19കാരിയ്ക്ക് പ്രതിഫലം 60,000; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉൾവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാഗങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.

മലപ്പുറം എസ്പി എസ്.സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് കാത്തിരുന്ന് പെൺകുട്ടിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമാണ് ഷഹല പൊലീസിന്റെ പിടിയിലായത്. 87–ാം തവണയാണ് കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍നിന്നു പൊലീസ് സ്വർണം പിടിക്കുന്നത്.

ആർക്കും ഒരു വിധത്തിലുമുള്ള സംശയവും തോന്നാത്ത രീതിയിലായിരുന്നു ദുബായിയിൽ നിന്ന് ഷഹല എത്തിയത്. ഉൾവസ്ത്രത്തിൽ സ്വർണം അതിവിദഗ്ധമായാണ് തുന്നിചേർത്തിരുന്നത്. ദുബായിൽ നിന്നെത്തിയ കാസർകോടുകാരിയായ ഷഹലയെ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഷഹല രക്ഷപ്പെട്ടു എന്നുറപ്പിച്ചു. അധികം താമസിക്കാതെ തന്നെ ഷഹല വിമാനത്താവളത്തിൽനിന്ന് പുറത്തും എത്തി. രക്ഷപ്പെട്ട് പോകവെയാണ് നിർണായക വിവരവുമായി പൊലീസ് എത്തിയത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രാക്കാരിയായ കാസറഗോഡ് ചെങ്ങള സ്വദേശി മറിയം ഷഹല സ്വർണ്ണം കൊണ്ടുവരുന്നുണ്ടെന്നായിരുന്നു പൊലീസ് ലഭിച്ച രഹസ്യവിവരം. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്.

അതുകൊണ്ടുതന്നെ കരിപ്പൂരിൽ കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ഷഹലയെ അർധ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും സ്വർണ്ണം കടത്തിക്കൊണ്ട് വന്ന കാര്യം ഇവർ സമ്മതിച്ചില്ല. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീർത്തു പറഞ്ഞു. ലഗേജടക്കം വിശദമായി പരിശോധിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. അപ്പോളും രഹസ്യവിവരം ശരിതന്നെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് യുവതിയുടെ ദേഹപരിശോധന വിശദമായി നടത്താൻ തീരുമാനിച്ചത്. ദേഹപരിശോധനയിൽ അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകളാണ് കണ്ടെത്താനായത്. മിശ്രിത രൂപത്തിലുള്ള സ്വർണ്ണമായിരുന്നു യുവതിയുടെ അടിവസ്ത്രത്തിൽ കണ്ടെത്തിയത്.”