്റ്റണിലെ ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. റാഞ്ചിയിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യ സേവനം നടത്തിയിരുന്ന 83 കാരനായ സ്റ്റാന്‍സാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2020 ലാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനു മരിക്കുകയും ചെയ്തു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴല്‍നാടന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ സ്പീക്കര്‍ തള്ളി. പിഡബ്ല്യുസി ഡയറക്ടര്‍ ജയിക് ബാലകുമാര്‍ മകള്‍ വീണയുടെ മെന്റര്‍ അല്ല വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ മെന്ററായിരുന്നെന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി അംഗീകരിച്ചാണ് അവകാശ ലംഘന നോട്ടീസ് തള്ളിയത്.
◾മുസ്ലീം ലീഗിനെ പ്രീണിപ്പിച്ച് യുഡിഎഫില്‍ കലഹമുണ്ടാക്കാമെന്നു മോഹിച്ച സിപിഎമ്മിന് എല്‍ഡിഎഫിലെ കലഹം പരിഹരിക്കേണ്ട അവസ്ഥയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിന്റെ ലീഗ് പ്രീണന നിലപാടിനെ സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകകക്ഷികള്‍ എതിര്‍ത്തിരിക്കുകയാണ്. ലീഗിനെ പ്രകീര്‍ത്തിച്ച് യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കം സിപിഎമ്മിനു ബൂമറാങ്ങായി. ചാന്‍സലര്‍മാരെ തന്നിഷ്ടംപോലെ നിയമിക്കാവുന്ന നിയമം പാസാക്കിയ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ പിന്‍വാതില്‍ നിയമനം തുടരാനുള്ള നീക്കമാണെന്നും സതീശന്‍ പറഞ്ഞു.
◾നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും കെ.ടി. ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. നിശ്ചിത സമയത്തേക്കാള്‍ പ്രസംഗിച്ച കെ.ടി. ജലീലിന്റെ മൈക്ക് ഷംസീര്‍ ഓഫാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ജലീലിന്റെ സമയം കഴിഞ്ഞെന്നു സ്പീക്കര്‍ പലതവണ മുന്നറിയിപ്പു നല്‍കി. എന്നിട്ടും ജലീല്‍ പ്രസംഗം തുടര്‍ന്നതോടെയാണ് മൈക്ക് ഓഫാക്കി അടുത്തയാളെ പ്രസംഗിക്കാന്‍ വിളിച്ചത്.
◾ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
◾മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തിന് അധികാരമില്ലെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിനു സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് മാത്യു നെടുമ്പാറയുടെ ഹര്‍ജിയില്‍ പറയുന്നു. പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
◾കെ റെയിലിനു സര്‍വേ ചെയ്ത ഭൂമിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ സമരത്തിനിറങ്ങുമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി. അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിമയസഭ വളയുമെന്ന് കണ്‍വീനര്‍ രാജീവന്‍ പറഞ്ഞു. അതിനു മുന്നോടിയായി ഒരു കോടി ആളുകള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കും. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം. കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
◾സിറോ മലബാര്‍ സഭ എറണാകുളം അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇന്നു കാക്കനാട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകേണ്ടതാണ്. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഹര്‍ജി ജനുവരി രണ്ടാംവാരം പരിഗണിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
◾മരടില്‍ സുപ്രീം കോടതി ഉത്തരവനുസരിച്ചു പൊളിച്ച ഫ്ളാറ്റുകളില്‍ രണ്ടു ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ഭൂമി തിരിച്ചു കൊടുക്കണമെന്ന് സുപ്രീം കോടതി. ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനാണ് ഉത്തരവ്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
◾അറബിക്കടലില്‍ വടക്കന്‍ കേരള - കര്‍ണാടക തീരത്തുള്ള ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തുനിന്ന് അകന്നെങ്കിലും വ്യാഴാഴ്ചയോടെ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കും. കേരളത്തില്‍ ഉച്ചക്കു ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതു ശക്തിപ്രാപിച്ച് ഇന്ത്യ - ശ്രീലങ്ക തീരത്തേക്കു നീങ്ങിയേക്കും.
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റാനുള്ള ബില്‍ പാസാക്കാന്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ 14 സര്‍വകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലാണു പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. സുരേന്ദ്രന്‍ പറഞ്ഞു.
◾കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്കു ക്ഷണിക്കാനാണ് പോയതെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. സിപിഐഎമ്മില്‍നിന്നും തനിക്ക് പരിഗണന കിട്ടിയില്ലെന്ന ആരോപണം ശരിയല്ലെന്നും പദവി മോഹിച്ചിട്ടല്ല സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ചാവക്കാട് മല്‍സ്യബന്ധനത്തിനിടെ ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട എടക്കഴിയൂര്‍ സ്വദേശി മന്‍സൂര്‍, കുളച്ചല്‍ സ്വദേശി ജഗന്‍ എന്നിവര്‍ കടലില്‍ നീന്തുന്നത് മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികള്‍ കണ്ടു രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ബോട്ടില്‍ പൊന്നാനി തീരത്തെത്തിച്ചു.
◾ബോട്ടിന്റെ പങ്കായം പൊട്ടി നിയന്ത്രണം വിട്ട ബോട്ടിലെ നാലു മത്സ്യ തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. കാസര്‍കോട് അഴിമുഖത്തുനിന്ന് രണ്ടു കിലോമീറ്റര്‍ മാറി കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട കമലാക്ഷിയമ്മ എന്ന ബോട്ടിനേയും ജീവനക്കാരേയുമാണ് രക്ഷിച്ചത്.
◾ഭാര്യയെ ശല്യം ചെയ്തയാളെ ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. തൃശൂര്‍ ജില്ലയിലെ മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന്‍ ആണ് കൊല്ലപ്പെട്ടത്. കാക്കുളിശ്ശേരി സ്വദേശി ബിനോയ് പറേക്കാടനെ അറസ്റ്റു ചെയ്തു.
◾ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് എകെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ കെ ആന്റണി. ചൈനീസ് പ്രസിഡന്‍ ഷി ജിന്‍ പിംഗും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ജി 20 ഉച്ചകോടിയില്‍ ചര്‍ച്ച നടത്തിയതിനു പിറകേയാണ് സംഘര്‍ഷം ഉണ്ടായത്. 2019 ലും ഇതുപോലെ കൂടിക്കാഴ്ചയ്ക്കു പിറകേയാണ് ആക്രമണമുണ്ടായതെന്നും അനില്‍ കെ ആന്റണി പറഞ്ഞു.
◾മദീന സന്ദര്‍ശനത്തിനെത്തിയ മലയാളി ഉംറ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് താവളത്തില്‍ അബ്ദുല്‍ കരീം (76) ആണ് മദീനയില്‍ മരിച്ചത്.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ റിയാസ് പഴഞ്ഞി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
◾റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിനു പിറകേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പെടെയുള്ള രാജ്യത്തെ വിവിധ ബാങ്കുകള്‍ നിക്ഷേപ വായ്പാ നിരക്കുകള്‍ ഉയര്‍ത്തി.
◾അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളജീയം ശുപാര്‍ശ. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പാറ്റ്ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനാണ് ശുപാര്‍ശ.
◾വ്യാവസായിക വളര്‍ച്ച താഴോട്ടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബറില്‍ വ്യാവസായിക ഉല്‍പാദനം നാല് ശതമാനം കുറഞ്ഞ് 26 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഉല്‍പാദന മേഖല 5.6 ശതമാനമായി ചുരുങ്ങി. ആരാണ് ഇപ്പോള്‍ യഥാര്‍ഥ പപ്പു. മറ്റുള്ളവരെ അധിക്ഷേപിക്കാനാണ് നിങ്ങള്‍ പപ്പു എന്ന വാക്കുപയോഗിച്ചത്. പക്ഷേ പുറത്തുവന്ന കണക്കുകള്‍ യഥാര്‍ഥ പപ്പു ആരാണെന്ന് കാണിക്കുന്നുവെന്നു മഹുവ പറഞ്ഞു.
◾പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജഡ്ജിക്കെതിരെ കേസ്. ജയ്പൂരിലെ എന്‍ഡിപിഎസ് കോടതി ജഡ്ജിയുടെ കമല നെഹ്‌റു നഗറിലെ വസതിയില്‍ ജോലി ചെയ്തിരുന്ന സുഭാഷ് മെഹ്‌റ നവംബര്‍ പത്തിനാണ് ശരീരത്തില്‍ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് കത്തിച്ചു മരിച്ചത്. മരിച്ച പോലീസുകാരന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി കെ എസ് ചലനയ്ക്കെതിരേ കേസെടുത്തത്.
◾രാജീവ് ഗാന്ധി ഫൗണ്ടേഷനെക്കുറിച്ചുള്ള ചോദ്യം ചോദ്യോത്തര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയിലെ ചോദ്യോത്തര സമയം തടസപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളംവച്ചിരുന്നു. കോണ്‍ഗ്രസ് ബഹളമുണ്ടാക്കിയതിനു കാരണം രാജീവ്ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം ഒഴിവാക്കാനാണെന്നാണ് അമിത് ഷാ പരിഹസിച്ചത്.
◾ഗുജറാത്ത് കലാപകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജഡ്ജി ബേല എം ത്രിവേദി പിന്മാറി. 2004 മുതല്‍ 2006 വരെ ഗുജറാത്ത് സര്‍ക്കാറിന്റെ നിയമകാര്യ സെക്രട്ടറിയായി ബേല എം ത്രിവേദി പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫേസ്ബുക്കില്‍ പ്രചാരണത്തിനായി വന്‍തുക ചെലവിടുന്നുണ്ടെന്ന് ആരോപണവുമായി ട്വീറ്റുകള്‍. ഭാരത് ജോഡോ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ ചിത്രം ബൂസ്റ്റ് ചെയ്യാന്‍ വന്‍ തുക ചെലവിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ട്വീറ്റുകളില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
◾സംഘര്‍ഷമുണ്ടായ തവാങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്നു ചൈന. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടു.
◾യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും കൂടികാഴ്ച നടത്തി. അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്. ജയശങ്കര്‍.
◾വിമാന യാത്രക്കിടെ യുവതി പ്രസവിച്ചു. ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള കെഎല്‍എം റോയല്‍ എന്ന ഡച്ച് വിമാനത്തിന്റെ വാഷ്റൂമിലാണ് ടമാര എന്ന യുവതി പ്രസവിച്ചത്. ഇക്വഡോറില്‍ നിന്ന് സ്പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന ഡോക്ടറും നഴ്സും സഹായത്തിനെത്തി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണു യുവതി പറയുന്നത്.
◾ഇറാനില്‍ നാലു മാസമായി തുടരുന്ന ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്ര് അസാദാനിക്കു വധശിക്ഷ വിധിച്ചു. വധശിക്ഷാ വാര്‍ത്ത ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഫുട്ബോള്‍ കളിക്കാരുടെ പ്രസ്ഥാനമായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു.
◾ഐപിഎല്‍ 2023 മിനി താരലേലത്തിനായി കൊച്ചിയില്‍ അരങ്ങൊരുക്കം. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് 2.30 മുതലാണ് താരലേലം. രജിസ്റ്റര്‍ ചെയ്ത 405 താരങ്ങളുടെ ചുരുക്ക പട്ടികയായി. 991 പേരാണ് നേരത്തെ രജസിറ്റര്‍ ചെയ്തിരുന്നത്. പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 പേര്‍ വിദേശികളുമാണ്. 87 താരങ്ങളുടെ ഒഴിവുകളാണ് നികത്താനുള്ളത്. ഇവയില്‍ 30 സ്ഥാനങ്ങള്‍ വിദേശ കളിക്കാര്‍ക്കുള്ളതാണ്.
◾ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യടെസ്റ്റ് ഇന്ന്. പരിക്കേറ്റ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം യുവ താരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായേക്കും. ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
◾ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അര്‍ജന്റീന ഫൈനലില്‍. 2018ലെ ലോകകപ്പിലേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കി അര്‍ജന്റീന. ആദ്യ പകുതിയുടെ തുടക്കത്തില്‍ പന്തടക്കത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ക്രൊയേഷ്യയെ അര്‍ജന്റീന ഞെട്ടിച്ചത് കളിയുടെ 34-ാം മിനിറ്റിലാണ്. അല്‍വാരസിനെ പെനാല്‍റ്റി ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി അനായാസമായി ഗോളാക്കി മാറ്റി. ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. മെസി നല്‍കിയ പാസ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുവെച്ച് സ്വീകരിച്ച അല്‍വാരസ് പന്തുമായി ഒറ്റയ്ക്ക് മുന്നേറി പ്രതിരോധതാരങ്ങളെയെല്ലാം കബളിപ്പിച്ച് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. ഇതോടെ കളിയില്‍ അര്‍ജന്റീന മേധാവിത്വം പുലര്‍ത്തി. 69-ാം മിനിറ്റില്‍ മെസിയുടെ ലോകോത്തരമായ അമ്പരപ്പിക്കുന്ന പാസിലൂടെ അല്‍വാരസ് തന്നെ നേടിയ ഗോള്‍ അര്‍ജന്റീനയുടെ വിജയമുറപ്പിക്കുന്നതായിരുന്നു. ഡിസംബര്‍ 18, ഞായറാഴ്ച രാത്രി മെസിയും സംഘവും ലൂസെയ്ല്‍ സ്റ്റേഡിയത്തിലേക്കെത്തുന്നത് കിരീടധാരണത്തിനാകുമോ. ആ കിരീടധാരണത്തിനായ് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് മെസി ആരാധകരും അര്‍ജന്റീനയും.
◾അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി മെസി. ക്രൊയേഷ്യക്കെതിരെ നേടിയ പൊനാല്‍റ്റിയിലൂടെ ലോകകപ്പില്‍ 11 ഗോളുകള്‍ നേടിയ മെസി പത്ത് ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയുടെ റെക്കോഡാണ് മറികടന്നത്. ഖത്തര്‍ ലോകകപ്പില്‍ അഞ്ചു ഗോളുകള്‍ നേടിയ മെസി കിലിയന്‍ എംബാപ്പേക്കൊപ്പം ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരിക്കുയാണ്.
◾ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്. ഇന്ന് രാത്രി 10 മണിക്ക്, ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും. ലോകകപ്പ് ചരിത്രത്തിലെ സെമി ഫൈനലിലെ ആദ്യ ആഫ്രിക്കന്‍ സാന്നിദ്ധ്യമാണ് മൊറോക്കോ. പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനേയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനേയും തോല്‍പിച്ചാണ് മൊറോക്കോയുടെ വരവ്. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനേയും ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനേയും തോല്‍പിച്ചാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. നിലവില്‍ അഞ്ച് ഗോളുകളടിച്ച് ടോപ് സ്‌കോററായ കിലിയന്‍ എംബാപ്പേയാണ് മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിന്റെ കുന്തമുന.
◾രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോക്സഭയില്‍ അറിയിച്ചത്. 17,672.40 കോടി രൂപയാണ് 2020-21 കാലയളവില്‍ സി.എസ്.ആര്‍ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വര്‍ഷക്കാലയളവില്‍ ചെലവഴിച്ചു. കമ്പനികള്‍ സി.എസ്.ആര്‍ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി.എസ്.ആര്‍ നിബന്ധനകളുടെ ലംഘനം ശ്രദ്ധയില്‍ പ്പെട്ടാല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അതത് കമ്പനികളുടെ ബോര്‍ഡുകളാണ് സി.എസ്.ആര്‍ ഫണ്ടുകള്‍ ഏതൊക്കെ മേഖലകളില്‍ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതെന്നും സര്‍ക്കാരിന് അത്തരം വിഷയങ്ങളില്‍ നിയന്ത്രണം ചെലുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
◾ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്ലറും പ്രേക്ഷകരില്‍ കൌതുകം നിറയ്ക്കും. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ഷാജി കൈലാസാണ് ചിത്രം 'കാപ്പ'യില്‍ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് പോസ്റ്റര്‍ പുറ്തതുവിട്ടത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'കാപ്പ'. ചിത്രം റിലീസ് ചെയ്യുക 22നാണ്. ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.
◾അന്താരാഷ്ട്ര ഏജന്‍സി ഗ്ലോബല്‍ എന്‍കാപ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ എസ്-പ്രസോ, സ്വിഫ്റ്റ്, ഇഗ്നിസ് എന്നിവ നേടിയത് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം. കുട്ടികളുടെ സുരക്ഷയില്‍ എസ്-പ്രസോ, ഇഗ്നിസ് കാറുകള്‍ പൂജ്യം ആണ് നേടിയത്. ഈ വിഭാഗത്തില്‍ സ്വിഫ്റ്റ് ഒരു സ്റ്റാര്‍ നേടി. മൂന്ന് മാരുതി മോഡലുകള്‍ക്കും മുന്‍നിരയില്‍ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മൂന്നു മോഡലുകള്‍ക്കും ഇ.എസ്.സി, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ് എന്നിവ ഉണ്ടായിരുന്നില്ല. ഓപ്ഷണലായും ഇത് ഈ മോഡലുകളില്‍ ലഭ്യമല്ല. മുന്‍വശം ഇടിപ്പിച്ചുള്ള പരീക്ഷണത്തില്‍ മൂന്ന് മോഡലുകളും കാര്യമായി തകര്‍ന്നു. പുതുക്കിയ ക്രാഷ് ടെസ്റ്റ് അനുസരിച്ച് എല്ലാ മോഡലുകളുടെയും മുന്‍ഭാഗവും വശങ്ങളും ഗ്ലോബല്‍ എന്‍കാപ് പരിശോധിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള സാധ്യത തുടങ്ങിയവയും റേറ്റിങ്ങില്‍ നിര്‍ണായകമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ മോശം സുരക്ഷയുള്ള കാറുകളാണ് വില്‍ക്കുന്നത് എന്നത് ഉല്‍ക്കണ്ഠയുണ്ടാക്കുന്നുവെന്ന് ഗ്ലോബല്‍ എന്‍കാപ്.
◾അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളില്‍നിന്ന് കണ്ടെടുത്ത പ്രണയകഥ. 'അനാര്‍ക്കലി'. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെണ്‍കുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോള്‍ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കല്‍ച്ചുമരുകള്‍ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാന്‍ ജലാലുദ്ദീന്‍ റൂമിയുടെയും ഹസ്രത്ത് റാബിയുടെയും താത്ത്വികബോധനങ്ങള്‍. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ എന്തുതന്നെ ചെയ്തു കൊണ്ടിരുന്നാലും പ്രണയത്തിലായിരിക്കുക എന്ന റൂമിയുടെ വചനത്തെ സാധൂകരിക്കുന്ന നോവല്‍. ഡോ. ഷാഫി കെ മുത്തലിഫ്. ഗ്രീന്‍ ബുക്സ. വില 12 രൂപ.
◾പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായ തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്നൊരു ചൊല്ലുണ്ട്. ജലദോഷം,ചുമ തുടങ്ങിയവ പിടിപെടുമെന്നതിനാലാണ് കുട്ടികളോടും പ്രായമായവരോട് തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് തൈര് കഴിച്ചാല്‍ പ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറില്‍ ആകണമെന്ന് മാത്രം. അതുപോലെ തന്നെ രാത്രി തൈര് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും വരില്ലെന്നും ആരോഗ്യവിദഗ്ധര്‍. രാത്രി ഭക്ഷണത്തോടൊപ്പം തൈരും കഴിക്കാമെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറയുന്നു. തൈര് തലച്ചോറില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഞരമ്പുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കും. ഇതുവഴി മനസ് ശാന്തമാകുകയുംം വ്യക്തമായി ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാത്രിയില്‍ തൈര് കഴിക്കുന്നത് ട്രിപ്‌റ്റോഫാന്‍ കാരണം ന്യൂറോണുകള്‍ക്ക് നേരിയ വിശ്രമം നല്‍കും. തൈരിലെ സജീവമായ ബാക്ടീരിയകള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. തൈരിലെ വിറ്റാമിനുകളും പ്രോട്ടീനും ലാക്ടോബാസിലസും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിലും തൈര് ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. തൈരില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലായതിനാല്‍ വീക്കം, അണുബാധ എന്നിവ അകറ്റുന്നു. കൊഴുപ്പ് കുറഞ്ഞ പാലില്‍ ഉണ്ടാക്കുന്ന തൈര് കഴിക്കുകയാണെങ്കില്‍, അത് പൂരിത കൊഴുപ്പ് വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയും ശരിയായി ആഗിരണം ചെയ്യാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
യാത്രചെയ്യുന്ന വഴികളില്‍ കുഴികളുണ്ടാക്കി അതിനുമുകളില്‍ കമ്പുകളും ചില്ലകളും വെച്ച് മൂടി ആളുകളെ വീഴ്ത്തി പണം കവരുക എന്നതായിരുന്നു ആ കൊള്ളക്കാരുടെ രീതി. പരാതികള്‍ ഏറെയായപ്പോള്‍ രാജാവ് തന്റെ മന്ത്രിമാരെ വിളിച്ച് കൊള്ളക്കാരുടെ താവളം കണ്ടെത്തി അവ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഏറ്റവും മികച്ച കുതിരകളെ എടുക്കുവാന്‍ അനുവാദവും നല്‍കി. അതില്‍ ഒരാള്‍ മാത്രം പറഞ്ഞു. എനിക്ക് ഞാന്‍ ഉപയോഗിക്കുന്ന കുതിര തന്നെ മതി. മുടന്തനായ ആ കുതിരയെ കൊണ്ടുപോകുന്നതില്‍ മറ്റെല്ലാവരും അയാളെ കളിയാക്കി. ദിവസങ്ങള്‍ കഴിഞ്ഞ് മുടന്തന്‍ കുതിരയൊഴികെ മറ്റെല്ലാ കുതിരകളും പരുക്കുകളോടെ തിരിച്ചുവന്നു. അവര്‍ക്ക് കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കാനായില്ലെന്നുമാത്രമല്ല, അവരുടെ കെണിയില്‍ പെട്ട് ധാരാളം പരുക്കുകള്‍ നേരിടേണ്ടി വരികയും ചെയ്തു. അവസാനം അയാളും മുടന്തന്‍ കുതിരയും തിരിച്ചെത്തി. അയാള്‍ പറഞ്ഞു: പ്രഭോ, ഞാന്‍ കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കുകയും അത് തീയിട്ടു നശിപ്പിക്കുകയും ചെയ്തു. എല്ലാവര്‍ക്കും അത്ഭുതമായി. അയാള്‍ തുടര്‍ന്നു. ഇത്തരം ഒരു കുഴിയില്‍ വീണാണ് എന്റെ കുതിരക്ക് മുടന്ത് സംഭവിച്ചത്. അതിനുശേഷം ഇവന്‍ വളരെ ശ്രദ്ധയോടെയാണ് നടക്കുക. ചതിക്കുഴികള്‍ ഇവന് തിരിച്ചറിയാം... ! അനുഭവങ്ങളുടെ ആഴമാണ് നേട്ടങ്ങളുടെ ഉയരം. മഴ നനയാതെയും വെയില്‍ കൊള്ളാതെയും വളരുന്നവയ്ക്ക് പ്രതിരോധശേഷിയുണ്ടാവുകയില്ല. അബദ്ധങ്ങള്‍ പറ്റാത്തവര്‍ക്കും തെററുകള്‍ സംഭവിക്കാത്തവര്‍ക്കും സ്വയം സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനാകില്ല. ഒരിക്കലും തോല്‍ക്കാത്തവര്‍ മികച്ചവരാണെന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്. കാരണം, ഒരിക്കല്‍പോലും അവര്‍ സാഹസികതയുടെ വഴിയിലൂടെ സഞ്ചരിച്ചവരായിരിക്കുകയില്ല. പുതിയ അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ പുതിയ കാര്യങ്ങള്‍ ചെയ്യണം. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായ വീഴ്ചകളുണ്ടാകാം. ആ വീഴ്ചകളാണ് പുതിയ കുതിപ്പിനുളള മുന്‍കരുതലുകളായി മാറുന്നത്. അനുഭവത്തിന്റെ കരുത്തില്‍ നമുക്ക് മുന്നോട്ട് കുതിക്കാം - ശുഭദിനം.
Media 16 News