◾ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് സുഖ്വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. ഇന്നു 11 നാണു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലോക്സഭാംഗമായ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സുഖ്വിന്ദറിനായിരുന്നു. രജ്പുത് വിഭാഗത്തിലെ നേതാവാണ് ഇദ്ദേഹം.
◾മാന്‍ഡസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടില്‍ അഞ്ചു മരണം. കേരളത്തിലും മഴയാണ്. തമിഴ്നാട്ടില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് അഞ്ചു പേര്‍ മരിച്ചത്. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ചെന്നൈ അടക്കം മിക്കയിടത്തും ശക്തമായ മഴ. താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം. മരങ്ങള്‍ വീണ് വന്‍ നാശനഷ്ടം. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വെള്ളം കയറിയ 15 വൈദ്യുതി സബ് സ്റ്റേഷനുകള്‍ അടച്ചതോടെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി.
◾ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നു പറഞ്ഞതിന് ഇടതുമുന്നണിയിലേക്കു ക്ഷണിച്ചെന്നാണു ചിലര്‍ വ്യാഖ്യാനിച്ചതെന്നും ഗോവിന്ദന്‍.
◾ജനാധിപത്യത്തിന്റെ നാലു തൂണുകളേയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ഭരണഘടനാ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സിഐടിയു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥയും മാധ്യമ മേഖലയും അപകടത്തിലാണ്. ഹിന്ദുത്വവാദത്തെ നേരിടേണ്ടത് മൃദു ഹിന്ദുത്വവാദംകൊണ്ടല്ല, സോഷ്യലിസംകൊണ്ടാണ്. യെച്ചൂരി പറഞ്ഞു.
◾വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ മദ്യലോറിക്കു പോലീസ് കാവല്‍. മദ്യക്കുപ്പികള്‍ ആരും അടിച്ചുമാറ്റാതിരിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരേയും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നു മാഹിയിലേക്കു ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്. വയനാട് ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ 30 അടി താഴ്ചയിലേക്കു ലോറി മറിയുകയായിരുന്നു.
◾മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിക്ക് പുരസ്‌കാരം സമ്മാനിച്ചും സൗഹാര്‍ദം പങ്കിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ എറണാകുളം പ്രസ് ക്ലബ്ബിന്റെ പി എസ് ജോണ്‍ എന്‍ഡോവ്മെന്റ് പുരസ്‌കാരം സമ്മാനിച്ച ചടങ്ങ് അപൂര്‍വ കൂടിച്ചേരലായി മാറി. ഏറെക്കാലമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ വിശ്രമ ജീവിതം നയിക്കുകയാണ് വയലാര്‍ രവി.
◾പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോടു ശാഖയില്‍ കോഴിക്കോടു കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍, സിബിഐ ഡയറക്ടര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ എന്നിവര്‍ക്കാണു കത്തയച്ചത്.
◾കണ്ണൂരില്‍ പിഎസ് സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. പയ്യന്നൂരില്‍ മൂന്നിടങ്ങളിലും ഇരിട്ടിയില്‍ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസെടുക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാല് ഉദ്യോഗസ്ഥര്‍ കോച്ചിംഗ് സെന്ററുകളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.
◾വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായ ഷൈന്‍ ടോം ചാക്കോയെ പിന്നീട് വിട്ടയച്ചു. താന്‍ അഭിനയിച്ച ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്റെ പ്രചരണത്തിനാണ് ദുബൈയില്‍ എത്തിയത്. തിരികെ നാട്ടിലേക്കു വിമാനം കയറിയപ്പോഴാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പമാണ് ദുബൈ വിമാനത്താവളത്തില്‍നിന്ന് ഷൈനിനെ വിട്ടയച്ചത്.
◾കൊച്ചുവേളി യാര്‍ഡില്‍ പണി നടക്കുന്നതിനാല്‍ ഇന്നു പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കി. നിലമ്പൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകിയോടും.
◾ശബരിമലയില്‍ ഭക്തജന തിരക്ക്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാല്‍ നിറഞ്ഞു. ഇലവുങ്കല്‍ മുതല്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ലക്ഷത്തോളം പേരാണ് ഇന്നലെ ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നത്.
◾വിഴിഞ്ഞം സമരത്തിന് ഉന്നയിച്ച ആവശ്യങ്ങള്‍ ഭാഗികമായി മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചുള്ളൂവെന്നും തൃപ്തരല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഭാഗികമായതിനാല്‍ അതിജീവനത്തിനു ഭാവിയിലും സന്നദ്ധരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോയുടെ സര്‍ക്കുലര്‍ ഇന്നു പള്ളികളില്‍ വായിക്കും.
◾വിമാനത്തില്‍ പാമ്പ്. ദുബൈയില്‍നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കി. ഇന്നലെ പുലര്‍ച്ചെ 2.20 നാണു പാമ്പിനെ കണ്ടത്.
◾സ്‌കൂള്‍ തലം മുതല്‍ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാര്‍. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമാണ് മനുഷ്യനും അയാള്‍ക്ക് ജന്മനാ സിദ്ധിച്ച അവകാശങ്ങളുമെന്ന് ജസ്റ്റിസ് മണികുമാര്‍ പറഞ്ഞു.
◾കഞ്ചിക്കോട് ചന്ദന വേട്ട. ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന 150 കിലോ ചന്ദനമുട്ടികള്‍ പൊലീസ് പിടികൂടി. പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളും പട്ടാമ്പി സ്വദേശികളുമായ ഉനൈസ്, അനസ് എന്നിവരെ എക്സൈസ് പിടികൂടി.
◾ആലപ്പുഴ ഹരിപ്പാട് പടക്ക ഷെഡ് കത്തിനശിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിന്റ വീട്ടുപറമ്പിലെ പടക്ക ഷെഡിനാണു തീപിടിച്ചത്. ആളപായമില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വീട്ടിനുള്ളിലും വന്‍പടക്കശേഖരം കണ്ടെത്തി. പടക്കനിര്‍മാണത്തിന് ലൈസന്‍സില്ലെന്നു പോലീസ്.
◾കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരി ഇടപാടുകാരിയാക്കിയ പ്രതിയെ തെളിവില്ലെന്നു പറഞ്ഞു വിട്ടയച്ച പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേസ് ഈ മാസം 27 നു കോഴിക്കോട്ടെ സിറ്റിംഗില്‍ കമ്മീഷന്‍ പരിഗണിക്കും.
◾കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റിലായി. ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41) നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുല്‍ ഹമീദ്(40) കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46) കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുള്‍ മനാഫ് (42) മാത്തോട്ടം വാഴച്ചാല്‍ വയല്‍ അബദുള്‍ അസീസ് (38) എന്നിവരാണ് പിടിയിലായത്.
◾മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുനരി ആക്രമിച്ചു. ദേഹമാസകലം കടിയും പരിക്കുമേറ്റ പഞ്ചായത്ത് അംഗം ജോമി തോമസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുനരിക്ക് പേ വിഷബാധ ഉണ്ടെന്നു സംശയിക്കുന്നതായി ജോമിയെ രക്ഷിച്ച നാട്ടുകാര്‍ പറഞ്ഞു.
◾തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറയില്‍ 25 തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കുത്തേറ്റവരെ ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തിരുവനന്തപുരം വെഞ്ഞാറമൂട് ടിപ്പര്‍ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. വെഞ്ഞാറമൂട് പൂവണത്തുംമൂട് വിളയില്‍ വീട്ടില്‍ ദാക്ഷായണി (75) ആണ് മരിച്ചത്.
◾കോട്ടയം കറുകച്ചാലില്‍ സ്വര്‍ണം വാങ്ങനെത്തിയ യുവാവ് ജ്വല്ലറിയില്‍നിന്ന് മൂന്നു പവന്‍ കവര്‍ന്നു. മാലയെടുത്ത് കടയില്‍നിന്ന് ഇറങ്ങിയോടി സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. മാസ്‌ക് ധരിച്ച് എത്തിയ ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
◾ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവു നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയ ആള്‍ കണ്ണൂരില്‍ പിടിയില്‍. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റു ചെയ്തത്.
◾ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരെ ആം ആദ്മി പാര്‍ട്ടി വിലകൊടുത്തു വാങ്ങാന്‍ ശ്രമിച്ചെന്ന് പരാതി. കെജരിവാളിന്റെ ഏജന്റ് സമീപിച്ചെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കി. 250 സീറ്റില്‍ 132 സീറ്റുമായി ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടിയിരിക്കേയാണ് ആരോപണം.
◾സ്വത്തു കൈക്കലാക്കാന്‍ ടെലിവിഷന്‍ താരം വീണ കപൂറിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. അമ്മയുടെ മൃതദേഹം പുഴയില്‍ ഒഴുക്കിക്കളഞ്ഞ മകന്‍ സച്ചിന്‍ കപൂറിനേയും വീട്ടുജോലിക്കാരനേയും പോലീസ് അറസ്റ്റു ചെയ്തു. വീണ കപൂറിന്റെ 12 കോടി രൂപയുടെ സ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്ന് ആവശ്യത്തിനു വഴങ്ങാതിരുന്ന വീണ കപൂറിനെ ബേസ് ബോള്‍ ബാറ്റുകൊണ്ട് തലക്കടിക്കുകയായിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള കാട്ടിലെ പുഴയില്‍ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല.
◾വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കേറ്റ് അതിജീവനം ക്ളേശകരമാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ അവരുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലംകൂടി പരിഗണിക്കണമെന്നു സുപ്രീം കോടതി. വാഹനാപകടത്തില്‍ 70 ശതമാനം അംഗഭംഗം സംഭവിച്ച യുപിയിലെ ആക്രിക്കച്ചവടക്കാരന്‍ മുഹമ്മദ് സബീര്‍ നഷ്ടപരിഹാരത്തുക കുറഞ്ഞതിനെതിരേ നല്‍കിയ പരാതിയിലാണു കോടതിയുടെ നിരീക്ഷണം. ട്രൈബ്യൂണല്‍ പതിനഞ്ചര ലക്ഷം രൂപയാണു നഷ്ടപരിഹാരം വിധിച്ചത്. ഹൈക്കോടതി ഇതു പതിനാറേമുക്കല്‍ ലക്ഷം രൂപയാക്കി. സുപ്രീം കോടതി 38.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചു.
◾ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനം വര്‍ധിച്ചു. ഗോതമ്പിന്റെ വില വര്‍ധിച്ചതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കര്‍ഷകര്‍ കൂടുതല്‍ പ്രദേശത്ത് വിളയിറക്കിയത്. സര്‍ക്കാരിന്റെ കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞതും കൂടുതല്‍ സ്ഥലത്തു കൃഷിയിറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. രണ്ടര കോടി ഹെക്ടറില്‍ ഗോതമ്പ് വിതച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു കോടി ഹെക്ടറിലായിരുന്നു ഗോതമ്പു കൃഷി.
◾2002 ലെ ഗുജറാത്ത് കലാപത്തില്‍ അക്രമം നടത്തിയവരെ പാഠം പഠിപ്പിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന പ്രതിപക്ഷ കക്ഷികളുടെ പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി.
◾വിവാഹാലോചന നിരസിച്ചതിന് തെലങ്കാനയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപത്തിനാലുകാരിയായ വനിതാ ഡോക്ടറെ നൂറോളം പേര്‍ തട്ടിക്കൊണ്ടുപോയി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയച്ചു. സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
◾ഗൂഗിളിന്റെ ജി മെയില്‍ ഇന്നലെ രാത്രി രണ്ടു മണിക്കൂര്‍ പ്രവര്‍ത്തന രഹിതമായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് സേവനം തടസപ്പെട്ടു.
◾ചൈനയും സൗദി അറേബ്യയും 46 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു. ഹൈഡ്രജന്‍ ഊര്‍ജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാര്‍പ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ ഇക്കോണമി, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളിലാണു കരാര്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗിന്റെ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇത്രയേറെ കരാറുകളില്‍ ഒപ്പുവച്ചത്.
◾സൗദി അറേബ്യയില്‍ കനത്ത മഴമൂലം വെള്ളക്കെട്ട്. കാറുകളില്‍ കുടുങ്ങിയവരെ സുരക്ഷാ സേന എത്തിയാണു രക്ഷിച്ചത്.
◾ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ അമേരിക്കന്‍ ഫുട്ബോള്‍ ജേണലിസ്റ്റായ ഗ്രാന്‍ഡ് വാല്‍(48) അന്തരിച്ചു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രസ് ബോക്‌സില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് സെമി ബര്‍ത്ത് സ്വന്തമാക്കി ഫ്രാന്‍സ്. പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച മൊറോക്കോയും സെമിയില്‍. ഡിസംബര്‍ 15 വ്യാഴാഴ്ച ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും.
◾ഒപ്പത്തിനൊപ്പം പോരാടിയ ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ച് ഫ്രഞ്ച് പട ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. പൊനാല്‍റ്റി കിക്കിലൂടെ ഹാരി കെയ്ന്‍ താരവും വില്ലനുമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ഫ്രാന്‍സാണ്. കളിയുടെ 17ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യം വല കുലുക്കിയത്. എന്നാല്‍ അമ്പത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന് താരമായി. എഴുപത്തിയെട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡിന്റെ ഗോളിലൂടെ ഫ്രാന്‍സ് മത്സരം തിരിച്ചു പിടിച്ചു. എന്നാല്‍, എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി പുറത്തേക്കടിച്ചു കളഞ്ഞ് ഹാരി കെയ്ന്‍ വില്ലനായി. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രവേശനം ബാക്കിയാക്കി ഹാരി കെയ്നും സംഘവും പുറത്തേക്ക് നടന്നു. ഫ്രാന്‍സ് തങ്ങളുടെ തുടര്‍ച്ചയായ ലോകകപ്പിലെ രണ്ടാമത്തെ സെമി ബര്‍ത്ത് സ്വന്തമാക്കി.
◾ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായൊരു ആഫ്രിക്കന്‍ രാജ്യം സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് മൊറോക്കോ സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. മത്സരത്തിന്റെ നാല്‍പത്തിരണ്ടാം മിനിറ്റില്‍ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ സുവര്‍ണഗോളിലൂടെ എന്‍ നെസിരി മൊറോക്കോയെ മുന്നിലെത്തിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചഗലിന്റെ ആദ്യ ഇലവനെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം പകുതിയുടെ അമ്പത്തിയൊന്നാം മിനിറ്റില്‍ റൊണാള്‍ഡോ കളത്തിലിറങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഒടുവില്‍ മൊറോക്കോയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മറുപടിയില്ലാതെ പോര്‍ച്ചുഗലും വീണു. അഞ്ച് തവണ ലോകകപ്പ് കളിച്ചിട്ടും ലോകപ്പില്‍ മുത്തമിടാനാകാതെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞ് കൊണ്ട് കളിക്കളം വിട്ടു. ഒപ്പം ചരിത്രത്തിലിടം പിടിച്ച പ്രകടനം കൊണ്ട് സെമി ബര്‍ത്ത് സ്വന്തമാക്കി മൊറോക്കോയും.
◾3295 കോടി രൂപ മുടക്കി 40 വിമാനങ്ങള്‍ നവീകരിക്കാന്‍ എയര്‍ ഇന്ത്യ. 27 ബോയിങ് 787-800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ല്‍ സര്‍വീസിന് എത്തിയേക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാകും അകത്തളങ്ങള്‍ നവീകരിക്കുക. ഇതിനായി ലണ്ടന്‍ ആസ്ഥാനമായ ജെപിഎ ഡിസൈന്‍ ആന്‍ഡ് ട്രെന്‍ഡ് വര്‍ക്സ് എന്ന കമ്പനിയാണ് സഹകരിക്കുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓര്‍ഡര്‍ 2021 ലാണ് നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ 72 737 മാക്സ് ജെറ്റുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവെച്ചതായിരുന്നു അത്. ഏകദേശം 9 ബില്യണ്‍ ഡോളര്‍ കരാര്‍ ആയിരുന്നു അത്.
◾ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തങ്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പോസ്റ്ററില്‍ ഉണ്ട്. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്.
◾സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'എന്നാലും ന്റെളിയാ'. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണ്‍ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. പ്രകാശ് വേലായുധന്‍ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു.
◾ജെയ്ഡ്ക ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്റ്റെല്ല മോട്ടോ അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ബസ് പുറത്തിറക്കി. 95,000 രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം) വാഹനം പുറത്തിറക്കിയത്. ബസ് ഇലക്ട്രിക് സ്‌കൂട്ടറിന് 2.16കി.വാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോഡിയാക്കിയ 2കി.വാട്ട് ബിഎല്‍ഡിസി മോട്ടോര്‍ ലഭിക്കുന്നു. ബസിന്റെ ഉപഭോക്തൃ ഡെലിവറി ഈ മാസം തന്നെ ആരംഭിക്കും. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 55 കിലോമീറ്റര്‍ വേഗതയാണ് ഇതിന് കമ്പനി അവകാശപ്പെടുന്നത്. എ-ഗ്രേഡ് ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി സാങ്കേതികവിദ്യയാണ് ബസ് ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. ഗ്രേ, മാറ്റ് ബ്ലൂ, ചുവപ്പ്, ബ്രൗണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാവും. മൂന്ന് വര്‍ഷത്തെ വാറന്റിയാണ് കമ്പനി നല്‍കുന്നത്.
◾ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്‌ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്‌സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് അവതരിപ്പിക്കുമ്പോള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. ഫുട്‌ബോളിന്റെ ചരിത്രവും പെലെയെന്ന ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ ബാല്യകാലസ്മരണയും ഏറക്കുറെ ജീവചരിത്രം തന്നെയും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രഗതികളും ഇതില്‍ വായിക്കാം. 'ഫുട്ബോളിന്റെ പുസ്തകം'. റഹ്‌മാന്‍ പൂവഞ്ചേരി. മാതൃഭൂമി ബുക്സ്. വില 360 രൂപ.
◾ദിവസവും ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്. പലവിധ രോഗങ്ങളെയും ഇതിലൂടെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുള്‍പ്പെടെ അസ്ഥി സൗഹൃദ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ കെ യുടെ ഉറവിടം കൂടിയാണവ. ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന കലോറി ഉള്ളടക്കം ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നു. തുടക്കത്തില്‍ ദിവസവും 2 എണ്ണം കഴിച്ചാല്‍ മതിയാകും. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസം 4 എണ്ണം വീതം കഴിക്കാം. ഈന്തപ്പഴം കുതിര്‍ക്കുന്നതിലൂടെ അവയില്‍ അടങ്ങിയിരിക്കുന്ന ടാന്നിന്‍സ് / ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നു. അവയില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. കുതിര്‍ക്കുന്നതിലൂടെ അവ ദഹിക്കാനും എളുപ്പമാണ്. 8-10 മണിക്കൂര്‍വരെ കുതിര്‍ത്തശേഷം കഴിക്കുക. ശരീരഭാരവും കുറവുള്ളവരും ഹീമോഗ്ലോബിനും (ഇരുമ്പ്) കുറഞ്ഞ പ്രതിരോധശേഷിയുമുള്ള ആളുകള്‍ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റിലും മദ്ധ്യാഹ്ന ലഘുഭക്ഷണമായും ഉറക്കസമയത്ത് നെയ്യിനൊപ്പവും (ഭാരം കൂട്ടാന്‍) ഈന്തപ്പഴം കഴിക്കാം. ഇവയുടെ പോഷക ഗുണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. കൂടാതെ പ്രമേഹം, അല്‍ഷിമേഴ്‌സ് രോഗം, ചിലതരം ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുമെന്നും മാക്യുലര്‍ ഡീജനറേഷന്‍ പോലുള്ള നേത്ര സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കുട്ടിക്ക് ഒരു ആഗ്രഹം. തന്റെ രാജ്യത്തെ രാജാവിനോട് സംസാരിക്കണം. അവന്‍ അമ്മയുടെ സഹായം തേടിയെങ്കിലും അമ്മ നിസ്സഹായയായിരുന്നു. മറ്റുപലരോടും അവന്‍ തന്റെ ആഗ്രഹം പറഞ്ഞെങ്കിലും അവരാരും സഹായിക്കാന്‍ തയ്യാറായില്ല. അവന്റെ ഈ ചോദ്യം വഴിയരുകില്‍ ഇരുന്ന ഒരു യാചകന്‍ കേട്ടു. അയാള്‍ അവനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു: കൊട്ടാരത്തിന്റെ പണി നടക്കുകയാണ്. നീയും അവിടെ ജോലി ചെയ്യുക. പക്ഷേ, കൂലി വാങ്ങരുത്. അവന്‍ അങ്ങിനെ തന്നെ ചെയ്തു. ഒരു ദിവസം പണിസ്ഥലത്ത് എത്തിയ രാജാവ് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവനെ കാണുകയും അവനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വേതനം വാങ്ങാതെയാണ് അവന്‍ ജോലിചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ രാജാവ് അവനെ അരികിലേക്ക് വിളിച്ചു കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു: എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാനതു നേടിയിരിക്കുന്നു.. ലക്ഷ്യം തീരുമാനിക്കപ്പെട്ടാല്‍ ഒരു കാര്യം ഉറപ്പ് വരുത്തണം. പിന്നീട് വെയ്ക്കുന്ന ഓരോ ചുവടും ആ ലക്ഷ്യത്തിലേക്കുള്ളതാണെന്ന്. സ്വപ്നങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, ആ സ്വപ്നങ്ങളിലേക്ക് എങ്ങിനെ സഞ്ചരിക്കണമെന്ന് അറിയാത്തതുകൊണ്ടാണ് പലരും യാത്രകള്‍ തുടങ്ങുക പോലും ചെയ്യാത്തത്. സ്വപ്നങ്ങളിലേക്കുള്ള ആ യാത്രയില്‍ ചില കാര്യങ്ങള്‍ ഉറപ്പുവരുത്തണം. യാത്ര ദിശാബോധത്തോടെയാകണം, പ്രാപ്തിയുളള മാര്‍ഗ്ഗദര്‍ശികള്‍ ഉണ്ടായിരിക്കണം, ലക്ഷ്യത്തിലെത്തും വരെ വിശ്രമിക്കരുത്. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ഇതുവരെ എത്തിച്ചേരാത്ത സ്ഥലങ്ങളിലും എത്തിച്ചേരാനാകൂ.. അവിടേക്കുളള യാത്രയ്ക്കിടയില്‍ വിശ്രമകേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നില്ല, സഹയാത്രികര്‍ ഉണ്ടാകണമെന്നില്ല, ഈ യാത്ര നിര്‍ത്തിയാലോ എന്ന പ്രലോഭനമുണ്ടായേക്കാം, അപ്പോള്‍ എന്തിന് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചത് എന്ന ചിന്തയാല്‍ സ്വയം പ്രചോദിപ്പിക്കപ്പെടാനും സാധിക്കണം. നമുക്ക് സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങാം - ശുഭദിനം.
മീഡിയ 16 ന്യൂസ്