ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിൻ ‌യാത്ര, ടിക്കറ്റിന് 19 ലക്ഷം,

ബസ്, ട്രെയിൻ, വിമാനയാത്രകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ദീർഘദൂര യാത്രകൾക്ക് പലപ്പോഴും ട്രെയിനും വിമാനവും ആണ് പലരും ഉപയോഗിക്കുന്നത്. പലപ്പോഴും ചെലവ് കുറച്ച് യാത്ര ചെയ്യാൻ ട്രെയിൻ ആണ് സൗകര്യവും. ഇവിടെ പക്ഷേ പറയുന്ന ട്രെയിനിന്റെ ടിക്കറ്റ് നിരക്കു കേട്ടാൽ, ട്രെയിൻ ‘ആളത്ര ചീപ്പല്ല’ എന്ന് ആർക്കായാലും തോന്നും. 

ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ഓപ്പറേറ്റ് ചെയ്യുന്ന മഹാരാജാസ് എക്സ്‍പ്രസ് ആഡംബര ട്രെയിൻ യാത്രയുടെ അവസാന വാക്കാണ്. ഇന്ത്യയിലെ വിവിധ റൂട്ടുകളിൽ സഞ്ചാരികൾക്ക് അമൂല്യമായ യാത്രാനുഭവമാണു മഹാരാജാസിന്റെ വാഗ്ദാനം. 7 ദിവസം വീതമുള്ള നാലു റൂട്ടുകളാണുള്ളത്. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ചെലവേറിയ ടിക്കറ്റ് എന്ന വിശേഷണത്തോടെ കുഷാഗ്ര തയാൽ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവച്ച വിഡിയോ വൈറലാണ്.ഈ വ്ലോഗർ പറയുന്നതനുസരിച്ചു മഹാരാജാസ് എക്സ്‍പ്രസിലെ പ്രസിഡൻഷ്യൽ സ്യൂട്ടിനു 19 ലക്ഷത്തിലേറെ രൂപയാണു നിരക്ക്. ഒരു കോച്ച് മുഴുവനായി പ്രസിഡൻഷ്യൽ സ്യൂട്ടിനു മാറ്റിവച്ചിരിക്കുന്നു. ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കുളിമുറി, 2 മാസ്റ്റർ ബെഡ്‌‍‌റൂം തുടങ്ങിയവ അത്യാധുനിക രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. സ്യൂട്ടിലെ വലിയ ജനാലകളിലൂടെ മികച്ച ദൃശ്യാനുഭവം ലഭിക്കും. ഓരോ യാത്രക്കാരനും പ്രത്യേകം ബട്‌ലറുടെ സേവനം, മിനി ബാർ, എസി, വൈഫൈ, ടിവി, ഡിവിഡി പ്ലെയർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഈ പണത്തിനു ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ വിമാനത്തിൽ ലോകം കറങ്ങി തിരിച്ചുവരാമെന്നാണു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റിട്ടത്.